Tuesday, July 7, 2009

പാലിയം സമരം: പശ്ചാത്തലവും പ്രാധാന്യവും

ബൌദ്ധികവും സാംസ്കാരികവുമായ ശക്തമായ തിരയിളക്കങ്ങളുടെ വേദിയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യ. കോളനിവാഴ്ചയും പാശ്ചാത്യസംസ്കാരത്തിന്റെ പ്രസരണവും സ്വന്തം സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ശക്തിദൌര്‍ബല്യങ്ങളെ വിലയിരുത്താനും അവലോകനംചെയ്യാനും ഭാരതീയര്‍ക്ക് പ്രേരണയായി. വിശ്വാസങ്ങളാല്‍ സാധൂകരിക്കപ്പെട്ട ആചാരാനുഷ്ഠാനങ്ങളും മനുഷ്യബന്ധങ്ങളുടെ ചട്ടക്കൂടുകളും സമൂഹത്തെ വരിഞ്ഞുമുറുക്കുന്ന ഇരുമ്പുകവചങ്ങളായി അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. ഈ പുതിയ അനുഭവത്തോടുള്ള പ്രതികരണങ്ങള്‍ വ്യത്യസ്തരീതികളില്‍ ആയിരുന്നു. എങ്കിലും മാറ്റം ഉണ്ടാകണം എന്നത് പൊതുവികാരം ആയിരുന്നു. പുതുതായി ഉയര്‍ന്നുവന്ന മധ്യവര്‍ഗവും പരമ്പരാഗത ബുദ്ധിജീവികളുമായിരുന്നു ഈ പുതിയ പ്രതിഭാസത്തിന്റെ സാമൂഹ്യ അടിത്തറ.

കോളനിവാഴ്ചയുടെ സ്ഥാപനം പടനീക്കങ്ങളുടെ പെരുമ്പറമുഴക്കത്തില്‍കൂടി മാത്രം സാധിച്ച കാര്യമായിരുന്നില്ല. തദ്ദേശീയമായ അറിവിനെ കീഴ്പ്പെടുത്തിയശേഷം അവതരിപ്പിക്കപ്പെട്ട കൊളോണിയല്‍ വിജ്ഞാനത്തില്‍ കൂടിയാണ് ഇത് പ്രധാനമായും സാധിച്ചത്. കോളനിവാഴ്ച നാനാവിധമായ ഘടനാമാറ്റങ്ങള്‍ വരുത്തുകയുണ്ടായി. സ്ഥാപനപരമായ ഘടനകളും, സാമൂഹ്യഘടനകളും വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി. കൊളോണിയല്‍ ഘടനകളുടെ സ്ഥാപനമാകട്ടെ തദ്ദേശ ഘടനകളിന്മേലുള്ള ഇടപെടലുകളിലൂടെയും കടന്നുകയറ്റങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും ആധിപത്യത്തിലൂടെയും മുന്നേറിയ സങ്കീര്‍ണപ്രക്രിയകളിലൂടെയാണ് സാധിച്ചത്. പലപ്പോഴും നിലവിലുള്ള ഘടനകളുടെ പുറംതോടുകളും ചട്ടക്കൂടുകളും അതേപോലെ നിലനിര്‍ത്തുകയും അവയില്‍ പുതിയ സാമ്രാജ്യത്വ അധികാര ചേരുവകള്‍ നിറയ്ക്കുകയുമാണ് ചെയ്തിരുന്നത്. കോളനിവാഴ്ചയുടെ തനതായ പുതിയ ഘടനകള്‍ സൃഷ്ടിക്കുകയുംചെയ്തു. സിവില്‍ നിയമങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിവില്‍സര്‍വീസ്, പൊലീസ്, നീതിന്യായഭരണം, സമ്മതനിര്‍മിതിയുടെ നിരവധി സംവിധാനങ്ങള്‍ എന്നിവ ഉദാഹരണങ്ങള്‍. സ്വന്തം അവസ്ഥകളെക്കുറിച്ചുള്ള ആത്മപരിശോധനയുടെ ചരിത്രസന്ദര്‍ഭം ബ്രിട്ടീഷ് അധീശത്വവും പാശ്ചാത്യസംസ്കാരവ്യാപനവും തന്നെ. രാഷ്ട്രീയവും സാംസ്കാരികവുമായ അപചയകാലഘട്ടത്തിന്റെ അടയാളങ്ങള്‍ നിരവധിയായിരുന്നു. അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, പ്രാദേശികത, ജാതീയത, വംശീയത എന്നീ മുദ്രകളെല്ലാം മതവിശ്വാസവുമായി ബന്ധപ്പെട്ട് കെട്ടുപിണഞ്ഞുകിടക്കുകയായിരുന്നു. മതവിശ്വാസവും സാമൂഹ്യാചാരങ്ങളും തമ്മില്‍ ശക്തമായ പരസ്പരബന്ധം ഉണ്ടായിരുന്നു. അതിനാല്‍ ഏത് സാമൂഹ്യനവീകരണത്തിന്റെയും മുന്നുപാധിയാണ് മതനവീകരണം. സമകാല സാമൂഹ്യരാഷ്ട്രീയ സമസ്യകള്‍ക്ക് പരിഹാരമാകാന്‍ പറ്റാത്തതായിരുന്നു നിലവിലെ മതവിശ്വാസത്തിന്റെയും പ്രയോഗത്തിന്റെയും സ്ഥിതി. സാംസ്കാരിക ജീര്‍ണാവസ്ഥയെയും വിജ്ഞാനവന്ധ്യതയെയും മുറിച്ചുകടക്കാനുള്ള ശ്രമങ്ങള്‍ക്ക് രണ്ട് സമരമുഖങ്ങള്‍ ഉണ്ടായിരുന്നു. ഒരുവശത്ത് പരമ്പരാഗത സംസ്കാരത്തിന്റെ ജീര്‍ണിച്ച പിന്തിരിപ്പന്‍ ഘടകങ്ങള്‍ക്കെതിരെയും മറുവശത്ത് കൊളോണിയല്‍ സാംസ്കാരിക പ്രത്യയശാസ്ത്ര ആധിപത്യത്തിനെതിരെയുമുള്ള സമരങ്ങളായിരുന്നു ഇവ.

