Wednesday, January 15, 2014

കൊയിലാണ്ടിയില്‍ പ്രശ്നങ്ങളില്ല: സിപിഐ എം

കൊയിലാണ്ടിയില്‍ സിപിഐ എമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് പാര്‍ടി ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. നിലവിലുണ്ടായ ചില പ്രശ്നങ്ങള്‍ സംഘടനാരീതിയില്‍ പരിഹരിച്ചു. സംഘടനാത്വതങ്ങള്‍ക്കും രീതികള്‍ക്കും എതിരായ പ്രശ്നങ്ങളുണ്ടായാല്‍ അത് സംഘടനാശൈലിയില്‍ പരിഹരിക്കുകയാണ് സിപിഐ എം രീതി.

പാര്‍ടിയില്‍ വിഭാഗീയതയുണ്ടെന്ന പ്രചരണം വസ്തുതാവിരുദ്ധമാണ്. ഔദ്യോഗികം, വിമതം എന്നിങ്ങനെ പക്ഷങ്ങളൊന്നുമില്ല.പാര്‍ടിയിലുണ്ടാകുന്ന ചെറിയ വിഷയങ്ങള്‍ പുറത്തുകൊണ്ടുവന്ന് മാധ്യമങ്ങള്‍ വാര്‍ത്തസൃഷ്ടിച്ച് വിവാദമുണ്ടാക്കും. മാധ്യമങ്ങളുടെയും , സമൂഹത്തിലുള്ളതുമായ ആശയങ്ങള്‍ പാര്‍ടി പ്രവര്‍ത്തകരെ സ്വാധീനിക്കാം. അതിനാലാണ് പാര്‍ടിക്കകത്തെ ചില വിഷയങ്ങള്‍ പുറത്തുവരുന്നത്.

കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ ശാന്ത ഒരിക്കലും രാജിവെച്ചിട്ടില്ല. ചില പ്രയാസങ്ങള്‍ പാര്‍ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. അവര്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് തുടരുകയായിരുന്നു. ആ ചുമതലയില്‍ തുടരണമെന്നതായിരുന്നു പാര്‍ടി നിലപാടും.

കൊയിലാണ്ടി ഏരിയാസെക്രട്ടറി കെ കെ മുഹമ്മദുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാന്‍ ജില്ലാകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ അഡ്വ. പി സതീദേവി, എ പ്രദീപ്കുമാര്‍ എംഎല്‍എ , ജില്ലാസെക്രട്ടറിയറ്റംഗം സി ഭാസ്കരന്‍ എന്നിവരെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. നേരത്തെയിത് ഏരിയാകമ്മിറ്റി അന്വേഷിക്കാന്‍ തീരുമാനിച്ചത് അവിടെ ചര്‍ച്ച വന്നപ്പോഴാണ്. ഏരിയാസെക്രട്ടറിയെകുറിച്ചുള്ള പരാതി ജില്ലാകമ്മിറ്റിക്ക് മുന്നില്‍ വന്നതിനാലാണ് നേരിട്ടന്വേഷിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ അസ്വാഭാവികതയോ അവിശ്വാസമോ ഇല്ല. ഇക്കാര്യത്തില്‍ ഏരിയാസെക്രട്ടറി മാറിനില്‍ക്കണോ വേണ്ടയോ എന്നെല്ലാം അന്വേഷണണത്തിന്റെ അടിസ്ഥാനത്തില്‍ അതത്ഘട്ടത്തില്‍ തീരുമാനിക്കേണ്ടതാണ്.

മാധ്യമവാത്തകള്‍ക്കനുസരിച്ചല്ല പാര്‍ടി നിലപാടും തീരുമാനങ്ങളും. ഇത്തരം സംഘടനാകാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കിടാന്‍ പാര്‍ടി ആഗ്രഹിക്കുന്നില്ല. ആരെങ്കിലും ഏതെങ്കിലും പ്രശ്നത്തില്‍ സമ്മര്‍ദ്ദമുയര്‍ത്തുക എന്ന രീതി സിപിഐ എമ്മിലില്ലെന്നും ടി പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment