കൊച്ചി > വ്യാജബലിദാനികളെ സൃഷ്ടിച്ച് സമരങ്ങള്‍ക്ക് കൊഴുപ്പ് പകരുക എന്ന അയോധ്യയില്‍ പരാജയപ്പെട്ട തന്ത്രമാണ് സംഘപരിവാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പന്തളത്ത് പയറ്റിയത്. ലക്ഷണമൊത്ത നുണകളിലൂടെ ‘ബലിദാനികളെ സൃഷ്‌ടിച്ച്’ വർഗീയ വികാരം ആളിക്കത്തിക്കാൻ സംഘപരിവാർ ആദ്യം ശ്രമിച്ചത് അയോധ്യാ പ്രക്ഷോഭ കാലത്താണ്. ന്യൂമോണിയ ബാധിച്ച് മരിച്ചവരെ പോലും അന്ന് ബലിദാനിയാക്കി. ഉത്തർപ്രദേശിൽ മാത്രം 12 ‘ബലിദാനി’കളെയാണ് സംഘപരിവാർ അയോധ്യയിലെ വെടിവെയ്പ്പിന്റെ പേരിൽ കൃത്രിമമായി സൃഷ്‌ടിച്ചത്. രണ്ട് മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലിലൂടെ പൊളിഞ്ഞടുങ്ങിയ ആ നീക്കത്തിന്റെ പുതിയ പതിപ്പാണ് പന്തളത്ത് പരീക്ഷിച്ചു നോക്കിയത്. പത്തനംതിട്ടയിലെ ളാഹയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ശിവദാസനെ ശബരിമല സ്‌ത്രീപ്രവേശന വിരുദ്ധ സമരത്തിന്റെ ബലിദാനിയാക്കാനുള്ള കുതന്ത്രം മരിച്ചയാളുടെ ഭാര്യയുടെയും മകന്റെയും മൊഴികൾ പുറത്തുവന്നതോടെ സമ്പൂർണമായും പരാജയപ്പെട്ടിരിക്കുന്നു.
അയോധ്യയിൽ വെടിവെയ്പ്പ് നടന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് ആസാംഗഢിലെ അനിരുദ്ധ് വർമ്മ ന്യൂമോണിയ ബാധിച്ച് മരിക്കുന്നത്. വിഎച്ച്‌പി പുറത്തിറക്കിയ പട്ടികയനുസരിച്ച് അനിരുദ്ധ് വർമ്മയും അയോധ്യാ വെടിവെയ്‌പ്പിലെ ‘ബലിദാനി’യായിരുന്നു. ഠാക്കുർ ലാൽ സിങ്, അശുതോഷ് ദാസ്, രാംദേവ് യാദവ്, ബാബാ രാഘവ് ദാസ് എന്നീ നാലുപേർ ജീവിച്ചിരിക്കെത്തന്നെ സംഘപരിവാറിന്റെ ‘ബലിദാനി’ പട്ടികയിലെത്തി. സംഭവത്തിന് പതിനേഴ് വർഷം മുൻപ് മരിച്ച മംഗിലാൽ സത്യനാരായണും ‘അയോധ്യാ ബലിദാനി’ പട്ടികയിൽ ഇടംപിടിച്ചു.
ബാബറി മസ്‌ജിദ് ധ്വംസനത്തിലേക്ക് നയിച്ച സംഘപരിവാറിന്റെ രാമജന്മഭൂമി പ്രക്ഷോഭകാലത്ത് കർസേവക്കിടെ പൊലീസ് വെടിവെയ്‌പ്പിൽ കൊല്ലപ്പെട്ടവരുടേതെന്ന പേരിൽ വിശ്വഹിന്ദു പരിഷത്ത് അവതരിപ്പിച്ച ബലിദാനി ലിസ്റ്റിൽ ജീവിച്ചിരിക്കുന്നവരും മറ്റു കാരണങ്ങളാൽ മരണപ്പെട്ടവരും ഉൾപ്പെട്ടിരുന്നു എന്ന വാർത്ത അന്ന് പുറത്തുകൊണ്ടുവന്നത് ഫ്രണ്ട്‌ലൈൻ ദ്വൈവാരികയാണ്. ‘മരിച്ചവർ തിരിച്ചു വന്നെ’ന്ന വാർത്ത രാജ്യം അതിനുമുൻപ് കേട്ടിട്ടുണ്ടായിരുന്നില്ല. ഇന്ന് ഫ്രണ്ട്‌ലൈനിന്റെ ഡൽഹി ബ്യൂറോ ചീഫും സീനിയർ അസോസിയേറ്റ് എഡിറ്ററുമായ വെങ്കിടേഷ് രാമകൃഷ്‌ണനും എസ് പി സിങ്ങും ചേർന്നാണ് അന്ന് ആ വാർത്ത റിപ്പോർട്ട് ചെയ്‌തത്.