കേരളത്തിലെ മാറ്റങ്ങള്‍

പ്രധാന സംഭവങ്ങളുടെയും വന്‍ പ്രതിഭാസങ്ങളുടെയും വേരുകള്‍ വ്യക്തികളുടെ തലക്കുള്ളില്‍ അന്വേഷിച്ചാല്‍ മതിയാവില്ലെന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ട്. ഏതാനും വ്യക്തികളുടെ പ്രതിഭയും പ്രതിബദ്ധതയും നേതൃഗുണവും മാത്രംവച്ച് അവയെ വിശദീകരിക്കാനാവില്ല. വലിയ സാമൂഹ്യസാംസ്കാരിക പ്രതിഭാസങ്ങളെ മനസ്സിലാക്കാന്‍ അവയുടെ ഭൌതിക പരിസരങ്ങള്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

കാര്‍ഷികരംഗത്തും, വ്യവസായവാണിജ്യ മേഖലകളിലും ഭൂവിനിയോഗരീതികളിലും വലിയ മാറ്റങ്ങള്‍ സംഭവിച്ച കാലമാണ് 19-ാം നൂറ്റാണ്ട്. കൃഷിയുടെ വ്യാപകമായ വാണിജ്യവല്‍ക്കരണമാണ് അതിലൊന്ന്. മുതലാളിത്ത മാതൃകയില്‍ സംഘടിപ്പിക്കപ്പെട്ട തോട്ടങ്ങളുടെ ആവിര്‍ഭാവവും കയറ്റുമതിയെ ലാക്കാക്കിയുള്ള കാര്‍ഷികവളര്‍ച്ചയും വ്യാപാര-വാണിജ്യരംഗങ്ങളിലും അടിസ്ഥാനസൌകര്യവികസനത്തിലും വമ്പിച്ച മുന്നേറ്റങ്ങള്‍ ഉണ്ടാക്കി. റോഡുകള്‍, റെയില്‍വേ, തോടുകള്‍, തുറമുഖങ്ങള്‍ എന്നിവ ഗതാഗത വാര്‍ത്താവിനിമയരംഗത്തെ സജീവമാക്കി. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരളത്തിലെ തോട്ടം മേഖലയില്‍ രണ്ടുലക്ഷം തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ടായിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പില്‍ മാത്രം പതിനായിരം സ്ഥിരം തൊഴിലാളികള്‍ ജോലിചെയ്തിരുന്നു. കേരളത്തിന്റെ നാനാഭാഗത്തും ഇക്കാലത്ത് ആരംഭിച്ച വിവിധ വ്യവസായങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളും മറ്റനവധി അനുബന്ധ തൊഴില്‍മേഖലകളില്‍ പണിയെടുക്കുന്നവരും പുതിയ തൊഴില്‍പരിസരവും സംസ്കാരവും പരിസരവും സൃഷ്ടിച്ചെടുത്തു. ഇത്തരം പുതിയ കൂട്ടായ്മകള്‍ പുതിയ ജീവിതാനുഭവങ്ങളും ആശയങ്ങളും സ്വായത്തമാക്കിയ വിഭാഗങ്ങളെ സൃഷ്ടിച്ചു. ജനങ്ങളുടെയാകെ ബോധനിലവാരത്തെ അത് സ്വാധീനിച്ചു. പ്രദേശപരമായ സങ്കുചിതത്വത്തിന്റെ മതില്‍ക്കെട്ടുകളും നാടുവാഴിത്തത്തിന്റെ അടയാളങ്ങളായ ജാതീയതയെയും വര്‍ഗീയതയെയും ഉടയോനോടുള്ള കൂറിന്റെയും അതിര്‍ത്തികളും കടന്ന് പുതിയ ലോകബോധത്തിലേക്കും തിരിച്ചറിവിലേക്കും എത്താന്‍ അവര്‍ പ്രാപ്തരായി. ഈ പുതിയ ജീവിതപരിസരങ്ങളാണ് നവോത്ഥാന ആശയങ്ങളും ജനാധിപത്യബോധവും സമത്വബോധവും സ്വാതന്ത്ര്യബോധവും ശക്തിപ്രാപിക്കാനുള്ള കളമൊരുക്കിയത്. ചരിത്രത്തിന്റെ ഈ നിയോഗം തിരിച്ചറിയുകയും പുതിയ സാഹചര്യങ്ങള്‍ക്കനുസൃതമായി സാമൂഹ്യബന്ധങ്ങള്‍ പൊളിച്ചെഴുതാന്‍ നേതൃത്വംനല്‍കുകയും അതിനായി ജനസമൂഹങ്ങളുടെ ബലഹീനതകളെ സംഘശക്തികൊണ്ട് മറികടക്കുകയുമാണ് നവോത്ഥാന നായകന്മാര്‍ ചെയ്തത്.

