Monday, June 22, 2009

നിര്‍ത്തുക ഈ ആഭാസം

ലാവ്ലിന്‍ കേസിന്റെ മറവില്‍ ജനങ്ങളുടെ സാമാന്യബോധത്തിനുനേരെ ഏതാനും മാധ്യമങ്ങളും രാഷ്ട്രീയക്കോമരങ്ങളും വെല്ലുവിളി തുടങ്ങിയിട്ട് നാളുകളേറെയായി. പഴകിപ്പൊളിയാറായ മൂന്നു ജലവൈദ്യുതപദ്ധതി നവീകരിക്കാനുള്ള പ്രവര്‍ത്തനം ഏറ്റെടുത്തതിന്റെ പേരിലാണ് ഒരു രാഷ്ട്രീയനേതാവ് വേട്ടയാടപ്പെടുന്നത്. മരണം കാത്തുകഴിയുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് ഒരിറ്റ് ആശ്വാസം നല്‍കാനുള്ള ആശുപത്രി സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തതിന്റെ പേരിലാണ് ഒരു രാഷ്ട്രീയനേതാവിന്റെ ചോരയ്ക്കുവേണ്ടിയുള്ള ജുഗുപ്സാവഹമായ വ്യക്തിഹത്യ അരങ്ങേറുന്നത്. ധാര്‍മികത, നീതിബോധം, മര്യാദ, സത്യം തുടങ്ങിയ ഒന്നും വേട്ടനായ്ക്കളെ ഭയപ്പെടുത്തുകയോ പിന്തിരിപ്പിക്കുകയോ ചെയ്യുന്ന വാക്കുകളല്ല. ഒരു നുണ പറയുക, അത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുക, പിന്നീട് അത് സ്ഥാപിക്കാനുള്ള തെളിവുകള്‍ സൃഷ്ടിക്കുക, സംഘടിതമായി അവ പ്രചരിപ്പിക്കുക-ഈ രീതിയാണ് ലാവ്ലിന്‍കേസില്‍ തുടക്കംമുതല്‍ അവലംബിച്ചത്. 374 കോടിരൂപ സംസ്ഥാനത്തിന് നഷ്ടംവരുത്തിയ ഇടപാട് എന്ന് ആവര്‍ത്തിച്ചുപറയുന്നതില്‍നിന്നുതന്നെ എത്രമാത്രം കാപട്യത്തോടെയാണ് ഈ കേസിനെ സിപിഐ എം വിരുദ്ധ മാധ്യമ സംഘം കൈകാര്യംചെയ്യുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്.

ധനപ്രിന്‍സിപ്പല്‍സെക്രട്ടറിയായിരുന്ന വരദാചാരിയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ ചുരുളുകള്‍ അഴിയുമ്പോള്‍ ഈ കേസിലെ ഒരു പെരുംനുണകൂടി പൊളിയുകയാണ്. ലാവ്ലിന്‍കേസ് കെട്ടിപ്പൊക്കിയത് നട്ടാല്‍കുരുക്കാത്ത നുണകളുടെ അടിത്തറയിലാണ് എന്ന് കൂടുതല്‍ വ്യക്തമാകുന്നു. പിണറായി വിജയനെതിരെ നടന്ന പ്രചാരണങ്ങളില്‍ ഏറ്റവുമധികം വിപണനമൂല്യം വരദാചാരിയുടെ മൊഴിക്കായിരുന്നു. ലാവ്ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിനെ എതിര്‍ത്ത വരദാചാരിയുടെ തല മനോരോഗവിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഫയലില്‍ കുറിപ്പെഴുതി എന്നാണ് പ്രചരിപ്പിച്ച കഥ. സര്‍വാദരണീയനായ പ്രിന്‍സിപ്പല്‍സെക്രട്ടറിയെ മനോരോഗിയായി ചിത്രീകരിച്ചുപോലും. കരാര്‍ നടപ്പാക്കാന്‍ പിണറായിവിജയന്‍ വ്യഗ്രത കാട്ടി എന്ന സന്ദേശമാണ് ഈ കഥ പ്രചരിപ്പിക്കുന്നതിലൂടെ തല്‍പ്പരകക്ഷികള്‍ പുറത്തുവിട്ടത്. പിണറായി വിജയന്‍ സഹകരണ മന്ത്രികൂടി ആയിരുന്നെന്നും വരദാചാരിക്കെതിരെ കുറിപ്പെഴുതിയത് സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഫയലിലാണെന്നുമുള്ള വിശദീകരണങ്ങള്‍ ആരും ഗൌനിച്ചുപോലുമില്ല.

ഈ കേസിന് വിശ്വാസ്യത നല്‍കാന്‍ ഏറ്റവുമധികം പ്രചരിപ്പിക്കപ്പെട്ടത് 'തലപരിശോധന'യുടെ കഥയാണ്. സിബിഐയുടെ അന്വേഷണവും ആ കഥയുടെ പിന്നാലെതന്നെ പോയി. വരദാചാരി ഉറപ്പിച്ചുപറഞ്ഞു-ലാവ്ലിന്‍ പ്രശ്നത്തിലാണ് മന്ത്രി തനിക്കെതിരെ തിരിഞ്ഞതെന്ന്. അത് സ്ഥാപിക്കാന്‍ രണ്ട് കള്ളസാക്ഷികളെ സിബിഐ സൃഷ്ടിച്ചു. അതില്‍ ഒരാള്‍ സിഎംപിനേതാവ് എം വി രാഘവന്‍ മന്ത്രിയായിരുന്നപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച യുഡിഎഫിന്റെ വിശ്വസ്തനാണ്. എല്ലാറ്റിനും പുറമെ, ക്രൈം വാരിക പത്രാധിപരെ രണ്ടാമതും വിളിച്ചുവരുത്തി സാക്ഷിയാക്കിയ സിബിഐ അയാളില്‍നിന്ന് മൊഴിയെടുത്തു-വിവാദ ഫയല്‍ പിണറായി വിജയന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ഒരാള്‍ മുക്കിക്കളഞ്ഞു എന്നാണ് ആ മഞ്ഞപ്പത്രവ്യവഹാരി സിബിഐക്ക് നല്‍കിയ മൊഴി. ഈ കഥ വിശ്വസിച്ചുതന്നെയാണ് സിബിഐ അന്വേഷണവും പുരോഗമിച്ചത്.

പിണറായി വിജയന്‍ സിബിഐയുടെ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കിയിട്ടും അത് കണക്കിലെടുക്കാതെ വരദാചാരിയെ വിശ്വസിക്കുന്നു എന്നാണ് സിബിഐ കേസ് റിപ്പോര്‍ട്ടില്‍ എഴുതിവച്ചത്. മറിച്ച് തെളിയിക്കാനുള്ള എല്ലാ രേഖയും നശിപ്പിക്കപ്പെട്ടു എന്ന് ഉറപ്പാക്കാനും സിബിഐയും തല്‍പ്പരകക്ഷികളും ഇതിനിടയില്‍ തയ്യാറായി. 'തലപരിശോധനാ' വിവാദത്തെക്കുറിച്ച് 1997 സെപ്തംബറില്‍ ഒന്നിലേറെ വാര്‍ത്തകള്‍ എഴുതിയ പത്രങ്ങളും അവയുടെ ലേഖകരും ഒന്നും അറിഞ്ഞില്ലെന്ന് നടിച്ച് ഈ വ്യാജപ്രചാരണങ്ങള്‍ക്ക് കൂട്ടുനിന്നു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ലാവ്ലിന്‍ കേസിലെ മൂവായിരം പേജ് വരുന്ന രേഖകള്‍ സിപിഐ എം കേന്ദ്രനേതൃത്വത്തിന് കൈമാറിയെന്നും അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി എഴുതിയ കുറിപ്പടങ്ങുന്ന ഫയലാണെന്നും കഴിഞ്ഞ മാര്‍ച്ച് 30ന് മലയാളമനോരമ ഫോട്ടോസ്റ്റാറ്റ് സഹിതം വന്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഇങ്ങനെയെല്ലാം ഏകപക്ഷീയമായ അപവാദപ്രചാരണവും കള്ളക്കേസും മുന്നേറുമ്പോഴാണ്, 'തലപരിശോധന' പ്രശ്നം ഉയര്‍ന്നത് ലാവ്ലിന്‍ വിഷയത്തിലല്ല സഹകരണവകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എന്നും അത് ഇവിടത്തെ മാധ്യമങ്ങളാകെ തുടര്‍ച്ചയായി വാര്‍ത്തയെഴുതാന്‍ കാരണമായ വിഷയമായിരുന്നെന്നും രേഖാമൂലം വാര്‍ത്തകള്‍ പുറത്തുവന്നത്.

സംസ്ഥാനത്തിന്റെ സഹകരണ മേഖലയെയും ഗ്രാമപഞ്ചായത്തുകളെയും കൂട്ടിയിണക്കി വികസനമേഖലയില്‍ പുതിയ ചലനം സൃഷ്ടിക്കുന്നതിനുള്ള ശ്രദ്ധേയമായ നിര്‍ദേശമാണ് അന്ന് സഹകരണവകുപ്പ് മുന്നോട്ടുവച്ചത്. അത്തരമൊരു നിര്‍ദേശത്തോട് ധനപ്രിന്‍സിപ്പല്‍സെക്രട്ടറിയുടെ പ്രതികരണം ധിക്കാരത്തിന്റെ അങ്ങേത്തലയ്ക്കലുള്ളതായിരുന്നു. സംസ്ഥാനത്ത് മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സഹകരണസ്ഥാപനങ്ങളുടെ വിശ്വാസ്യതതന്നെ വരദാചാരി ചോദ്യംചെയ്തു. അത്തരമൊരു സമനിലതെറ്റിയ പ്രതികരണം വന്നപ്പോഴാണ്, അതിന്റെ ഉറവിടമായ തല പരിശോധിക്കപ്പെടേണ്ടതാണെന്ന് സഹകരണമന്ത്രി അഭിപ്രായപ്പെട്ടത്. അന്നത് വിവാദമാക്കാന്‍ പത്രങ്ങള്‍ ഇറങ്ങി. പ്രതിഷേധവുമായി ഏതാനും ഐഎഎസുകാര്‍ വന്നു. വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നു.

പിന്നീട് ലാവ്ലിന്‍ വിവാദം കുതന്ത്രങ്ങളിലൂടെയും ഉപജാപങ്ങളിലൂടെയും ഊതിപ്പെരുപ്പിച്ച ഘട്ടത്തിലാണ് 'തലപരിശോധന' തെറ്റായി അവതരിപ്പിച്ച് പിണറായിക്കെതിരെ തിരിക്കാന്‍ ഉപജാപകര്‍ തയ്യാറായത്. മറിച്ച് സ്ഥാപിക്കാനുള്ള തെളിവുകളും പഴുതുകളും നശിപ്പിച്ചുകളയാനുള്ള പ്രവര്‍ത്തനവും അവര്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയിരുന്നു. ഇല്ലാത്ത ആ ഫയല്‍ പിണറായിയും അനുകൂലികളും സെക്രട്ടറിയറ്റില്‍നിന്ന് മുക്കി എന്നുവരെ പ്രചാരണമുണ്ടാവുകയും അതിന്റെ പേരില്‍ കോണ്‍ഗ്രസുകാരനായ ഒരു സ്ഥിരം വ്യവഹാരി കേസുകൊടുക്കുകയുംചെയ്തു. പത്രത്തില്‍ വന്ന വാര്‍ത്തകള്‍ പിന്നീട് കണ്ടുപിടിക്കപ്പെടുമെന്നും അത് തിരിച്ചടിയാകുമെന്നും ഉപജാപക സംഘം ഓര്‍ത്തില്ല. അവരുടെ വാക്കുവിശ്വസിച്ച് കള്ളക്കേസും കള്ളസാക്ഷികളെയുമുണ്ടാക്കിയ സിബിഐയും പിന്നീടെന്നെങ്കിലും മറിച്ചുള്ള തെളിവുകള്‍ പുറത്തുവരുമെന്ന് ഓര്‍ത്തുകാണില്ല.

'വരാദാചാരിയുടെ തലപരിശോധന' എന്നത് തരംതാണനിലയില്‍ കെട്ടിച്ചമച്ച നുണക്കഥയാണെന്ന് സൂര്യവെളിച്ചംപോലെ തെളിഞ്ഞിരിക്കുന്നു. ആര് എന്ത് ന്യായീകരണം പറഞ്ഞാലും സിബിഐയും വരദാചാരിയടക്കമുള്ളവരും സ്വന്തം പത്രത്താളുകളെപ്പോലും തള്ളിപ്പറഞ്ഞവരും മൂന്നാംക്ളാസ് നുണയന്മാരുടെ പട്ടികയിലാണെന്ന് വ്യക്തമായിരിക്കുന്നു. അങ്ങനെ വിവസ്ത്രരായി നില്‍ക്കുന്ന ഈ പരിഷകളില്‍നിന്ന് പശ്ചാത്താപത്തിന്റെയോ തെറ്റുതിരുത്തലിന്റെയോ വെള്ളിവെളിച്ചം ഉദിച്ചുപൊങ്ങുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒരുതുണ്ട് നാണംപോലുമില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. അവരോട് ഞങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ള ഏകകാര്യം, ഇനിയെങ്കിലും അവസാനിപ്പിക്കുക ഈ ദുഷ്ടവൃത്തികള്‍ എന്നതുമാത്രമാണ്; അവര്‍ അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെങ്കില്‍പ്പോലും.

