Friday, June 19, 2009

ബംഗാള്‍

ഭീകരതയുടെ രാഷ്ട്രീയം

തൃണമൂല്‍ കോണ്‍ഗ്രസിന്റെ തികഞ്ഞ ജനാധിപത്യവിരുദ്ധസ്വഭാവം അതിവേഗം മറനീക്കുകയാണ്. ഇതോടൊപ്പം പശ്ചിമബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ മൃഗീയ ആക്രമണങ്ങളും നടക്കുന്നു. കേന്ദ്രമന്ത്രിസഭ രൂപീകരിച്ചയുടന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മേധാവി പ്രഖ്യാപിച്ചത് പാര്‍ടിയുടെ കേന്ദ്രമന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചുദിവസവും ബംഗാളില്‍ സമയം ചെലവഴിക്കുമെന്നായിരുന്നു. ബാക്കി രണ്ടുദിവസം മാത്രമേ അവര്‍ കേന്ദ്രമന്ത്രിമാരുടേതായ കടമ നിര്‍വഹിക്കൂ. ഭീകരതയുടെ രാഷ്ട്രീയം കെട്ടഴിച്ചുവിടാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിപദവികള്‍ ഉപയോഗിക്കുകയെന്നു വ്യക്തം. ഐല ചുഴലിക്കാറ്റ് ബംഗാളില്‍ ദുരന്തം വിതച്ചപ്പോള്‍ സംസ്ഥാനത്തിന് മാനുഷികമായ സഹായമൊന്നും നല്‍കരുതെന്നാണ് തൃണമൂല്‍ മേധാവി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ജനാധിപത്യവിരുദ്ധം എന്നതിനുപുറമെ മനുഷ്യത്വഹീനംകൂടിയാണ് ഇവരുടെ നിലപാട്. ഈ സമീപനത്തിന് ന്യായീകരണമില്ലാതെ വന്നപ്പോള്‍ സംസ്ഥാനസര്‍ക്കാരിനെ മറികടന്ന് കേന്ദ്രസഹായം ജില്ലാ മജിസ്ട്രേട്ടുമാര്‍ക്ക് നേരിട്ട് നല്‍കണമെന്നായി. ഈ ആവശ്യം ഭരണഘടനയുടെ അടിസ്ഥാനസ്വഭാവമായ ഫെഡറലിസത്തിനുതന്നെ എതിരാണ്. ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിനെക്കുറിച്ചും പുനരധിവാസപ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യാന്‍ വിളിച്ച സര്‍വകക്ഷിയോഗവും തൃണമൂല്‍ ബഹിഷ്കരിച്ചു.

പഞ്ചായത്തിരാജ് സംവിധാനത്തിനായി ഭരണഘടനയുടെ 93-ാം ഭേദഗതി കൊണ്ടുവന്നപ്പോള്‍ പഞ്ചായത്തുകള്‍ക്ക് ഫണ്ട് നേരിട്ട് കൈമാറുന്ന പ്രശ്നം രാജ്യത്ത് വ്യാപകമായി ചര്‍ച്ച ചെയ്തു. സംസ്ഥാനസര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും മറികടന്ന് കേന്ദ്രഫണ്ടുകള്‍ ജില്ലാ മജിസ്ട്രേട്ടുമാര്‍ക്ക് നേരിട്ട് കൈമാറണമെന്ന് അക്കാലത്ത് കോണ്‍ഗ്രസ് പാര്‍ടി നിര്‍ദേശിച്ചു. ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി രാജ്യം ഈ നിര്‍ദേശം കൈയോടെ നിരാകരിച്ചു. ഇപ്പോള്‍ പശ്ചിമബംഗാളിലെ തെരഞ്ഞെടുത്ത സര്‍ക്കാരിനെ മറികടക്കാനായി തൃണമൂല്‍ വീണ്ടും ഈ വാദം ഉന്നയിക്കുകയാണ്. സ്വന്തം രാഷ്ട്രീയ-തെരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കായി ഭരണഘടനയെയും പാര്‍ലമെന്ററി ജനാധിപത്യത്തെയും അട്ടിമറിക്കാന്‍പോലും തൃണമൂല്‍ തയ്യാറായിരിക്കുന്നു. സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രവര്‍ത്തകര്‍ക്കുനേരെ അഴിച്ചുവിട്ടിരിക്കുന്ന കൊലപാതകപരമ്പരയാണ് തൃണമൂലിന്റെ ജനാധിപത്യവിരുദ്ധസ്വഭാവത്തിന്റെ ഏറ്റവും വലിയ പ്രകടനം. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ ഇന്നുവരെ മാധ്യമങ്ങളില്‍വന്ന കണക്കുമാത്രം നോക്കിയാല്‍ 40 സിപിഐ എം പ്രവര്‍ത്തകരും രണ്ടു ഫോര്‍വേഡ് ബ്ളോക്ക് പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്. പൂര്‍വമേദിനിപ്പുര്‍ ജില്ലയിലെ നന്ദിഗ്രാമിലും ഖേജൂരിയിലും ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ പുറത്തുപറയാന്‍ കൊള്ളില്ല.

