Sunday, December 13, 2020

ഊരാളുങ്കൽ : അന്നും നൽകി 2670.30 കോടിയുടെ കരാർ

ആലപ്പുഴ> യുഡിഎഫ്‌ ഭരണകാലത്ത്‌ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സഹകരണ സൊസൈറ്റിക്ക്‌‌ ടെൻഡർ വിളിക്കാതെ നൽകിയത്‌  1620.30 കോടിയുടെ നിർമാണ കരാർ. ജില്ലാതല ഫ്‌ളാഗ്‌ ഷിപ് പദ്ധതിയിലെ 10‌ പ്രവൃത്തിക്കാണ്‌ ഇത്രയും തുക അനുവദിച്ചത്‌. 1050 കോടി രൂപയുടെ ജോലികൾ  നൽകിയ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ 2670.30 കോടി രൂപയുടെ നിർമാണ കരാർ യുഡിഎഫ്‌ സർക്കാർ നൽകിയതായി തെളിഞ്ഞു. എൽഡിഎഫ്‌ സർക്കാർ വഴിവിട്ട്‌ കരാറുകൾ ഊരാളുങ്കലിന്‌ നൽകുന്നുവെന്ന്‌ യുഡിഎഫ്‌ നേതാക്കളും ചില മാധ്യമങ്ങളും ആരോപിക്കുമ്പോഴാണ്‌ ഈ വസ്‌തുതകൾ പുറത്തുവരുന്നത്‌.


കുഞ്ഞാലിക്കുട്ടി, മുനീർ, ആര്യാടൻ...

ഊരാളുങ്കലിന്റെ പ്രവർത്തന മികവിനെയും വിശ്വസ്‌തതയെയും വാനോളം പുകഴ്ത്തുന്ന 2016 ഫെബ്രുവരി 20ന്‌  ഇറക്കിയ ഉത്തരവിലാണ് (ഉത്തരവ്‌ നമ്പർ 7/2016) 1620.30 കോടിയുടെ കരാർ നൽകിയത്‌. ഫ്‌ളാഗ്‌ഷിപ് പദ്ധതിയിൽ ആദ്യഘട്ടമായി 10 പ്രവൃത്തി  നിർവഹിക്കാനാണ്‌ ഇത്രയും തുക. ഇപ്പോൾ  സൊസൈറ്റിയെ വിവാദത്തിലേക്ക്‌ വലിച്ചിഴയ്‌ക്കുന്ന അതേ യുഡിഎഫ്‌ നേതാക്കൾ ടെൻഡർ  ഒഴിവാക്കി കരാർ ഊരാളുങ്കലിന്‌ നൽകണമെന്ന്‌ ആവശ്യപ്പെട്ടതായും ഉത്തരവിൽ പറയുന്നു. അന്നത്തെ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല, മറ്റു മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്‌, പി  കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ, പി കെ അബ്ദുറബ്ബ്‌, എ പി അനിൽകുമാർ തുടങ്ങിയവരാണ്‌ ഊരാളുങ്കലിന്‌ കരാർ നൽകണമെന്നാവശ്യപ്പെട്ടത്‌. ഇവർ കൂടി രേഖാമൂലം ആവശ്യപ്പെട്ടതിനാലാണ്‌ ‌ കരാർ നൽകുന്നതെന്ന്‌ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഊരാളുങ്കൽ ഉഗ്രനെന്ന്‌ യുഡിഎഫ്‌

പ്രാവച്ചമ്പലം–-വഴിമുക്ക്‌ നാലുവരിപ്പാത, ഹിൽ ഹൈവേ (ചെറുപുഴ–-വള്ളിത്തോട്‌ റോഡ്‌), ഹിൽ ഹൈവേ (നന്ദാരപ്പടവ്‌–-ചെറുപുഴ റോഡ്‌), നാടുകാണി–-പരപ്പനങ്ങാടി റോഡ്‌, വലിയഴീക്കൽ–-അഴീക്കൽ പാലം, കോടിമത–-മണർക്കാട്‌ ബൈപാസ്‌, വൈറ്റില, കുണ്ടന്നൂർ, തൊണ്ടയാട്‌, രാമനാട്ടുകാര മേൽപ്പാലങ്ങൾ എന്നിവയാണ്‌ ടെൻഡർ വിളിക്കാതെ യുഡിഎഫ്‌ സർക്കാർ കരാറുറപ്പിച്ചത്‌‌. ഊരാളുങ്കൽ 1979 മുതൽ എ ക്ലാസ്‌ കരാറുകാരാണെന്നും ‌ഉത്തരവിൽ പറയുന്നു.

