പാലക്കാട‌്: മുസ്ലിംസ‌്ത്രീകൾ ഭരണഘടന അനുസരിക്കണമെന്ന‌് വാദിക്കുന്ന ആർഎസ‌്എസ് ഹിന്ദുസ‌്ത്രീകൾ ഭരണഘടനയ‌്ക്കു പകരം ആചാരം പാലിക്കണമെന്ന‌് ശഠിക്കുന്നത‌് ഇരട്ടത്താപ്പാണെന്ന് പ്രശസ്ത ചിന്തകൻ ഡോ. രാം പുനിയാനി പറഞ്ഞു.
പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനം പാലക്കാട്ട‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിൽ ഹാജി അലി ദർഗയിൽ കയറണമെന്ന‌് ആവശ്യപ്പെട്ട‌് മുസ്ലിംസ‌്ത്രീ കോടതിയിൽ പോയി അനുകൂലവിധി സമ്പാദിച്ചപ്പോൾ പ്രധാനമന്ത്രി ഉൾപ്പെടെ പിന്തുണച്ചു. എന്നാൽ ശബരിമലയിൽ മനുസ‌്മൃതി അനുസരിക്കാനാണ‌് ആർഎസ‌്എസ് പറയുന്നത‌്.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണ് ഭരണഘടന അനുശാസിക്കുന്നത‌്. എന്നാൽ ഭരണഘടനതന്നെ മാറ്റിയെഴുതണമെന്നാണ‌് ആർഎസ‌്എസ്സിന്റെ ആവശ്യം. ജനാധിപത്യവും ഭരണഘടനയും പാശ‌്ചാത്യരീതിയെന്ന‌് ആരോപിച്ച‌് മനുസ‌്മൃതി തിരികെ കൊണ്ടുവരാനാണ‌് ആർഎസ‌്‌എസ് ശ്രമം. ഇത‌് നാടിനെ അസമത്വത്തിലേക്ക‌് തിരികെ കൊണ്ടുപോകും. ശൂദ്രർക്കും സ‌്ത്രീകൾക്കും അടിമത്തം അടിച്ചേൽപ്പിച്ചതിന്റെ പേരിലാണ‌് ഡോ. അംബേദ‌്കർ മനുസ‌്മൃതി കത്തിക്കാൻ ആഹ്വാനം നൽകിയത്.
ഹിന്ദു അപകടത്തിലാണെന്ന‌് ബ്രാഹ്മണ്യവാദികളും ഇസ്ലാം അപകടത്തിലാണെന്ന‌് നവാബുമാരും പറയുന്നു. ജാതിവ്യവസ്ഥ ഇല്ലാതായാൽ വരേണ്യവിഭാഗത്തിന‌്കോട്ടം തട്ടുമെന്ന ഭീതിയാണ‌് ഇതിന‌് പിന്നിൽ. നാല‌് വർഷമായി രാജ്യത്ത‌് ദളിത‌് വിഭാഗത്തിന‌് നേരെ അക്രമം കൂടുതൽ തീവ്രമായി. മതത്തിന്റെ പേരിലുള്ള രാഷ‌്ട്രീയമാണ് രാജ്യത്തെ ജാതിവ്യവസ്ഥയെ ഇല്ലാതാക്കാൻ തടസ്സമായി നിൽക്കുന്നത‌്. ജനാധിപത്യമൂല്യങ്ങൾക്ക‌് ഒരു വിലയുമില്ലാത്ത സ്ഥിതിയായി– രാം പുനിയാനി പറഞ്ഞു.