ലോക്സഭാ തെരഞ്ഞെടുപ്പുഫലം വന്നയുടന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി പ്രഖ്യാപിച്ചത് നന്ദിഗ്രാമിനെയും ഖേജൂരിയെയും 48 മണിക്കൂറിനകം 'സിപിഐ എമ്മില്‍നിന്ന് മോചിപ്പിക്കുമെന്നാണ്'. സംഘടിതമായ ആക്രമണങ്ങള്‍ വഴി നന്ദിഗ്രാമിലെ പല ഗ്രാമങ്ങളില്‍നിന്നും സിപിഐ എം പ്രവര്‍ത്തകരെയും അനുഭാവികളെയും പുറന്തള്ളി. സതേന്‍ഗബാരി ഗ്രാമത്തില്‍ സിപിഐ എം പ്രവര്‍ത്തകന്‍ സന്തോഷ് ബര്‍മന്‍ കൊല്ലപ്പെട്ടു. ആയിരത്തില്‍പ്പരം ആളുകളെ ബലംപ്രയോഗിച്ച് വീടുകളില്‍നിന്ന് പുറത്താക്കി. രാജിവച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് പഞ്ചായത്ത് സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തുന്നു. ജൂ എട്ടിന് രാവിലെ ബൈക്കുകളില്‍ എത്തിയ അക്രമികള്‍ സിപിഐ എം ഓഫീസുകള്‍ ആക്രമിക്കാനും പാര്‍ടി പ്രവര്‍ത്തകരുടെ വീടുകള്‍ കൊള്ളയടിക്കാനും തകര്‍ക്കാനും തുടങ്ങി. ഈ ആക്രമണം 36 മണിക്കൂര്‍ നീണ്ടു. 19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മേഖലയില്‍ എല്ലാ സിപിഐ എം ഓഫീസും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. നൂറില്‍പ്പരം സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇരുനൂറോളം വീട് കൊള്ളയടിച്ചശേഷം കത്തിച്ചു. ആക്രമണങ്ങള്‍ തുടരുകയാണ്. അഞ്ച് സംസ്ഥാന മന്ത്രിമാരുടെ ഖേജൂരി സന്ദര്‍ശനം ഒമ്പതിന് തൃണമൂല്‍ തടഞ്ഞു. ജില്ലാ പൊലീസ് സൂപ്രണ്ടുമായോ ജില്ലാ മജിസ്ട്രേട്ടുമായോ അനുരഞ്ജനചര്‍ച്ച നടത്താന്‍പോലും തൃണമൂല്‍ തയ്യാറായില്ല. പ്രകോപനം സൃഷ്ടിച്ച്, ഏറ്റുമുട്ടലിന് കളമൊരുക്കാനും തുടര്‍ന്ന് സംസ്ഥാനത്ത് 'ക്രമസമാധാനം തകര്‍ന്നു' എന്ന പേരില്‍ കേന്ദ്രഇടപെടല്‍ ആവശ്യപ്പെടാനുമാണ് അവര്‍ ശ്രമിക്കുന്നത്. സംസ്ഥാനസര്‍ക്കാരിനെതിരെ ഭരണഘടനയുടെ 355-ാം വകുപ്പ് പ്രയോഗിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി കേന്ദ്രസര്‍ക്കാരിനോട് ഇതിനകം ആവശ്യപ്പെട്ടുകഴിഞ്ഞു. തൃണമൂലിന്റെ കുതന്ത്രത്തിന്റെ ഏറ്റവും വലിയ തെളിവാണിത്. ആദ്യം രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തുക, ക്രമസമാധാനം തകര്‍ന്നതായി അവര്‍തന്നെ മുറവിളി കൂട്ടുക, തുടര്‍ന്ന്, കേന്ദ്രഇടപെടല്‍ ആവശ്യപ്പെടുക.

