Wednesday, June 17, 2009

ഗവര്‍ണറും സിബിഐയും

ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കിക്കൊണ്ട് കേരള ഗവര്‍ണര്‍ പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനാപരവും, ഭരണപരവുമായ പല പ്രശ്നങ്ങളും ഉന്നയിക്കുന്നു. തെറ്റായ ഒരു കീഴ്വഴക്കം സൃഷ്ടിച്ചുകൊണ്ട് മന്ത്രിസഭയുടെ ഉപദേശം തിരസ്കരിച്ചതുമൂലം ഗവര്‍ണറും മന്ത്രിസഭയും തമ്മിലുള്ള ബന്ധങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു.

സംസ്ഥാന ഗവര്‍ണറെ സംബന്ധിച്ച ഭരണഘടനാ അനുഛേദങ്ങള്‍ 153 മുതല്‍ 164 വരെയുള്ളതാണ്. ഇന്ത്യയുടെ പ്രസിഡന്റാണ് ഗവര്‍ണറെ നിയമിക്കുന്നത്. ആ നിലയില്‍ ഗവര്‍ണര്‍ കേന്ദ്രത്തിന്റെ പ്രതിനിധിയാണ്; കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഗവര്‍ണറുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ സഹായവും ഉപദേശവും നല്‍കേണ്ടത്.

ഭരണഘടനയനുസരിച്ച് ഗവര്‍ണര്‍ക്കു ചില വിവേചനാധികാരങ്ങളുണ്ട്. അവ വിനിയോഗിക്കുന്നതില്‍ മന്ത്രിസഭയുടെ സഹായമോ, ഉപദേശമോ ആവശ്യമില്ല; സ്വന്തം നിലയില്‍ തീരുമാനമെടുക്കാം. വിവേചനാധികാരം ഉപയോഗിക്കാമെന്ന് ഭരണഘടന വ്യവസ്ഥ ചെയ്യുന്ന കാര്യങ്ങളിലൊഴികെ, എല്ലാ കാര്യങ്ങളെ സംബന്ധിച്ചും, മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാദ്ധ്യസ്ഥനാണ്.

ഗവര്‍ണറുടെ വിവേചനാധികാരങ്ങളെന്തെന്നു പരിശോധിക്കാം.

ഒന്ന്, ഒരു കക്ഷിക്കോ, നേതാവിനോ നിയമസഭയില്‍ ഭൂരിപക്ഷമില്ലാത്ത സന്ദര്‍ഭത്തില്‍ മന്ത്രിസഭാ രൂപീകരണത്തിന്, ഭൂരിപക്ഷം ആരു നേടുമെന്ന് വിലയിരുത്തുന്നതില്‍.

രണ്ട്, നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനുശേഷമോ, അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെടുത്തിയതിനുശേഷമോ രാജിവയ്ക്കാത്ത മന്ത്രിസഭയെ പിരിച്ചു വിടുന്നതില്‍.

മൂന്ന്, ഭൂരിപക്ഷം നഷ്ടപ്പെട്ട ഒരു മുഖ്യമന്ത്രിയുടെ ഉപദേശമനുസരിച്ച് നിയമസഭ പിരിച്ചുവിടുന്നതില്‍.

നാല്, സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം പരാജയപ്പെടുന്ന സന്ദര്‍ഭത്തില്‍ പ്രസിഡന്റിനെ ഉപദേശിക്കുന്നതിലും, 356-ാം അനുഛേദം അനുസരിച്ചു നടപടികള്‍ സ്വീകരിക്കുന്നതിലും. ഈ വിവേചനാധികാരത്തിന് പരിധികള്‍ നിര്‍ണയിച്ചുകൊണ്ട് സുപ്രീംകോടതിയുടെ വിധിന്യായങ്ങളുണ്ട്.