സാമൂഹ്യശക്തിയുടെ മുഖ്യവീഥികളില്‍നിന്ന് ഒഴിവാക്കപ്പെട്ട മനുഷ്യര്‍ അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞതാണ് ഈ പ്രതിഭാസത്തിന്റെ മുഖ്യമായ ഉള്ളടക്കം. ഇതില്‍ ആദ്യത്തേത് സ്വന്തം ശരീരത്തിന്മേലുള്ള അവകാശം ഉറപ്പിച്ച് പ്രഖ്യാപിക്കുക എന്നതായിരുന്നു. മാറുമറയ്ക്കല്‍ സമരവും, ഇരുമ്പുവള, കല്ലുമാല ബഹിഷ്കരണവും, മൂക്കുത്തിസമരവും സ്വന്തം ശരീരത്തിന്മേലുള്ള അന്യാധീനം അവസാനിപ്പിക്കാനുള്ള സമരങ്ങളായിരുന്നു. ഇടങ്ങള്‍ മോചിപ്പിക്കാനുള്ള സമരങ്ങളായിരുന്നു മറ്റൊന്ന്. ക്ഷേത്രപ്രവേശനത്തിനും വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരങ്ങളും ഈ ഗണത്തില്‍പെടുന്നു. ഇതോടൊപ്പം പുതിയ ഇടങ്ങള്‍ സൃഷ്ടിക്കാനുള്ള സമരങ്ങളും നടന്നു. ശ്രീനാരായണന്റെ കണ്ണാടിപ്രതിഷ്ഠയോളം പ്രസിദ്ധമല്ലെങ്കിലും അതിനുമുമ്പ്തന്നെ ആറാട്ടുപുഴ വേലായുധപണിക്കര്‍ എന്ന ധീരസാഹസികന്‍ ക്ഷേത്രനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നു. 1852ല്‍ ആറാട്ടുപുഴയില്‍ മംഗലം ശിവക്ഷേത്രവും 1853ല്‍ തണ്ണീര്‍മുക്കത്ത് ചെറുവാരണംകര ശിവക്ഷേത്രവും പണികഴിപ്പിച്ചു.

