Sunday, June 21, 2009
പൊളിയുന്ന കള്ളങ്ങള്‍ പാര്‍ട്ട് 2
വരദാചാരിയുടെ വ്യാജമൊഴി സമര്‍ഥിക്കാന്‍ സിബിഐക്ക് കള്ളസാക്ഷികളും
വരദാചാരിയുടെ വ്യാജമൊഴി ശരിയെന്നു സമര്‍ഥിക്കാന്‍ സിബിഐ രണ്ട് കള്ളസാക്ഷികളെ സൃഷ്ടിച്ചു. സഹകരണമന്ത്രിയായിരിക്കേ പിണറായി വിജയന്‍ സഹകരണവകുപ്പിലെ വിഷയത്തിലാണ് വരദാചാരിക്കെതിരെ കുറിപ്പ് എഴുതിയത്. ഇത് ലാവ്ലിന്‍ കരാറിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചതിനാണെന്ന് വരദാചാരി സിബിഐക്ക് മൊഴി നല്‍കി. ഈ 'ഫയല്‍' ഉണ്ടാക്കിയത് താനാണെന്ന് ഒരു അഡീഷണല്‍ സെക്രട്ടറിയെക്കൊണ്ടും ഫയല്‍ കണ്ടെന്ന് മറ്റൊരു അഡീഷണല്‍ സെക്രട്ടറിയെക്കൊണ്ടും സിബിഐ പറയിപ്പിച്ചു. വിവാദപരാമര്‍ശം സഹകരണവകുപ്പുമായി ബന്ധപ്പെട്ടാണെന്ന് വ്യക്തമായതോടെ പിണറായിയെ കള്ളക്കേസില്‍ കുടുക്കാന്‍ അരങ്ങേറിയ ആസൂത്രിത ഗൂഢാലോചനയാണ് പുറത്തായത്. ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് തട്ടിക്കൂട്ടിയ തലപരിശോധനാ ആക്ഷേപം മുഖ്യതെളിവായി വ്യാഖ്യാനിക്കുന്ന സിബിഐ സാക്ഷിമൊഴികളിലെ വൈരുധ്യം മറച്ചുവച്ചാണ് കള്ളക്കളി നടത്തിയത്. ഇല്ലാത്ത ഫയല്‍ കാണാനില്ലെന്ന് മുറവിളിച്ചു. ഇതേക്കുറിച്ച് പിണറായിയുടെ വിശദീകരണം സ്വീകരിക്കാതെ ഉദ്യോഗസ്ഥര്‍ പറഞ്ഞതാണ് സത്യമെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ എഴുതിവെക്കുകയും ചെയ്തു.
പന്നിയാര്‍-ശെങ്കുളം-പള്ളിവാസല്‍ നവീകരണവുമായി ബന്ധപ്പെട്ട് സിബിഐ ആരോപിക്കുന്ന തരത്തില്‍ ഒരു ഫയലും ഉണ്ടായിരുന്നില്ല. എന്നിട്ടും ഇല്ലാത്ത ഫയല്‍ കാണാനില്ലെന്ന അസംബന്ധം എഴുന്നള്ളിച്ചു. പരസ്പരവിരുദ്ധമായ മൊഴികളാണ് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വരദാചാരിയും ധനവകുപ്പിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിമാരും സിബിഐയുടെ 'സാക്ഷി'കളുമായ വെങ്കട്ടരമണനും ഡി കൃഷ്ണന്‍ നായരും നല്‍കിയതെന്ന് അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കിയിരുന്നു. പ്രോസിക്യുഷന്‍ അനുമതി സംബന്ധിച്ചു നല്കിയ നിയമോപദേശത്തിലാണ് മൊഴികളിലെ വൈരുധ്യം എ ജി ചൂണ്ടിക്കാട്ടിയത്. സിബിഐ പറയുന്നതും വസ്തുതയുമായി ഒരു ബന്ധവുമില്ലെന്നും എ ജി പറഞ്ഞു. അഞ്ച് മേലധികാരികള്‍ക്ക് താന്‍ കുറിപ്പ് നല്‍കിയെന്നാണ് വരദാചാരി മൊഴികൊടുത്തത്. ഫയല്‍ കാണാനില്ലെന്ന് വാദിക്കുന്ന സിബിഐക്ക് ഈ അഞ്ചു ഓഫീസുകളില്‍ ഫയലുണ്ടോയെന്ന് അന്വേഷിക്കാന്‍ ബാധ്യതയുണ്ടായിരുന്നെന്ന് എ ജി ചുണ്ടിക്കാട്ടി. എന്നാല്‍ ഗവര്‍ണര്‍ക്ക് ഇതൊന്നും പരിഗണിക്കാന്‍ തോന്നിയില്ല.