ലാവ്ലിന്‍ കേസില്‍ ഗവര്‍ണര്‍ എടുത്ത തീരുമാനം പരിശോധിക്കാം. ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതിക്കായി സിബിഐ ഗവര്‍ണറെ സമീപിച്ചപ്പോള്‍, ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശം ആരാഞ്ഞു. ഈ നടപടിക്രമം ശരിയായിരുന്നു. മാത്രവുമല്ല ഈ കാര്യത്തില്‍ മന്ത്രിസഭയുടെ ഉപദേശം ആവശ്യമാണെന്നതിന്റെ അംഗീകാരവുമായിരുന്നു അത്. മന്ത്രിസഭയുടെ ഉപദേശം ആവശ്യമില്ലാതെ ഗവര്‍ണറുടെ വിവേചനാധികാരം വിനിയോഗിച്ച് മാത്രം തീരുമാനമെടുക്കേണ്ട ഒരു കാര്യമായിരുന്നെങ്കില്‍ മന്ത്രിസഭയോട് ആലോചിക്കേണ്ട ആവശ്യമില്ലായിരുന്നു.

ഈ വിഷയം പരിഗണിച്ചപ്പോള്‍ മന്ത്രിസഭ ചെയ്തത് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടുകയായിരുന്നു. ഈ നടപടിക്രമവും തീര്‍ത്തും ശരിയായിരുന്നു. ഭരണഘടനയുടെ 165-ാം അനുഛേദമനുസരിച്ചുള്ള ഒരു സ്ഥാനമാണ് അഡ്വക്കേറ്റ് ജനറലിന്റേത്. ഒരു ഹൈക്കോടതി ജഡ്ജിയായിരിക്കാന്‍ യോഗ്യതയുള്ളയാളെ ആയിരിക്കണം അഡ്വക്കേറ്റ് ജനറലായി നിയമിക്കേണ്ടതെന്നാണ് ഭരണഘടനാ വ്യവസ്ഥ. സംസ്ഥാന ഗവണ്‍മെന്റിനെ നിയമകാര്യങ്ങളില്‍ ഉപദേശിക്കുകയും, അതാതുകാലത്ത് ഗവര്‍ണര്‍ നിര്‍ദ്ദേശിക്കുന്ന നിയമസ്വഭാവമുള്ള മറ്റു കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുകയുമാണ് എ ജിയുടെ ചുമതലകള്‍.

സിബിഐ നല്‍കിയ തെളിവുകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് എജി ലാവ്ലിന്‍ കേസില്‍ ഉപദേശം നല്‍കിയത്. ഗൂഢാലോചനാ, വഞ്ചനാ കുറ്റങ്ങളില്‍ പ്രോസിക്യൂഷന് അനുമതി തേടുക മാത്രമാണ് സിബിഐ ചെയ്തതെങ്കിലും, പിണറായിക്കെതിരെയുള്ള ആരോപണങ്ങളുടെയെല്ലാം മുനയൊടിക്കുന്നതാണ് എജിയുടെ നിയമോപദേശം. ഗൂഢാലോചനക്കുറ്റം ചുമത്തണമെങ്കില്‍ പ്രതികള്‍ ആലോചിച്ചുറച്ച് ധാരണ ഉണ്ടാക്കണമെന്നും, ലാവ്ലിന്‍ കേസില്‍ അത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്നുമാണ് എജിയുടെ വിലയിരുത്തല്‍.

സുപ്രധാനമായ വേറൊരു കാര്യം എജി ചൂണ്ടിക്കാണിക്കുന്നു. 1995 ആഗസ്ത് 10-ാം തീയതി ധാരണാപത്രം ഒപ്പുവെച്ചതോടെയാണല്ലോ നഷ്ടത്തിലേക്കു നയിച്ച ഇടപാടിന്റെ തുടക്കം. അന്ന് പിണറായി വിജയന്‍ മന്ത്രിയായിരുന്നില്ലെന്നും, അന്നത്തെ മന്ത്രി ജി കാര്‍ത്തികേയനെ ഒഴിവാക്കിയത് വിചിത്രമാണെന്നും പറഞ്ഞുകൊണ്ടാണ് എജി വഞ്ചനാക്കുറ്റാരോപണത്തെ ഖണ്ഡിക്കുന്നത്. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന ആശയം പൊതുജനക്ഷേമം ലാക്കാക്കിയുള്ളതാണെന്നും എ ജി ചൂണ്ടിക്കാണിച്ചു.