ഭരണഘടനയെ മറികടന്ന‌് ഹിന്ദുരാഷ‌്ട്രം സ്ഥാപിക്കാനുള്ള ശ്രമം: രാജൻ ഗുരുക്കൾ
ആലപ്പുഴ: ശബരിമലയുടെ മറവിൽ കലാപവും വൈകാരികതയും സൃഷ‌്ടിച്ച‌് രാഷ‌്ട്രീയ നേട്ടമുണ്ടാക്കാനാണ‌് സംഘപരിവാർ ശ്രമമെന്ന‌് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ‌് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ പറഞ്ഞു. ഭരണഘടനയെ മറികടന്ന‌് ഹിന്ദുരാഷ‌്ട്രം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. സംസ‌്കൃതസംഘം, പുരോഗമനകലാസാഹിത്യസംഘം, ഗ്രന്ഥശാലാസംഘം എന്നിവ സംയുക്തമായി എൻജിഒ ഹാളിൽ സംഘടിപ്പിച്ച ‘കോടതിവിധി, ആചാരം, വിശ്വാസം സെമിനാർ’ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരം പിടിച്ചെടുക്കാനുള്ള സമരമാണിപ്പോൾ നടക്കുന്നത‌്. 2006ൽ സംഘപരിവാറുമായി ബന്ധമുള്ളവർ തന്നെ കോടതിയിൽ യുവതീപ്രവേശനം ആവശ്യപ്പെട്ട‌് കേസ‌് കൊടുത്തത‌്. എന്നാൽ കേരളത്തിൽ സംഘപരിവാറിന്റെ ലക്ഷ്യം നടക്കില്ല. ചെറിയൊരു വിഭാഗം മാത്രമാണ‌് സംഘപരിവാറിന്റെ നുണപ്രചരണങ്ങൾ വിശ്വസിച്ചിരിക്കുന്നത‌്. വൈകാരികമായി കാര്യങ്ങളെ കാണുന്നവരെ യുക്തി പറഞ്ഞ‌് ബോധിപ്പിക്കുക പ്രയാസമാണ‌്. ഇവരെ ബോധവത‌്കരിക്കാൻ വീടുകൾ കയറി സംസാരിക്കണമെന്നും രാജൻ ഗുരുക്കൾ പറഞ്ഞു.
ശബരിമലയിലെ ചരിത്രവും ആചാരങ്ങളും വിശ്വാസങ്ങളും അറിയാത്തവരാണ‌് സമരം ചെയ്യുന്നത‌്. ശബരിമല കോലാഹലങ്ങൾക്കുള്ള ഇടമല്ല. കാടിന്റെ നിശബ്ദമായ മര്യാദയാണ‌് അവിടെയുള്ളത‌്. മൃഗങ്ങളെയും പരിഗണിച്ചാണ‌് കറുപ്പുടുത്ത‌് വിശ്വാസികൾ പോകുന്നത‌്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, വ്യത്യസ‌്ത നിറങ്ങളും ബഹളവുമായി. മന്ത്രവും തന്ത്രവും അറിയാത്തവരാണ‌് അയ്യപ്പന‌് പൂജ ചെയ്യുന്നത‌്. ആചാരങ്ങൾ മനുഷ്യൻ സൃഷ‌്ടിക്കുന്നതാണെന്നും അതിന‌് അതത‌് കാലത്തെ സാമൂഹിക വ്യവസ്ഥകൾക്കനുസരിച്ച‌് മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കലാപമുണ്ടാക്കാനുള്ള സംഘപരിവാർ നീക്കത്തിലും സംസ്ഥാന സർക്കാർ പക്വമായാണ‌് പെരുമാറുന്നതും ഇത്രയും ഉറച്ച നിലപാട‌് ഉയർത്തിപ്പിടിക്കുന്ന സർക്കാർ മുമ്പുണ്ടായിട്ടില്ലെന്നും രാജൻ ഗുരുക്കൾ പറഞ്ഞു.
യോഗത്തിൽ ഡോ. ബിച്ചു എക‌്സ‌് മലയിൽ അധ്യക്ഷയായി. കണ്ണൂർ സർവകലാശാല മുൻ രജിസ‌്ട്രാർ കെ എച്ച‌് സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. മുൻ ദേവസ്വം ബോർഡംഗം കെ രാഘവൻ, സംസ‌്കൃതസംഘം സംസ്ഥാന കൺവീനർ ടി തിലകരാജ‌്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എ എ ബഷീർ, കെഎസ‌്ടിഎ ജില്ലാ സെക്രട്ടറി ഡി സുധീഷ‌്, പുരോഗമനകലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ടി എ സുധാകരക്കുറുപ്പ‌്, ലൈബ്രറി കൗൺസിൽ സെക്രട്ടറി മാലൂർ ശ്രീധരൻ, കെ സോമനാഥപിള്ള എന്നിവർ സംസാരിച്ചു. സംസ‌്കൃതസംഘം ജില്ലാ കൺവീനർ എ യു കിരൺ സ്വാഗതവും ജോ. കൺവീനർ ജി ആനന്ദൻപിള്ള നന്ദിയും പറഞ്ഞു.