‘മരിച്ചവർ തിരിച്ചുവരുമ്പോൾ’(When The Dead Came Back) എന്ന തലക്കെട്ടിൽ ഫ്രണ്ട്‌ലൈനിൽ വന്ന ആ വാർത്തയുടെ റിപ്പോർട്ടിങ് അനുഭവത്തെപ്പറ്റി ദേശാഭിമാനി ഓണം വിശേഷാല്‍പ്രതിയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ വെങ്കിടേഷ് രാമകൃഷ്‌ണൻ പറയുന്നതിങ്ങനെ:
മുലായം സിങ്ങുമായുള്ള ഒരു കൂടിക്കാഴ്ചയില്‍ അദ്ദേഹമാണ് ഉറപ്പിച്ചുപറയുന്നത് 21 പേരേ കൊല്ലപ്പെട്ടുള്ളൂ എന്ന്. അങ്ങനെയിരിക്കെ ഹിന്ദി പത്രപ്രവര്‍ത്തകനായ ശീതള്‍ പി സിങ് വിളിക്കുന്നു. അമര്‍ ഉജാലയിലെ സ്റ്റോറി എന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് ശീതള്‍ വിളിക്കുന്നത്. കൊല്ലപ്പെട്ടു എന്ന് വിഎച്ച്പി പറയുന്ന ഒരാള്‍ ജീവിച്ചിരിക്കുന്നുണ്ട് എന്നതാണ് അത്. ഒരാളെ ജീവനോടെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ വിഎച്ച്പിയുടെ പട്ടിക മുഴുവനായി അന്വേഷിക്കണമെന്ന് ഞങ്ങള്‍ക്ക് തോന്നി. പക്ഷേ ഇതിനുവേണ്ട അന്വേഷണം നടത്താനുള്ള റിസോഴ്സസ് ഞങ്ങളുടെ രണ്ടു പേരുടെ പക്കലുമില്ല. ഞാന്‍ റാമിനെ വിളിച്ചു. യുപിയില്‍ മാത്രം 26 പേരുണ്ട്. ആ വിലാസങ്ങള്‍ മുഴുവന്‍ അന്വേഷിക്കണം. അന്വേഷിച്ചാല്‍ ചിലപ്പോള്‍ ഒരു വലിയ സ്റ്റോറിയുണ്ടായേക്കാം. ചിലപ്പോള്‍ ഒന്നുമുണ്ടാകില്ല. നിങ്ങള്‍ക്ക് അതിന് താല്‍പ്പര്യമുണ്ടോയെന്നായിരുന്നു എന്റെ ചോദ്യം. ഏതാണ്ട് ഒരു മണിക്കൂറിനുശേഷം റാം എന്നെ വിളിച്ചു. ലഖ്നൌവിലേക്ക് ചെല്ലാനും അത് അന്വേഷിക്കാനും റാം പറഞ്ഞു. ചെലവിനെക്കുറിച്ചുള്ള എന്റെ ആശങ്ക പരിഹരിക്കാമെന്നും പറഞ്ഞു. ഉടന്‍ ഞാന്‍ എസ് പി സിങ്ങിനെ വിളിച്ച് രാത്രിയില്‍ ലഖ്നൌവില്‍ എത്താന്‍ പറഞ്ഞു. രാത്രി ലഖ്നൌവിലെത്തി. ഒരു മാരുതി ഓമ്നി വാടകയ്ക്ക് എടുത്ത് യാത്ര തുടങ്ങി. ഉത്തര്‍പ്രദേശ് മുഴുവന്‍ അതിലാണ് യാത്രചെയ്തത്. മൂന്നുദിവസം താമസിച്ചതും കാറിനുള്ളില്‍തന്നെയാണ്. അന്നത്തെ കാലത്ത് ഏതാണ്ട് 28,000 രൂപയാണ് കാര്‍ വാടക മാത്രമായത്. ഡല്‍ഹിയില്‍ എത്തുന്ന സമയം റാമിനെ വിളിച്ച് പറഞ്ഞിരുന്നു. ഐഎന്‍എസില്‍ (ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി ആസ്ഥാനം) എനിക്കും എസ് പി സിങ്ങിനും ഒരു മുറി ബുക്ക് ചെയ്തിരുന്നു. അവിടെ ഇരുന്ന് കൈകൊണ്ടെഴുതിയാണ് ഫാക്സ് ചെയ്തത്. പക്ഷേ അത് ഒരു ഭയങ്കര അനുഭവമായിരുന്നു. 