എസ്എന്‍സി ലാവ്ലിന്‍ കമ്പനി ഇടുക്കി പദ്ധതിയുടെ കാലം മുതല്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് പരിചിതമാണെന്നും, നിലവിലുണ്ടായിരുന്ന വൈദ്യുതിക്ഷാമത്തിന്റെ അടിയന്തിര സ്വഭാവം പരിഗണിച്ചാണ് 'ബിഡ്' ഒഴിവാക്കി ധാരണ ഉണ്ടാക്കിയതെന്നുമാണ് എ ജിയുടെ നിഗമനം.

സിബിഐ റിപ്പോര്‍ട്ടിലുണ്ടായിരുന്ന ആരോപണങ്ങള്‍ ഓരോന്നും വിശദമായി പരിശോധിക്കുന്നതാണ് എജിയുടെ നിയമോപദേശം.

ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടതില്ല എന്ന തീരുമാനമെടുത്ത് ഗവര്‍ണറെ അറിയിച്ചത്.

ഇതുവരെ നടപടിക്രമങ്ങള്‍ ഭരണഘടനാനുസൃതമായും, സുതാര്യമായുമാണ്. അതിനുശേഷം ഗവര്‍ണറുടെ ഓഫീസില്‍ നടന്ന കാര്യങ്ങളിലാണ് നടപടിക്രമങ്ങള്‍ ലംഘിക്കപ്പെട്ടത്.

മന്ത്രിസഭയുടെ ഉപദേശം സ്വീകാര്യമായിരുന്നില്ലെങ്കില്‍ ഗവര്‍ണര്‍ ചെയ്യേണ്ടിയിരുന്നത് അത് തിരിച്ചയക്കുകയായിരുന്നു. എന്തുകൊണ്ട് തൃപ്തികരമല്ലെന്ന് അറിയിക്കാമായിരുന്നു. മന്ത്രിസഭയോടും എജിയോടും കൂടുതല്‍ വിശദീകരണങ്ങള്‍ തേടാമായിരുന്നു. എജിയോടു നേരിട്ടു വിശദീകരണമാവശ്യപ്പെടാമായിരുന്നു. ഇതൊക്കെ ശരിയായ നടപടിക്രമങ്ങള്‍ ആകുമായിരുന്നു.

പക്ഷേ അതൊന്നുമല്ല ഗവര്‍ണര്‍ ചെയ്തത്. അദ്ദേഹം മറ്റു നിയമവിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ എന്തുകൊണ്ട് എജിയോട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടില്ലയെന്ന ചോദ്യം നിലനില്‍ക്കുന്നു.

സിബിഐയില്‍നിന്ന് അദ്ദേഹം നേരിട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. ഗവര്‍ണര്‍ പൂര്‍ണമായും സിബിഐയെ ആശ്രയിച്ചു. ഗവര്‍ണര്‍ക്ക് നല്‍കിയ കൂടുതല്‍ വിവരങ്ങള്‍ എന്തുകൊണ്ട് സിബിഐ നേരത്തെ എജിക്കു നല്‍കിയില്ല? എങ്കില്‍ ആ 'തെളിവുകളും' എജിക്കു പരിശോധിക്കാമായിരുന്നു.

സിബിഐ ഗവര്‍ണര്‍ക്ക് നല്‍കിയ പുതിയ വിവരങ്ങള്‍ തെളിവുകളായിരുന്നില്ല. അഭിപ്രായങ്ങളും ഉപദേശങ്ങളുമായിരുന്നു. സിബിഐ ആണെങ്കില്‍ രാഷ്ട്രീയ നേതാക്കളെ സംബന്ധിക്കുന്ന അഴിമതിക്കേസുകളിലും, ആരോപണങ്ങളിലും കേന്ദ്ര ഗവണ്‍മെന്റിന്റെ ആജ്ഞാനുവര്‍ത്തിയാണ്. ആരോപണവിധേയനായ രാഷ്ട്രീയ നേതാവിനോട് അതാതുകാലത്ത് കോണ്‍ഗ്രസിനുള്ള സമീപനത്തെയാണ് കേന്ദ്ര ഗവണ്‍മെന്റ് പ്രതിഫലിപ്പിക്കുക. മായാവതിയായാലും, ലാലുപ്രസാദ് ആയാലും, മുലായംസിംഗ് ആയാലും കോണ്‍ഗ്രസിനെ എതിര്‍ക്കുമ്പോള്‍ സിബിഐയുടെ കേസുകളില്‍ പ്രതികളാകുന്നു; കോണ്‍ഗ്രസിനെ അനുകൂലിക്കുമ്പോള്‍ പ്രതികളല്ലാതാകുന്നു.