1970കളില്‍ കോണ്‍ഗ്രസിന്റെയും മറ്റു പിന്തിരിപ്പന്‍ ശക്തികളുടെയും അര്‍ധഫാസിസ്റ്റ് ഭീകരതയെ സിപിഐ എം ചെറുത്തുതോല്‍പ്പിച്ചതാണ്. അന്നത്തെ പോരാട്ടത്തില്‍ ആയിരക്കണക്കിനു പാര്‍ടി പ്രവര്‍ത്തകര്‍ രക്തസാക്ഷികളായി. ആയിരങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. 1972ല്‍ തെരഞ്ഞെടുപ്പു ക്രമക്കേടിലൂടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍വന്നശേഷമാണ് അര്‍ധഫാസിസ്റ് ഭീകരവാഴ്ച ശക്തിയാര്‍ജിച്ചത്. പശ്ചിമബംഗാളില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി ഈ ഭീകരതയെ സിപിഐ എം ധീരതയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നേരിട്ടു. 1977ല്‍ അടിയന്തരാവസ്ഥ പരാജയപ്പെടുകയും രാജ്യത്ത് ജനാധിപത്യം തിരിച്ചുവരികയും ചെയ്തതോടെയാണ് ഈ അര്‍ധഫാസിസ്റ് ഭീകരതയ്ക്ക് അന്ത്യമായത്. അന്നുമുതല്‍ പശ്ചിമബംഗാള്‍ ഇടതുമുന്നണിയുടെ ഭരണത്തിലാണ്. പശ്ചിമബംഗാളില്‍ ജനാധിപത്യം അട്ടിമറിക്കാനും മൂന്നു പതിറ്റാണ്ടായി നിലനില്‍ക്കുന്ന സമാധാനവും സ്ഥിരതയും തകര്‍ക്കാനും തൃണമൂലും മറ്റു പ്രതിലോമശക്തികളും നടത്തുന്ന ശ്രമത്തെ അര്‍ധഫാസിസ്റ് ഭീകരതയെ നേരിട്ട അതേ നെഞ്ചുറപ്പോടെ സിപിഐ എം ചെറുത്തുതോല്‍പ്പിക്കും.

(സീതാറാം യെച്ചൂരി - പീപ്പിള്‍സ് ഡെമോക്രസിയുടെ മുഖപ്രസംഗം)