ദേശാഭിമാനി മുഖപ്രസംഗം 22 ജൂണ്‍ 2009

Sunday, June 21, 2009

പൊളിയുന്ന കള്ളങ്ങള്‍ പാര്‍ട്ട് 2


വരദാചാരിയുടെ വ്യാജമൊഴി സമര്‍ഥിക്കാന്‍ സിബിഐക്ക് കള്ളസാക്ഷികളും

വരദാചാരിയുടെ വ്യാജമൊഴി ശരിയെന്നു സമര്‍ഥിക്കാന്‍ സിബിഐ രണ്ട് കള്ളസാക്ഷികളെ സൃഷ്ടിച്ചു. സഹകരണമന്ത്രിയായിരിക്കേ പിണറായി വിജയന്‍ സഹകരണവകുപ്പിലെ വിഷയത്തിലാണ് വരദാചാരിക്കെതിരെ കുറിപ്പ് എഴുതിയത്. ഇത് ലാവ്ലിന്‍ കരാറിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചതിനാണെന്ന് വരദാചാരി സിബിഐക്ക് മൊഴി നല്‍കി. ഈ 'ഫയല്‍' ഉണ്ടാക്കിയത് താനാണെന്ന് ഒരു അഡീഷണല്‍ സെക്രട്ടറിയെക്കൊണ്ടും ഫയല്‍ കണ്ടെന്ന് മറ്റൊരു അഡീഷണല്‍ സെക്രട്ടറിയെക്കൊണ്ടും സിബിഐ പറയിപ്പിച്ചു. വിവാദപരാമര്‍ശം സഹകരണവകുപ്പുമായി ബന്ധപ്പെട്ടാണെന്ന് വ്യക്തമായതോടെ പിണറായിയെ കള്ളക്കേസില്‍ കുടുക്കാന്‍ അരങ്ങേറിയ ആസൂത്രിത ഗൂഢാലോചനയാണ് പുറത്തായത്. ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് തട്ടിക്കൂട്ടിയ തലപരിശോധനാ ആക്ഷേപം മുഖ്യതെളിവായി വ്യാഖ്യാനിക്കുന്ന സിബിഐ സാക്ഷിമൊഴികളിലെ വൈരുധ്യം മറച്ചുവച്ചാണ് കള്ളക്കളി നടത്തിയത്. ഇല്ലാത്ത ഫയല്‍ കാണാനില്ലെന്ന് മുറവിളിച്ചു. ഇതേക്കുറിച്ച് പിണറായിയുടെ വിശദീകരണം സ്വീകരിക്കാതെ ഉദ്യോഗസ്ഥര്‍ പറഞ്ഞതാണ് സത്യമെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ എഴുതിവെക്കുകയും ചെയ്തു.

പന്നിയാര്‍-ശെങ്കുളം-പള്ളിവാസല്‍ നവീകരണവുമായി ബന്ധപ്പെട്ട് സിബിഐ ആരോപിക്കുന്ന തരത്തില്‍ ഒരു ഫയലും ഉണ്ടായിരുന്നില്ല. എന്നിട്ടും ഇല്ലാത്ത ഫയല്‍ കാണാനില്ലെന്ന അസംബന്ധം എഴുന്നള്ളിച്ചു. പരസ്പരവിരുദ്ധമായ മൊഴികളാണ് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വരദാചാരിയും ധനവകുപ്പിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിമാരും സിബിഐയുടെ 'സാക്ഷി'കളുമായ വെങ്കട്ടരമണനും ഡി കൃഷ്ണന്‍ നായരും നല്‍കിയതെന്ന് അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കിയിരുന്നു. പ്രോസിക്യുഷന്‍ അനുമതി സംബന്ധിച്ചു നല്കിയ നിയമോപദേശത്തിലാണ് മൊഴികളിലെ വൈരുധ്യം എ ജി ചൂണ്ടിക്കാട്ടിയത്. സിബിഐ പറയുന്നതും വസ്തുതയുമായി ഒരു ബന്ധവുമില്ലെന്നും എ ജി പറഞ്ഞു. അഞ്ച് മേലധികാരികള്‍ക്ക് താന്‍ കുറിപ്പ് നല്‍കിയെന്നാണ് വരദാചാരി മൊഴികൊടുത്തത്. ഫയല്‍ കാണാനില്ലെന്ന് വാദിക്കുന്ന സിബിഐക്ക് ഈ അഞ്ചു ഓഫീസുകളില്‍ ഫയലുണ്ടോയെന്ന് അന്വേഷിക്കാന്‍ ബാധ്യതയുണ്ടായിരുന്നെന്ന് എ ജി ചുണ്ടിക്കാട്ടി. എന്നാല്‍ ഗവര്‍ണര്‍ക്ക് ഇതൊന്നും പരിഗണിക്കാന്‍ തോന്നിയില്ല.

ലാവ്ലിന്‍ കരാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് താന്‍ കുറിപ്പ് കൊടുത്തതെന്നാണ് വരദാചാരി പറയുന്നത്. ഇതിന്റെ പേരില്‍ തന്റെ 'തലപരിശോധിക്കാന്‍' മന്ത്രി കുറിപ്പെഴുതിയെന്നും വരദാചാരി ആരോപിക്കുന്നു. എന്നാല്‍ 68-ാം സാക്ഷി വെങ്കട്ടരമണന്റെ മൊഴി വേറെയാണ്. കാന്‍സറും വൈദ്യുതിയും തമ്മില്‍ എന്തുബന്ധമെന്നു ചോദിച്ച് കുറിപ്പ് കൊടുത്തതിനാണ് തലപരിശോധിക്കാന്‍ പറഞ്ഞതെന്നും ഇതുസംബന്ധിച്ച ഫയല്‍ താന്‍ കണ്ടെന്നുമാണ് റിട്ട. അഡീഷണല്‍ സെക്രട്ടറി വെങ്കട്ടരമണന്‍ പറഞ്ഞത്. 71-ാം സാക്ഷിയായ അഡീഷണല്‍ സെക്രട്ടറി കൃഷ്ണന്‍ നായരുടെ മൊഴിയില്‍ കുറിപ്പും ഫയലുമല്ല, അര്‍ധ ഔദ്യോഗിക കത്തായി മാറി. വൈദ്യുതിബോര്‍ഡ് യോഗം കഴിഞ്ഞുവന്ന വരദാചാരി അസ്വസ്ഥനായി തന്നെ വിളിച്ചെന്നും ലാവ്ലിന് കരാര്‍ കൊടുക്കാന്‍ തീരുമാനിച്ചതില്‍ പരാതിപ്പെട്ട് കുറിപ്പു തയാറാക്കാന്‍ തന്നോടാവശ്യപ്പെട്ടെന്നുമാണ് ഇയാളുടെ മൊഴി. ഈ കത്തു കണ്ട് വരദാചാരിയുടെ തല പരിശോധിക്കാന്‍ മന്ത്രി എഴുതിയെന്നും ഇത് അന്ന് പത്രങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നെന്നും കൃഷ്ണന്‍ നായരുടെ മൊഴിയെന്ന പേരില്‍ സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. സിബിഐ എസ്പി വി അശോക് കുമാറാണ് ഈ വിരുദ്ധമൊഴികളെല്ലാം എടുത്തത്.

തലതിരിഞ്ഞ മാധ്യമങ്ങള്‍ പ്രതിക്കൂട്ടില്‍

മുന്‍ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് വരദാചാരിയുടെ തല പരിശോധിപ്പിക്കണമെന്ന് ഫയലില്‍ കുറിപ്പ് എഴുതിയ വിഷയത്തില്‍ സ്വന്തം വാക്കുകള്‍ വിഴുങ്ങി അപവാദവ്യവസായം കൊഴുപ്പിച്ച മാധ്യമങ്ങള്‍ പ്രതിക്കൂട്ടില്‍. സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഫയലില്‍ ധനസെക്രട്ടറിയെ മനോരോഗവിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് അന്ന് സഹകരണമന്ത്രിയായ പിണറായി വിജയന്‍ കുറിപ്പ് എഴുതിയെന്ന് 1997 സെപ്തംബര്‍ 11ന് 'കേരളകൌമുദി'യാണ് ആദ്യം വാര്‍ത്ത നല്‍കിയത്. അടുത്ത ദിവസങ്ങളില്‍ മാതൃഭൂമിയും മനോരമയും ഇത് ആവര്‍ത്തിച്ചു. ഇതേ ഫയലിനെ ലാവ്ലിന്‍ ഇടപാടുമായി ബന്ധപ്പെടുത്തി ആദ്യം വാര്‍ത്ത നല്‍കിയത് മനോരമയാണ്. ആസൂത്രിതമായി നല്‍കിയ ഈ കള്ളവാര്‍ത്തയുടെ ചുവട് പിടിച്ച് സിപിഐ എം വിരുദ്ധ ശക്തികളും മറ്റു മാധ്യമങ്ങളും നീങ്ങി. ഈ ഫയലുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി പുറത്തുവന്ന കള്ളക്കഥകളാണ് സിബിഐ നിര്‍ണായക തെളിവായി വിശേഷിപ്പിച്ചത്. സിബിഐ നല്‍കിയ മൂവായിരം പേജുള്ള റിപ്പോര്‍ട്ടിലും ഇതാണ് പ്രധാന 'തെളിവ്'.

സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഫയലിലാണ് താന്‍ ഈ കുറിപ്പെഴുതിയതെന്ന് പിണറായി സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ആ സമയത്ത് സര്‍വീസില്‍നിന്ന് വിരമിക്കാന്‍ 20 ദിവസം മാത്രുണ്ടായിരുന്ന വരദാചാരി '97 സെപ്തംബര്‍ 30ന് വിരമിച്ചു. എന്നാല്‍, ഫയല്‍ കാണാനില്ലെന്നും അതുകൊണ്ട് വരദാചാരിയുടെ മൊഴി വിശ്വാസത്തിലെടുക്കുന്നെന്നുമായി സിബിഐ. സഹകരണവകുപ്പില്‍ ഇങ്ങനെ ഒരു ഫയല്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍പോലും തയ്യാറാകാതെ സിബിഐ ഡിവൈഎസ്പി വി അശോക്‍ കുമാര്‍ ഈ നിഗമനത്തിലെത്തിയത് ദുരൂഹമാണ്. ആന്റണി മുഖ്യമന്ത്രിയായിരിക്കെ മുത്തങ്ങ വെടിവയ്പ്പിനെ തുടര്‍ന്നാണ് ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ ലാവ്ലിന്‍ ഇടപാട് വിജിലന്‍സ് അന്വേഷണത്തിന് വിട്ടത്. ഇതേതുടര്‍ന്നാണ് മനോരമയില്‍ വരദാചാരിയുടെ 'തലപരിശോധന'യുമായി ബന്ധപ്പെട്ട് വാര്‍ത്ത വന്നത്. ഏതാനും വര്‍ഷം മുമ്പ് യഥാര്‍ഥ വസ്തുത റിപ്പോര്‍ട്ട് ചെയ്ത മറ്റു പത്രങ്ങള്‍ രാഷ്ട്രീയവൈരം മൂലം മനോരമയ്ക്കൊപ്പം മലക്കംമറിഞ്ഞു. പല ഗവ.സെക്രട്ടറിമാരും കരാറിനെതിരെ സിബിഐക്ക് മൊഴി നല്‍കിയെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ മനോരമ വാര്‍ത്ത നല്‍കി. വരദാചാരിയുടെ മൊഴിയാണ് ഏറ്റവും നിര്‍ണായകമെന്നും മനോരമ 'കണ്ടെത്തി'. ഇതടക്കം മൂവായിരത്തോളം രേഖകള്‍ മുഖ്യമന്ത്രിയുടെ പക്കലുണ്ടെന്നും ഈ വാര്‍ത്തയില്‍ പറയുന്നു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡ് ചര്‍ച്ച തുടങ്ങിയത് 1995ലാണ്. അന്ന് ജി കാര്‍ത്തികേയനാണ് വൈദ്യുതിമന്ത്രി. അന്നത്തെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 1995ല്‍ ലാവ്ലിന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. 1996 ഫെബ്രുവരിയില്‍ കസള്‍ട്ടന്‍സി കരാറും ഒപ്പുവച്ചു. എന്നാല്‍, 1997ല്‍ ധനകാര്യസെക്രട്ടറിയെന്ന നിലയില്‍ താന്‍കൂടി പങ്കെടുത്ത വൈദ്യുതി ബോര്‍ഡ് യോഗത്തിലാണ് വിഷയം വന്നതെന്നാണ് വരദാചാരി നല്‍കിയ മൊഴി. കരാറിനെ എതിര്‍ത്ത് കുറിപ്പ് എഴുതിയപ്പോഴാണ് തന്റെ തല പരിശോധിക്കണമെന്ന് പിണറായി ഫയലില്‍ രേഖപ്പെടുത്തിയതെന്നും വരദാചാരി കള്ളമൊഴി നല്‍കി. ഈ മൊഴി വിജിലന്‍സ് പരിശോധിച്ച് തള്ളിയതാണ്.
(കെ ശ്രീകണ്ഠന്‍്‍)