സിബിഐയുടെ നടപടികളെ സുപ്രീംകോടതി പലതവണ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കടുത്ത വിമര്‍ശനം 2009 ഫെബ്രുവരി 10-ാം തീയതി നടത്തിയതാണ്. മുലായംസിംഗിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ, അവിഹിത മാര്‍ഗങ്ങളില്‍ സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍, കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം അനുസരിച്ച് സിബിഐ പ്രവര്‍ത്തിച്ചുവെന്നതാണ് സുപ്രീംകോടതിയുടെ നിശിത വിമര്‍ശനത്തിന് കാരണമായത്.

ഈ കേസില്‍ സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടു സമര്‍പ്പിക്കേണ്ട സന്ദര്‍ഭത്തില്‍, അത് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത് ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം അനുസരിച്ചാണെന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പരാശരന്‍ സമ്മതിച്ചപ്പോള്‍ സുപ്രീംകോടതി പറഞ്ഞത് ഇങ്ങനെയാണ്: "നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര ഗവണ്‍മെന്റിന്റെയും, നിയമമന്ത്രാലയത്തിന്റെയും ആവശ്യപ്രകാരമാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നിങ്ങളുടെ സ്വന്തം തീരുമാനപ്രകാരമല്ല''. സ്വതന്ത്ര ഏജന്‍സിയെന്ന് അവകാശപ്പെടുന്ന സിബിഐക്ക് സുപ്രീംകോടതി നല്‍കിയ സര്‍ട്ടിഫിക്കേറ്റ്!

ജഡ്ജിമാര്‍ തുടര്‍ന്നു പ്രസ്താവിച്ചു. "നിങ്ങള്‍ എന്താണ് പറയുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ? ഇതു വളരെ അസാധാരണമാണ്. ഇടക്കാല അപേക്ഷ എന്തിനാണ് നിങ്ങള്‍ ഗവണ്‍മെന്റിന്റെ അഭിപ്രായമനുസരിച്ച് സമര്‍പ്പിച്ചത്? അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനം ഇതാണെങ്കില്‍ ദൈവം നമ്മെ സഹായിക്കട്ടെ''. പ്രധാനപ്പെട്ട കേസുകളില്‍ സിബിഐ നിയമമന്ത്രാലയത്തിന്റെ 'ഉപദേശം' തേടുക പതിവാണെന്നു മനസ്സിലാക്കിയ കോടതി അതിന്റെ അല്‍ഭുതവും അമ്പരപ്പും മറച്ചുപിടിച്ചില്ല. ജസ്റ്റീസുമാരായ കബീറും, സിറിയക് ജോസഫുമായിരുന്നു അന്നു ബെഞ്ചിലുണ്ടായിരുന്നത്.