ബംഗാളിലെ മാവോയിസ്റ്റ് തേര്‍വാഴ്ച

ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനുള്ള വന്‍ഗൂഢാലോചനയുടെ ഇപ്പോഴത്തെ തന്ത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ മാവോയിസ്റ്റുകള്‍ നടത്തുന്ന അക്രമതേര്‍വാഴ്ച. പശ്ചിമ മിഡ്നാപുരില്‍ ലാല്‍ഗഢ് മേഖലയില്‍ സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയും അടിച്ചോടിച്ചും തങ്ങളുടെ ആധിപത്യം അടിച്ചേല്‍പ്പിക്കുന്നതിനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്. ബംഗാളില്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ലഭിച്ചപ്പോഴും ഉറച്ചുനിന്ന പ്രദേശമാണ് ലാല്‍ഗഢ്. ഈ മേഖലയിലെ ആദിവാസികള്‍ എക്കാലത്തും സിപിഐ എമ്മിനൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്. അതില്‍ രോഷംപൂണ്ടാണ് മാവോയിസ്റ്റുകള്‍ ആക്രമണം സംഘടിപ്പിക്കുന്നത്. അത്യാധുനികായുധങ്ങളുമായി ജാര്‍ഖണ്ഡില്‍നിന്ന് വരുന്ന സംഘമാണ് കലാപത്തിനു നേതൃത്വം നല്‍കുന്നത്. മനുഷ്യത്വത്തിന്റെ കണികപോലുമില്ലാത്ത ഈ പ്രവര്‍ത്തനം ഭീകരാക്രമണങ്ങളുടെ ഗണത്തില്‍പ്പെടുന്നതാണ്. എന്നാല്‍, ഇതിനെ വെള്ളപൂശുന്നതിനും കലാപകാരികളെ പിന്തുണയ്ക്കുന്നതിനുമാണ് കോണ്‍ഗ്രസും തൃണമൂലും ശ്രമിക്കുന്നത്. ബംഗാള്‍ സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയുടെ പ്രസ്താവനയില്‍ ആ പാര്‍ടിയുടെ ഉദ്ദേശ്യം വ്യക്തമാണ്. മാവോയിസ്റ്റുകള്‍ നാടിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നേരത്തെ പറഞ്ഞിരുന്നത്. പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനവും ഈ ഭീഷണി നേരിടണമെന്ന ശക്തമായ നിലപാടാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

ജാര്‍ഖണ്ഡിലും ബിഹാറിലും മറ്റും പല പ്രദേശങ്ങളും മാവോയിസ്റ്റുകളുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കുമ്പോഴും ബംഗാള്‍ അതിന് അപവാദമായിരുന്നു. അതിര്‍ത്തി സംസ്ഥാനങ്ങളില്‍നിന്ന് ഇങ്ങോട്ട് കടന്നുകയറുന്നതിനും മേധാവിത്വം സ്ഥാപിക്കുന്നതിനും തുടര്‍ച്ചയായി ശ്രമിക്കുന്ന മാവോയിസ്റ്റുകളെ പ്രതിരോധിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. സര്‍ക്കാരിന്റെ മുന്‍കൈയും ജനങ്ങളെയാകെ അണിനിരത്തിയ പ്രതിരോധപ്രസ്ഥാനങ്ങളും ഈ ദൌത്യമാണ് നിര്‍വഹിച്ചത്. അതിന് പ്രസ്ഥാനത്തിനു വലിയ വില കൊടുക്കേണ്ടിവന്നിട്ടുണ്ട്. നിരവധി ഉശിരന്മാരായ സഖാക്കള്‍ക്ക് അവരുടെ ജീവന്‍ നഷ്ടപ്പെട്ടു. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവിനെത്തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. മുടിനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഏകെ 47 തോക്കുകളേന്തിയ അനുചരരോടൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ ഇനി പിഴവുകളില്ലാത്ത ആക്രമണമായിരിക്കും നടത്തുകയെന്ന് മാവോയിസ്റ്റ് തലവന്‍ പരസ്യമായി പ്രഖ്യാപിക്കുന്നിടത്തേക്കുവരെ എത്തി കാര്യങ്ങള്‍. ഭരണഘടനയും ജനാധിപത്യവും നിയമവാഴ്ചയും നിലനില്‍ക്കുന്ന ഒരു രാജ്യത്തും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ക്കാണ് മാവോയിസ്റ്റുകള്‍ നേതൃത്വം നല്‍കുന്നത്. ഇതിനെ അടിച്ചമര്‍ത്തുന്നതിന് എല്ലാ മാര്‍ഗവും സ്വീകരിക്കേണ്ടിവരും. ആവശ്യത്തിന് സൈന്യത്തെ അയച്ചുകൊടുക്കാത്ത കേന്ദ്രസര്‍ക്കാര്‍ ഭീകരവാദികളെ സഹായിക്കുകയാണ് ചെയ്യുന്നത്. തങ്ങളുടെ ഉത്തരവാദിത്തം കേന്ദ്രം നിര്‍വഹിച്ചേ മതിയാകൂ. എന്തുവിധേനയും ഒരു വെടിവയ്പ് ഉണ്ടാക്കിയെടുക്കുന്നതിനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്. അതുതന്നെയാണ് കോണ്‍ഗ്രസ് തൃണമൂല്‍സംഘം കാത്തിരിക്കുന്നതും. നന്ദിഗ്രാമിലെ വെടിവയ്പിനെ സങ്കുചിത രാഷ്ട്രീയലക്ഷ്യത്തിനായി ഉപയോഗിച്ചതുപോലെ ഇതിനെയും കൈകാര്യം ചെയ്യാമെന്നും അങ്ങനെ ഈ മേഖലയില്‍ക്കൂടി തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാമെന്നുമാണ് ഇവര്‍ വ്യാമോഹിക്കുന്നത്.