മഞ്ഞപ്പത്രക്കാരന്റെ ജല്‍പ്പനം സിബിഐക്ക് വേദവാക്യം

അശ്ളീലവാരിക പത്രാധിപരുടെ ജല്‍പ്പനം രാജ്യത്തെ ഏറ്റവും പ്രധാന കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐക്ക് വേദവാക്യം. ഇയാളുടെ മൊഴി പലവട്ടം എടുത്തിട്ടും സിബിഐ ഉദ്യോഗസ്ഥര്‍ക്ക് മതിവന്നില്ല. 107-ാം സാക്ഷിയായ ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാറിന്റെ മൊഴി 2007ലും 2008ലും സിബിഐ എടുത്തതായി രേഖകളില്‍ കാണാം. സിബിഐ ഡിവൈഎസ്പി വി അശോക് കുമാര്‍ രേഖപ്പെടുത്തിയ 'നിര്‍ണായക തെളിവുകള്‍'ക്കൊപ്പം ഇതൊന്നും തെളിയിക്കാന്‍ തന്റെ കൈവശം ഒന്നുമില്ലെന്ന മഞ്ഞപ്പത്രക്കാരന്റെ മൊഴിയും എഴുതിവച്ചിട്ടുണ്ട്. ലാവ്ലിന്‍ കേസിനു പിന്നില്‍ ചരടുവലിക്കുന്നവരുടെ പ്രധാന ഉപകരണമാണ് ഇയാള്‍. കോടതികളില്‍ പോകുന്നതും കള്ളപ്രചാരണത്തിന് നേതൃത്വം നല്‍കുന്നതുമൊക്കെ ഇയാളാണ്. കോടതികളില്‍ ഉന്നയിച്ച അസംബന്ധങ്ങള്‍ പലതും തള്ളിപ്പോയി. ഹൈക്കോടതി തള്ളിയ ആരോപണങ്ങള്‍വരെ സിബിഐക്ക് ഇയാള്‍ നല്‍കിയ നിര്‍ണായകവിവരങ്ങളില്‍ കാണാം. 2007 ഡിസംബര്‍ എട്ടിന് സിബിഐ ഈ മഞ്ഞപ്പത്രക്കാരന്റെ മൊഴിയെടുത്തിരുന്നു. ഇതില്‍ മതിവരാതെയാണ് കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് വീണ്ടും മൊഴി രേഖപ്പെടുത്തിയത്. കള്ളങ്ങള്‍ക്ക് വിശ്വാസ്യത പകരാന്‍ സിബിഐ ഇയാളെക്കൊണ്ട് പുതിയ ആരോപണങ്ങള്‍ ഉന്നയിപ്പിച്ചു. വരദാചാരിയുടെ തലപരിശോധനാവിവാദവും കൂട്ടത്തിലുണ്ട്. ലാവ്ലിന്‍ കരാറിനെ എതിര്‍ത്ത വരദാചാരിയുടെ തല പരിശോധിപ്പിക്കണമെന്ന് പിണറായി എഴുതിയെന്നും നിര്‍ണായക തെളിവായ ഈ ഫയല്‍ പിന്നീട് നശിപ്പിച്ചെന്നുമാണ് മഞ്ഞപ്പത്രക്കാരന്റെ മൊഴിയായി സിബിഐ ഉദ്യോഗസ്ഥന്‍ അശോക് കുമാര്‍ എഴുതിപ്പിടിപ്പിച്ചത്. പിണറായിയുടെ പേഴ്സണല്‍ സ്റ്റാഫിലുള്ളവരാണ് ഫയല്‍ നശിപ്പിച്ചതെന്നും അത് തെളിയിക്കാന്‍ തന്റെ കൈവശം രേഖയില്ലെന്നും ഇയാള്‍ പറഞ്ഞതായും പ്രധാന ഉദ്യോഗസ്ഥന്‍ എഴുതിവച്ചിട്ടുണ്ട്. പിണറായിക്ക് സിംഗപ്പുരില്‍ ഭാര്യയുടെ പേരില്‍ ബിസിനസുണ്ടെന്ന് മഞ്ഞപ്പത്രക്കാരന്‍ പറഞ്ഞതായും സിബിഐ എഴുതിവച്ചിട്ടുണ്ട്. ഈ അസംബന്ധം ഇയാള്‍ ഹൈക്കോടതിയിലും ഉന്നയിച്ചിരുന്നു. ഇത് പെരുംനുണയാണെന്ന് കേന്ദ്ര ഏജന്‍സികള്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ടു നല്‍കി. തുടര്‍ന്ന് ഹര്‍ജി തള്ളി. എന്നാല്‍, ഇതേ നുണ ലാവ്ലിന്‍ മൊഴിയില്‍ സിബിഐ രേഖപ്പെടുത്തി.

ദേശാഭിമാനി 21 ജൂണ്‍ 2009

Saturday, June 20, 2009

ലാവ്ലിന്‍ - പൊളിയുന്ന കള്ളങ്ങള്‍

വരദാചാരിയുടെ മൊഴി കള്ളം

എസ്എന്‍സി ലാവ്ലിന്‍ കേസില്‍ മുഖ്യതെളിവായി സിബിഐ ഉയര്‍ത്തിക്കാട്ടിയ മുന്‍ ധനപ്രിന്‍സിപ്പല്‍സെക്രട്ടറി വരദാചാരിയുടെ മൊഴി പച്ചക്കള്ളമെന്ന് തെളിഞ്ഞു. സഹകരണ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയ വരദാചാരിയുടെ തല പരിശോധിക്കണമെന്ന് അന്ന് സഹകരണമന്ത്രിയായ പിണറായി വിജയന്‍ മുഖ്യമന്ത്രിക്കയച്ച കത്തിനെയാണ് ലാവ്ലിന്‍ കേസുമായി സിബിഐ കൂട്ടിക്കെട്ടിയത്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പണം പഞ്ചായത്തുകളിലെ പ്രാഥമിക സഹകരണ ബാങ്കില്‍ നിക്ഷേപിക്കണമെന്ന സഹകരണവകുപ്പ് നിര്‍ദേശം തള്ളിയതിനെതിരെയാണ് തല പരിശോധിക്കണമെന്ന പരാമര്‍ശം സഹകരണമന്ത്രി നടത്തിയത്. ഈ വാര്‍ത്ത 1997 സെപ്തംബറില്‍ മലയാളമനോരമ, മാതൃഭൂമി, കേരളകൌമുദി തുടങ്ങിയ പത്രങ്ങള്‍ വന്‍പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതെല്ലാം മറച്ചുപിടിച്ചാണ് ലാവ്ലിന്‍ കമ്പനിക്ക് കരാര്‍ നല്‍കരുതെന്നാവശ്യപ്പെട്ട വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി കുറിപ്പെഴുതിയതായി സിബിഐയും മാധ്യമങ്ങളും ആരോപിച്ചത്. ലാവ്ലിന്‍ കേസില്‍ സിബിഐയുടെ കള്ളക്കളിയും വന്‍ഗൂഢാലോചനയും ഇതോടെ കൂടുതല്‍ വ്യക്തമാവുകയാണ്. കള്ളക്കേസിന് വിശ്വാസ്യത പകരാന്‍ വരദാചാരിയൂടെ പേരിലുള്ള കെട്ടുകഥ വ്യാപകമായി പ്രചരിപ്പിച്ചു. ലാവ്ലിന്‍ കരാറിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചതിന് വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി വിജയന്‍ പരാമര്‍ശിച്ചതായി സിബിഐയുടെ റിപ്പോര്‍ട്ടിലെ 194-ാം പേജില്‍ ഒമ്പതാം പ്രതിയുടെ പങ്ക് എന്ന തലക്കെട്ടില്‍ പറയുന്നു. ഇതിന് പിണറായി നല്‍കിയ മറുപടി പേജ് 203ല്‍ ഉണ്ട്. സഹകരണവകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രസ്തുത പരാമര്‍ശം നടത്തിയതെന്ന് പിണറായി വിശദീകരണം നല്‍കി. എന്നാല്‍, ഇതുസംബന്ധിച്ച ഫയല്‍ കാണാനില്ലാത്തതിനാല്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മൊഴി വിശ്വാസത്തിലെടുക്കുന്നു എന്ന ന്യായമാണ് സിബിഐ ഉയര്‍ത്തിയത്. സിബിഐ റിപ്പോര്‍ട്ടിന്റെ 213-ാം പേജില്‍ പിണറായിയുടെ വിശദീകരണത്തിനുള്ള മറുപടി എന്ന തലക്കെട്ടിലാണ് സിബിഐയുടെ വിചിത്രവാദം.

ധനസെക്രട്ടറിയുടെ എതിര്‍പ്പ് മറികടന്നാണ് ലാവ്ലിന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതെന്നും വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി കുറിപ്പെഴുതിയെന്നും വലിയ പ്രചാരവേല നടത്തുന്ന മാധ്യമങ്ങള്‍തന്നെയാണ് 1997ല്‍ വലിയ പ്രാധാന്യത്തോടെ സഹകരണവകുപ്പുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മന്ത്രിയുടെ പരാമര്‍ശത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചതായും ഇതേ പത്രങ്ങള്‍ അന്ന് റിപ്പോര്‍ട്ടുചെയ്തിരുന്നു. 'ധനകാര്യസെക്രട്ടറിക്കെതിരെ സഹകരണമന്ത്രി' എന്ന തലക്കെട്ടില്‍ 97 സെപ്തംബര്‍ 11ന് കേരള കൌമുദിയാണ് ആദ്യമായി വാര്‍ത്ത നല്‍കിയത്. ഒന്നാം പേജില്‍ പ്രസിദ്ധപ്പെടുത്തിയ ഈ വാര്‍ത്തയുടെ ചുവടുപിടിച്ച് മറ്റു പത്രങ്ങള്‍ രംഗത്തുവന്നു. 'ധനസെക്രട്ടറിക്കെതിരെ മന്ത്രിയുടെ പരാമര്‍ശം വിവാദമായി' എന്ന തലക്കെട്ടില്‍ 97 സെപ്തംബര്‍ 12ന് മലയാള മനോരമയും 'സഹകരണ മന്ത്രിയുടെ ആക്ഷേപം സെക്രട്ടറി ഒഴിഞ്ഞുമാറുന്നു' എന്ന തലക്കെട്ടില്‍ സെപ്തംബര്‍ 13ന് മാതൃഭൂമിയും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു. പഞ്ചായത്തുകള്‍ക്കനുവദിച്ച പണം ട്രഷറികള്‍ക്കു പകരം അതതു പഞ്ചായത്തിലെ ഏതെങ്കിലും സഹകരണബാങ്കില്‍ നിക്ഷേപിക്കണമെന്ന നിര്‍ദേശം ധനസെക്രട്ടറി എതിര്‍ത്തെന്നും അധികാരപരിധി ലംഘിച്ചു പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയെ നിലയ്ക്കു നിര്‍ത്തണമെന്നും മനോരോഗവിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും മന്ത്രി മുഖ്യമന്ത്രിക്കു കത്തെഴുതിയെന്നുമാണ് വാര്‍ത്ത. സഹകരണവകുപ്പിന്റെ നിര്‍ദേശം എതിര്‍ത്തതല്ല, മറിച്ച് ഫയലില്‍ അനുചിതവും നിരുത്തരവാദപരവുമെന്ന് ധനസെക്രട്ടറി എഴുതിയതാണ് മന്ത്രിയെ ചൊടിപ്പിച്ചതെന്നും ഇതേ റിപ്പോര്‍ട്ടിലുണ്ട്.

പരിശോധിക്കേണ്ടത് സിബിഐയുടെ തല

എസ്എന്‍സി ലാവ്ലിന്‍ കേസ് സിബിഐ കെട്ടിപ്പൊക്കിയത് പച്ചക്കള്ളങ്ങളുടെയും കേട്ടുകേള്‍വികളുടെയും അടിസ്ഥാനത്തിലാണെതിന് വേറെ തെളിവുവേണ്ട. ഇന്നുവരെ ലാവ്ലിന്‍ എന്ന് ഉച്ചരിക്കുമ്പോഴെല്ലാം വരദാചാരിയുടെ പേരും പറഞ്ഞിരുന്നു. ലാവ്ലിന്‍ കരാറിനെതിരെ വരദാചാരി അഭിപ്രായം പറഞ്ഞപ്പോഴാണ്, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ആ മനുഷ്യന്റെ തല പരിശോധിക്കണമെന്ന് പിണറായി വിജയന്‍ ഫയലില്‍ എഴുതിവച്ചത് എന്നാണ് പറഞ്ഞുപരത്തിയ കഥ. പിണറായി അത് സിബിഐ മുമ്പാകെ നിഷേധിച്ചെങ്കിലും അദ്ദേഹത്തെ കുടുക്കാന്‍ തക്കംപാര്‍ത്ത അന്വേഷകസംഘം ആ നിഷേധം തള്ളി. തെളിവൊന്നുമില്ലെങ്കിലും സീനിയര്‍ ഉദ്യോഗസ്ഥരുടെ മൊഴി വിശ്വസിക്കാമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ സിബിഐ എഴുതിവച്ചു.