ഒരു കാര്യം വ്യക്തമായി. പ്രധാന കേസുകളില്‍ സിബിഐ സ്വതന്ത്രമായല്ല പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ചാണ്; നിയമമന്ത്രാലയത്തിന്റെ 'ഉപദേശം' അനുസരിച്ചാണ്. ലാവ്ലിന്‍ കേസ് ഒരു പ്രധാനപ്പെട്ട കേസാണല്ലോ; അല്ലെങ്കില്‍ ആക്കിത്തീര്‍ത്തിരിക്കുകയാണല്ലോ. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ഉപദേശമനുസരിച്ചാണ് സിബിഐ കാര്യങ്ങള്‍ നീക്കുന്നതെന്നു വ്യക്തം. നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ സിബിഐ ഗവര്‍ണര്‍ക്ക് നല്‍കിയത് കൂടുതല്‍ തെളിവുകളല്ല, മുകളില്‍നിന്നുള്ള നിര്‍ദ്ദേശങ്ങളും, ഉപദേശങ്ങളുമാണെന്ന് അനുമാനിക്കാം. കേന്ദ്ര ഗവണ്‍മെന്റിന്റെ ഇടപെടല്‍ ഉണ്ടായെന്നും.

അതുകൊണ്ടുതന്നെയാണ് ഭരണഘടനാ പ്രമാണങ്ങളെയും, നടപടിക്രമങ്ങളെയും മാറ്റിവച്ച് ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന് ഗവര്‍ണര്‍ അനുമതി നല്‍കിയത്.

*

ഡോ. നൈനാന്‍ കോശി

2 comments:

  1. ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കിക്കൊണ്ട് കേരള ഗവര്‍ണര്‍ പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനാപരവും, ഭരണപരവുമായ പല പ്രശ്നങ്ങളും ഉന്നയിക്കുന്നു. തെറ്റായ ഒരു കീഴ്വഴക്കം സൃഷ്ടിച്ചുകൊണ്ട് മന്ത്രിസഭയുടെ ഉപദേശം തിരസ്കരിച്ചതുമൂലം ഗവര്‍ണറും മന്ത്രിസഭയും തമ്മിലുള്ള ബന്ധങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു.

    ReplyDelete
  2. നൈനാന്‍ കോശി വസ്തുതകള്‍ വളച്ചൊടിക്കുകയാണ്. ഗവര്‍ണ്ണര്‍ മന്ത്രിസഭയുടെ ഉപദേശം ആരാഞ്ഞില്ല, അഭിപ്രായം ചോദിക്കുക മാത്രമാണുണ്ടായത്. മന്ത്രിസഭ എടുക്കേണ്ട ഒരു തീരുമാനം ആയിരുന്നില്ല അത്. അതു കൊണ്ടാണ്, സി ബി ഐ പിണറായി വിജയനെ വിചാരണ ചെയ്യാനുള്ള, അനുമതിക്കായി ഗവര്‍ണ്ണറെയും , രണ്ടുദ്യോഗസ്ഥരെ വിചാരണ ചെയ്യാനുള്ള അനുമതിക്കായി മന്ത്രിസഭയേയും സമീപിച്ചത്. ഉദ്യോഗസ്ഥരെ വിചാരണ ചെയ്യേണ്ട എന്ന മന്ത്രി സഭ തീരുമാനം ഗവര്‍ണ്ണര്‍ അം ഗീകരിച്ചു. അതംഗീകരിക്കാതെ ഗവര്‍ണ്ണര്‍ സ്വന്തം തീരുമാനം എടുത്തിരുന്നെങ്കില്‍ അത് മന്ത്രി സഭയുടെ ഉപദേശം മറികടന്നു എന്നു പറയാം . പക്ഷെ അതിവിടെ ഇല്ലായിരുന്നു. ആ ഉദ്യോഗസ്ഥരെയും വിചാരണ ചെയ്യാനുള്ള അനുമതി ഗവര്‍ണ്ണര്‍ നല്‍കിയിരുന്നെങ്കില്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാനും പറ്റുമായിരുന്നു.

    ഗവര്‍ണ്ണര്‍ക്ക് അപേക്ഷനല്‍കേണ്ടതില്ല എന്ന് സുപ്രീം കോടതി വിധിയുണ്ടെങ്കിലും , വേറെ നിയമ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാനാണ്, സി ബി ഐ ഗവര്‍ണ്ണര്‍ക്ക് അപേക്ഷ നല്‍കിയത്. മന്ത്രി സഭയോട് അഭിപ്രയം ചോദിച്ചത് , സാമാന്യ മര്യാദക്കുവേണ്ടിയായിരുന്നു. ഗവര്‍ണ്ണര്‍ക്ക് വിവേചനാഅധികാരം ​ഉപയോഗിക്കാവുന്ന ഒരു വിഷയമാണിത്. അതിനെ സാധൂകരിക്കുന്ന കോടതി വിധികളുമുണ്ട്.

