Saturday, December 19, 2009

മാധ്യമങ്ങളുടെ വ്യാജ ഏറ്റുമുട്ടല്‍

ഇറാഖില്‍ മറ്റൊരു അമേരിക്കന്‍ ഹെലികോപ്റ്റര്‍ വെടിവച്ചു വീഴ്ത്തിയ വാര്‍ത്തയുമായി ന്യൂസ്റൂമില്‍ എത്തിയ സഹപ്രവര്‍ത്തകനോട്, അത് കൊടുക്കാന്‍ സമയമില്ല, ബ്രിട്നി സ്പിയേഴ്സ് തല മുണ്ഡനംചെയ്ത വാര്‍ത്ത കിട്ടിയിട്ടുണ്ട് എന്ന് പ്രതികരിക്കുന്ന വാര്‍ത്താവതാരകനെ ചിത്രീകരിക്കുന്ന പ്രശസ്തമായ കാര്‍ട്ടൂണ്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഇന്നത്തെ അവസ്ഥയെ സൂചിപ്പിക്കുന്നു. പുലിറ്റ്സര്‍ ജേതാവ് മൈക്ക് ലൂക്കോവിച്ചിന്റെതാണ് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഈ കാര്‍ട്ടൂണ്‍. ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ അവസാന ലക്കത്തിലെ പ്രധാന മുഖപ്രസംഗം 'ഫോര്‍ത്ത് എസ്റ്റേറ്റ് ഓണ്‍ സെയില്‍' എന്ന ശീര്‍ഷകത്തിലാണ്. ജനാധിപത്യത്തിന്റെ നാലാംസ്തംഭം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങള്‍ സ്വയം വില്‍പ്പനക്കു വച്ചിരിക്കുന്നതിന്റെ ദയനീയ ചിത്രം വീക്കിലി തുറന്നു കാട്ടുന്നു. പരമ്പരാഗത ഫണ്ടിങ് രീതികള്‍ മാറിയിരിക്കുന്നു. പരസ്യദാതാവാണ് മാധ്യമങ്ങളുടെ നയം തീരുമാനിക്കുന്നത് എന്നതിനുപകരം, വാര്‍ത്താ വില്പനയ്ക്കു വരുമാനം, പണം വാരിയെറിയാന്‍ കഴിവുള്ള രാഷ്ട്രീയ നേതൃത്വവും അതിനെ തീറ്റിപ്പോറ്റുന്ന വമ്പന്‍ കോര്‍റേറ്റുകളും എന്ത് അച്ചടിക്കണമെന്നും സംപ്രേഷണം ചെയ്യണമെന്നും തീരുമാനിക്കുന്നു. ലവ് ജിഹാദ് എന്ന പ്രയോഗവുമായി കുറെ നാളായി ഏതാനും മാധ്യമങ്ങള്‍ നിരത്തുന്ന വാര്‍ത്തകളില്‍ കൃത്യമായ കെട്ടിമേലുകളുടെയും സ്തോഭം ജനിപ്പിക്കലിന്റെയും വക്രീകരണത്തിന്റെയും പര്‍വതീകരണത്തിന്റെയും സ്വഭാവമുണ്ട്. തെളിവുകളുടെയോ യുക്തിയുടെയോ വസ്തുതകളുടെയോ ബലമില്ലാത്ത, കേവലം വികാരപ്രകടനത്തിന്റെ തലത്തിലാണ് ഈ പ്രചാരണം മുന്നേറുന്നത്. അതിന് കോടതി പരാമര്‍ശംവരെ ഇന്ധനമായി കിട്ടിയതില്‍ കുപ്രചാരകര്‍ ആഹ്ലാദിക്കുന്നതും നാം കണ്ടു. ഇപ്പോള്‍ കേരള ഹൈക്കോടതി ഈ പ്രശ്നത്തില്‍ ശക്തമായി ഇടപെട്ടിരിക്കുന്നു. സംസ്ഥാനത്ത് പ്രണയം നടിച്ച് മതപരിവര്‍ത്തനം നടക്കുന്നുവെന്ന കേസിലെ അന്വേഷണംതന്നെ ഹൈക്കോടതി തടഞ്ഞു. മനഃപൂര്‍വം കെട്ടിച്ചമച്ച കേസാണിതെന്നും സമൂഹത്തില്‍ മിശ്രവിവാഹങ്ങള്‍ സാധാരണമാണെന്നും അതൊരു കുറ്റമായി കാണാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിരിക്കുന്നു.