38 പേജുണ്ടായിരുന്നു സ്റ്റോറി. ഈ കോപ്പി വായിച്ചിട്ട് റാം വിളിച്ചു. സാധാരണ ഗതിയില്‍ ഏത് കോപ്പി ഫയല്‍ ചെയ്താലും റാമിന് ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടാകും എന്നത് ഹിന്ദുവില്‍ പലരും അടക്കം പറയുന്ന കാര്യമാണ്. ഇത് വായിച്ചിട്ട് റാം പറഞ്ഞത്, 'വെങ്കിടേഷ്, ഐ ഹാവ് നോ ക്വസ്റ്റ്യന്‍സ്' എന്നാണ്.
മരിച്ചതായി വി എച്ച് പി വ്യാജരേഖ ചമച്ച കര്‍സേവകരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഫ്രണ്ട്‌ലൈൻ ലേഖനത്തിനൊപ്പം കൊടുത്ത ചാര്‍ട്ട്
മരിച്ചതായി വി എച്ച് പി വ്യാജരേഖ ചമച്ച കര്‍സേവകരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഫ്രണ്ട്‌ലൈൻ ലേഖനത്തിനൊപ്പം കൊടുത്ത ചാര്‍ട്ട്
1990 ഒക്‌ടോബർ 30, നവംബർ 2 തീയതികളിൽ അയോധ്യയിൽ കർസേവകർക്കെതിരെ പൊലീസ് വെടിവെയ്പ്പുണ്ടായി. ഈ വെടിവെയ്പ്പിൽ 15 പേർ കൊല്ലപ്പെട്ടതായി ഡിസംബർ 27ന് ചന്ദ്രശേഖർ സർക്കാർ പാർലമെന്റിൽ പ്രസ്‌താവിച്ചു. ഈ പതിനഞ്ചു പേർക്കു പുറമേ ഒരാളെങ്കിലും മരിച്ചതായി തെളിയിക്കാൻ സർക്കാർ ബിജെപിയെ വെല്ലുവിളിച്ചു. ഇതിനു മറുപടിയായാണ് ഫെബ്രുവരി 20ന് 59 ‘ബലിദാനികളുടെ’ പട്ടികയുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയത്. അയോദ്ധ്യയിൽ രണ്ടു ദിവസങ്ങളിലായുണ്ടായ വെടിവെയ്‌പ്പിൽ 36 പേർ കൊല്ലപ്പെട്ടതായും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലായി കർസേവക്കുള്ള തയ്യാറെടുപ്പിനിടെ 23 പേർ കൊല്ലപ്പെട്ടതായും സംഘപരിവാർ അവകാശപ്പെട്ടു. ഇത് ആദ്യ പട്ടിക മാത്രമാണെന്നും ഇതിലുമധികമാളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു വിഎച്ച്‌പി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഉത്തർപ്രദേശിൽ മാത്രം 23 പേർ കൊല്ലപ്പെട്ടെന്നായിരുന്നു സംഘപരിവാർ അവകാശവാദം. ഇതിൽ 11 പേർ സർക്കാർ പുറത്തുവിട്ട പട്ടികയിലുള്ളവരാണ്. ബാക്കി 12 പേർക്കും അയോധ്യയിലെ വെടിവെയ്പ്പുമായി നേരിട്ട് ബന്ധമൊന്നുമില്ലെന്ന് വെങ്കിടേഷ് രാമകൃഷ്‌ണൻ ഫ്രണ്ട്‌ലൈനു വേണ്ടി നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഈ ‘ബലിദാനി’കളിൽ നാലുപേർ ലിസ്റ്റ് പുറത്തുവരുമ്പോഴും ജീവനോടെയുണ്ടായിരുന്നു! അയോധ്യയിലേക്ക് പോയിട്ടേയില്ലാത്തവരും പതിനേഴ് വർഷം മുൻപ് മരിച്ചയാളും ന്യൂമോണിയ ബാധിച്ച് മരിച്ച ഒരാളും ലിസ്റ്റിൽ ഉൾപ്പെട്ടു. വൃദ്ധർ, ഒറ്റക്ക് ജീവിക്കുന്നവർ, കൃത്യമായ മേൽവിലാസമില്ലാത്തവർ, നാട് വിട്ട് സഞ്ചരിക്കുന്നവർ, ഉത്തർപ്രദേശിലെ കുഗ്രാമങ്ങളിലുള്ളവർ തുടങ്ങിയവരെയാണ് ‘ബലിദാനി’യാക്കിമാറ്റാൻ സംഘപരിവാർ തെരഞ്ഞെടുത്തത്. മരിച്ചവരെ അന്വേഷിച്ച് ആരെങ്കിലും ചെല്ലുമെന്ന് സംഘപരിവാർ കരുതിയിട്ടുണ്ടാവില്ല. എന്നാൽ ഒരോ വ്യാജബലിദാനിയുടെയും വിവരങ്ങൾ സഹിതം ഫ്രണ്ട്‌ലൈൻ വാർത്ത പ്രസിദ്ധീകരിച്ചതോടെ ഈ നുണ പൊളിഞ്ഞു. പിന്നീട് കൂടുതൽ ‘ബലിദാനി’കളുടെ വിവരങ്ങളുമായി സംഘപരിവാർ നേതാക്കളാരും രംഗത്തുവന്നില്ല.
ഒക്‌ടോബർ 18നാണ് ശിവദാസൻ ശബരിമലയിലേക്ക് പോയതെന്നും 19ന് വീട്ടിലേക്ക് ഫോൺ ചെയ്‌തതായും ഭാര്യ ലളിതയും മകൻ ശരത്തും പൊലീസിൽ മൊഴിനൽകിയിരുന്നു. 19 വരെ ജീവനോടെ ഉണ്ടായിരുന്ന ശിവദാസൻ അതിന് രണ്ടു ദിവസം മുൻപ് 16, 17 തീയതികളിൽ അക്രമികൾക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ കൊല്ലപ്പെട്ടു എന്നാണ് സംഘപരിവാറിന്റെ ഉയർത്തുന്ന വാദം. ശബരിമലയിൽ പ്രകോപനം സൃഷ്‌ടിച്ച് അനിഷ്‌ടസംഭവങ്ങൾ ക്ഷണിച്ചുവരുത്താനുള്ള തന്ത്രം പാളിയതോടെയാണ് പുതിയ കള്ളക്കഥയുമായി ആർഎസ്‌എസ് എത്തിയത്. ശബരിമലയെ കേരളത്തിലെ അയോധ്യയാക്കി മാറ്റാനുള്ള ശ്രമം വ്യക്തമാക്കും വിധം ‘വ്യാജബലിദാനി’ മുതൽ രഥയാത്രവരെ, അയോധ്യയിൽ പയറ്റിയ തന്ത്രങ്ങളോരോന്നും പൊടിതട്ടിയെടുക്കുകയാണ് ബിജെപിയും ആർഎസ്‌എസും.