ഭരണഘടന ഉയർത്തിപ്പിടിക്കുക: കെ എസ‌് ഭഗവാന്‍
തൃശൂർ: ശബരിമലയിലേക്ക് പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതിവിധി എന്തുവിലകൊടുത്തും പ്രബുദ്ധകേരളീയർ സംരക്ഷിക്കണമെന്ന് കന്നട സാഹിത്യകാരൻ കെ എസ് ഭഗവാൻ. ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണായ ഭരണഘടനയെ ഉയർത്തിപ്പിടിക്കണം. സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ‘ജാഗ്രത' സാംസ്കാരിക ജാഥകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകൾക്കു മുന്നേ ഭ്രാന്താലയമായിരുന്ന രാജ്യത്ത് നവോത്ഥാനത്തിന്റെ വെളിച്ചം പകർന്നത് മഹാത്മാ ജ്യോതി റാവു ഫൂലെ (മഹാരാഷ്ട്ര), ശ്രീനാരായണ ഗുരു (കേരള), പെരിയാർ രാമസ്വാമി (തമിഴ്നാട്), ബി ആർ അംബേദ്കർ എന്നിവരുടെ നേതൃത്വത്തിലാണ്. ജാതിയും മതവും സംസ്കാരശൂന്യതയുമായി ഇഴഞ്ഞുനീങ്ങിയിരുന്ന രാജ്യത്തെ സംസ്കാരസമ്പന്നതയിലേക്ക് ഉയർത്തിയത് ഈ മഹാന്മാരാണ്. ഇത് ഇല്ലാതാക്കാനാണ് ഹിന്ദുവർഗീയവാദികൾ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നത്. ആചാരാനുഷ്ഠാനങ്ങളെ ആദ്യമായി വിമർശിച്ചത് ബുദ്ധനാണെന്ന് ഓർക്കണം. ഹിന്ദു ദൈവങ്ങൾ എക്കാലത്തും സവർണർക്കൊപ്പമാണ് നിലകൊണ്ടിട്ടുള്ളത്. ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവരിൽ 85 ശതമാനംപേരും ശൂദ്രവിഭാഗത്തിൽപ്പെട്ടവരാണ്. എന്നാൽ, ശൂദ്രർ അടിമകൾക്ക് തുല്യരും പിതൃശൂന്യരുമാണെന്നാണ‌് ഒരു മറയുമില്ലാതെ മനുസ്മൃതി പറയുന്നത്.
ജനാധിപത്യ ബോധമുള്ള ആർക്കും ഇതംഗീകരിക്കാൻ കഴിയില്ല. ഇതിനെതിരെ എന്തുവിലകൊടുത്തും പോരാടി വിജയം നേടിയേപറ്റൂ. ആചാരങ്ങളിലും വിശ്വാസങ്ങളിലും ശാസ്ത്രീയ മാറ്റം വരുത്തി, എല്ലാവർക്കും തുല്യ പ്രാധാന്യംനൽകിയുള്ള സംസ്കാരമാണ് നാം ഉയർത്തിപ്പിടിക്കേണ്ടത്. ശൂദ്രവിഭാഗത്തിൽപ്പെട്ട സാധാരണക്കാരന്റെ മോചനത്തിന് കേരളത്തിലും ഇന്ത്യയിലാകെയും പുതിയ മനുഷ്യത്വ–- ജനാധിപത്യ–- സമത്വ സംസ്കാരം ഉയർന്നുവരണം. ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തെ തിരസ്കരിക്കാൻ ആർക്കും കഴിയില്ലെന്നും ഭഗവാൻ പറഞ്ഞു.
