Monday, December 14, 2020

തൊഴിലാളിയാണ്‌ ഉടമ, ഊരാളുങ്കലിൽ

കോർപറേറ്റുകൾ അടക്കി ഭരിക്കുന്ന പല മേഖലകളിലെയും സാന്നിധ്യമാണ് ഊരാളുങ്കലിന്റെ വിജയവും കരുത്തും. ജനകീയ ബദലിനെ പരിഹസിക്കുന്നവർക്കുള്ള മറുപടി കൂടിയാണ്‌ തൊഴിലാളികൾ ഉടമകളായ ഊരാളുങ്കൽ ലേബർ കോ–- ഓപ്പറേറ്റീവ്‌ സൊസൈറ്റി(യുഎൽസിസിഎസ്‌). ഊരാളുങ്കലിനെക്കുറിച്ച്‌ കേൾക്കുന്ന മറ്റു സംസ്ഥാനക്കാർ ഇത്തരം സ്ഥാപനം തുടങ്ങാൻ സഹായം തേടുന്നു.  വിദേശക്കമ്പനികൾ പങ്കാളിത്തത്തിന്‌ താൽപ്പര്യപ്പെടുന്നു. വമ്പൻ കോർപറേറ്റുകളിലുള്ളവർപോലും  നടത്തിപ്പുകണ്ട് അത്ഭുതം കൂറുന്നു. ഇതാണ്‌ യുഡിഎഫ്–- ബിജെപി നേതൃത്വത്തെ‌ അസ്വസ്ഥപ്പെടുത്തുന്നത്‌.


അവിശ്വസനീയ മാതൃക

കരാർ തുകയെക്കാൾ കുറഞ്ഞ ചെലവിലും സമയപരിധിക്കുമുമ്പും പദ്ധതികൾ പൂർത്തിയാക്കാൻ സൊസൈറ്റിക്ക്‌ കഴിയുന്നു. ഇത്‌ സാധ്യമാകുന്നതിന് കൃത്യമായ കാരണമുണ്ട്. മറ്റു കരാർസ്ഥാപനങ്ങൾ പോലെയല്ല ഊരാളുങ്കൽ. സ്വന്തമായി 13,000 തൊഴിലാളികളും ആയിരത്തിൽപ്പരം എൻജിനിയർമാരും ആധുനിക സാങ്കേതിക വിദഗ്‌ധരുമുണ്ട്.

ഉപകരാർ നൽകിയല്ല, സംഘം നേരിട്ടാണ്എല്ലാ പ്രവൃത്തിയുംചെയ്യുന്നത്. അത്യാധുനിക യന്ത്രസംവിധാനങ്ങളും അസംസ്‌കൃതവസ്തുക്കളുടെ നിർമാണയൂണിറ്റുകളും ശേഖരവും സ്വന്തമുണ്ട്. നിശ്ചയിച്ചപോലെ പണി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ തൊഴിലിടങ്ങളിലും മുകൾത്തലങ്ങളിലും ദിവസവും അവലോകനയോഗം ചേരും. തടസ്സങ്ങൾ ഒഴിവാക്കാനും നിർമാണസാമഗ്രികളും യന്ത്രങ്ങളും മനുഷ്യവിഭവവുമെല്ലാം ആവശ്യാനുസരണം ക്രമീകരിക്കാനും ഇതിലൂടെ കഴിയും.

ഇതുകൊണ്ടാണ് ഗുണമേന്മയിൽ വിട്ടുവീഴ്‌ച ചെയ്യാതെ പരമാവധി ചെലവ്‌ കുറച്ചും വേഗത്തിലും നിർമാണം നടത്താനാകുന്നത്. ലാഭേച്ഛയില്ലാതെ നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന പുരോഗമന പ്രസ്ഥാനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത മനസ്സിലാകാത്തവർക്ക്‌ ഇതൊന്നും ദഹിക്കില്ല.

കരാറെടുത്തിട്ട്‌ നീട്ടിക്കൊണ്ടുപോകുകയും തുക പലതവണ ഉയർത്തിവാങ്ങുകയുമൊക്കെ പതിവായിടത്താണ് ഈ വേറിട്ട ശൈലി. സൊസൈറ്റിയെ മുന്നണി ഭേദമില്ലാതെ സർക്കാരുകൾ ടെൻഡറില്ലാതെ കരാർ നൽകാവുന്ന അക്രഡിറ്റഡ് ഏജൻസിയാക്കാൻ‌ കാരണമിതാണ്‌. പദ്ധതികൾ ഊരാളുങ്കലിനെ ഏൽപ്പിക്കാൻ‌ നിരന്തരം ആവശ്യപ്പെടുന്നവരാണ് രാഷ്ട്രീയ താൽപ്പര്യത്താൽ വിമർശനവും ഉയർത്തുന്നത്‌.

ജനകീയ കൂട്ടായ്‌മ

സൊസൈറ്റിയിൽ എല്ലാ പാർടിക്കാരും അംഗങ്ങളാണ്. നാട്ടിലുള്ളവർക്ക്‌ തൊഴിൽ നൽകുക, നല്ല വേതനം നൽകുക, ക്ഷേമം ഉറപ്പാക്കുക– ഇതിനപ്പുറമുളള രാഷ്ട്രീയം ജനകീയ കൂട്ടായ്‌മയുടെതാണ്‌.  ഭരണസമിതി തെരഞ്ഞെടുപ്പുപോലും കക്ഷിരാഷ്ട്രീയത്തിനതീതമാണ്. നന്നായി നടത്താൻ കഴിയുന്നവരെ കൂട്ടായി തെരഞ്ഞെടുക്കും. രാഷ്ട്രീയവിവേചനത്തെപ്പറ്റി ഒരൊറ്റ അംഗത്തിനോ തൊഴിലാളിക്കോ നാട്ടുകാർക്കോ ആക്ഷേപവുമില്ല.

No comments:

Post a Comment