ഇപ്പോഴിതാ മനോരമ, മാതൃഭൂമി, കേരളകൌമുദി എന്നീ പത്രങ്ങള്‍ എഴുതിയ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നു. പഞ്ചായത്തിന്റെ മിച്ചഫണ്ട് സഹകരണ ബാങ്കുകള്‍ക്ക് കൈകാര്യംചെയ്യാനുള്ള അവസരം ലഭിച്ചാല്‍, സംസ്ഥാനത്തെ സഹകരണമേഖലയ്ക്കും പഞ്ചായത്തുകള്‍ക്കും ഒരേപോലെ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നാണ് അന്ന് സഹകരണമന്ത്രിയായിരുന്ന പിണറായി വിജയന്‍ മുന്നോട്ടുവച്ച നിര്‍ദേശം. അതിനോട് വരദാചാരി പ്രതികരിച്ചത്, സഹകരണസ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ചോദ്യംചെയ്തുകൊണ്ടാണ്. അത്തരമൊരു വിചിത്രമായ വാദം വന്നപ്പോള്‍, കേരളത്തില്‍ ജീവിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാകാത്ത വങ്കത്തം പറഞ്ഞ വരദാചാരിയുടെ ബുദ്ധി പരിശോധിക്കേണ്ടതുതന്നെയാണെന്ന് തോന്നുന്നത് സ്വാഭാവികം മാത്രം. പിണറായിക്കും അതുതന്നെ തോന്നി. അക്കാര്യം മുഖ്യമന്ത്രിക്ക് എഴുതിക്കൊടുക്കുകയും ചെയ്തു. അതോടെ ചില ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധവുമായിറങ്ങി. അന്ന് അതുസംബന്ധിച്ച വാര്‍ത്തകള്‍ മനോരമയും മാതൃഭൂമിയും തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചതുമാണ് (1997 സെപ്തംബര്‍ 11 മുതല്‍ 14വരെ).

എന്നാല്‍, ലാവ്ലിന്‍ കേസ് കെട്ടിപ്പൊക്കുകയും അത് പിണറായി വിജയനെ വേട്ടയാടാനുള്ള ഗൂഢാലോചനയാക്കി മാറ്റുകയും ചെയ്തപ്പോള്‍ പത്രങ്ങള്‍ സത്യം മറച്ചു. കഥ പുതിയതുവന്നു. വരദാചാരിയുടെ തലപരിശോധന ലാവ്ലിന്‍ ഫയലിലാക്കി. കേസ് പിന്നീട് നുണകളുടെ കൂമ്പാരമായി മാറിയപ്പോള്‍ വരദാചാരിയും സിബിഐക്ക് മൊഴിനല്‍കി-തലപരിശോധനാ കുറിപ്പ് ലാവ്ലിന്‍ ഫയലിലാണെന്ന്. ആ ഉദ്യോഗസ്ഥപ്രമുഖന്‍ തന്റെ വൃത്തികെട്ട പകയും വിദ്വേഷവും പിണറായിയെ കേസില്‍കുടുക്കാന്‍ ഉപയോഗിക്കുകയായിരുന്നു. സിബിഐ അത് വേദവാക്യമായെടുത്ത് കേസ് റിപ്പോര്‍ട്ടും കുറ്റപത്രവുമുണ്ടാക്കി. പത്രങ്ങള്‍ അതുവച്ച് പിന്നെയും കഥകള്‍ മെനഞ്ഞു. എല്ലാം ഇപ്പോള്‍ തകര്‍ന്നിരിക്കുന്നു-കേസ് മാത്രമല്ല, മാധ്യമങ്ങളുടെയും പിണറായി വിരുദ്ധ മാഫിയയുടെയും വിശ്വാസ്യതയും. ഇതിലൂടെ തകര്‍ന്നുപോകുന്നത് ലാവ്ലിന്‍ എന്ന കള്ളക്കേസിന്റെ അടിത്തറതന്നെയാണ്.

കള്ളക്കളി സ്വയം വെളിപ്പെടുത്തി സിബിഐ കുറ്റപത്രം

ജി കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയായിരുന്ന കാലത്ത് എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവച്ചത് ഒന്നുമെഴുതാത്ത മൂന്ന് വെള്ളപേപ്പറില്‍. ലാവ്ലിന്‍ കേസിന്റെ കുറ്റപത്രത്തില്‍ സിബിഐയുടെ വിശദീകരണത്തിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍. മുന്‍ ഫയലുകള്‍ ഒന്നുമില്ലാതെയും വൈദ്യുതിബോര്‍ഡിന്റെ അനുമതി ഇല്ലാതെയുമാണ് എംഒയു ഒപ്പുവച്ചതെന്ന് കണ്ടെത്തിയതായും സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കാര്‍ത്തികേയന്റെ കാലത്താണ് ഇതു നടന്നതെന്നും ഒപ്പുവയ്ക്കുമ്പോള്‍ത്തന്നെ ലാവ്ലിന്‍ കമ്പനിക്ക് ഇത് നേട്ടമുണ്ടാക്കുമെന്ന് അറിവുണ്ടായിരുന്നെന്നും കണ്ടെത്തലുണ്ട്. കരാറില്‍ ലാവ്ലിനുമായി ഒപ്പുവച്ച ആദ്യ എംഒയുവാണ് കാര്‍ത്തികേയന്റെ കാലത്തേത്. ലാവ്ലിന്‍ കേസില്‍ സിബിഐയുടെ കള്ളക്കളി വെളിവാക്കുന്നതാണ് അവര്‍തന്നെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിശദീകരണം.

എംഒയു ഒപ്പുവച്ച കാലത്ത് മന്ത്രിയായിരുന്ന കാര്‍ത്തികേയനെ ഒഴിവാക്കി പിന്നീട് മന്ത്രിയായ പിണറായി വിജയനെ പ്രതിയാക്കുകയാണ് സിബിഐ ചെയ്തത്. എംഒയു ഒപ്പുവച്ച '95 ആഗസ്ത് 10ന് കാര്‍ത്തികേയനായിരുന്നു വൈദ്യുതിമന്ത്രിയെന്നും കാര്‍ത്തികേയന്റെ പങ്കിന് തെളിവില്ലെന്നും മാത്രമാണ് സിബിഐയുടെ വിശദീകരണം. എന്നാല്‍, ഗൂഢാലോചനയ്ക്ക് തുടക്കമിട്ടത് അക്കാലത്താണെന്ന് വിശദീകരിക്കുന്നു. കാര്‍ത്തികേയന്റെ നടപടികള്‍ക്കൊന്നും തെളിവില്ലാത്തതിനാല്‍ പ്രതിചേര്‍ത്ത് വിചാരണ നടത്തുന്നില്ലെന്ന പ്രത്യേക വിശദീകരണവും കുറ്റപത്രത്തിലുണ്ട്. സാധ്യതാപഠനം നടത്താതെയാണ് എംഒയു ഒപ്പുവച്ചതെന്നും നടത്തേണ്ട പണികളുടെ അളവുസംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങാതെയാണ് ഒപ്പിട്ടതെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും തെളിവില്ലെന്ന ബാലിശമായ വിശദീകരണം നല്‍കിയാണ് കാര്‍ത്തികേയനെ ഒഴിവാക്കിയത്.

ദേശാഭിമാനി 20-06-2009
ഈ വിഷയത്തില്‍ മാരീചന്റെ പോസ്റ്റ് തല പരിശോധനയില്‍ തെളിഞ്ഞത്

Friday, June 19, 2009

തമ്പുരാനിസത്തിന്റെ തികട്ടലുകള്‍

ഓല മേഞ്ഞ പഴയ ഓഫീസുകള്‍ ശ്രേഷ്ഠവും, ഓടിട്ട പുതിയ ഓഫീസുകള്‍ മ്ലേഛവുമാണെന്ന മട്ടിലുള്ള വിശകലനങ്ങള്‍ എന്തായാലും മാര്‍ക്സിസമല്ല. മോട്ടോര്‍ സൈക്കിളില്‍ മീന്‍ വില്‍ക്കുന്ന പുതിയ തൊഴിലാളിയോട് മനസ്സു കൊണ്ടിനിയും ഐക്യപ്പെടാത്തവര്‍ പഴയ കാലത്തിന്റെ തടവിലാണ്. ‘ മീന്‍ കച്ചവടക്കാരന്റെ പത്രാസ്’ എന്നത് ‘തമ്പുരാനിസ‘ത്തിന്റെ തികട്ടലാണ്. ക്ഷോഭിക്കരുത്. ചരിത്രം അതെല്ലാം കുഴിവെട്ടി മൂടി ശക്തിയിലേയ്ക്ക് കുതിയ്ക്കുക തന്നെ ചെയ്യും. ഒരു ജനതയുടെ ജീവിതനിലവാരത്തിലുള്ള വളര്‍ച്ചയും, സാങ്കേതികവിദ്യ സാധ്യമാക്കുന്ന സൌകര്യങ്ങളും അവരുടെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുമെന്ന പ്രാഥമിക സാമൂഹ്യ പരമാര്‍ത്ഥം തിരിച്ചറിയാത്തവരെ വര്‍ത്തമാനത്തിലേക്ക് വിളിച്ചുണര്‍ത്തുക അത്യന്തം പ്രയാസകരമാണ്. കെട്ടിടങ്ങളുടെ വലിപ്പച്ചെറുപ്പമല്ല, സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ അവ വഹിക്കുന്ന പങ്കാണ് പ്രസക്തം.

പാര്‍ട്ടി കെട്ടിടങ്ങള്‍ ചൂണ്ടിക്കാട്ടി തൊഴിലാളി പ്രസ്ഥാനങ്ങളെ തെറി വിളിക്കുന്നവരില്‍ പലരും സ്വന്തം ചിലവില്‍ രമ്യഹര്‍മ്മങ്ങള്‍ പണിയുന്നതില്‍ പുളകം കൊള്ളുന്നവരാണ്. രണ്ടു പേര്‍ക്ക് മൂന്നു നില മാളികയാവാം, ആയിരക്കണക്കിന് മനുഷ്യര്‍ നിരന്തരം ഇടപെടുന്ന രാഷ്ട്രീയ-സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്ക് ഇരുനിലക്കെട്ടിടം പാടില്ല എന്നാണിപ്പോള്‍ ചിലര്‍ വാദിക്കുന്നത്.

സത്യത്തില്‍ ഒരു പ്രദേശത്തെ ഏറ്റവും സൌകര്യമുള്ള കെട്ടിടം ഒരു കലാസമിതിയുടെയോ, വായനശാലയുടേതോ, സാമൂഹ്യ ജീവിതത്തില്‍ സജീവമായി ഇടപെടുന്ന ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനങ്ങളുടേതോ ആയിരിക്കുന്നതില്‍ അഭിമാനിക്കുകയാണ് ജനാധിപത്യവാദികള്‍ ചെയ്യേണ്ടത്. അതിനുപകരം ചിലരിപ്പോള്‍ ഇത്തരം കാര്യങ്ങളിലൊക്കെ പെട്ടെന്ന് പ്രകോപിതരായിത്തീരുമ്പോള്‍ അവരുടെ അജണ്ടയെക്കുറിച്ച് പുനര്‍‌വിചിന്തനം അനിവാര്യമാകും. പിരിക്കുന്ന പണത്തിനു കണക്കില്ലാത്തവര്‍ക്ക് കെട്ടാതെ പോയ കെട്ടിടങളെക്കുറിച്ചോര്‍ത്ത് കണ്ണീര്‍ പൊഴിക്കാനവകാശമുണ്ട്. അതേസമയം, കൃത്യമായ കണക്കുകള്‍ ജനസമക്ഷം തുറന്നു വെച്ച് ഓരോരോ കാര്യങ്ങള്‍ക്ക് സ്വരൂപിച്ച പണം അതാത് കാര്യങ്ങത്തില്‍ തന്നെ ചിലവഴിക്കുന്നവരില്‍ എന്തിനു പഴി ചാരണം?