ശബരിമലയിൽ നടക്കുന്നത‌് വ്യാജപ്പയറ്റ‌്: പ്രൊഫ. എം എം നാരായണൻ
സ‌്ത്രീ പ്രവേശത്തിന്റെ പേരിൽ ശബരിമലയിൽ നടക്കുന്നത‌് വ്യാജപ്പയറ്റാണെന്ന‌് പുരോഗമന കലാസാഹിത്യ സംഘം നേതാവ‌് പ്രൊഫ. എം എം നാരായണൻ. ഇന്ത്യൻ ഭരണഘടനയ‌്ക്കു പകരം മനുസ‌്മൃതിയെ ഉയർത്താനാണ‌് അവിടെ ശ്രമം നടക്കുന്നത‌്. ഇന്ത്യൻ പാരമ്പര്യത്തിനു പറ്റിയതല്ല ഭരണഘടനയെന്നാണ‌് തീവ്ര വലതുപക്ഷം പറയുന്നത‌്. ഭരണഘടന പിച്ചിച്ചീന്താതെ സംഘപരിവാറിന‌് അധീശത്വം നടത്താൻ കഴിയില്ലെന്ന‌് അദ്ദേഹം പറഞ്ഞു. ‘ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാർഷികം ’എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എറണാകുളം പബ്ലിക‌് ലൈബ്രറിയും ഓൾ ഇന്ത്യ ലോയേഴ‌്സ‌് യൂണിയനും ചേർന്നാണ‌് പരിപാടി സംഘടിപ്പിച്ചത‌്.
ഇന്ത്യയിലെ മറ്റുപ്രദേശങ്ങളെ അപേക്ഷിച്ച‌് കേരളത്തിൽ കുറച്ചു വൈകിയാണ‌് നവോഥാനം സംഭവിച്ചത‌്. സമുദായ സംഘടനകൾ നവോഥാനത്തിന്റെ പ്രവാചകരായി. പലതലങ്ങളുള്ള സാമൂഹ്യ പ്രക്രിയയായിരുന്നു കേരള നവോഥാനം. 1937 ൽ കേരളത്തിൽ കമ്യൂണിസ‌്റ്റ‌് പാർടിയുടെ ആദ്യഘടകം രൂപീകരിച്ചു. രണ്ടു പതിറ്റാണ്ടു കഴിഞ്ഞപ്പോൾ അധികാരം പിടിക്കാൻ കഴിയുന്ന അവസ്ഥയിലേക്ക‌് കമ്യൂണിസ‌്റ്റ‌് പാർടി വളർന്നു. ജനകീയ നവോഥാനത്തിന്റെ ഉൽപ്പന്നമാണ‌് കേരളം. കേരളത്തിലെ ആദ്യ സർക്കാർ ഇതിനെ നിയമപരമായി ഊട്ടിയുറപ്പിച്ചു. ഈ രാഷ‌്ട്രീയത്തെ തിരുത്തി ജാതിയെ പുനഃസ്ഥാപിക്കാനുള്ള ശ്രമമായിരുന്നു വിമോചന സമരം. രണ്ടാം വിമോചന സമരത്തിനുള്ള ശ്രമം ഇപ്പോൾ നടക്കുന്നതും ഇതേ പശ‌്ചാത്തലത്തിലാണ‌്.
ഇതുവരെയുള്ളതിൽ നിന്ന‌് വ്യത്യസ‌്തമായ ജീവിതം സാധ്യമാണെന്ന‌് മലയാളികളെ പഠിപ്പിച്ചത‌് ഭൂപരിഷ‌്കരണമാണ‌്. ഇതേ തുടർന്നാണ‌് ഇവിടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടത‌്. പുതിയ കാലത്തെ ചൂഷണങ്ങൾക്കെതിരെ ഇരകളെ സംഘടിപ്പിച്ച‌് സമരം നടത്തിയാൽ മാത്രമേ പ്രതിരോധം തീർക്കാനാവൂ എന്ന‌് പ്രൊഫ. എം എം നാരായണൻ പറഞ്ഞു. പബ്ലിക‌് ലൈബ്രറി വൈസ‌് പ്രസിഡന്റ‌് അശോക‌് എം ചെറിയാൻ അധ്യക്ഷനായി. കെ പി അജിത‌്കുമാർ, അഡ്വ. എസ‌് കൃഷ‌്ണമൂർത്തി, അഡ്വ. നാസർ തുടങ്ങിയവർ സംസാരിച്ചു
No comments:
Post a Comment