പുരുഷനും സ്ത്രീക്കും, അവര്‍ക്ക് പ്രായപൂര്‍ത്തിയെത്തിയെങ്കിലും ജാതി-മത പരിഗണനകള്‍ക്ക് അതീതമായി വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നു. വ്യക്തിക്ക് ഏതു മതത്തിലും വിശ്വസിക്കാനും പരിവര്‍ത്തനം ചെയ്യാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. ഇന്നത്തെ കേരളം ഒരു പ്രത്യേക മുഹൂര്‍ത്തത്തില്‍ സ്വയംഭൂവായതല്ല. നവോത്ഥാന പ്രസ്ഥാനത്തിന്റെയും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെയും നിരന്തരമായ ഇടപെടലുകളിലൂടെ അനുക്രമം വികസിച്ചതാണ് നാമിന്ന് അഭിമാനിക്കുന്ന സാമൂഹ്യ പുരോഗതിയും സാംസ്കാരിക ഉന്നതിയും. മിശ്രവിവാഹം, പന്തിഭോജനം, ക്ഷേത്രപ്രവേശനസമരങ്ങള്‍, ജാതി-ജന്മിത്വവിരുദ്ധ പോരാങ്ങള്‍, ഭൂപരിഷ്കരണം, ഇവയൊക്കെ ഈ പുരോയാനത്തിലെ നാഴികക്കല്ലുകളാണ്. ഇങ്ങനെയുള്ള ഈ മണ്ണിലാണ്, പ്രണയത്തെപ്പോലും വര്‍ഗീയ ആയുധമായി ഉപയോഗിക്കാനുള്ള ശ്രമമുണ്ടായത്; അതിന്റെ പ്രചാരകരായി ഏതാനും മാധ്യമങ്ങള്‍ മാറിയത്. ഫാസിസത്തിനു താളംചവിട്ടികളായും സമ്പന്നവര്‍ഗ താല്പര്യത്തിന്റെ കാവല്‍മൃഗങ്ങളായും കമ്യൂണിസ്റ്റ് വിരോധത്തിന്റെ മുന്നണിക്കാലാളുകളായും മാധ്യമങ്ങള്‍ മാറുമ്പോള്‍ അതിനുപിന്നിലെ താല്പര്യങ്ങളും പ്രചോദനങ്ങളും തിരിച്ചറിയപ്പെടാതെ പോകരുത്. അബ്ദുള്‍നാസര്‍ മഅ്ദനിയുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് നോക്കൂ. മഅ്ദനിയും പത്നി സൂഫിയ മഅ്ദനിയും എത്രനാളായി പത്രങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു; ടിവി ചര്‍ച്ചകളിലും വാര്‍ത്താധിഷ്ഠിത പരിപാടികളിലും താരങ്ങളായി നില്‍ക്കുന്നു. ഭീകരതയെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയും തുറന്നുകാട്ടുകയല്ല, അവയ്ക്ക് സിപിഐ എമ്മുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് പകല്‍പോലെ വ്യക്തം.

വര്‍ഗീയ-ഭീകര ചിന്തകള്‍ പ്രക്ഷേപണംചെയ്യുന്ന ഏതെങ്കിലും വ്യക്തികളുടെയോ സംഘടനകളുടെയോ വക്കാലത്ത് സിപിഐ എം ഏറ്റെടുറ്റെടുത്തിട്ടില്ല. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തുകയും അതില്‍ ഇന്നും അഭിമാനംകൊള്ളുകയും ചെയ്യുന്നവരുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിട്ടുണ്ട്; വോട്ടുവാങ്ങിയിട്ടുമുണ്ട്. അത് കമ്യൂണിസ്റ്റുകാരുടെ നയമല്ല. ഏതെങ്കിലും ഘട്ടത്തില്‍ തെരഞ്ഞെടുപ്പുപിന്തുണ നല്‍കിയതിന്റെ അടിസ്ഥാനത്തിലല്ല സിപിഐ എം തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളെ സമീപിക്കുന്നത് എന്ന് സംസ്ഥാന സര്‍ക്കാരിന്റെയും പൊലീസിന്റെയും മുഖംനോക്കാതുള്ള നടപടികളില്‍നിന്ന് തെളിഞ്ഞിട്ടും എന്തേ ആ ഭാഗം മാധ്യമങ്ങള്‍ വിസ്മരിക്കുന്നു? മഅ്ദനിയെയും കുടുംബത്തെയും പിടിക്കുന്നില്ലേ, ചോദ്യം ചെയ്യുന്നില്ലേ എന്നന്വേഷിച്ച് മലയാള പത്രലേഖകര്‍ കര്‍ണാടക പൊലീസുദ്യോഗസ്ഥരെ സമീപിക്കുന്നിടം വരെ കാര്യങ്ങള്‍ എത്തിനില്ക്കുന്നു.