*
‘വെള്ളം കുടിക്കാനുള്ളതാണ് കളിക്കാനുള്ളതല്ല’ എന്നുള്ളത് വെള്ളം വ്യവസായികളുടെ പരോക്ഷ പരസ്യമാണ്. ഭൂമിയിലെ വെള്ളം പാരിസ്ഥിതിക അവബോധം ഉള്‍ക്കൊള്ളുന്ന സര്‍വ മനുഷ്യര്‍ക്കും കുടിക്കാനും, കുളിക്കാനും, കളിക്കാനും, അനുഭൂതികളിലാറാടി തിമര്‍ക്കാനും ഉള്ളതാണ്. വെള്ളം തൊട്ട് കളിയ്ക്കേണ്ട അതിനു വിപണിമൂല്യമുണ്ട് എന്ന ജലവ്യവസായത്തിന്റെ പരസ്യങ്ങള്‍ക്കു മുമ്പില്‍ വിളറി നില്‍ക്കുന്നവരില്‍ ചിലര്‍ സ്വകാര്യമുതലാളിത്തത്തിന്റെ വിനോദശാലകളിലെ സ്ഥിരം സന്ദര്‍ശകരാണ്. സ്വകാര്യവ്യക്തികള്‍ നടത്തുന്ന ‘വിനോദകേന്ദ്ര‘ങ്ങളില്‍ അഭിരമിക്കുകയും, സഹകരണാടിസ്ഥാനത്തില്‍ ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുമ്പോള്‍ അടച്ചാക്ഷേപിക്കുകയും ചെയ്യുന്നതിലെ ‘വൈരുധ്യങ്ങള്‍’ എത്ര പൂഴ്ത്തി വെച്ചാലും ഒരു നാള്‍ പുറത്ത് ചാടും. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്ന മഹത്തായ മേയ്‌ദിന മുദ്രാവാക്യത്തെ സാംസ്കാരികാധിനിവേശം വഴി മൂലധനശക്തികള്‍ സമര്‍ത്ഥമായി തിരിച്ചു പിടിച്ച് കഴിഞ്ഞിരിക്കുന്നു....

*
സര്‍വദുരിതങ്ങളും അവസാനിച്ചിട്ടു മതി ആഹ്ലാദം എന്ന് തീരുമാനിച്ചാല്‍ മത-മതേതര ഉത്സവങ്ങളെ മുഴുവന്‍ ഉടന്‍ ഉന്മൂലനം ചെയ്യേണ്ടി വരും. വ്യവസ്ഥയുടെ സമ്പൂര്‍ണ്ണ മാറ്റത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടു തൃപ്തരാകാത്തവര്‍ തൊഴിലില്ലായ്മാ വേതനമടക്കം സര്‍വ താല്‍ക്കാലികാശ്വാസങ്ങളും തള്ളിക്കളയേണ്ടി വരും. സാമൂഹ്യപരിഷ്കാരങ്ങളും, താല്‍കാലിലാശ്വാസങ്ങളും വിപ്ലവത്തില്‍ വെള്ളം ചേര്‍ക്കുമെന്ന് വാദിക്കുന്നവര്‍ പ്രാകൃതത്വത്തില്‍ നിന്നും പട്ടിണിയില്‍ നിന്നുമാണ് വിപ്ലവം പൊട്ടിപ്പുറപ്പെടുന്നതെന്ന് കരുതുന്നവരാണ്. “കുഞ്ഞിമാളൂ ദാരിദ്ര്യമാണ് മനുഷ്യനെക്കൊണ്ട് മോഷണം നടത്തിക്കുന്നത്’ എന്ന കെ.ദാമോദരന്റെ പാട്ടബാക്കിയെന്ന നാടകത്തിലെ കിട്ടുണ്ണിയെന്ന രാഷ്ട്രീയപ്രവര്‍ത്തകന്റെ പ്രാഥമികവിവരം പോലും പല സൈദ്ധാന്തികന്മാരും സങ്കുചിത വിപ്ലവാവേശങ്ങള്‍ക്കിടയില്‍ അവഗണിക്കുന്നു.

*
ജനാധിപത്യ മൂല്യങ്ങള്‍ക്ക് മുന്നില്‍ പഴയ മുഖം‌മൂടികള്‍ പോലും നഷ്ടപ്പെട്ട മുഖ്യധാരാമാധ്യമങ്ങളുടെ വലതുപക്ഷ സേവയാണ് മൂല്യവിമര്‍ശനമെന്ന വ്യാജേന ഇപ്പോള്‍ ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അതിന്റെ പിറവി മുതല്‍ കുഴിച്ചുമൂടാന്‍ പ്രതിജ്ഞയെടുത്തവര്‍, തങ്ങള്‍ മുന്‍പ് ആ മഹാപ്രസ്ഥാനത്തിന്റെ സംരക്ഷകരായിരുന്നു എന്ന നാട്യത്തിലാണ് ആരോപണങ്ങള്‍ വാ‍രിച്ചൊരിയുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ കണ്ടെത്തുകയും തിരുത്തുകയും ചെയ്തകാര്യങ്ങളാണ് “കോഴക്കഥ”കളായി മാധ്യമതാളുകളില്‍ കൊഴുക്കുന്നത്. ‘സര്‍വരും കൊള്ളരുതാത്തവര്‍’ എന്നൊരു മാഫിയായുക്തിയാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പരസ്പരം മത്സരിച്ച് ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരന്തരമായി വേട്ടയാടിയവര്‍, മാന്‍‌കിടാവിന്റെ വിശുദ്ധി അവകാശപ്പെടുന്നതിലെ ‘അല്പത്തരം’ മാറ്റിവെച്ചാല്‍ പിന്നീടവരുടെ വാദവിവാദങ്ങളില്‍ അവശേഷിക്കുന്നത് കുപ്രസിദ്ധമായ ആ പഴയ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ നുരപ്പും പുളിപ്പുമാണ്. ഒരിക്കല്‍ മൂല്യാധിഷ്ഠിതമായിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനമാകെ ഇപ്പോള്‍ മൂല്യരഹിതമായി മാറിയിരിക്കുന്നു എന്നാക്രോശിക്കുന്ന മാധ്യമമുതലാളിമാരുടെ തലക്കു മുകലിളിരിക്കുമ്പോള്‍ കോമാളിത്തൊപ്പികള്‍ പോലും നാണിച്ചു പോകും!

*
ലാളിത്യത്തെ കട്ടന്‍ ചായയിലും പരിപ്പു വടയിലും പരിമിതപ്പെടുത്തുന്നവര്‍ മൂല്യാന്വേഷണങ്ങളെ പൈങ്കിളിക്കഥയിലേക്ക് പരാവര്‍ത്തനം ചെയ്യുന്ന ചരിത്രവിരുദ്ധപ്രവര്‍ത്തനത്തിലാണ് വ്യാപൃതരായിരിക്കുന്നത്. മൂല്യബോധം ഭൂതകാലത്തിലെവിടെയോ സ്ഥിരവാസമുറപ്പിച്ചിരിക്കുകയാണെന്ന് പ്രചരിപ്പിക്കുന്നവര്‍, ആശയപരമായി സ്വയം ഭൂതകാലത്തില്‍ സ്തംഭിച്ചു പോയവരാണ്. ചോര്‍ന്നൊലിക്കുന്ന കൂരകളും, ഒടിഞ്ഞ ബെഞ്ചും, അലക്കിത്തേക്കാത്ത വസ്ത്രവും അവരില്‍ ചിലര്‍ക്ക് ആവേശകരവും വിപ്ലവകരവുമായി അനുഭവപ്പെടുന്നത് ‘ആരാന്റെ അമ്മയുടെ’ ഭ്രാന്ത് കാണാനുള്ള കുടിലകൌതുകം കൊണ്ടാണ്. വ്യക്തിപരതയുടെ ചെറിയ ലോകങ്ങളില്‍ വ്യാപരിക്കുന്നതുകൊണ്ടാണ് മൂന്നാള്‍ മാത്രമുള്ള സ്വന്തം വീടിനോടൊപ്പം വലുപ്പം പാര്‍ട്ടി ഓഫീസിനുണ്ടായിപ്പോകുന്നത് ചില ‘എക്സ്പാര്‍ട്ടികളെ’ വല്ലാതെ പരിഭ്രമിപ്പിക്കുന്നത്. പൊതുജീവിതം സജീവമാകുന്നതില്‍ പുളകിതരാകുന്നവര്‍ സ്വന്തം പ്രദേശത്തെ ഏറ്റവും സൌകര്യവും സൌന്ദര്യവുമുള്ള കെട്ടിടം വായനശാലയും, കലാസമിതിയും, ബഹുജനസംഘടനകളുടെ ഓഫീസുമാകാതിരിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ പരിഭ്രമിക്കേണ്ടത്.

*
സമരങ്ങളും സംഘര്‍ഷങ്ങളും കത്തിനില്‍ക്കുന്ന ഒരു കാലത്ത് ഭാഷ പരുക്കനാവും. ചെത്തിമിനുക്കാത്ത കൂര്‍ത്ത പാറക്കല്ലു പോലുള്ള വാക്കുകള്‍ അന്ന് ശത്രുവിന്റെ മര്‍മ്മം നോക്കി കുതിക്കും. തലകുനിച്ചും കൈകൂപ്പിയും കഴിഞ്ഞുകൂടിയ മലയാളി ആത്മബോധമാര്‍ജ്ജിക്കുന്ന മുറയ്ക്കാണ് സ്വന്തം ശിരസ്സിനു മുകളിലേക്കുയര്‍ന്ന മുഷ്ടിക്കൊപ്പം; ഏത് തമ്പുരാനെയും ‘എടാ’ എന്നും ‘എടോ’ എന്നും വിളിക്കാനുള്ള കരുത്ത് നേടിയത്. മുതലാളി മുമ്പും ഇന്നും വിളിക്കുന്ന സമസ്ത തെറിയും ചൂഷകവര്‍ഗം സ്വാംശീകരിച്ച മേല്‍ക്കോയ്മയുടെ ഭാഗമാണെങ്കില്‍ തൊഴിലാളി തിരിച്ചു വിളിക്കുന്ന തെറികള്‍ പ്രസ്തുത മേല്‍ക്കോയ്മയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമാണ്. ഭാഷയിലെ ഒരു വാക്കിനു തന്നെ വര്‍ഗസമരത്തിന്റെ വേദിയാകാന്‍ കഴിയും. ഇതൊന്നും തിരിച്ചറിയാതെ, ഒരു ജനകീയപ്രസ്ഥാനത്തെ അങ്ങേയറ്റം അവഹേളിച്ച ഒരു പത്രാധിപരെ ഒരു പ്രഭാഷണത്തില്‍ ‘എടോ ഗോപാലകൃഷ്ണാ’ എന്നു വിളിച്ചത്, സംസ്കാരലോപമായി കാണുന്നവര്‍, ‘തങ്ങള്‍ക്കെന്തുമെഴുതാം’, മറ്റുള്ളവരാരും അതിനോട് പ്രതികരിച്ചുകൂടെന്ന് കരുതുന്ന, സംഘടിത തൊഴിലാളിപ്രസ്ഥാനങ്ങള്‍ പിറക്കുന്നതിനും മുന്‍പുള്ള കാലത്തെ മേലാളക്കാഴ്ചപ്പാട്, കാലം മാറിയതറിയാതെ സൂക്ഷിക്കുന്നവരാണ്. അവരെ പിന്തുണയ്ക്കുന്ന ‘നവമാന്യര്‍’ കാലഹരണപ്പെട്ട ശുദ്ധിവാദത്തിന് ന്യായം കണ്ടെത്താനുള്ള അര്‍ത്ഥശൂന്യമായ തര്‍ക്കത്തിലാണ് വ്യാപൃതരായിരിക്കുന്നത്.

കെ.ഇ.എന്‍ എഴുതിയ ‘വിവാദകാ‍ലങ്ങളിലെ ആള്‍മാറാട്ടം’ എന്ന പുസ്തകത്തില്‍ നിന്നും തെരഞ്ഞെടുത്ത ഭാഗങ്ങള്‍. കടപ്പാട്: പ്രോഗ്രസ് പബ്ലിക്കേഷന്‍.

ബംഗാള്‍

ഭീകരതയുടെ രാഷ്ട്രീയം

തൃണമൂല്‍ കോണ്‍ഗ്രസിന്റെ തികഞ്ഞ ജനാധിപത്യവിരുദ്ധസ്വഭാവം അതിവേഗം മറനീക്കുകയാണ്. ഇതോടൊപ്പം പശ്ചിമബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ മൃഗീയ ആക്രമണങ്ങളും നടക്കുന്നു. കേന്ദ്രമന്ത്രിസഭ രൂപീകരിച്ചയുടന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മേധാവി പ്രഖ്യാപിച്ചത് പാര്‍ടിയുടെ കേന്ദ്രമന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചുദിവസവും ബംഗാളില്‍ സമയം ചെലവഴിക്കുമെന്നായിരുന്നു. ബാക്കി രണ്ടുദിവസം മാത്രമേ അവര്‍ കേന്ദ്രമന്ത്രിമാരുടേതായ കടമ നിര്‍വഹിക്കൂ. ഭീകരതയുടെ രാഷ്ട്രീയം കെട്ടഴിച്ചുവിടാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിപദവികള്‍ ഉപയോഗിക്കുകയെന്നു വ്യക്തം. ഐല ചുഴലിക്കാറ്റ് ബംഗാളില്‍ ദുരന്തം വിതച്ചപ്പോള്‍ സംസ്ഥാനത്തിന് മാനുഷികമായ സഹായമൊന്നും നല്‍കരുതെന്നാണ് തൃണമൂല്‍ മേധാവി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ജനാധിപത്യവിരുദ്ധം എന്നതിനുപുറമെ മനുഷ്യത്വഹീനംകൂടിയാണ് ഇവരുടെ നിലപാട്. ഈ സമീപനത്തിന് ന്യായീകരണമില്ലാതെ വന്നപ്പോള്‍ സംസ്ഥാനസര്‍ക്കാരിനെ മറികടന്ന് കേന്ദ്രസഹായം ജില്ലാ മജിസ്ട്രേട്ടുമാര്‍ക്ക് നേരിട്ട് നല്‍കണമെന്നായി. ഈ ആവശ്യം ഭരണഘടനയുടെ അടിസ്ഥാനസ്വഭാവമായ ഫെഡറലിസത്തിനുതന്നെ എതിരാണ്. ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിനെക്കുറിച്ചും പുനരധിവാസപ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യാന്‍ വിളിച്ച സര്‍വകക്ഷിയോഗവും തൃണമൂല്‍ ബഹിഷ്കരിച്ചു.

പഞ്ചായത്തിരാജ് സംവിധാനത്തിനായി ഭരണഘടനയുടെ 93-ാം ഭേദഗതി കൊണ്ടുവന്നപ്പോള്‍ പഞ്ചായത്തുകള്‍ക്ക് ഫണ്ട് നേരിട്ട് കൈമാറുന്ന പ്രശ്നം രാജ്യത്ത് വ്യാപകമായി ചര്‍ച്ച ചെയ്തു. സംസ്ഥാനസര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും മറികടന്ന് കേന്ദ്രഫണ്ടുകള്‍ ജില്ലാ മജിസ്ട്രേട്ടുമാര്‍ക്ക് നേരിട്ട് കൈമാറണമെന്ന് അക്കാലത്ത് കോണ്‍ഗ്രസ് പാര്‍ടി നിര്‍ദേശിച്ചു. ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി രാജ്യം ഈ നിര്‍ദേശം കൈയോടെ നിരാകരിച്ചു. ഇപ്പോള്‍ പശ്ചിമബംഗാളിലെ തെരഞ്ഞെടുത്ത സര്‍ക്കാരിനെ മറികടക്കാനായി തൃണമൂല്‍ വീണ്ടും ഈ വാദം ഉന്നയിക്കുകയാണ്. സ്വന്തം രാഷ്ട്രീയ-തെരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കായി ഭരണഘടനയെയും പാര്‍ലമെന്ററി ജനാധിപത്യത്തെയും അട്ടിമറിക്കാന്‍പോലും തൃണമൂല്‍ തയ്യാറായിരിക്കുന്നു. സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രവര്‍ത്തകര്‍ക്കുനേരെ അഴിച്ചുവിട്ടിരിക്കുന്ന കൊലപാതകപരമ്പരയാണ് തൃണമൂലിന്റെ ജനാധിപത്യവിരുദ്ധസ്വഭാവത്തിന്റെ ഏറ്റവും വലിയ പ്രകടനം. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ ഇന്നുവരെ മാധ്യമങ്ങളില്‍വന്ന കണക്കുമാത്രം നോക്കിയാല്‍ 40 സിപിഐ എം പ്രവര്‍ത്തകരും രണ്ടു ഫോര്‍വേഡ് ബ്ളോക്ക് പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്. പൂര്‍വമേദിനിപ്പുര്‍ ജില്ലയിലെ നന്ദിഗ്രാമിലും ഖേജൂരിയിലും ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ പുറത്തുപറയാന്‍ കൊള്ളില്ല.

ലോക്സഭാ തെരഞ്ഞെടുപ്പുഫലം വന്നയുടന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി പ്രഖ്യാപിച്ചത് നന്ദിഗ്രാമിനെയും ഖേജൂരിയെയും 48 മണിക്കൂറിനകം 'സിപിഐ എമ്മില്‍നിന്ന് മോചിപ്പിക്കുമെന്നാണ്'. സംഘടിതമായ ആക്രമണങ്ങള്‍ വഴി നന്ദിഗ്രാമിലെ പല ഗ്രാമങ്ങളില്‍നിന്നും സിപിഐ എം പ്രവര്‍ത്തകരെയും അനുഭാവികളെയും പുറന്തള്ളി. സതേന്‍ഗബാരി ഗ്രാമത്തില്‍ സിപിഐ എം പ്രവര്‍ത്തകന്‍ സന്തോഷ് ബര്‍മന്‍ കൊല്ലപ്പെട്ടു. ആയിരത്തില്‍പ്പരം ആളുകളെ ബലംപ്രയോഗിച്ച് വീടുകളില്‍നിന്ന് പുറത്താക്കി. രാജിവച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് പഞ്ചായത്ത് സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തുന്നു. ജൂ എട്ടിന് രാവിലെ ബൈക്കുകളില്‍ എത്തിയ അക്രമികള്‍ സിപിഐ എം ഓഫീസുകള്‍ ആക്രമിക്കാനും പാര്‍ടി പ്രവര്‍ത്തകരുടെ വീടുകള്‍ കൊള്ളയടിക്കാനും തകര്‍ക്കാനും തുടങ്ങി. ഈ ആക്രമണം 36 മണിക്കൂര്‍ നീണ്ടു. 19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മേഖലയില്‍ എല്ലാ സിപിഐ എം ഓഫീസും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. നൂറില്‍പ്പരം സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇരുനൂറോളം വീട് കൊള്ളയടിച്ചശേഷം കത്തിച്ചു. ആക്രമണങ്ങള്‍ തുടരുകയാണ്. അഞ്ച് സംസ്ഥാന മന്ത്രിമാരുടെ ഖേജൂരി സന്ദര്‍ശനം ഒമ്പതിന് തൃണമൂല്‍ തടഞ്ഞു. ജില്ലാ പൊലീസ് സൂപ്രണ്ടുമായോ ജില്ലാ മജിസ്ട്രേട്ടുമായോ അനുരഞ്ജനചര്‍ച്ച നടത്താന്‍പോലും തൃണമൂല്‍ തയ്യാറായില്ല. പ്രകോപനം സൃഷ്ടിച്ച്, ഏറ്റുമുട്ടലിന് കളമൊരുക്കാനും തുടര്‍ന്ന് സംസ്ഥാനത്ത് 'ക്രമസമാധാനം തകര്‍ന്നു' എന്ന പേരില്‍ കേന്ദ്രഇടപെടല്‍ ആവശ്യപ്പെടാനുമാണ് അവര്‍ ശ്രമിക്കുന്നത്. സംസ്ഥാനസര്‍ക്കാരിനെതിരെ ഭരണഘടനയുടെ 355-ാം വകുപ്പ് പ്രയോഗിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി കേന്ദ്രസര്‍ക്കാരിനോട് ഇതിനകം ആവശ്യപ്പെട്ടുകഴിഞ്ഞു. തൃണമൂലിന്റെ കുതന്ത്രത്തിന്റെ ഏറ്റവും വലിയ തെളിവാണിത്. ആദ്യം രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തുക, ക്രമസമാധാനം തകര്‍ന്നതായി അവര്‍തന്നെ മുറവിളി കൂട്ടുക, തുടര്‍ന്ന്, കേന്ദ്രഇടപെടല്‍ ആവശ്യപ്പെടുക.

1970കളില്‍ കോണ്‍ഗ്രസിന്റെയും മറ്റു പിന്തിരിപ്പന്‍ ശക്തികളുടെയും അര്‍ധഫാസിസ്റ്റ് ഭീകരതയെ സിപിഐ എം ചെറുത്തുതോല്‍പ്പിച്ചതാണ്. അന്നത്തെ പോരാട്ടത്തില്‍ ആയിരക്കണക്കിനു പാര്‍ടി പ്രവര്‍ത്തകര്‍ രക്തസാക്ഷികളായി. ആയിരങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. 1972ല്‍ തെരഞ്ഞെടുപ്പു ക്രമക്കേടിലൂടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍വന്നശേഷമാണ് അര്‍ധഫാസിസ്റ് ഭീകരവാഴ്ച ശക്തിയാര്‍ജിച്ചത്. പശ്ചിമബംഗാളില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി ഈ ഭീകരതയെ സിപിഐ എം ധീരതയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നേരിട്ടു. 1977ല്‍ അടിയന്തരാവസ്ഥ പരാജയപ്പെടുകയും രാജ്യത്ത് ജനാധിപത്യം തിരിച്ചുവരികയും ചെയ്തതോടെയാണ് ഈ അര്‍ധഫാസിസ്റ് ഭീകരതയ്ക്ക് അന്ത്യമായത്. അന്നുമുതല്‍ പശ്ചിമബംഗാള്‍ ഇടതുമുന്നണിയുടെ ഭരണത്തിലാണ്. പശ്ചിമബംഗാളില്‍ ജനാധിപത്യം അട്ടിമറിക്കാനും മൂന്നു പതിറ്റാണ്ടായി നിലനില്‍ക്കുന്ന സമാധാനവും സ്ഥിരതയും തകര്‍ക്കാനും തൃണമൂലും മറ്റു പ്രതിലോമശക്തികളും നടത്തുന്ന ശ്രമത്തെ അര്‍ധഫാസിസ്റ് ഭീകരതയെ നേരിട്ട അതേ നെഞ്ചുറപ്പോടെ സിപിഐ എം ചെറുത്തുതോല്‍പ്പിക്കും.

(സീതാറാം യെച്ചൂരി - പീപ്പിള്‍സ് ഡെമോക്രസിയുടെ മുഖപ്രസംഗം)

ബംഗാളിലെ മാവോയിസ്റ്റ് തേര്‍വാഴ്ച

ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനുള്ള വന്‍ഗൂഢാലോചനയുടെ ഇപ്പോഴത്തെ തന്ത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ മാവോയിസ്റ്റുകള്‍ നടത്തുന്ന അക്രമതേര്‍വാഴ്ച. പശ്ചിമ മിഡ്നാപുരില്‍ ലാല്‍ഗഢ് മേഖലയില്‍ സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയും അടിച്ചോടിച്ചും തങ്ങളുടെ ആധിപത്യം അടിച്ചേല്‍പ്പിക്കുന്നതിനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്. ബംഗാളില്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ലഭിച്ചപ്പോഴും ഉറച്ചുനിന്ന പ്രദേശമാണ് ലാല്‍ഗഢ്. ഈ മേഖലയിലെ ആദിവാസികള്‍ എക്കാലത്തും സിപിഐ എമ്മിനൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്. അതില്‍ രോഷംപൂണ്ടാണ് മാവോയിസ്റ്റുകള്‍ ആക്രമണം സംഘടിപ്പിക്കുന്നത്. അത്യാധുനികായുധങ്ങളുമായി ജാര്‍ഖണ്ഡില്‍നിന്ന് വരുന്ന സംഘമാണ് കലാപത്തിനു നേതൃത്വം നല്‍കുന്നത്. മനുഷ്യത്വത്തിന്റെ കണികപോലുമില്ലാത്ത ഈ പ്രവര്‍ത്തനം ഭീകരാക്രമണങ്ങളുടെ ഗണത്തില്‍പ്പെടുന്നതാണ്. എന്നാല്‍, ഇതിനെ വെള്ളപൂശുന്നതിനും കലാപകാരികളെ പിന്തുണയ്ക്കുന്നതിനുമാണ് കോണ്‍ഗ്രസും തൃണമൂലും ശ്രമിക്കുന്നത്. ബംഗാള്‍ സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയുടെ പ്രസ്താവനയില്‍ ആ പാര്‍ടിയുടെ ഉദ്ദേശ്യം വ്യക്തമാണ്. മാവോയിസ്റ്റുകള്‍ നാടിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നേരത്തെ പറഞ്ഞിരുന്നത്. പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനവും ഈ ഭീഷണി നേരിടണമെന്ന ശക്തമായ നിലപാടാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