പച്ചക്കള്ളം പ്രചരിപ്പിച്ച‌് ഹർത്താൽ ; സമൂഹമധ്യത്തിൽ നാണം കെട്ട‌് ബിജെപി
പന്തളത്തെ ശിവദാസന്റെ മരണത്തെ വർഗീയമുതലെടുപ്പിന‌് ഉപയോഗിച്ച ബിജെപി സമൂഹമധ്യത്തിൽ നാണം കെടുന്നു. പൊലീസ‌് ലാത്തിച്ചാർജിലാണ‌് ശിവദാസൻ മരിച്ചതെന്ന നുണ പ്രചരിപ്പിച്ച‌് സംസ്ഥാനത്ത‌് കലാപമുണ്ടാക്കാനുള്ള ശ്രമം പൊളിഞ്ഞതോടെ ബിജെപി നേതൃത്വത്തിന‌് ഉത്തരംമുട്ടി.
‘അയ്യപ്പഭക്തനെ പൊലീസ‌് മർദിച്ചുകൊന്നു’ എന്ന‌് പ്രചരിപ്പിച്ചാണ‌് പത്തനംതിട്ട ജില്ലയിൽ ഹർത്താൽ നടത്തിയത‌്. ശിവദാസന്റെ കുടുംബത്തിന്റെ പോലും പിന്തുണയില്ലാതെ നടത്തിയ ഹർത്താലിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധമുയർന്നിരുന്നു. ശബരിമലദർശനത്തിനായി 18ന‌് വീട്ടിൽനിന്ന‌് പുറപ്പെട്ട ശിവദാസൻ 17 ന‌് നടന്ന ലാത്തിച്ചാർജിൽ കൊല്ലപ്പെട്ടെന്നായിരുന്നു പ്രചാരണം.
എന്നാൽ, അദ്ദേഹം 18ന‌് ആണ‌് പോയതെന്നും 19ന് വീട്ടിലേക്ക‌് വിളിച്ചിരുന്നുവെന്നും മകനും ഭാര്യയും ഉൾപ്പെടെ വെളിപ്പെടുത്തിയതോടെ പള്ളക്കള്ളം പൊളിഞ്ഞു. നാണംകെട്ടിട്ടും ഹർത്താൽ പിൻവലിക്കാതെ രാഷ്ട്രീയനാടകം കളിച്ച ബിജെപി പ്രവർത്തകർ ഇപ്പോൾ ചോദ്യങ്ങൾക്ക‌് മറുപടിയില്ലാതെ ഓടിയൊളിക്കുകയാണ‌്. സാമൂഹ്യമാധ്യമങ്ങളിലും ദേശീയതലത്തിലും ബിജെപിയുടെ നടപടികൾക്കെതിരെ പ്രതിഷേധം അലയടിക്കുകയാണ‌്.
‘എല്ലാ മലയാളമാസവും ഒന്നിന‌് ശബരിമലയ‌്ക്ക‌് പോകുന്ന ശിവദാസൻ, ഇത്തവണ മൂന്നിന‌് പോയത‌് എന്തുകൊണ്ടാണ‌്’ എന്ന‌് അന്വേഷിക്കണമെന്നാണ‌് സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ പുതിയ വാദം. ബന്ധുക്കൾപോലും ബിജെപിയുടെ പച്ചക്കള്ളം തള്ളിക്കളഞ്ഞില്ലേ എന്ന ചോദ്യത്തിന‌് ‘ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട‌്,എല്ലാം പൊലീസിന്റെ ഗൂഢാലോചനയാണ‌്’ എന്നായിരുന്നു മറുപടി.തിരുവനന്തപുരം പ്രസ‌്ക്ലബ്ബിന്റെ മീറ്റ‌് ദി പ്രസിലായിരുന്നു സുരേന്ദ്രന്റെ ഉരുണ്ടുകളി. ‘നുണകൾ പ്രചരിപ്പിച്ച‌് എന്തിനായിരുന്നു ഹർത്താൽ’ എന്ന ചോദ്യത്തിന‌് ‘പത്തനംതിട്ടയിൽ മാത്രം നടത്തിയാൽ പോരായിരുന്നു; സംസ്ഥാനത്ത‌് മുഴുവൻ നടത്തേണ്ടതായിരുന്നു’ എന്നും മറുപടി നൽകി.
No comments:
Post a Comment