ജനങ്ങളെ അണിനിരത്തി കലാപകാരികളെ അടിച്ചമര്‍ത്തുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയുടെ ആവശ്യമില്ല. നിരപരാധികളായ സാധാരണക്കാരെ കമ്യൂണിസ്റ്റുകാരായതിന്റെ പേരില്‍മാത്രം കൊന്നൊടുക്കുമ്പോള്‍ സ്വയംപ്രഖ്യാപിത മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്ക് നാവിറങ്ങിപ്പോയിരിക്കുന്നു. അവരുടെ തൂലികയുടെ ഉറവ വറ്റിയിരിക്കുന്നു. നന്ദിഗ്രാമിലും സിംഗൂരിലും ആഘോഷം നടത്തിയ മാധ്യമങ്ങളും ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുന്നു. ചിലര്‍ക്കത് ആദിവാസി കലാപമാണത്രേ. നന്ദിഗ്രാമിലും സിംഗൂരിലും മാവോയിസ്റ്റുകളുമായി വിശാലമുന്നണിയുണ്ടാക്കിയവരാണ് അവര്‍ക്ക് പൊതുസ്വീകാര്യത നല്‍കിയത്. ഇത്രയും കാലവും ഇല്ലാതിരുന്ന ധൈര്യം കാട്ടി കാട്ടില്‍നിന്ന് നാട്ടിലേക്ക് ഇറങ്ങാന്‍ ഊര്‍ജം നല്‍കിയത് ഈ പുതിയ സാഹചര്യമാണ്. കോണ്‍ഗ്രസിന്റെ തീപിടിച്ച കളിക്ക് ഭാവിയില്‍ രാജ്യം വലിയ വില കൊടുക്കേണ്ടിവരും. തീവ്രവാദികളുടെയും വര്‍ഗീയ ഭ്രാന്തന്മാരുടെയും കൈകളില്‍നിന്ന് ബാംഗാളിനെ രക്ഷപ്പെടുത്തിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. സിദ്ധാര്‍ഥ ശങ്കര്‍റേ നടപ്പാക്കിയ അര്‍ധ ഫാസിസ്റ്റ് വാഴ്ചയുടെ താണ്ഡവനൃത്തത്തില്‍ നൂറുകണക്കിന് സഖാക്കള്‍ക്കാണ് സ്വജീവന്‍ നഷ്ടപ്പെട്ടത്. അതിനുശേഷമുളള ബംഗാള്‍ രാജ്യത്തിനു മാതൃകയായ സംസ്ഥാനമായി മാറിയത് ഇടതുപക്ഷ ഭരണത്തിന്റെ ഫലമായാണ്. ഭൂപരിഷ്കരണവും അധികാരവികേന്ദ്രീകരണവും കാര്‍ഷിക വിപ്ളവവും നടപ്പാക്കിയ ഇടതുപക്ഷം പാവപ്പെട്ടവന്റെ ജീവിതത്തിന് പുതിയ ദിശാബോധം നല്‍കി. വര്‍ഗീയ കലാപങ്ങളില്ലാത്ത, തീവ്രവാദാക്രമണങ്ങളില്ലാത്ത ബംഗാള്‍ മതനിരപേക്ഷവാദികളുടെ ആവേശമാണ്. ഈ നേട്ടങ്ങളെയാകെ തകര്‍ക്കുന്നതിനാണ് വലതുപക്ഷവും ഇടതുപക്ഷതീവ്രവാദികളും ചേരുന്ന അവിശുദ്ധ കൂട്ടുകെട്ട് ശ്രമിക്കുന്നത്. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മാത്രമല്ല രാജ്യത്തിന്റെ സുരക്ഷയ്ക്കുപോലും ഭീഷണിയായ ഈ കൂട്ടുകെട്ടിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങളെ തകര്‍ത്തെറിയുന്നതില്‍ ബംഗാളിനെ പിന്തുണയ്ക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും ഉത്തരവാദിത്തമുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 19 ജൂണ്‍ 2009