ജാര്‍ഖണ്ഡിലും ബിഹാറിലും മറ്റും പല പ്രദേശങ്ങളും മാവോയിസ്റ്റുകളുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കുമ്പോഴും ബംഗാള്‍ അതിന് അപവാദമായിരുന്നു. അതിര്‍ത്തി സംസ്ഥാനങ്ങളില്‍നിന്ന് ഇങ്ങോട്ട് കടന്നുകയറുന്നതിനും മേധാവിത്വം സ്ഥാപിക്കുന്നതിനും തുടര്‍ച്ചയായി ശ്രമിക്കുന്ന മാവോയിസ്റ്റുകളെ പ്രതിരോധിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. സര്‍ക്കാരിന്റെ മുന്‍കൈയും ജനങ്ങളെയാകെ അണിനിരത്തിയ പ്രതിരോധപ്രസ്ഥാനങ്ങളും ഈ ദൌത്യമാണ് നിര്‍വഹിച്ചത്. അതിന് പ്രസ്ഥാനത്തിനു വലിയ വില കൊടുക്കേണ്ടിവന്നിട്ടുണ്ട്. നിരവധി ഉശിരന്മാരായ സഖാക്കള്‍ക്ക് അവരുടെ ജീവന്‍ നഷ്ടപ്പെട്ടു. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവിനെത്തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. മുടിനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഏകെ 47 തോക്കുകളേന്തിയ അനുചരരോടൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ ഇനി പിഴവുകളില്ലാത്ത ആക്രമണമായിരിക്കും നടത്തുകയെന്ന് മാവോയിസ്റ്റ് തലവന്‍ പരസ്യമായി പ്രഖ്യാപിക്കുന്നിടത്തേക്കുവരെ എത്തി കാര്യങ്ങള്‍. ഭരണഘടനയും ജനാധിപത്യവും നിയമവാഴ്ചയും നിലനില്‍ക്കുന്ന ഒരു രാജ്യത്തും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ക്കാണ് മാവോയിസ്റ്റുകള്‍ നേതൃത്വം നല്‍കുന്നത്. ഇതിനെ അടിച്ചമര്‍ത്തുന്നതിന് എല്ലാ മാര്‍ഗവും സ്വീകരിക്കേണ്ടിവരും. ആവശ്യത്തിന് സൈന്യത്തെ അയച്ചുകൊടുക്കാത്ത കേന്ദ്രസര്‍ക്കാര്‍ ഭീകരവാദികളെ സഹായിക്കുകയാണ് ചെയ്യുന്നത്. തങ്ങളുടെ ഉത്തരവാദിത്തം കേന്ദ്രം നിര്‍വഹിച്ചേ മതിയാകൂ. എന്തുവിധേനയും ഒരു വെടിവയ്പ് ഉണ്ടാക്കിയെടുക്കുന്നതിനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്. അതുതന്നെയാണ് കോണ്‍ഗ്രസ് തൃണമൂല്‍സംഘം കാത്തിരിക്കുന്നതും. നന്ദിഗ്രാമിലെ വെടിവയ്പിനെ സങ്കുചിത രാഷ്ട്രീയലക്ഷ്യത്തിനായി ഉപയോഗിച്ചതുപോലെ ഇതിനെയും കൈകാര്യം ചെയ്യാമെന്നും അങ്ങനെ ഈ മേഖലയില്‍ക്കൂടി തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാമെന്നുമാണ് ഇവര്‍ വ്യാമോഹിക്കുന്നത്.

ജനങ്ങളെ അണിനിരത്തി കലാപകാരികളെ അടിച്ചമര്‍ത്തുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയുടെ ആവശ്യമില്ല. നിരപരാധികളായ സാധാരണക്കാരെ കമ്യൂണിസ്റ്റുകാരായതിന്റെ പേരില്‍മാത്രം കൊന്നൊടുക്കുമ്പോള്‍ സ്വയംപ്രഖ്യാപിത മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്ക് നാവിറങ്ങിപ്പോയിരിക്കുന്നു. അവരുടെ തൂലികയുടെ ഉറവ വറ്റിയിരിക്കുന്നു. നന്ദിഗ്രാമിലും സിംഗൂരിലും ആഘോഷം നടത്തിയ മാധ്യമങ്ങളും ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുന്നു. ചിലര്‍ക്കത് ആദിവാസി കലാപമാണത്രേ. നന്ദിഗ്രാമിലും സിംഗൂരിലും മാവോയിസ്റ്റുകളുമായി വിശാലമുന്നണിയുണ്ടാക്കിയവരാണ് അവര്‍ക്ക് പൊതുസ്വീകാര്യത നല്‍കിയത്. ഇത്രയും കാലവും ഇല്ലാതിരുന്ന ധൈര്യം കാട്ടി കാട്ടില്‍നിന്ന് നാട്ടിലേക്ക് ഇറങ്ങാന്‍ ഊര്‍ജം നല്‍കിയത് ഈ പുതിയ സാഹചര്യമാണ്. കോണ്‍ഗ്രസിന്റെ തീപിടിച്ച കളിക്ക് ഭാവിയില്‍ രാജ്യം വലിയ വില കൊടുക്കേണ്ടിവരും. തീവ്രവാദികളുടെയും വര്‍ഗീയ ഭ്രാന്തന്മാരുടെയും കൈകളില്‍നിന്ന് ബാംഗാളിനെ രക്ഷപ്പെടുത്തിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. സിദ്ധാര്‍ഥ ശങ്കര്‍റേ നടപ്പാക്കിയ അര്‍ധ ഫാസിസ്റ്റ് വാഴ്ചയുടെ താണ്ഡവനൃത്തത്തില്‍ നൂറുകണക്കിന് സഖാക്കള്‍ക്കാണ് സ്വജീവന്‍ നഷ്ടപ്പെട്ടത്. അതിനുശേഷമുളള ബംഗാള്‍ രാജ്യത്തിനു മാതൃകയായ സംസ്ഥാനമായി മാറിയത് ഇടതുപക്ഷ ഭരണത്തിന്റെ ഫലമായാണ്. ഭൂപരിഷ്കരണവും അധികാരവികേന്ദ്രീകരണവും കാര്‍ഷിക വിപ്ളവവും നടപ്പാക്കിയ ഇടതുപക്ഷം പാവപ്പെട്ടവന്റെ ജീവിതത്തിന് പുതിയ ദിശാബോധം നല്‍കി. വര്‍ഗീയ കലാപങ്ങളില്ലാത്ത, തീവ്രവാദാക്രമണങ്ങളില്ലാത്ത ബംഗാള്‍ മതനിരപേക്ഷവാദികളുടെ ആവേശമാണ്. ഈ നേട്ടങ്ങളെയാകെ തകര്‍ക്കുന്നതിനാണ് വലതുപക്ഷവും ഇടതുപക്ഷതീവ്രവാദികളും ചേരുന്ന അവിശുദ്ധ കൂട്ടുകെട്ട് ശ്രമിക്കുന്നത്. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മാത്രമല്ല രാജ്യത്തിന്റെ സുരക്ഷയ്ക്കുപോലും ഭീഷണിയായ ഈ കൂട്ടുകെട്ടിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങളെ തകര്‍ത്തെറിയുന്നതില്‍ ബംഗാളിനെ പിന്തുണയ്ക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും ഉത്തരവാദിത്തമുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 19 ജൂണ്‍ 2009

Thursday, June 18, 2009

‘ഉരുക്കുപോലുള്ള അച്ചടക്കത്തിന്റെ’ അടിസ്ഥാനം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനങ്ങളെ അക്ഷരം‌പ്രതി അനുസരിക്കുവാന്‍ ഞാന്‍ തയ്യാറാണ്. എന്തുകൊണ്ട്? പാര്‍ട്ടി നേതൃത്വത്തെ ഭയപ്പെട്ടിട്ടാണോ? എന്നെ ഭയപ്പെടുത്തത്തക്കവണ്ണം എന്തൊന്നാണ് പാര്‍ട്ടിക്കുള്ളത്? പാര്‍ട്ടിയുടെ ഏതെങ്കിലും തീരുമാനം ഞാനനുസരിച്ചില്ലെങ്കില്‍ എന്നോട് പാര്‍ട്ടിക്കെന്താണ് ചെയ്യാന്‍ കഴിയുക? അങ്ങേയറ്റം വന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാം. അതുകൊണ്ടെനിക്കെന്ത് നഷ്ടമാണുള്ളത്? യാതൊന്നുമില്ല. നേരെ മറിച്ച് ചില ലാഭങ്ങളൊക്കെ ഉണ്ടു താനും. “കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തെ ഉള്ളുകള്ളിക‍”ളെക്കുറിച്ച് ലേഖനങ്ങളും പുസ്തകങ്ങളുമെഴുതിയാല്‍ ആയിരക്കണക്കിനു ഉറുപ്പിക എനിക്ക് കിട്ടും; നല്ല ശമ്പളവും മറ്റു ജീവിതസൌകര്യങ്ങളും കിട്ടും. ഇതൊക്കെ വിട്ട് ജയിലില്‍ നിന്നും ഒളിവിലേയ്ക്കും ഒളിവില്‍ നിന്ന് ജയിലിലേയ്ക്കും ഒരു പക്ഷേ അവസാനം തൂക്കുമരത്തിലേയ്ക്കും അയക്കാന്‍ പറ്റുന്ന പാര്‍ട്ടി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ എനിക്കുള്ള പ്രേരണയെന്താണ്?..ജീവികള്‍ക്ക് മുഴുവന്‍ ഭക്ഷണം കഴിക്കാനും മറ്റു ജീവിതാവശ്യങ്ങള്‍ക്കുമുള്ള ആഗ്രഹം പോലെയും കലാകാരന്മാര്‍ക്ക് കലാസൃഷ്ടി നടത്താനുള്ള ആഗ്രഹം പോലെയും യഥാര്‍ത്ഥമാണ് കമ്മ്യൂണിസ്റ്റുകാരനു വിപ്ലവപ്രവര്‍ത്തനം നടത്താനുള്ള ആഗ്രഹം. ഇതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ‘ഉരുക്കുപോലുള്ള അച്ചടക്കത്തിന്റെ’ അടിസ്ഥാനം.

ഇ.എം.എസ്.

Wednesday, June 17, 2009

ഗവര്‍ണറും സിബിഐയും

ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കിക്കൊണ്ട് കേരള ഗവര്‍ണര്‍ പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനാപരവും, ഭരണപരവുമായ പല പ്രശ്നങ്ങളും ഉന്നയിക്കുന്നു. തെറ്റായ ഒരു കീഴ്വഴക്കം സൃഷ്ടിച്ചുകൊണ്ട് മന്ത്രിസഭയുടെ ഉപദേശം തിരസ്കരിച്ചതുമൂലം ഗവര്‍ണറും മന്ത്രിസഭയും തമ്മിലുള്ള ബന്ധങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു.

സംസ്ഥാന ഗവര്‍ണറെ സംബന്ധിച്ച ഭരണഘടനാ അനുഛേദങ്ങള്‍ 153 മുതല്‍ 164 വരെയുള്ളതാണ്. ഇന്ത്യയുടെ പ്രസിഡന്റാണ് ഗവര്‍ണറെ നിയമിക്കുന്നത്. ആ നിലയില്‍ ഗവര്‍ണര്‍ കേന്ദ്രത്തിന്റെ പ്രതിനിധിയാണ്; കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഗവര്‍ണറുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ സഹായവും ഉപദേശവും നല്‍കേണ്ടത്.

ഭരണഘടനയനുസരിച്ച് ഗവര്‍ണര്‍ക്കു ചില വിവേചനാധികാരങ്ങളുണ്ട്. അവ വിനിയോഗിക്കുന്നതില്‍ മന്ത്രിസഭയുടെ സഹായമോ, ഉപദേശമോ ആവശ്യമില്ല; സ്വന്തം നിലയില്‍ തീരുമാനമെടുക്കാം. വിവേചനാധികാരം ഉപയോഗിക്കാമെന്ന് ഭരണഘടന വ്യവസ്ഥ ചെയ്യുന്ന കാര്യങ്ങളിലൊഴികെ, എല്ലാ കാര്യങ്ങളെ സംബന്ധിച്ചും, മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാദ്ധ്യസ്ഥനാണ്.

ഗവര്‍ണറുടെ വിവേചനാധികാരങ്ങളെന്തെന്നു പരിശോധിക്കാം.

ഒന്ന്, ഒരു കക്ഷിക്കോ, നേതാവിനോ നിയമസഭയില്‍ ഭൂരിപക്ഷമില്ലാത്ത സന്ദര്‍ഭത്തില്‍ മന്ത്രിസഭാ രൂപീകരണത്തിന്, ഭൂരിപക്ഷം ആരു നേടുമെന്ന് വിലയിരുത്തുന്നതില്‍.

രണ്ട്, നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനുശേഷമോ, അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെടുത്തിയതിനുശേഷമോ രാജിവയ്ക്കാത്ത മന്ത്രിസഭയെ പിരിച്ചു വിടുന്നതില്‍.

മൂന്ന്, ഭൂരിപക്ഷം നഷ്ടപ്പെട്ട ഒരു മുഖ്യമന്ത്രിയുടെ ഉപദേശമനുസരിച്ച് നിയമസഭ പിരിച്ചുവിടുന്നതില്‍.

നാല്, സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം പരാജയപ്പെടുന്ന സന്ദര്‍ഭത്തില്‍ പ്രസിഡന്റിനെ ഉപദേശിക്കുന്നതിലും, 356-ാം അനുഛേദം അനുസരിച്ചു നടപടികള്‍ സ്വീകരിക്കുന്നതിലും. ഈ വിവേചനാധികാരത്തിന് പരിധികള്‍ നിര്‍ണയിച്ചുകൊണ്ട് സുപ്രീംകോടതിയുടെ വിധിന്യായങ്ങളുണ്ട്.