20-ാം നൂറ്റാണ്ടിലാകട്ടെ ദേശീയതയുടെയും ജനാധിപത്യത്തിന്റെയും വേലിയേറ്റം വന്‍തോതില്‍ സാമൂഹ്യവും മതപരവുമായ രംഗങ്ങളിലേക്ക് കടന്നുകയറാന്‍ തുടങ്ങി. ആധുനിക രാഷ്ട്രീയത്തിന്റെ സംഘാടനതത്വങ്ങളും തന്ത്രങ്ങളും മത, സാമൂഹ്യപരിഷ്കരണരംഗത്തെ പ്രശ്നങ്ങളെ അഭിസംബോധനചെയ്യാനും, സംഘാടനത്തിനും പ്രയോജനപ്പെടുത്താന്‍ തുടങ്ങി. സാമ്രാജ്യമേധാവിത്തത്തിനെതിരായി പ്രയോഗിച്ച സമരരൂപങ്ങളില്‍ പലതും ഇന്ത്യന്‍ സമൂഹത്തിന്റെ ആഭ്യന്തരഘടനയില്‍ ഗുണപരമായ മാറ്റം വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്കുവേണ്ടി പ്രയോജനപ്പെടുത്താന്‍ തുടങ്ങി. മതാചാരങ്ങളേയും സാമൂഹ്യസ്ഥാപനങ്ങളെയും മാറ്റിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ അതിവേഗം നമ്മുടെ സാമ്രാജ്യവിരുദ്ധസമരത്തിന്റെ ഭാഗമായിത്തീര്‍ന്നു. ഈ രംഗത്തെ മാറ്റങ്ങള്‍ സാമ്രാജ്യവിരുദ്ധപ്രസ്ഥാനങ്ങളുടെ സാമൂഹ്യഅടിത്തറ വിപുലപ്പെടുത്തുകയും, കോളനിവാഴ്ചയുടെ സാമൂഹ്യഅടിത്തറ ദുര്‍ബലമാക്കുകയുംചെയ്യും എന്നത് വളരെ വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ സാമൂഹ്യപരിഷ്കരണത്തിനുവേണ്ടിയുള്ള സമരങ്ങള്‍ പലപ്പോഴും കോളനിവാഴ്ചയുമായും അതിന്റെ ഇവിടത്തെ മുഖ്യ സഖ്യശക്തിയായ ജന്മിനാടുവാഴിത്തവുമായും ഏറ്റുമുട്ടുന്നതിലേക്ക് നയിച്ചു. സ്വതന്ത്ര ഇന്ത്യയിലും ഇത്തരം ജന്മിനാടുവാഴി ജാതി-മത ശക്തികള്‍ അവരുടെ നാനാവിധ ചൂഷണോപാധികള്‍ കൈവിടാന്‍ തയാറായിരുന്നില്ല. ജാതി-മത ഫ്യൂഡല്‍ ഘടകങ്ങളെ പ്രീണിപ്പിക്കാനുള്ള സ്വതന്ത്ര ഇന്ത്യയിലെ ഭരണവര്‍ഗത്തിന്റെ സഹജസ്വഭാവം സ്വതന്ത്ര ഇന്ത്യയിലും ഇത്തരം സാമൂഹ്യസംഘര്‍ഷങ്ങള്‍ തുടര്‍ന്നുണ്ടാകാന്‍ കാരണമായി. സങ്കീര്‍ണമായ ഈ സാമൂഹ്യ രാഷ്ട്രീയ സംഘര്‍ഷങ്ങളെയും താല്‍പ്പര്യവൈരുധ്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഐതിഹാസികമായ സമരമാണ് പാലിയം സത്യഗ്രഹം.