ലാവ്ലിന്‍ കരാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് താന്‍ കുറിപ്പ് കൊടുത്തതെന്നാണ് വരദാചാരി പറയുന്നത്. ഇതിന്റെ പേരില്‍ തന്റെ 'തലപരിശോധിക്കാന്‍' മന്ത്രി കുറിപ്പെഴുതിയെന്നും വരദാചാരി ആരോപിക്കുന്നു. എന്നാല്‍ 68-ാം സാക്ഷി വെങ്കട്ടരമണന്റെ മൊഴി വേറെയാണ്. കാന്‍സറും വൈദ്യുതിയും തമ്മില്‍ എന്തുബന്ധമെന്നു ചോദിച്ച് കുറിപ്പ് കൊടുത്തതിനാണ് തലപരിശോധിക്കാന്‍ പറഞ്ഞതെന്നും ഇതുസംബന്ധിച്ച ഫയല്‍ താന്‍ കണ്ടെന്നുമാണ് റിട്ട. അഡീഷണല്‍ സെക്രട്ടറി വെങ്കട്ടരമണന്‍ പറഞ്ഞത്. 71-ാം സാക്ഷിയായ അഡീഷണല്‍ സെക്രട്ടറി കൃഷ്ണന്‍ നായരുടെ മൊഴിയില്‍ കുറിപ്പും ഫയലുമല്ല, അര്‍ധ ഔദ്യോഗിക കത്തായി മാറി. വൈദ്യുതിബോര്‍ഡ് യോഗം കഴിഞ്ഞുവന്ന വരദാചാരി അസ്വസ്ഥനായി തന്നെ വിളിച്ചെന്നും ലാവ്ലിന് കരാര്‍ കൊടുക്കാന്‍ തീരുമാനിച്ചതില്‍ പരാതിപ്പെട്ട് കുറിപ്പു തയാറാക്കാന്‍ തന്നോടാവശ്യപ്പെട്ടെന്നുമാണ് ഇയാളുടെ മൊഴി. ഈ കത്തു കണ്ട് വരദാചാരിയുടെ തല പരിശോധിക്കാന്‍ മന്ത്രി എഴുതിയെന്നും ഇത് അന്ന് പത്രങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നെന്നും കൃഷ്ണന്‍ നായരുടെ മൊഴിയെന്ന പേരില്‍ സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. സിബിഐ എസ്പി വി അശോക് കുമാറാണ് ഈ വിരുദ്ധമൊഴികളെല്ലാം എടുത്തത്.