ലാവ്ലിന്‍ കേസില്‍ ഗവര്‍ണര്‍ എടുത്ത തീരുമാനം പരിശോധിക്കാം. ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതിക്കായി സിബിഐ ഗവര്‍ണറെ സമീപിച്ചപ്പോള്‍, ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശം ആരാഞ്ഞു. ഈ നടപടിക്രമം ശരിയായിരുന്നു. മാത്രവുമല്ല ഈ കാര്യത്തില്‍ മന്ത്രിസഭയുടെ ഉപദേശം ആവശ്യമാണെന്നതിന്റെ അംഗീകാരവുമായിരുന്നു അത്. മന്ത്രിസഭയുടെ ഉപദേശം ആവശ്യമില്ലാതെ ഗവര്‍ണറുടെ വിവേചനാധികാരം വിനിയോഗിച്ച് മാത്രം തീരുമാനമെടുക്കേണ്ട ഒരു കാര്യമായിരുന്നെങ്കില്‍ മന്ത്രിസഭയോട് ആലോചിക്കേണ്ട ആവശ്യമില്ലായിരുന്നു.

ഈ വിഷയം പരിഗണിച്ചപ്പോള്‍ മന്ത്രിസഭ ചെയ്തത് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടുകയായിരുന്നു. ഈ നടപടിക്രമവും തീര്‍ത്തും ശരിയായിരുന്നു. ഭരണഘടനയുടെ 165-ാം അനുഛേദമനുസരിച്ചുള്ള ഒരു സ്ഥാനമാണ് അഡ്വക്കേറ്റ് ജനറലിന്റേത്. ഒരു ഹൈക്കോടതി ജഡ്ജിയായിരിക്കാന്‍ യോഗ്യതയുള്ളയാളെ ആയിരിക്കണം അഡ്വക്കേറ്റ് ജനറലായി നിയമിക്കേണ്ടതെന്നാണ് ഭരണഘടനാ വ്യവസ്ഥ. സംസ്ഥാന ഗവണ്‍മെന്റിനെ നിയമകാര്യങ്ങളില്‍ ഉപദേശിക്കുകയും, അതാതുകാലത്ത് ഗവര്‍ണര്‍ നിര്‍ദ്ദേശിക്കുന്ന നിയമസ്വഭാവമുള്ള മറ്റു കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുകയുമാണ് എ ജിയുടെ ചുമതലകള്‍.

സിബിഐ നല്‍കിയ തെളിവുകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് എജി ലാവ്ലിന്‍ കേസില്‍ ഉപദേശം നല്‍കിയത്. ഗൂഢാലോചനാ, വഞ്ചനാ കുറ്റങ്ങളില്‍ പ്രോസിക്യൂഷന് അനുമതി തേടുക മാത്രമാണ് സിബിഐ ചെയ്തതെങ്കിലും, പിണറായിക്കെതിരെയുള്ള ആരോപണങ്ങളുടെയെല്ലാം മുനയൊടിക്കുന്നതാണ് എജിയുടെ നിയമോപദേശം. ഗൂഢാലോചനക്കുറ്റം ചുമത്തണമെങ്കില്‍ പ്രതികള്‍ ആലോചിച്ചുറച്ച് ധാരണ ഉണ്ടാക്കണമെന്നും, ലാവ്ലിന്‍ കേസില്‍ അത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്നുമാണ് എജിയുടെ വിലയിരുത്തല്‍.

സുപ്രധാനമായ വേറൊരു കാര്യം എജി ചൂണ്ടിക്കാണിക്കുന്നു. 1995 ആഗസ്ത് 10-ാം തീയതി ധാരണാപത്രം ഒപ്പുവെച്ചതോടെയാണല്ലോ നഷ്ടത്തിലേക്കു നയിച്ച ഇടപാടിന്റെ തുടക്കം. അന്ന് പിണറായി വിജയന്‍ മന്ത്രിയായിരുന്നില്ലെന്നും, അന്നത്തെ മന്ത്രി ജി കാര്‍ത്തികേയനെ ഒഴിവാക്കിയത് വിചിത്രമാണെന്നും പറഞ്ഞുകൊണ്ടാണ് എജി വഞ്ചനാക്കുറ്റാരോപണത്തെ ഖണ്ഡിക്കുന്നത്. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന ആശയം പൊതുജനക്ഷേമം ലാക്കാക്കിയുള്ളതാണെന്നും എ ജി ചൂണ്ടിക്കാണിച്ചു.

എസ്എന്‍സി ലാവ്ലിന്‍ കമ്പനി ഇടുക്കി പദ്ധതിയുടെ കാലം മുതല്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് പരിചിതമാണെന്നും, നിലവിലുണ്ടായിരുന്ന വൈദ്യുതിക്ഷാമത്തിന്റെ അടിയന്തിര സ്വഭാവം പരിഗണിച്ചാണ് 'ബിഡ്' ഒഴിവാക്കി ധാരണ ഉണ്ടാക്കിയതെന്നുമാണ് എ ജിയുടെ നിഗമനം.

സിബിഐ റിപ്പോര്‍ട്ടിലുണ്ടായിരുന്ന ആരോപണങ്ങള്‍ ഓരോന്നും വിശദമായി പരിശോധിക്കുന്നതാണ് എജിയുടെ നിയമോപദേശം.

ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടതില്ല എന്ന തീരുമാനമെടുത്ത് ഗവര്‍ണറെ അറിയിച്ചത്.

ഇതുവരെ നടപടിക്രമങ്ങള്‍ ഭരണഘടനാനുസൃതമായും, സുതാര്യമായുമാണ്. അതിനുശേഷം ഗവര്‍ണറുടെ ഓഫീസില്‍ നടന്ന കാര്യങ്ങളിലാണ് നടപടിക്രമങ്ങള്‍ ലംഘിക്കപ്പെട്ടത്.

മന്ത്രിസഭയുടെ ഉപദേശം സ്വീകാര്യമായിരുന്നില്ലെങ്കില്‍ ഗവര്‍ണര്‍ ചെയ്യേണ്ടിയിരുന്നത് അത് തിരിച്ചയക്കുകയായിരുന്നു. എന്തുകൊണ്ട് തൃപ്തികരമല്ലെന്ന് അറിയിക്കാമായിരുന്നു. മന്ത്രിസഭയോടും എജിയോടും കൂടുതല്‍ വിശദീകരണങ്ങള്‍ തേടാമായിരുന്നു. എജിയോടു നേരിട്ടു വിശദീകരണമാവശ്യപ്പെടാമായിരുന്നു. ഇതൊക്കെ ശരിയായ നടപടിക്രമങ്ങള്‍ ആകുമായിരുന്നു.

പക്ഷേ അതൊന്നുമല്ല ഗവര്‍ണര്‍ ചെയ്തത്. അദ്ദേഹം മറ്റു നിയമവിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ എന്തുകൊണ്ട് എജിയോട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടില്ലയെന്ന ചോദ്യം നിലനില്‍ക്കുന്നു.

സിബിഐയില്‍നിന്ന് അദ്ദേഹം നേരിട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. ഗവര്‍ണര്‍ പൂര്‍ണമായും സിബിഐയെ ആശ്രയിച്ചു. ഗവര്‍ണര്‍ക്ക് നല്‍കിയ കൂടുതല്‍ വിവരങ്ങള്‍ എന്തുകൊണ്ട് സിബിഐ നേരത്തെ എജിക്കു നല്‍കിയില്ല? എങ്കില്‍ ആ 'തെളിവുകളും' എജിക്കു പരിശോധിക്കാമായിരുന്നു.

സിബിഐ ഗവര്‍ണര്‍ക്ക് നല്‍കിയ പുതിയ വിവരങ്ങള്‍ തെളിവുകളായിരുന്നില്ല. അഭിപ്രായങ്ങളും ഉപദേശങ്ങളുമായിരുന്നു. സിബിഐ ആണെങ്കില്‍ രാഷ്ട്രീയ നേതാക്കളെ സംബന്ധിക്കുന്ന അഴിമതിക്കേസുകളിലും, ആരോപണങ്ങളിലും കേന്ദ്ര ഗവണ്‍മെന്റിന്റെ ആജ്ഞാനുവര്‍ത്തിയാണ്. ആരോപണവിധേയനായ രാഷ്ട്രീയ നേതാവിനോട് അതാതുകാലത്ത് കോണ്‍ഗ്രസിനുള്ള സമീപനത്തെയാണ് കേന്ദ്ര ഗവണ്‍മെന്റ് പ്രതിഫലിപ്പിക്കുക. മായാവതിയായാലും, ലാലുപ്രസാദ് ആയാലും, മുലായംസിംഗ് ആയാലും കോണ്‍ഗ്രസിനെ എതിര്‍ക്കുമ്പോള്‍ സിബിഐയുടെ കേസുകളില്‍ പ്രതികളാകുന്നു; കോണ്‍ഗ്രസിനെ അനുകൂലിക്കുമ്പോള്‍ പ്രതികളല്ലാതാകുന്നു.

സിബിഐയുടെ നടപടികളെ സുപ്രീംകോടതി പലതവണ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കടുത്ത വിമര്‍ശനം 2009 ഫെബ്രുവരി 10-ാം തീയതി നടത്തിയതാണ്. മുലായംസിംഗിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ, അവിഹിത മാര്‍ഗങ്ങളില്‍ സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍, കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം അനുസരിച്ച് സിബിഐ പ്രവര്‍ത്തിച്ചുവെന്നതാണ് സുപ്രീംകോടതിയുടെ നിശിത വിമര്‍ശനത്തിന് കാരണമായത്.

ഈ കേസില്‍ സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടു സമര്‍പ്പിക്കേണ്ട സന്ദര്‍ഭത്തില്‍, അത് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത് ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം അനുസരിച്ചാണെന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പരാശരന്‍ സമ്മതിച്ചപ്പോള്‍ സുപ്രീംകോടതി പറഞ്ഞത് ഇങ്ങനെയാണ്: "നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര ഗവണ്‍മെന്റിന്റെയും, നിയമമന്ത്രാലയത്തിന്റെയും ആവശ്യപ്രകാരമാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നിങ്ങളുടെ സ്വന്തം തീരുമാനപ്രകാരമല്ല''. സ്വതന്ത്ര ഏജന്‍സിയെന്ന് അവകാശപ്പെടുന്ന സിബിഐക്ക് സുപ്രീംകോടതി നല്‍കിയ സര്‍ട്ടിഫിക്കേറ്റ്!

ജഡ്ജിമാര്‍ തുടര്‍ന്നു പ്രസ്താവിച്ചു. "നിങ്ങള്‍ എന്താണ് പറയുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ? ഇതു വളരെ അസാധാരണമാണ്. ഇടക്കാല അപേക്ഷ എന്തിനാണ് നിങ്ങള്‍ ഗവണ്‍മെന്റിന്റെ അഭിപ്രായമനുസരിച്ച് സമര്‍പ്പിച്ചത്? അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനം ഇതാണെങ്കില്‍ ദൈവം നമ്മെ സഹായിക്കട്ടെ''. പ്രധാനപ്പെട്ട കേസുകളില്‍ സിബിഐ നിയമമന്ത്രാലയത്തിന്റെ 'ഉപദേശം' തേടുക പതിവാണെന്നു മനസ്സിലാക്കിയ കോടതി അതിന്റെ അല്‍ഭുതവും അമ്പരപ്പും മറച്ചുപിടിച്ചില്ല. ജസ്റ്റീസുമാരായ കബീറും, സിറിയക് ജോസഫുമായിരുന്നു അന്നു ബെഞ്ചിലുണ്ടായിരുന്നത്.

ഒരു കാര്യം വ്യക്തമായി. പ്രധാന കേസുകളില്‍ സിബിഐ സ്വതന്ത്രമായല്ല പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ചാണ്; നിയമമന്ത്രാലയത്തിന്റെ 'ഉപദേശം' അനുസരിച്ചാണ്. ലാവ്ലിന്‍ കേസ് ഒരു പ്രധാനപ്പെട്ട കേസാണല്ലോ; അല്ലെങ്കില്‍ ആക്കിത്തീര്‍ത്തിരിക്കുകയാണല്ലോ. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ഉപദേശമനുസരിച്ചാണ് സിബിഐ കാര്യങ്ങള്‍ നീക്കുന്നതെന്നു വ്യക്തം. നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ സിബിഐ ഗവര്‍ണര്‍ക്ക് നല്‍കിയത് കൂടുതല്‍ തെളിവുകളല്ല, മുകളില്‍നിന്നുള്ള നിര്‍ദ്ദേശങ്ങളും, ഉപദേശങ്ങളുമാണെന്ന് അനുമാനിക്കാം. കേന്ദ്ര ഗവണ്‍മെന്റിന്റെ ഇടപെടല്‍ ഉണ്ടായെന്നും.

അതുകൊണ്ടുതന്നെയാണ് ഭരണഘടനാ പ്രമാണങ്ങളെയും, നടപടിക്രമങ്ങളെയും മാറ്റിവച്ച് ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന് ഗവര്‍ണര്‍ അനുമതി നല്‍കിയത്.

*

ഡോ. നൈനാന്‍ കോശി