    എ ജി നല്‍കിയ നിയമോപദേശം സഹിതമാണ്, മന്ത്രിസഭാ തീരുമാനം ഗവര്‍ണ്ണറെ അറിയിച്ചത്. അതില്‍ ഗവര്‍ണ്ണര്‍ക്ക് വിവേചനാധികാരം ഉപയോഗിച്ച് തീരുമാനം എടുക്കാവുനതാണെന്നും കൂട്ടി ച്ചേര്‍ത്തിരുന്നു. എ ജി നല്‍കിയ ഉപദേശമനുസരിച്ചാണ്, ഗവര്‍ണ്ണര്‍ വിവേചനാധികാരം ഉപയോഗിച്ചത്. അതിനു മുമ്പ് അദ്ദേഹം സി ബി ഐയോട് ചില വിശദീകരണങ്ങള്‍ ചോദിക്കുകയും ചെയ്തു.

    എ ജി വിശദമായ ഒരു റിപ്പോര്‍ട്ടാണു നല്‍കിയത്. അതേക്കുറിച്ച് എന്തെങ്കിലും വിശദീകരണങ്ങള്‍ വേണമോ വേണ്ടയോ എന്ന് ഗവര്‍ ണ്ണറാണു തീരുമാനിക്കേണ്ടത്. എ ജി യില്‍ നിന്ന് കൂടുതല്‍ സംശയ നിവൃത്തി ആവശ്യമില്ലെങ്കില്‍ പിന്നെ എന്തിനാണാവശ്യപ്പെടുന്നത്? മന്ത്രിസഭയുടെ അഭിപ്രായം ചോദിച്ചു അതവര്‍ നല്‍കുകയും ചെയ്തു. മന്ത്രി സഭ ആരോടൊക്കെ അഭിപ്രായം ചോദിച്ചു എന്നത് ഗവര്‍ണ്ണറുടെ പ്രശ്നമല്ല. സാമാന്യബുദ്ധിയുള്ളവര്‍ക്കറിയാം , മന്ത്രിസഭ ഇതേക്കുറിച്ച് എ കെ എജി സെന്ററിലും അഭിപ്രായവും ഉപദേശവും തേടിയിരുന്നു എന്ന്. ഗവര്‍ണ്ണര്‍ എ കെ ജി സെന്ററിലും ഉപദേശം തേടിയില്ല എന്ന് നൈനാന്‍ കോശി വിലപിക്കാത്തത് ഭാഗ്യം .

    ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം അനുസരിച്ച് സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടു സമര്‍പ്പിക്കേണ്ട സന്ദര്‍ഭത്തില്‍, അത് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത് മോശപ്പെട്ട കാര്യമായി കാണുന്ന നൈനാന്‍ കോശി സമാനമായ ഒന്ന് ലാവലിന്‍ കേസില്‍ സം ഭവിച്ചത് മനപ്പൂര്‍വം മറക്കുന്നു. മുന്‍ സര്‍ക്കാര്‍ സി ബി ഐ അന്വേഷണം ശുപാര്‍ശ ചെയ്തപ്പോള്‍ , എല്‍ ഡി എഫ് സര്‍ക്കാര്‍ അതാവശ്യമില്ല എന്ന് കേരള ഹൈക്കോടതിയില്‍ ഒരപേക്ഷ കൊടുത്തത് നൈനാന്‍ കോശി മറന്നു പോയതെന്തേ? അന്വേഷണ റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ അപേക്ഷ നല്കിയതു പോലെ തന്നെയാണ്, സി ബി ഐ അന്വേഷണം വേണ്ട എന്ന അപേക്ഷ നല്‍കുന്നതും . രണ്ടും കോടതിയുടെ നിശിതവിമര്‍ശനം ക്ഷണിച്ചു വരുത്തി.

    ReplyDelete