തലതിരിഞ്ഞ മാധ്യമങ്ങള്‍ പ്രതിക്കൂട്ടില്‍
മുന്‍ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് വരദാചാരിയുടെ തല പരിശോധിപ്പിക്കണമെന്ന് ഫയലില്‍ കുറിപ്പ് എഴുതിയ വിഷയത്തില്‍ സ്വന്തം വാക്കുകള്‍ വിഴുങ്ങി അപവാദവ്യവസായം കൊഴുപ്പിച്ച മാധ്യമങ്ങള്‍ പ്രതിക്കൂട്ടില്‍. സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഫയലില്‍ ധനസെക്രട്ടറിയെ മനോരോഗവിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് അന്ന് സഹകരണമന്ത്രിയായ പിണറായി വിജയന്‍ കുറിപ്പ് എഴുതിയെന്ന് 1997 സെപ്തംബര്‍ 11ന് 'കേരളകൌമുദി'യാണ് ആദ്യം വാര്‍ത്ത നല്‍കിയത്. അടുത്ത ദിവസങ്ങളില്‍ മാതൃഭൂമിയും മനോരമയും ഇത് ആവര്‍ത്തിച്ചു. ഇതേ ഫയലിനെ ലാവ്ലിന്‍ ഇടപാടുമായി ബന്ധപ്പെടുത്തി ആദ്യം വാര്‍ത്ത നല്‍കിയത് മനോരമയാണ്. ആസൂത്രിതമായി നല്‍കിയ ഈ കള്ളവാര്‍ത്തയുടെ ചുവട് പിടിച്ച് സിപിഐ എം വിരുദ്ധ ശക്തികളും മറ്റു മാധ്യമങ്ങളും നീങ്ങി. ഈ ഫയലുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി പുറത്തുവന്ന കള്ളക്കഥകളാണ് സിബിഐ നിര്‍ണായക തെളിവായി വിശേഷിപ്പിച്ചത്. സിബിഐ നല്‍കിയ മൂവായിരം പേജുള്ള റിപ്പോര്‍ട്ടിലും ഇതാണ് പ്രധാന 'തെളിവ്'.
സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഫയലിലാണ് താന്‍ ഈ കുറിപ്പെഴുതിയതെന്ന് പിണറായി സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ആ സമയത്ത് സര്‍വീസില്‍നിന്ന് വിരമിക്കാന്‍ 20 ദിവസം മാത്രുണ്ടായിരുന്ന വരദാചാരി '97 സെപ്തംബര്‍ 30ന് വിരമിച്ചു. എന്നാല്‍, ഫയല്‍ കാണാനില്ലെന്നും അതുകൊണ്ട് വരദാചാരിയുടെ മൊഴി വിശ്വാസത്തിലെടുക്കുന്നെന്നുമായി സിബിഐ. സഹകരണവകുപ്പില്‍ ഇങ്ങനെ ഒരു ഫയല്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍പോലും തയ്യാറാകാതെ സിബിഐ ഡിവൈഎസ്പി വി അശോക് കുമാര്‍ ഈ നിഗമനത്തിലെത്തിയത് ദുരൂഹമാണ്. ആന്റണി മുഖ്യമന്ത്രിയായിരിക്കെ മുത്തങ്ങ വെടിവയ്പ്പിനെ തുടര്‍ന്നാണ് ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ ലാവ്ലിന്‍ ഇടപാട് വിജിലന്‍സ് അന്വേഷണത്തിന് വിട്ടത്. ഇതേതുടര്‍ന്നാണ് മനോരമയില്‍ വരദാചാരിയുടെ 'തലപരിശോധന'യുമായി ബന്ധപ്പെട്ട് വാര്‍ത്ത വന്നത്. ഏതാനും വര്‍ഷം മുമ്പ് യഥാര്‍ഥ വസ്തുത റിപ്പോര്‍ട്ട് ചെയ്ത മറ്റു പത്രങ്ങള്‍ രാഷ്ട്രീയവൈരം മൂലം മനോരമയ്ക്കൊപ്പം മലക്കംമറിഞ്ഞു. പല ഗവ.സെക്രട്ടറിമാരും കരാറിനെതിരെ സിബിഐക്ക് മൊഴി നല്‍കിയെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ മനോരമ വാര്‍ത്ത നല്‍കി. വരദാചാരിയുടെ മൊഴിയാണ് ഏറ്റവും നിര്‍ണായകമെന്നും മനോരമ 'കണ്ടെത്തി'. ഇതടക്കം മൂവായിരത്തോളം രേഖകള്‍ മുഖ്യമന്ത്രിയുടെ പക്കലുണ്ടെന്നും ഈ വാര്‍ത്തയില്‍ പറയുന്നു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡ് ചര്‍ച്ച തുടങ്ങിയത് 1995ലാണ്. അന്ന് ജി കാര്‍ത്തികേയനാണ് വൈദ്യുതിമന്ത്രി. അന്നത്തെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 1995ല്‍ ലാവ്ലിന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. 1996 ഫെബ്രുവരിയില്‍ കസള്‍ട്ടന്‍സി കരാറും ഒപ്പുവച്ചു. എന്നാല്‍, 1997ല്‍ ധനകാര്യസെക്രട്ടറിയെന്ന നിലയില്‍ താന്‍കൂടി പങ്കെടുത്ത വൈദ്യുതി ബോര്‍ഡ് യോഗത്തിലാണ് വിഷയം വന്നതെന്നാണ് വരദാചാരി നല്‍കിയ മൊഴി. കരാറിനെ എതിര്‍ത്ത് കുറിപ്പ് എഴുതിയപ്പോഴാണ് തന്റെ തല പരിശോധിക്കണമെന്ന് പിണറായി ഫയലില്‍ രേഖപ്പെടുത്തിയതെന്നും വരദാചാരി കള്ളമൊഴി നല്‍കി. ഈ മൊഴി വിജിലന്‍സ് പരിശോധിച്ച് തള്ളിയതാണ്.