പിഡിപിയുടെ പിന്തുണ യുഡിഎഫിനായിരുന്നപ്പോള്‍ അത് മഅ്ദനി തീവ്രവാദാശയങ്ങളുടെ പ്രചാരകനായിരുന്നിട്ടു കൂടി ഈ ആവേശമൊന്നും എവിടെയും കണ്ടിട്ടില്ലാ. മാധ്യമകാപട്യത്തിന്റെ പ്രകടരൂപമാണിത്. നിക്ഷിപ്ത താല്പര്യങ്ങള്‍ മാധ്യമസ്വഭാവത്തെ നിര്‍ണയിക്കുകയാണ്. എന്താണിതിനു പ്രകോപനം? ആരാണ് പ്രചോദനം? മാധ്യമ മനഃസാക്ഷി ആരാണ് പണയടുത്തിയിരിക്കുന്നത്? ലവ് ജിഹാദിന്റെ പേരില്‍ ഒരു സമുദായത്തെയാകെ ഒറ്റപ്പെടുത്താന്‍ നടന്ന ശ്രമവും മഅ്ദനിയുടെ പൂര്‍വകാലത്തിന്റെ പേരില്‍ അന്ന് അതിനെ ശക്തമായി എതിര്‍ത്ത സിപിഐ എമ്മിനെ കൃത്രിമമായി വിവാദങ്ങള്‍ സൃഷ്ടിച്ച് ആക്രമിക്കുന്നതിന്റെ പൊരുളും കേരളത്തിലെ മാധ്യമ സമീപനത്തെക്കുറിച്ച് സജീവമായ പരിശോധന അനിവാര്യമാക്കുന്നുണ്ട്.

വാര്‍ത്താസ്ഥലവും പേനയും വാടകയ്ക്കോ ഒറ്റിനോ കൊടുക്കുന്ന കെട്ട മാധ്യമസമീപനം തിരിച്ചറിയപ്പെട്ടേ തീരൂ. അതിന്റെ ലക്ഷ്യം നാടിനെ നന്നാക്കലല്ല എന്ന് മനസ്സിലാക്കി പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താനും ജനങ്ങളില്‍ സത്യസന്ധമായ വിവരങ്ങള്‍ എത്തിക്കാനുമുള്ള ബദല്‍ മാധ്യമരീതിക്കുവേണ്ടി സാംസ്കാരിക കേരളത്തിന്റെ സജീവമായ ഇടപെടല്‍ വേണ്ടിയിരിക്കുന്നു. തെറ്റിന്റെ പടുകുഴിയില്‍ വീണുപോയ ഞങ്ങളുടെ മാന്യ സുഹൃത്തുക്കളില്‍ ചിലരെങ്കിലും പുനര്‍‌വിചിന്തനത്തിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാജ ഏറ്റുമുട്ടലുകള്‍ മാധ്യമനീതിക്ക് യോജിച്ചതോ എന്ന ചോദ്യം അവര്‍ സ്വയം ചോദിക്കട്ടെ.

ദേശാഭിമാനി മുഖപ്രസംഗം 181209

1 comment:

  1. ലവ് ജിഹാദ് എന്ന പ്രയോഗവുമായി കുറെ നാളായി ഏതാനും മാധ്യമങ്ങള്‍ നിരത്തുന്ന വാര്‍ത്തകളില്‍ കൃത്യമായ കെട്ടിമേലുകളുടെയും സ്തോഭം ജനിപ്പിക്കലിന്റെയും വക്രീകരണത്തിന്റെയും പര്‍വതീകരണത്തിന്റെയും സ്വഭാവമുണ്ട്. തെളിവുകളുടെയോ യുക്തിയുടെയോ വസ്തുതകളുടെയോ ബലമില്ലാത്ത, കേവലം വികാരപ്രകടനത്തിന്റെ തലത്തിലാണ് ഈ പ്രചാരണം മുന്നേറുന്നത്. അതിന് കോടതി പരാമര്‍ശംവരെ ഇന്ധനമായി കിട്ടിയതില്‍ കുപ്രചാരകര്‍ ആഹ്ലാദിക്കുന്നതും നാം കണ്ടു. ഇപ്പോള്‍ കേരള ഹൈക്കോടതി ഈ പ്രശ്നത്തില്‍ ശക്തമായി ഇടപെട്ടിരിക്കുന്നു. സംസ്ഥാനത്ത് പ്രണയം നടിച്ച് മതപരിവര്‍ത്തനം നടക്കുന്നുവെന്ന കേസിലെ അന്വേഷണംതന്നെ ഹൈക്കോടതി തടഞ്ഞു. മനഃപൂര്‍വം കെട്ടിച്ചമച്ച കേസാണിതെന്നും സമൂഹത്തില്‍ മിശ്രവിവാഹങ്ങള്‍ സാധാരണമാണെന്നും അതൊരു കുറ്റമായി കാണാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിരിക്കുന്നു.

    ReplyDelete