പശ്ചാത്തലം

ബ്രിട്ടീഷ് മലബാറിലും തിരുവിതാംകൂറിലും അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം നിയമപരമായി അനുവദിച്ചുകഴിഞ്ഞിട്ടും അതൊന്നും അനുഭവിക്കാന്‍ സാധിക്കാതെ തുടരുകയായിരുന്നു കൊച്ചിരാജ്യത്തെ അവര്‍ണരും ഹരിജനങ്ങളും. ക്ഷേത്രങ്ങള്‍ മാത്രമല്ല ചുറ്റുമുള്ള നടപ്പാതകളും അവര്‍ക്ക് നിരോധിക്കപ്പെട്ടിരുന്നു. അയിത്തം, തീണ്ടല്‍ എന്നീ ജാതിജന്യവിഷങ്ങള്‍ പ്രവഹിക്കാത്ത ജീവിതമേഖലകള്‍ തീരെ കുറവായിരുന്നു. അയിത്തജാതിക്കാരും അവരുമായി ബന്ധപ്പെട്ട പലതും അയിത്തവസ്തുക്കളുടെ പട്ടികയില്‍ പെട്ടിരുന്നു. ഉദാഹരണത്തിന് ഈഴവന്‍ പോറ്റുന്ന ആനയെ ക്ഷേത്രോത്സവങ്ങളില്‍ എഴുന്നള്ളിക്കാന്‍ അനുവദിച്ചിരുന്നില്ല. പുതിയ സാമ്പത്തികപ്രവര്‍ത്തനങ്ങളില്‍കൂടി ധനികരായിത്തീര്‍ന്ന കീഴ്ജാതിക്കാര്‍ക്ക്പോലും ഈ അപമാനം സഹിക്കേണ്ടിവന്നു എന്ന് വരുമ്പോള്‍ നിത്യവൃത്തിക്ക് ഗതിയില്ലാതിരുന്ന പാവപ്പെട്ടവന്റെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളു. ക്ഷേത്രോത്സവഘോഷയാത്രകള്‍ കടന്നുപോകുന്ന വഴികളുടെ വശങ്ങളില്‍ താമസിച്ചിരുന്ന അയിത്തജാതിക്കാര്‍ അവ കടന്നുപോകുമ്പോള്‍ വീട്വിട്ട് മാറിനില്‍ക്കണമെന്നും നിഷ്കര്‍ഷയുണ്ടായിരുന്നു. ക്ഷേത്രപരിസരങ്ങളിലെ പ്രധാന സവര്‍ണപാതകള്‍ മാത്രമല്ല സാധാരണ നാട്ടുവഴികളിലും, ഒറ്റയടിപ്പാതകളിലും കൂടിയുള്ള യാത്രകള്‍പോലും അയിത്തജാതിക്കാര്‍ക്ക് അക്കാലത്ത് പ്രയാസകരമായിരുന്നു. സവര്‍ണന് സമ്പൂര്‍ണ മുന്‍ഗണന ഉറപ്പാക്കണമായിരുന്നു. ഇടുങ്ങിയ വഴിയിലോ പാലത്തിലോ സവര്‍ണന്റെ മുന്നില്‍ നേര്‍ക്കുനേര്‍ എത്തിപ്പെടുന്ന അവര്‍ണന്റെ അവസ്ഥ അപമാനകരമായിരുന്നു. ഇത്തരം ബന്ധങ്ങളെ നിയന്ത്രിക്കാന്‍ ജുഗുപ്സാവഹമായ ചട്ടങ്ങള്‍ നിലവിലുണ്ടായിരുന്നു. 'വഴിയോ' എന്നോ 'ബോവെ' എന്നോ തങ്ങളുടെ ജാതിവ്യത്യാസമനുസരിച്ച് തീണ്ടല്‍കാര്‍ നീട്ടിവിളിക്കണം. 'ഹോയ്' എന്നോ 'ഹോയ് മാറട ദൂരെ' എന്നോ സവര്‍ണനില്‍നിന്ന് മറുപടി ഉണ്ടാകും. ഇത്തരം പ്രയോഗങ്ങള്‍ കേരളം മുഴുവന്‍ ഒരേരൂപത്തില്‍ ആയിരുന്നില്ല. പറമ്പില്‍ പണിയെടുക്കുന്ന പുലയന്‍ അരികിലെ വഴിയുടെ രണ്ടറ്റത്തും പച്ചപ്പുല്ല് പറിച്ച് അടയാളംവച്ച് തന്റെ സാന്നിധ്യത്തെക്കുറിച്ച് മേലാളന് മുന്നറിയിപ്പ് നല്‍കി 'അപകടം' ഒഴിവാക്കണമെന്നായിരുന്നു നാട്ടുനടപ്പ്. അതുവഴി വരുന്ന സവര്‍ണന്‍ പലതരം ശകാരവാക്കുകളും തുപ്പലും ചീറ്റലുമൊക്കെയായി തന്റെ അതൃപ്തി അറിയിച്ചുകൊണ്ട് കടന്നുപോകുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഇതെല്ലാമൊരു അസംബന്ധ നാടകരംഗമായിത്തോന്നിയേക്കാം. പൊതുവെ അയിത്ത ജാതിക്കാര്‍ക്ക് അനുഭവിക്കേണ്ടിവന്ന ജീവിതദുരിതങ്ങളും അവഹേളനങ്ങളും മാനസിക ശാരീരിക പീഡനങ്ങളും ഇന്ന് ഊഹിക്കാവുന്നതിലും എത്രയോ ഭയാനകമായിരുന്നു.

അമര്‍ഷത്തിന്റെ കൂട്ടായ്മകള്‍

പറവൂരില്‍ കുളവേലില്‍ കൃഷ്ണന്‍ വൈദ്യര്‍ നടത്തിയിരുന്ന ശ്രീകൃഷ്ണവിലാസം വൈദ്യശാല സമുദായപരിഷ്കരണരംഗത്തെ ആദ്യകാല ആലോചനകളുടെ വേദിയായിരുന്നു. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും വിവിധ സന്ദര്‍ഭങ്ങളില്‍ വൈദ്യരുടെ ആതിഥ്യം സ്വീകരിച്ചിരുന്നു. പാലിയം കേന്ദ്രമായി പുലര്‍ത്തിപ്പോന്ന മറ്റു പ്രദേശങ്ങളെക്കാള്‍ രൂക്ഷമായ, ജാതിവൈകൃതങ്ങളെക്കുറിച്ചും അയിത്തജാതിക്കാര്‍ അനുഭവിക്കുന്ന ദൈനംദിന ജീവിതദുരിതങ്ങളെക്കുറിച്ചും അവിടെ ചര്‍ച്ചകള്‍ നടന്നു. ജാതിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശികതലത്തില്‍തന്നെ ശക്തമായ നേതൃത്വം ഉയര്‍ന്നുവരേണ്ടതിന്റെ ആവശ്യകത ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നു. 1945 ഡിസംബര്‍ 23-ാം തീയതി എറണാകുളത്ത് നടന്ന അവകാശപ്രഖ്യാപന സമ്മേളനവും പി ഗംഗാധരന്‍ എന്ന കമ്യൂണിസ്റ്റുകാരന്റെ ഊര്‍ജസ്വലമായ പ്രവര്‍ത്തനവും കൊച്ചിരാജ്യത്തെ എസ്എന്‍ഡിപിയെ വളരെവേഗം ശക്തിപ്പെടുത്തി. ഇരിങ്ങാലക്കുടയില്‍ നടന്ന സമസ്ത കൊച്ചി പുലയമഹാസഭയുടെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ദളിത് സ്ത്രീകള്‍ക്ക് നേരെ നടന്ന ഹീനമായ ആക്രമണങ്ങളും തുടര്‍ന്ന് നടന്ന കുട്ടംകുളം പ്രക്ഷോഭവും പാലിയംസമരത്തിന്റെ സജീവ മുന്‍ഗാമികള്‍ ആയിരുന്നു.

പാലിയം സ്ഥിതിചെയ്യുന്ന ചേന്ദമംഗലത്തെ വടക്കുംപുറത്ത് ശ്രീനാരായണശിഷ്യനായ കേളപ്പനാശാന്റെ നേതൃത്വത്തില്‍ നടന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ അയിത്തജാതിക്കാര്‍ക്ക് ആശ്വാസവും ആവേശവും പകര്‍ന്നിരുന്നു. അദ്ദേഹം സ്ഥാപിച്ച ഈഴവോദയസംഘം എല്ലാ ജാതിക്കാര്‍ക്കും ഒത്തുചേരാനുള്ള വേദിയായിരുന്നു. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അയിത്തജാതിക്കാരായവര്‍ക്ക്വേണ്ടി ഈ സംഘത്തിന്റെ നേതൃത്വത്തില്‍ ഒരു മാര്‍ക്കറ്റും നിര്‍മിക്കപ്പെട്ടു. നിരോധിതവഴിയില്‍കൂടി പറവൂര്‍ ചന്തയില്‍ എത്താനുള്ള പ്രയാസത്തിന് വലിയ ആശ്വാസമായിത്തീര്‍ന്നു ഈ നടപടി. അയിത്തവും തീണ്ടലും വഴിനടക്കല്‍നിരോധവും ലംഘിക്കപ്പെടുന്ന സംഭവങ്ങളും കടന്നാക്രമിക്കാനെത്തുന്ന സവര്‍ണജാതി ഗുണ്ടകളെ ശാരീരികമായിത്തന്നെ കൈകാര്യംചെയ്യുന്ന സന്ദര്‍ഭങ്ങളും ഇടക്കിടെ ആവര്‍ത്തിക്കാന്‍ തുടങ്ങി. ആയിടെയാണ് കൊടുങ്ങല്ലൂര്‍ എസ്എന്‍ഡിപി യൂണിയന്‍ കാവില്‍നടയില്‍ സംഘടിപ്പിച്ച അയിത്തവിരുദ്ധസമ്മേളനത്തില്‍ പങ്കെടുക്കാന്‍വേണ്ടി പോകുന്ന ജാഥ നിരോധനമുണ്ടായിരുന്ന പാലിയംനട റോഡിലൂടെ കടന്നുപോയത്. ഇത് ഒരു തുറന്ന വെല്ലുവിളിതന്നെയായിരുന്നു. ഈ ജാഥ നയിച്ചിരുന്നത് കമ്യൂണിസ്റ്റുകാരനായ ടി ഇ ബാലനായിരുന്നു. ജാഥയില്‍ ഒരുവിഭാഗം മടക്കയാത്രയിലും പാലിയംനടയില്‍ നിരോധനം ലംഘിച്ചു. ഇത് പാലിയത്തിന്റെ പിണിയാളുകളുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. ജാഥാംഗമായിരുന്ന തറേപ്പറമ്പില്‍ ചന്ദ്രശേഖരമേനോന്‍ എന്ന ചന്ദ്രന്‍മാസ്റ്റര്‍ക്കായിരുന്നു ഈ സംഘട്ടനത്തില്‍ ഏറ്റവും ഗുരുതരമായി മര്‍ദനമേറ്റത്. പുരോഗമനവാദികളായ മേല്‍ജാതിക്കാര്‍ ആദ്യംമുതലേ ജാതിവിരുദ്ധസമരങ്ങളില്‍ പങ്കാളികളായിരുന്നു. പാലിയംനടയിലെ ആദ്യത്തെ സംഘടിതമായ നിരോധനലംഘനമായിരുന്നു ഈ സംഭവം. വലിയ ആവേശമുയര്‍ത്താന്‍ ഇതിനു കഴിഞ്ഞു. സഞ്ചാരസ്വാതന്ത്ര്യം എന്ന പ്രശ്നം ജനമനസ്സുകളില്‍ ശക്തമായ ഓര്‍മയായി നില്‍ക്കാനും ഇത് സഹായകമായി. സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി ദാഹിച്ച ജനങ്ങളെ പാലിയം നാടുവാഴി മര്‍ദിച്ചൊതുക്കുകയും അവരുടെ പിണിയാളുകള്‍ അയിത്തജാതിക്കാരെ വേട്ടയാടുകയുമായിരുന്നു.

പാലിയത്തിനെതിരെ ഉയര്‍ന്നുവന്ന രൂക്ഷമായ ജനവികാരത്തിന്റെ ആവിഷ്കൃത രൂപമായിരുന്നു പാലിയം റോഡ് സമരസമിതി രൂപീകരണം. സമരസമിതി അംഗവും കമ്യൂണിസ്റ്റ് പ്രവര്‍ത്തകനുമായ രാഘവനെ ഒരു ഗുണ്ട മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം വലിയ ഒച്ചപ്പാടുകളുണ്ടാക്കി. പാലിയംനടയിലും പരിസരത്തും രോഷാകുലരായ ജനങ്ങള്‍ വന്നുനിറഞ്ഞു. സഹോദരന്‍ അയ്യപ്പനും പനമ്പള്ളിയും കമ്യൂണിസ്റ്റ് നേതാവ് ജി ഗോപാലകൃഷ്ണമേനോനും ചേന്ദമംഗലത്ത് കുതിച്ചെത്തി ജനങ്ങളെ സമാധാനിപ്പിച്ച് തിരിച്ചയച്ചു. പാലിയം ഹൈസ്കൂളില്‍ ഒത്തുതീര്‍പ്പ് യോഗം ചേര്‍ന്നു. ഏതു സാഹസത്തിനും തയ്യാറായിരുന്ന ജനങ്ങള്‍ക്ക് ഒത്തുതീര്‍പ്പ് തീര്‍ത്തും നിരാശാജനകമായിരുന്നു.

പാലിയം സമരസമിതി സഖാവ് ടി ഇ ബാലന്റെ നേതൃത്വത്തില്‍ ചേര്‍ന്ന് ഗാന്ധിയന്‍ സത്യഗ്രഹം ആരംഭിക്കാന്‍ തീരുമാനിച്ചു. സമരം ഉദ്ഘാടനംചെയ്യാന്‍ സഹോദരന്‍ അയ്യപ്പനെ ഉദ്ദേശിച്ചിരുന്നുവെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. "ഭരണത്തില്‍നിന്ന് ഇറങ്ങിയശേഷം സമരത്തിലാകാം'' എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. പകരം സാക്ഷാല്‍ സി കേശവനെത്തന്നെ സമരത്തിന്റെ ഉദ്ഘാടകനായി സംഘടിപ്പിക്കാന്‍ കഴിഞ്ഞു. എന്നാല്‍ കമ്യൂണിസ്റ്റ് നേതാക്കളുടെ കീഴില്‍ നടക്കുന്ന പാലിയം സമരം സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവായ സി കേശവന്‍ ഉദ്ഘാടനം ചെയ്യുന്നത് പ്രജാമണ്ഡലം നേതാക്കള്‍ക്കോ, സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കോ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. സി കേശവനെ ഉദ്ഘാടനകര്‍മത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. എന്നാല്‍ 1947 ഡിസംബര്‍ നാലാംതീയതി ചേന്ദമംഗലം നടയിലെ മാറ്റപ്പാടം എന്ന മൈതാനത്തില്‍ തിങ്ങിനിറഞ്ഞ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സമരത്തിന്റെ ഉദ്ഘാടനം ഗംഭീരമായിത്തന്നെ നടന്നു. നാനാജാതി-മതസ്ഥരായ സന്നദ്ധഭടന്മാര്‍ വര്‍ധിച്ച ആവേശത്തോടെയാണ് സമരസമിതി തീരുമാനിച്ചപോലെ അച്ചടക്കത്തോടെ സമാധാനപരമായി വിജയംവരെ സമരംചെയ്യുമെന്ന പ്രതിജ്ഞയോടെ മുന്നോട്ടുവന്നത്. അറസ്റ്റും മര്‍ദനവും ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവന്നു. സമരത്തിന്റെ രണ്ടാംഘട്ടം തുടങ്ങാന്‍ സഖാവ് എകെജി എത്തി. അണ്ടിപ്പിള്ളിക്കാവില്‍ നടന്ന മഹസമ്മേളനത്തില്‍ നാടുവാഴിത്തം അവസാനിപ്പിക്കുമെന്നും ജീവന്‍കൊടുത്തും ക്ഷേത്രവഴികളും ക്ഷേത്രങ്ങളും തുറക്കുമെന്നും എകെജി പ്രഖ്യാപിച്ചു. സമരത്തെ ഒരു അപ്രധാനസംഭവമായി അവഗണിച്ചിരുന്ന മാധ്യമങ്ങള്‍ എകെജിയുടെ വരവോടെയാണ് അതിനുവേണ്ട പ്രാധാന്യംകൊടുത്തുതുടങ്ങിയത്. സമരവാര്‍ത്തകള്‍ അനുദിനം പത്രത്തില്‍ റിപ്പോര്‍ട്ട്ചെയ്യണമെന്നും ജനങ്ങളില്‍ എത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സമരത്തിന്റെ ധീരനേതാക്കളില്‍ ഒരാളായ എ ഐ ജലീലിനെ ഈ ചുമതല പ്രത്യേകം ഏല്പിക്കുകയുംചെയ്തു. അതേസമയം പാലിയം ദിനകരന്‍ അച്ചന്റെ നേതൃത്വത്തില്‍ പത്രക്കാരെ സല്‍ക്കരിച്ച് സ്വാധീനിച്ച് കുറേയേറെ കമ്യൂണിസ്റ്റ്വിരുദ്ധ കള്ളവാര്‍ത്തകള്‍ ഇറക്കുകയുമുണ്ടായി. സത്യഗ്രഹികള്‍ക്കുനേരെ നടക്കുന്ന ഭീകരമര്‍ദനം ഒളിച്ചുവയ്ക്കുകയും 'കമ്യൂണിസ്റ്റ് അക്രമ'ഭീതി പരത്തുകയുമാണ് ഇത്തരം വാര്‍ത്തകള്‍ ചെയ്തത്. അക്രമങ്ങള്‍ക്കിരയായവര്‍ അക്രമികളായി അവതരിപ്പിക്കപ്പെട്ടു.

