Wednesday, January 8, 2014

ആശങ്ക കാണാതെ സര്‍ക്കാര്‍

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ മലയോരജനത അപ്രഖ്യാപിത കുടിയിറക്കിന്റെ ഭീഷണിയില്‍ നില്‍ക്കെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ഒത്തുകളിക്കെതിരെ നിയമസഭയില്‍ ശക്തമായ പ്രതിഷേധം. ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന ജനതയെ കബളിപ്പിക്കുന്ന നിലപാടില്‍നിന്ന് സര്‍ക്കാരുകള്‍ പിന്മാറണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷകവിരുദ്ധ ശുപാര്‍ശകള്‍ പൂര്‍ണമായും തള്ളിക്കളയണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് മലയോരമേഖലയിലെ 13 എല്‍ഡിഎഫ് എംഎല്‍എമാര്‍ നിയമസഭാകവാടത്തില്‍ സത്യഗ്രഹം നടത്തി. പ്രശ്നം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന കെ കെ ജയചന്ദ്രന്റെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയശേഷമായിരുന്നു എംഎല്‍എമാരുടെ സത്യഗ്രഹം.

ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കാട്ടി സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ജയചന്ദ്രന്‍ പറഞ്ഞു. കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തിറക്കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഓഫീസ് മെമ്മോറാണ്ടംകൊണ്ട് പിന്‍വലിക്കാനാകില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പരിസ്ഥിതി അനുമതിക്കുള്ള അപേക്ഷകള്‍ പരിശോധിച്ച് തീര്‍പ്പാക്കാന്‍ ദേശീയ റഗുലേറ്ററെ നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതോടെ സര്‍ക്കാരിന്റെ എല്ലാ ഉത്തരവുകളുടെയും പ്രസക്തി ഇല്ലാതായി.

കുടിയിറക്കാതെതന്നെ മലയോരജനത കുടിയിറങ്ങേണ്ടിവരുമെന്നും കോടിയേരി പറഞ്ഞു. സഭയില്‍നിന്ന് പ്രകടനമായി സഭാകവാടംവരെ എത്തിയാണ് എംഎല്‍എമാര്‍ സത്യഗ്രഹം ആരംഭിച്ചത്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. സി ദിവാകരന്‍, മാത്യു ടി തോമസ്, എ എ അസീസ്, എ കെ ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കോലിയക്കോട് കൃഷ്ണന്‍നായര്‍, എം ചന്ദ്രന്‍, കെ കെ ജയചന്ദ്രന്‍, ജയിംസ് മാത്യു, ബി ഡി ദേവസി, ഇ കെ വിജയന്‍, രാജു എബ്രഹാം, വിജയദാസ്, വി ചെന്താമരാക്ഷന്‍, എസ് രാജേന്ദ്രന്‍, കെ കുഞ്ഞമ്മദ്, പുരുഷന്‍ കടലുണ്ടി, ഇ എസ് ബിജിമോള്‍ എന്നിവരാണ് സത്യഗ്രഹം നടത്തിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, മേയര്‍ കെ ചന്ദ്രിക തുടങ്ങിയവര്‍ എംഎല്‍എമാരെ സന്ദര്‍ശിച്ച് അഭിവാദ്യമര്‍പ്പിച്ചു. വൈകിട്ട് സഭാനടപടികള്‍ പൂര്‍ത്തിയായപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രകടനമായി വന്ന് സത്യഗ്രഹം നടത്തിയ എംഎല്‍എമാരെ അഭിവാദ്യംചെയ്തു. കോടിയേരി ബാലകൃഷ്ണന്‍ സമാപനപ്രസംഗം നടത്തി.

ജീവിതസമരവുമായി കര്‍ഷകര്‍

തിരു: ഒരുവശത്ത് ആരെയും കുടിയിറക്കില്ലെന്ന് പറയുകയും മറുവശത്ത് എല്ലാമുപേക്ഷിച്ച് മലയിറങ്ങേണ്ട സ്ഥിതിവിശേഷം സൃഷ്ടിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ കര്‍ഷകരുടെ കൂട്ടായ പ്രതിഷേധം. ഹൈറേഞ്ച് സംരക്ഷണസമിതിയുടെയും വിവിധ കര്‍ഷകസംഘടനകളുടെയും നേതൃത്വത്തില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍നിന്ന് ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച 123 വില്ലേജിലെ പ്രതിനിധികള്‍ പങ്കെടുത്ത സമരം. മാര്‍ച്ച് വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍നായര്‍ ഉദ്ഘാടനംചെയ്തു. ഹൈറേഞ്ച് സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ അധ്യക്ഷനായി.

പ്രശ്നം പരിഹരിച്ചെന്ന പ്രചാരണം കള്ളം: ഫാ. കൊച്ചുപുരയ്ക്കല്‍

തിരു: ഗാഡ്ഗില്‍, കസ്്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെ എല്ലാപ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കപ്പെട്ടു എന്ന പ്രചരണം തെറ്റാണെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചു പുരയ്ക്കല്‍ പറഞ്ഞു. വിവിധകര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.

കേന്ദ്രവനം, പരിസ്ഥിതി മന്ത്രാലയം ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിച്ചിട്ടില്ല. സാങ്കേതിക പിഴവുള്ള ഉത്തരവുകള്‍ ഇറക്കി മലയോര കര്‍ഷകരെ പറ്റിക്കാമെന്ന് ആരും വിചാരിക്കേണ്ട. ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ താറടിച്ചുകാണിക്കാനാണ് ഹരിത എംഎല്‍എമാരടക്കം കപട പരിസ്ഥിതിവാദികള്‍ ശ്രമിക്കുന്നത്. ഇവര്‍ ജനങ്ങളോടു മറുപടി പറയേണ്ടിവരുമെന്നും കൊച്ചുപുരയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു. ഹെറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍, ജമാഅത്ത് ഫെഡറേഷന്‍ പ്രതിനിധിയും കട്ടപ്പന ഇമാമുമായ മുഹമ്മദ് റാഫിക് അല്‍ ഖൗസരി മാലവി, പശ്ചിമഘട്ട സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ ഫാ. അജി പുതിയപറമ്പില്‍, ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാരി കെ മോഹനന്‍, ഹൈറേഞ്ച് സംരക്ഷണ സമിതി ലീഗല്‍ അഡൈ്വസര്‍ അഡ്വ.ജോയ്സ് ജോര്‍ജ്ജ്, പൂഞ്ഞാര്‍ ജനസംരക്ഷണസമിതി പ്രതിനിധി സാബു പൂന്തിക്കുളം, സാബു എബ്രഹാം, വയനാട് ജനസംരക്ഷണസമിതി പ്രതിനിധി, തീക്കോയി ജനസംരക്ഷണസമിതി പ്രതിനിധി അമ്മിണി തോമസ്, കര്‍ഷക സംഘനട പ്രതിനിധി ജോസ്കുട്ടി ജെ ഒഴുകയില്‍, കര്‍ഷക ഐക്യവേദിസംസ്ഥാന ചെയര്‍മാന്‍ ജോസ് ചെമ്പേരി, മേലുകാവ് ജനസംരക്ഷണസമിതി പ്രതിനിധി സജീവ് വാഴയ്ക്കന്‍, കര്‍ഷകവേദി കോഴിക്കോട് പ്രതിനിധി ബേബി പെരുമയില്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment