Monday, April 16, 2012
ഹജ്ജ് സബ്സിഡി ആയുസ്സിലൊരിക്കല്‍: കേന്ദ്രം
സര്‍ക്കാര്‍ സബ്സിഡിയോടെയുള്ള ഹജ്ജ് യാത്ര ജീവിതത്തില്‍ ഒരിക്കല്‍ മാത്രം മതിയെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ തീരുമാനമെടുത്തെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഹജ്ജ് സബ്സിഡി സംബന്ധിച്ച് ഫെബ്രുവരി 24ന് സുപ്രീംകോടതി ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടിയായാണ് സത്യവാങ്മൂലം നല്‍കിയത്.
നിലവില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഹജ്ജിന് പോകാന്‍ സൗകര്യമുണ്ട്. പുതിയ മാറ്റമനുസരിച്ച് ഹജ്ജ് യാത്രികര്‍ക്ക് സര്‍ക്കാര്‍ സബ്സിഡി സൗകര്യം ആയുസ്സില്‍ ഒരിക്കല്‍ മാത്രമാക്കും. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ (എച്ച്സിഒഐ) വഴി ഹജ്ജിന് പോകുന്നവരുടെ എണ്ണത്തില്‍ കുറവുവരുത്തുന്ന മാറ്റമാണിത്. ഹജ്ജിന് പോയിട്ടില്ലാത്തവര്‍ക്ക് അവസരം നല്‍കുംവിധം മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. മൂന്ന് തവണ അപേക്ഷിച്ചവര്‍ക്കും 70 വയസ്സ് കഴിഞ്ഞവര്‍ക്കും സബ്സിഡി നല്‍കുന്ന കാര്യത്തില്‍ മുന്‍ഗണന നല്‍കും. 2012ല്‍ ഹജ്ജ് യാത്രികര്‍ക്ക് സബ്സിഡിയായി എത്ര തുക നല്‍കുമെന്ന് വ്യക്തമാക്കാന്‍ കേന്ദ്രം തയ്യാറായില്ല. ഹജ്ജ് കഴിഞ്ഞ് യാത്രികര്‍ തിരിച്ചെത്തിയാല്‍ മാത്രമേ അത് കണക്കാക്കാനാകു എന്നാണ് മറുപടി നല്‍കിയത്. ഹജ്ജ് യാത്രികര്‍ക്ക് പൊലീസ് പരിശോധനയില്ലാതെ ചുരുങ്ങിയ കാലാവധിയുള്ള പാസ്പോര്‍ട്ടുകള്‍ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ അഫ്താബ് അലം, രഞ്ജനപ്രകാശ് ദേശായ് എന്നിവരാണ് ഹജ്ജ് സബ്സിഡിയെയും മാനദണ്ഡത്തെയുംപ്പറ്റി കേന്ദ്രത്തോട് വിശദീകരണം തേടിയത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് അനുവദിക്കുന്ന സീറ്റുകളെക്കുറിച്ചും കോടതി ആരാഞ്ഞു. ഹജ്ജ് യാത്രികര്‍ക്കൊപ്പം വലിയ ഉദ്യോഗസ്ഥസംഘം സഞ്ചരിക്കുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സബ്സിഡിയോടെയുള്ള ഹജ്ജ് തീര്‍ഥാടനം പണവും സ്വാധീനമുള്ളവര്‍ക്ക് മാത്രം ലഭിക്കുകയും ഇക്കാര്യത്തില്‍ നിരവധി ക്രമക്കേടുകള്‍ നടക്കുകയുംചെയ്യുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി വിശദീകരണം തേടിയത്. ഗവണ്‍മെന്റിന്റെ ക്വോട്ടയില്‍നിന്ന് ഒരു ഭാഗം സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കണമെന്ന മുംബൈ ഹൈക്കോടതി വിധിക്കെതിരായി കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേക ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ഇക്കൊല്ലം ഇന്ത്യയില്‍ നിന്ന് 1.70 ലക്ഷം പേര്‍ക്കാണ് സൗദി അറേബ്യന്‍ സര്‍ക്കാര്‍ ഹജ്ജിന് അനുമതി നല്‍കിയത്. ഇതില്‍ 1.25 ലക്ഷം പേര്‍ ഹജ്ജ് കമ്മിറ്റി വഴിയും 45,000 പേര്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേനയുമായിരിക്കും യാത്ര നടത്തുക. 1994ല്‍ 21,035 പേരാണ് സര്‍ക്കാര്‍ സബ്സിഡി ഉപയോഗിച്ച് ഹജ്ജിനു പോയത്. 2011ല്‍ ഇത് 1.25 ലക്ഷമായി. സബ്സിഡി തുക 1994ലെ 5000 രൂപയില്‍നിന്ന് 2011ല്‍ 38,800 രൂപയായും വര്‍ധിച്ചു.
(വി ജയിന്‍)
deshabhimani 160412
Subscribe to:
Post Comments (Atom)
സര്‍ക്കാര്‍ സബ്സിഡിയോടെയുള്ള ഹജ്ജ് യാത്ര ജീവിതത്തില്‍ ഒരിക്കല്‍ മാത്രം മതിയെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ തീരുമാനമെടുത്തെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഹജ്ജ് സബ്സിഡി സംബന്ധിച്ച് ഫെബ്രുവരി 24ന് സുപ്രീംകോടതി ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടിയായാണ് സത്യവാങ്മൂലം നല്‍കിയത്.
ReplyDeleteപ്രധാനമന്ത്രിയുടെ ഹജ്ജ് സംഘം വേണ്ടന്ന് സുപ്രീം കോടതിഉത്തരവ്. നാലുപേര്‍ മാത്രം അംഗങ്ങളായ സംഘം തല്‍ക്കാലം തുടരണം. ക്രമേണ ഈ സംവിധാനം അവസാനിപ്പിക്കണം. ചിലര്‍ ആവര്‍ത്തിച്ച് ഈ സംഘത്തില്‍ പോകുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ പുതിയ ഹജ്ജ് നയം കോടതി പരിശോധിച്ചു. നയപ്രകാരം ഹജ്ജ് കമ്മറ്റി വഴി ഒരാള്‍ക്ക് ഒരു തവണ മാത്രമേ ഹജ്ജിന് അനുമതിയുള്ളു. ഒറ്റത്തവണയേ സബ്സിഡിയനുവദിക്കുകയുള്ളു. കര്‍ശനമായ ഉപാധികളാണ് ഏര്‍പ്പെടുത്തുന്നത്. നേരത്തെ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സബ്സിഡിയോടെ ഹജ്ജ് അനുവദിച്ചിരുന്നു. ഹജ്ജ് കമ്മറ്റി വഴി പോകുന്നവര്‍ക്കാണ് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്. സര്‍ക്കാര്‍ ക്വാട്ടയില്‍ ശുപാര്‍ശയനുവദിക്കുകയില്ല. 70 വയസില്‍ കൂടുതലുള്ളവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം നല്‍കും. നാലുതവണ തുടര്‍ച്ചായായി അപേക്ഷിച്ചവര്‍ക്കും നറുക്കെടുപ്പില്ല. മുഖ്യമന്ത്രിയുടെ സംഘത്തില്‍ ഒരാള്‍ക്ക് ഒരു തവണ മാത്രമേ ഹജ്ജിനുപോവാനാവുകയുള്ളു
ReplyDelete