(കെ ശ്രീകണ്ഠന്‍്‍)
മഞ്ഞപ്പത്രക്കാരന്റെ ജല്‍പ്പനം സിബിഐക്ക് വേദവാക്യം
അശ്ളീലവാരിക പത്രാധിപരുടെ ജല്‍പ്പനം രാജ്യത്തെ ഏറ്റവും പ്രധാന കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐക്ക് വേദവാക്യം. ഇയാളുടെ മൊഴി പലവട്ടം എടുത്തിട്ടും സിബിഐ ഉദ്യോഗസ്ഥര്‍ക്ക് മതിവന്നില്ല. 107-ാം സാക്ഷിയായ ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാറിന്റെ മൊഴി 2007ലും 2008ലും സിബിഐ എടുത്തതായി രേഖകളില്‍ കാണാം. സിബിഐ ഡിവൈഎസ്പി വി അശോക് കുമാര്‍ രേഖപ്പെടുത്തിയ 'നിര്‍ണായക തെളിവുകള്‍'ക്കൊപ്പം ഇതൊന്നും തെളിയിക്കാന്‍ തന്റെ കൈവശം ഒന്നുമില്ലെന്ന മഞ്ഞപ്പത്രക്കാരന്റെ മൊഴിയും എഴുതിവച്ചിട്ടുണ്ട്. ലാവ്ലിന്‍ കേസിനു പിന്നില്‍ ചരടുവലിക്കുന്നവരുടെ പ്രധാന ഉപകരണമാണ് ഇയാള്‍. കോടതികളില്‍ പോകുന്നതും കള്ളപ്രചാരണത്തിന് നേതൃത്വം നല്‍കുന്നതുമൊക്കെ ഇയാളാണ്. കോടതികളില്‍ ഉന്നയിച്ച അസംബന്ധങ്ങള്‍ പലതും തള്ളിപ്പോയി. ഹൈക്കോടതി തള്ളിയ ആരോപണങ്ങള്‍വരെ സിബിഐക്ക് ഇയാള്‍ നല്‍കിയ നിര്‍ണായകവിവരങ്ങളില്‍ കാണാം. 2007 ഡിസംബര്‍ എട്ടിന് സിബിഐ ഈ മഞ്ഞപ്പത്രക്കാരന്റെ മൊഴിയെടുത്തിരുന്നു. ഇതില്‍ മതിവരാതെയാണ് കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് വീണ്ടും മൊഴി രേഖപ്പെടുത്തിയത്. കള്ളങ്ങള്‍ക്ക് വിശ്വാസ്യത പകരാന്‍ സിബിഐ ഇയാളെക്കൊണ്ട് പുതിയ ആരോപണങ്ങള്‍ ഉന്നയിപ്പിച്ചു. വരദാചാരിയുടെ തലപരിശോധനാവിവാദവും കൂട്ടത്തിലുണ്ട്. ലാവ്ലിന്‍ കരാറിനെ എതിര്‍ത്ത വരദാചാരിയുടെ തല പരിശോധിപ്പിക്കണമെന്ന് പിണറായി എഴുതിയെന്നും നിര്‍ണായക തെളിവായ ഈ ഫയല്‍ പിന്നീട് നശിപ്പിച്ചെന്നുമാണ് മഞ്ഞപ്പത്രക്കാരന്റെ മൊഴിയായി സിബിഐ ഉദ്യോഗസ്ഥന്‍ അശോക് കുമാര്‍ എഴുതിപ്പിടിപ്പിച്ചത്. പിണറായിയുടെ പേഴ്സണല്‍ സ്റ്റാഫിലുള്ളവരാണ് ഫയല്‍ നശിപ്പിച്ചതെന്നും അത് തെളിയിക്കാന്‍ തന്റെ കൈവശം രേഖയില്ലെന്നും ഇയാള്‍ പറഞ്ഞതായും പ്രധാന ഉദ്യോഗസ്ഥന്‍ എഴുതിവച്ചിട്ടുണ്ട്. പിണറായിക്ക് സിംഗപ്പുരില്‍ ഭാര്യയുടെ പേരില്‍ ബിസിനസുണ്ടെന്ന് മഞ്ഞപ്പത്രക്കാരന്‍ പറഞ്ഞതായും സിബിഐ എഴുതിവച്ചിട്ടുണ്ട്. ഈ അസംബന്ധം ഇയാള്‍ ഹൈക്കോടതിയിലും ഉന്നയിച്ചിരുന്നു. ഇത് പെരുംനുണയാണെന്ന് കേന്ദ്ര ഏജന്‍സികള്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ടു നല്‍കി. തുടര്‍ന്ന് ഹര്‍ജി തള്ളി. എന്നാല്‍, ഇതേ നുണ ലാവ്ലിന്‍ മൊഴിയില്‍ സിബിഐ രേഖപ്പെടുത്തി.
ദേശാഭിമാനി 21 ജൂണ്‍ 2009
Labels:
ഇടതുപക്ഷം,
കേരളം,
രാഷ്ട്രീയം,
ലാവലിന്‍
Subscribe to:
Post Comments (Atom)
പന്നിയാര്‍-ശെങ്കുളം-പള്ളിവാസല്‍ നവീകരണവുമായി ബന്ധപ്പെട്ട് സിബിഐ ആരോപിക്കുന്ന തരത്തില്‍ ഒരു ഫയലും ഉണ്ടായിരുന്നില്ല. എന്നിട്ടും ഇല്ലാത്ത ഫയല്‍ കാണാനില്ലെന്ന അസംബന്ധം എഴുന്നള്ളിച്ചു. പരസ്പരവിരുദ്ധമായ മൊഴികളാണ് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വരദാചാരിയും ധനവകുപ്പിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിമാരും സിബിഐയുടെ 'സാക്ഷി'കളുമായ വെങ്കട്ടരമണനും ഡി കൃഷ്ണന്‍ നായരും നല്‍കിയതെന്ന് അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കിയിരുന്നു. പ്രോസിക്യുഷന്‍ അനുമതി സംബന്ധിച്ചു നല്കിയ നിയമോപദേശത്തിലാണ് മൊഴികളിലെ വൈരുധ്യം എ ജി ചൂണ്ടിക്കാട്ടിയത്. സിബിഐ പറയുന്നതും വസ്തുതയുമായി ഒരു ബന്ധവുമില്ലെന്നും എ ജി പറഞ്ഞു. അഞ്ച് മേലധികാരികള്‍ക്ക് താന്‍ കുറിപ്പ് നല്‍കിയെന്നാണ് വരദാചാരി മൊഴികൊടുത്തത്. ഫയല്‍ കാണാനില്ലെന്ന് വാദിക്കുന്ന സിബിഐക്ക് ഈ അഞ്ചു ഓഫീസുകളില്‍ ഫയലുണ്ടോയെന്ന് അന്വേഷിക്കാന്‍ ബാധ്യതയുണ്ടായിരുന്നെന്ന് എ ജി ചുണ്ടിക്കാട്ടി. എന്നാല്‍ ഗവര്‍ണര്‍ക്ക് ഇതൊന്നും പരിഗണിക്കാന്‍ തോന്നിയില്ല.
ReplyDelete