Wednesday, April 17, 2013
ഹജ്ജ് നയത്തിന് ഇനി 5 വര്‍ഷം പ്രാബല്യം
കേന്ദ്രസര്‍ക്കാരിന്റെ ഹജ്ജ് നയത്തിന് അഞ്ചുവര്‍ഷ കാലാവധി നിശ്ചയിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ഓരോ വര്‍ഷവും നയം പുതുക്കല്‍ അപ്രായോഗികമാണെന്നു ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. 2013ല്‍ രൂപം നല്‍കുന്ന ഹജ്ജ് നയം 2017 വരെ നിലനില്‍ക്കുമെന്ന് ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജനപ്രകാശ് ദേശായി എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഹജ്ജുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പരിഗണിച്ച എല്ലാ ഹര്‍ജികളും തീര്‍പ്പാക്കിയാണ് ഉത്തരവിട്ടത്.
ഹജ്ജ് സബ്സിഡി പത്തുവര്‍ഷംകൊണ്ട് ഇല്ലാതാക്കുക, പ്രധാനമന്ത്രിയുടെ ഹജ്ജ് സൗഹാര്‍ദ പ്രതിനിധി സംഘാംഗങ്ങളുടെ എണ്ണം രണ്ടായും കേന്ദ്രസര്‍ക്കാരിന് നിശ്ചയിക്കാവുന്ന ക്വോട്ട 300 ആക്കിയും പരിമിതപ്പെടുത്തുക തുടങ്ങിയ മുന്‍ ഉത്തരവുകള്‍ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. 2013-17 കാലയളവിലെ ഹജ്ജ് നയത്തിനുശേഷം പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തി അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള നയത്തിന് രൂപം നല്‍കുക. ഓരോ അഞ്ചു വര്‍ഷനയവും ആദ്യം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി അഭിപ്രായങ്ങള്‍ ക്ഷണിക്കുക. ഒരു മാസത്തിനകം ലഭിക്കുന്ന യോഗ്യമായ അഭിപ്രായങ്ങള്‍ സ്വീകരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അന്തിമനയം രൂപീകരിക്കുക. ഈ നയം പിന്നെ അടുത്ത അഞ്ചുവര്‍ഷ കാലയളവില്‍ ഒരു മാറ്റത്തിനും വിധേയമാക്കരുത്. കോടതിയോ മറ്റ് അധികാര കേന്ദ്രങ്ങളോ ഇടപെടല്‍ നടത്തരുത്. സൗദി സര്‍ക്കാര്‍ എടുക്കുന്ന എന്തെങ്കിലും തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റം അനിവാര്യമായി വന്നാല്‍മാത്രം ഭേദഗതി വരുത്തുക- തുടങ്ങിയ നിര്‍ദേശങ്ങളും കോടതി നല്‍കി. ഹജ്ജിനു പോകുന്ന വനിതകള്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണം.
ഹജ്ജ് നയത്തില്‍, സുപ്രീംകോടതി അഭിഭാഷകന്‍ ഇ എം സദറുള്‍ അനാമിന്റെ പല നിര്‍ദേശങ്ങളും പരിഗണനാര്‍ഹമാണ്. വിദേശമന്ത്രാലയം അനാമില്‍നിന്ന് ഈ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് നയത്തില്‍ ഉള്‍പ്പെടുത്തുക. ഹജ്ജിന് അപേക്ഷകള്‍ സ്വീകരിക്കുന്നതും മറ്റും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പാക്കുക. അപേക്ഷകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ മാതൃക സ്വീകരിക്കാം. ഹജ്ജുമായി ബന്ധപ്പെട്ട് തീരുമാനിക്കുന്ന സമയപ്പട്ടികയില്‍ കോടതിപോലും ഇടപെടല്‍ നടത്തരുത്. സൗദിയില്‍ ഹാജിമാരുടെ താമസത്തിന് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ആറംഗ സമിതിക്ക് രൂപം നല്‍കണം. ഗള്‍ഫ്- ഹജ്ജ് ചുമതലയുള്ള ജോയിന്റ് സെക്രട്ടറി, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, ജാമിയ മിലിയ വിസി നജീവ് ജങ്, ആസൂത്രണ കമീഷന്‍ അംഗം സയ്യദ ഹമീദ, വിദേശമന്ത്രാലയം അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പദവി ഒഴിഞ്ഞുകിടക്കുകയാണെങ്കിലും മറ്റ് സമിതിയംഗങ്ങള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണം. നിലവില്‍ ഹജ്ജിനും ഗള്‍ഫ് മേഖലയ്ക്കുമായി വിദേശമന്ത്രാലയത്തില്‍ ഒരു ജോയിന്റ് സെക്രട്ടറിയാണുള്ളത്. ഹജ്ജിനുമാത്രമായി ജോയിന്റ് സെക്രട്ടറിയെ നിയമിക്കണം. പരാതി പരിഹാരത്തിന്റെ ചുമതല ഒരു ഡെപ്യൂട്ടി സെക്രട്ടറിക്ക് നല്‍കണം. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ അപേക്ഷ ക്ഷണിക്കുന്നതിന്റെ ചുമതലയില്‍നിന്ന് ഹജ്ജ് കമ്മിറ്റിയെ ഒഴിവാക്കി വിദേശമന്ത്രാലയത്തെ ഏല്‍പ്പിക്കണം. കേന്ദ്ര- സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഉന്നതാധികാര സമിതിക്ക് രൂപം നല്‍കുകണം. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരെ പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടായി തരംതിരിക്കുന്ന നയം തുടരാമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
(എം പ്രശാന്ത്)
deshabhimani 170413
Subscribe to:
Post Comments (Atom)
No comments:
Post a Comment