Monday, January 6, 2014

യുസേബിയോയ്ക്ക് ആദരാഞ്ജലി

ലിസ്ബണ്‍: വിശ്വ ഫുട്ബോള്‍ ഇതിഹാസമായി ആദരിക്കുന്ന പോര്‍ച്ചുഗലിന്റെ യുസേബിയോ (71) നിര്യാതനായി. പോര്‍ച്ചുഗല്‍ ലോകത്തിന് സംഭാവനചെയ്ത ഏറ്റവും മികച്ച താരമായ യുസേബിയോ ഡാ സില്‍വ ഫെറീറ ഹൃദയാഘാതംമൂലമാണ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.

ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ പട്ടിണിയുടെയും പരിവട്ടത്തിന്റെയും നടുവില്‍ ജനിച്ച് ലോകഫുട്ബോളിന്റെ നെറുകയില്‍ രാജാവായി വാണ യുസേബിയോയെ ചരിത്രത്തിലെ മികച്ച 10 താരങ്ങളില്‍ ഒരാളായാണ് വാഴ്ത്തുന്നത്. അപാരമായ വേഗവും കൃത്യതയുമുള്ള ഈ മുന്നേറ്റക്കാരന്‍ "കരിമ്പുലി" എന്നാണ് അറിയപ്പെട്ടത്. കറുത്തമുത്ത്, ചക്രവര്‍ത്തി എന്നീ വിളിപ്പേരുകളുമുണ്ട്. പോര്‍ച്ചുഗലിന്റെ അധീനതയിലുള്ള മൊസാംബിക്കില്‍ വെളുത്ത വര്‍ഗക്കാരനായ അച്ഛനും കറുത്ത വര്‍ഗക്കാരിയായ അമ്മയ്ക്കും ജനിച്ച യുസേബിയോയുടെ താല്‍പ്പര്യം ബാല്യംമുതല്‍ ഫുട്ബോളായിരുന്നു. എട്ടാംവയസ്സില്‍ അച്ഛന്‍ മരിച്ചതോടെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലായി കുടുംബം. വിദ്യാഭ്യാസം നേടി കരപറ്റണം എന്ന ചിന്തയൊന്നും മനസ്സിലില്ലാതിരുന്ന ഈ ബാലന്‍ സ്കൂളില്‍നിന്നു മുങ്ങി കടലാസ് നിറച്ച തുണിപ്പന്തുമായി മൈതാനങ്ങളില്‍ അലഞ്ഞുതിരിയുകയായിരുന്നു.

അമ്പതുകളിലെ ബ്രസീല്‍ ടീമിനോടുള്ള പ്രണയത്താല്‍ ബാലനായ യുസേബിയോ കൂട്ടുകാരുമായി ചേര്‍ന്ന് ഒസ് ബ്രസീലിയോറസ് (ബ്രസീല്‍) ടീം രൂപീകരിച്ചു. തുണിപ്പന്തില്‍ ഈ കുഞ്ഞു ബ്രസീലുകാര്‍ ഇന്ദ്രജാലംകാട്ടി. കൂട്ടത്തില്‍ ഏറ്റവും മിടുക്കനായ യുസേബിയോയെ 15-ാംവയസ്സില്‍ സ്പോര്‍ട്ടിങ് ഡി ലൗറെന്‍കോ മാര്‍ക്വസ് എന്ന ക്ലബ് റാഞ്ചി. മൂന്നുവര്‍ഷത്തിനുശേഷം ബെനഫിക്കയില്‍ എത്തിയതോടെ കരിമ്പുലി ജൈത്രയാത്ര തുടങ്ങി. പോര്‍ച്ചുഗീസ് ഫുട്ബോളിന്റെ സുവര്‍ണകാലമായ അറുപതുകളില്‍ യുസേബിയോ കിരീടം വയ്ക്കാത്ത രാജാവായിരുന്നു. 1966ലെ ലോകകപ്പില്‍ പറങ്കികള്‍ മൂന്നാംസ്ഥാനം നേടിയപ്പോള്‍ ഈ മുന്നേറ്റക്കാരന്‍ ഒമ്പത് ഗോളുമായി ടോപ് സ്കോററുമായി. വടക്കന്‍ കൊറിയക്കെതിരായ കളിയില്‍ ടീം 3-0ന് പിന്നില്‍നില്‍ക്കുമ്പോള്‍ നാല് ഗോളടിച്ച യുസേബിയോയുടെ മികവിലാണ് പോര്‍ച്ചുഗല്‍ 5-3ന് സെമിയില്‍ എത്തിയത്. ബെനഫിക്കയ്ക്കുവേണ്ടി 301 മത്സരത്തില്‍ 307 ഗോളടിച്ച അദ്ദേഹം 11 തവണ ക്ലബ്ബിനെ ലീഗ് ചാമ്പ്യന്‍മാരുമാക്കി. ഒരുതവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരും.

1962ലെ ഇതിഹാസ ഫൈനലില്‍ റയല്‍ മാഡ്രിഡായിരുന്നു എതിരാളികള്‍. ഫ്രാങ്ക് പുസ്കാസിന്റെ ഹാട്രിക്ക് മികവില്‍ റയല്‍ കിരീടത്തിലേക്ക് കുതിക്കവെ ബെനഫിക്ക ശക്തമായി തിരിച്ചുവന്നു. ഒടുവില്‍ പോര്‍ച്ചുഗല്‍ ടീം 5-3ന് ജയിച്ചപ്പോള്‍ അവസാന രണ്ടുഗോള്‍ സ്വന്തം പേരില്‍ക്കുറിച്ച് യുസേബിയോ ഹീറോയായി. ദേശീയ ടീമിനുവേണ്ടി 1961-73 കാലത്തിനിടെ 64 മത്സരം കളിച്ചു. 41 ഗോള്‍. ദേശീയ ടീമില്‍നിന്ന് 1973ല്‍ വിരമിച്ചെങ്കിലും രണ്ടുവര്‍ഷംകൂടി അദ്ദേഹം ബെനഫിക്കയില്‍ തുടര്‍ന്നു. അഞ്ചുതവണ ശസ്ത്രക്രിയക്കു വിധേയനായിട്ടും മുട്ടിലെ പരിക്ക് വിടാതെ വേട്ടയാടിയപ്പോള്‍ അദ്ദേഹം സജീവ ഫുട്ബോള്‍ മതിയാക്കി. തുടര്‍ന്ന് അമേരിക്കയിലെ ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ചു. പിന്നീട് ബെനഫിക്കയുടെ സഹപരിശീലകനായ അദ്ദേഹം പോര്‍ച്ചുഗല്‍ ടീമിന്റെ മത്സരങ്ങളില്‍ സ്ഥിര സാന്നിധ്യമായി.

deshabhimani

No comments:

Post a Comment