നിയമസഭാ പ്രവർത്തനങ്ങളുടെ കംപ്യൂട്ടർവൽക്കരണ നടപടികളെക്കുറിച്ച് പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങളിൽ കഴമ്പില്ല. ഇ–-നിയമസഭാ പദ്ധതിയുടെ എല്ലാ പ്രവർത്തനവും പ്രതിപക്ഷാംഗങ്ങളും സാങ്കേതിക വിദഗ്ധരും ഉദ്യോഗസ്ഥരുമടങ്ങുന്ന ആറോളം സമിതികളുടെ മേൽനോട്ടത്തിലായിരുന്നു.
ദേശീയ ഐടി നയത്തിന്റെ ഭാഗമായി നിയമസഭാ സെക്രട്ടറിയറ്റിന്റെ പ്രവർത്തനവും സഭാനടപടികളും കടലാസ് രഹിതമാക്കാൻ നടപടി ആരംഭിച്ചത് യുഡിഎഫ് സർക്കാരാണ്. 2015ലാണ് ‘ഇ–-നിയമസഭ' കമ്മിറ്റി രൂപീകരിച്ചത്. അതിന്റെ തുടർച്ചയായാണ് 2016 ഒക്‌ടോബർ ആറിന് സ്പീക്കറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് നടപടികൾ സ്വീകരിച്ചത്.
സഭാനടപടികളുടെ കംപ്യൂട്ടർവൽക്കരണം വിദഗ്‌ധമായ രീതിയിൽ പൂർത്തീകരിക്കേണ്ടതിനാലാണ് ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുതന്നെ അംഗീകരിച്ച ഊരാളുങ്കലിനെ ചുമതല ഏൽപ്പിച്ചത്. 2019 ജനുവരിയിൽ വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പിച്ചു. ഐടി വിദഗ്‌ധരടങ്ങുന്ന ടെക്നിക്കൽ കമ്മിറ്റി അതിന് അംഗീകാരം നൽകി. പദ്ധതി നിർവഹണം സംബന്ധിച്ച് ഒപ്പുവച്ച കരാർ പ്രകാരമാണ് പദ്ധതി തുകയുടെ 30 ശതമാനം ഊരാളുങ്കലിന് നൽകിയത്. പദ്ധതി നടപ്പാക്കാൻ എൻഐസിയെ സമീപിച്ചില്ലെന്ന പ്രതിപക്ഷ ആരോപണവും തെറ്റാണ്.
എൻഐസിയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തിരുന്നെങ്കിലും സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് നിശ്ചിത സമയത്തിനകം പൂർത്തീകരിക്കാൻ കഴിയില്ലെന്നാണ് അറിയിച്ചത്. മുഴുവൻ തുകയും മുൻകൂറായി ലഭിക്കണമെന്നും അറിയിച്ചതിനാലാണ് എൻഐസിയെ ഏൽപ്പിക്കാതിരുന്നത്.
ആറ് സമിതി
ഉന്നതതല സമിതി
പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നൽകാൻ സ്പീക്കർ അധ്യക്ഷനായി എംഎൽഎമാർ ഉൾപ്പെട്ട ഉന്നതതലസമിതി കഴിഞ്ഞ ജനുവരി 13ന് രൂപീകരിച്ചു.
സ്റ്റിയറിങ് കമ്മിറ്റി
മേൽനോട്ടത്തിനായി നിയമസഭാ സെക്രട്ടറി ചെയർമാനായ സ്റ്റിയറിങ് കമ്മിറ്റി 30ന് രൂപീകരിച്ചു. ഐടി മിഷൻ ഡയറക്ടറെ പദ്ധതിയുടെ നോഡൽ ഓഫീസറായി നിയോഗിച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
ടെക്നിക്കൽ കമ്മിറ്റി
ഡിപിആർ പരിശോധിച്ച് പദ്ധതി നടപ്പാക്കുന്നതിന് ഐടി മിഷനിലെ പ്രതിനിധി ഉൾപ്പെടെ ഒരു ടെക്നിക്കൽ കമ്മിറ്റി 2018 ജനുവരിയിൽ രൂപീകരിച്ചു.
ഉപദേശക സമിതി
മാർഗനിർദേശങ്ങൾ നൽകാൻ നിയമസഭാ സെക്രട്ടറി ചെയർമാനായ ഉപദേശക സമിതി.
ടെക്നിക്കൽ വെരിഫിക്കേഷൻ കമ്മിറ്റി
പൊതുമരാമത്ത് വകുപ്പിലെ സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിലെ എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എഇ തലത്തിലെ ഉദ്യോഗസ്ഥരടങ്ങുന്ന ടെക്നിക്കൽ വെരിഫിക്കേഷൻ കമ്മിറ്റി 2019 ജൂൺ 28ന് രൂപീകരിച്ചു.
വിദഗ്ധ സമിതി:
നിയമസഭാ സെക്രട്ടറിയറ്റിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് ആവശ്യമായ വിവരങ്ങളും നിർദേശങ്ങളും നൽകാൻ ഒരു വിദഗ്ധ സമിതിയും രൂപീകരിച്ചു.
വിജേഷ് ചൂടൽ
No comments:
Post a Comment