എം കെ പത്മകുമാർ 

രജതരേഖയായി ഊരാളുങ്കൽ

കോഴിക്കോട്‌ > ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌‌ കോ–ഓപ്പറേറ്റീവ്‌ സൊസൈറ്റി (യുഎൽസിസിഎസ്‌) പൂർത്തിയാക്കിയത്‌  59 വൻകിട പദ്ധതികൾ. ദേശീയപാതയുടെ 443.58 കിലോമീറ്ററും 4.6 ലക്ഷം കി. മീ. പ്രധാന റോഡുകളും 2.5 ലക്ഷം കി.മീ. ഗ്രാമറോഡുകളും അടക്കം 7.16 ലക്ഷം കി.മീ. റോഡ് 2020 വരെ നിർമിച്ചു.  പാലങ്ങളും ഫ്ലൈ  ഓവറുകളുമായി 577 നിർമാണങ്ങളും 2400 കെട്ടിടങ്ങളും പൂർത്തിയാക്കി.

വടക്കേ മലബാറിന്‌ പുറത്തേക്ക്‌

വടക്കേ മലബാറിൽ‌നിന്ന്‌ മറ്റു ഭാഗങ്ങളിലേക്ക്‌ സൊസൈറ്റിയുടെ പ്രവർത്തനം വ്യാപിക്കുന്നത് 1936-ൽ പാലക്കാട് കുത്തനൂരിലൂടെയാണ്.  പിന്നീട് സൊസൈറ്റിയെ 10,000 രൂപയും അതിൽക്കൂടുതലും മതിപ്പുള്ള പ്രവൃത്തികൾക്കായി പരിഗണിക്കാൻ തുടങ്ങി. 1944-ൽ കനോലി കനാലിന്റെ വീതികൂട്ടൽ ജോലി സൊസൈറ്റിക്ക്‌ ലഭിച്ചത് വളർച്ചയിലെ നാഴികക്കല്ലായി.

 ബൈപാസ്‌ മൂന്നാംഘട്ടം

  2003-ൽ കോഴിക്കോട് ബൈപാസിന്റെ മൂന്നാംഘട്ട നിർമാണം സംഘത്തിന്‌ ലഭിച്ചത് ചരിത്രവഴിയിലെ വലിയൊരു മുന്നേറ്റമാണ്.

2005-ൽ സംഘത്തിന്റെ പ്രവർത്തനപരിധി മലബാർ മേഖല എന്നതു മാറി സംസ്ഥാനമായി. 2008-ൽ ലഭിച്ച  അരയിടത്തുപാലം ഫ്ലൈ ഓവർ നിർദിഷ്ട സമയത്തിനുള്ളിൽ പൂർത്തിയാക്കി പുതിയൊരു തൊഴിൽ സംസ്‌കാരത്തിന്‌ തുടക്കം കുറിച്ചു. കോഴിക്കോട് നഗരത്തിലെ നായനാർ ഫ്ലൈ ഓവർ, മിനി ബൈപാസ് എന്നിവ 2010-ൽ നിർവഹിച്ച പ്രധാന പ്രവൃത്തികളാണ്.  

യുഎൽ സൈബർ പാർക്ക്‌

2016-ൽ ഉദ്‌ഘാടനംചെയ്‌ത  യുഎൽ സൈബർ പാർക്ക്‌ തിളങ്ങുന്ന അധ്യായത്തിന്റെ തുടക്കമായി.

36 മാസം നിർമാണ കാലാവധി ഉണ്ടായിരുന്ന കോഴിക്കോട് ബൈപാസ് നിർമാണം  16 മാസം‌കൊണ്ട്‌ പൂർത്തിയാക്കുന്നതും. തിരുവനന്തപുരം ആർസിസിയിൽ പുതിയ കെട്ടിടത്തിന്റെ നിർമാണം 2018-ലും കളിയിക്കാവിള മുതൽ തിരുവനന്തപുരം നഗരത്തിലെ ബാലരാമപുരം വരെയുള്ള ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്ന 112 കോടി രൂപയുടെ പ്രവൃത്തി 2019-ലും സംഘത്തിന്‌ ലഭിച്ചു.  

പാലാരിവട്ടം പുനർനിർമാണം

 ഏറ്റവുമൊടുവിൽ സംഘത്തെ തേടിയെത്തിയത്‌ ആലപ്പുഴ – ചങ്ങനാശേരി റോഡ് എലിവേറ്റഡ് ഹൈവേ മാതൃകയിൽ രൂപകൽപ്പന ചെയ്തു നിർമിക്കുന്ന 649.76 കോടി രൂപയുടെ പ്രവൃത്തിയും  പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണവുമാണ്‌.

No comments:

Post a Comment