2 comments:

  1. 1970കളില്‍ കോണ്‍ഗ്രസിന്റെയും മറ്റു പിന്തിരിപ്പന്‍ ശക്തികളുടെയും അര്‍ധഫാസിസ്റ്റ് ഭീകരതയെ സിപിഐ എം ചെറുത്തുതോല്‍പ്പിച്ചതാണ്. അന്നത്തെ പോരാട്ടത്തില്‍ ആയിരക്കണക്കിനു പാര്‍ടി പ്രവര്‍ത്തകര്‍ രക്തസാക്ഷികളായി. ആയിരങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. 1972ല്‍ തെരഞ്ഞെടുപ്പു ക്രമക്കേടിലൂടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍വന്നശേഷമാണ് അര്‍ധഫാസിസ്റ് ഭീകരവാഴ്ച ശക്തിയാര്‍ജിച്ചത്. പശ്ചിമബംഗാളില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി ഈ ഭീകരതയെ സിപിഐ എം ധീരതയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നേരിട്ടു. 1977ല്‍ അടിയന്തരാവസ്ഥ പരാജയപ്പെടുകയും രാജ്യത്ത് ജനാധിപത്യം തിരിച്ചുവരികയും ചെയ്തതോടെയാണ് ഈ അര്‍ധഫാസിസ്റ് ഭീകരതയ്ക്ക് അന്ത്യമായത്. അന്നുമുതല്‍ പശ്ചിമബംഗാള്‍ ഇടതുമുന്നണിയുടെ ഭരണത്തിലാണ്. പശ്ചിമബംഗാളില്‍ ജനാധിപത്യം അട്ടിമറിക്കാനും മൂന്നു പതിറ്റാണ്ടായി നിലനില്‍ക്കുന്ന സമാധാനവും സ്ഥിരതയും തകര്‍ക്കാനും തൃണമൂലും മറ്റു പ്രതിലോമശക്തികളും നടത്തുന്ന ശ്രമത്തെ അര്‍ധഫാസിസ്റ് ഭീകരതയെ നേരിട്ട അതേ നെഞ്ചുറപ്പോടെ സിപിഐ എം ചെറുത്തുതോല്‍പ്പിക്കും

    ReplyDelete
  2. ലാല്‍ഗഡ് പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നു യച്ചൂരി. ലോകത്തിലെ എല്ലാ പ്രശ്നങ്ങളും രാഷ്ട്രീയവല്‍ക്കരിക്കണം എന്ന് ഇത്രനാള്‍ പറഞ്ഞു പ്രവര്‍ത്തിച്ചു നടന്ന ഇടതു നേതാക്കള്‍ക്ക് ഇതെന്തുപറ്റി? അവനവന്റെ അമ്മക്ക് ഭ്രാന്തു പിടിക്കുന്നത്‌ കാണാന്‍ ഒരു ചേലും ഇല്ല അല്ലിയോ? വല്ലവന്റെ അമ്മയാണെങ്കില്‍ രാഷ്ട്രീയമോ പാഷാണമോ ഒക്കെ കലര്‍ത്താം!!!!!

    ReplyDelete