നമ്പൂതിരിമനകളില്‍നിന്ന് അന്തര്‍ജനങ്ങളും പാരമ്പര്യത്തിന്റെ കോവിലകങ്ങളില്‍നിന്ന് കൊടുങ്ങല്ലൂരിലെ തമ്പുരാട്ടിമാരും സമരരംഗത്തെത്തിയതും ഈ ഘട്ടത്തിലായിരുന്നു. അമ്പതിലധികം വനിതകള്‍ അണിനിരന്ന പാലിയം നടയിലേക്കുള്ള മാര്‍ച്ച് നയിച്ചത് ആര്യാപള്ളം ആയിരുന്നു. വളരെ ചെറുപ്പമായിരുന്ന പ്രിയദത്തയും ഐ സി പ്രിയദത്തയും ഇ എസ് സരസ്വതിയും ആര്യയോടൊപ്പം ഉണ്ടായിരുന്നു. സത്യഗ്രഹികളായ സ്ത്രീകള്‍ക്കും മൃഗീയമര്‍ദനം ഏല്‍ക്കേണ്ടിവന്നു. കൊച്ചി രാജകുടുംബാംഗങ്ങളായ രവിവര്‍മ, കേരളവര്‍മ എന്നീ രണ്ടു ചെറുപ്പക്കാര്‍ സമരവേദിയില്‍ എത്തിയതും ഈ കാലയളവിലാണ്. അവര്‍ക്കും ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടിവന്നു. ഈ സംഭവങ്ങള്‍ വമ്പിച്ച ജനശ്രദ്ധ പിടിച്ചുപറ്റി.

ബലംപ്രയോഗിച്ച് ക്ഷേത്രപ്രവേശനവും പാലിയംറോഡ് സഞ്ചാരവും നടത്തുവാന്‍ സത്യഗ്രഹികള്‍ നിശ്ചയിച്ചത് സമരത്തിന്റെ അടുത്ത ഘട്ടത്തെ സൂചിപ്പിക്കുന്നു. ഈ പരിപാടി മാര്‍ച്ച് 9-ാം തീയതിയാണ് നടപ്പാക്കാന്‍ തീരുമാനിച്ചത്. വടക്കന്‍ കൊച്ചി (തൃശൂര്‍ ജില്ല)യില്‍നിന്നും, തെക്കന്‍കൊച്ചി (എറണാകുളം)യില്‍നിന്നും രണ്ടുജാഥകള്‍ പുറപ്പെട്ട് ചേന്ദമംഗലത്ത് എത്തിച്ചേരണം എന്നായിരുന്നു തീരുമാനം. എറണാകുളത്തുനിന്ന് പുറപ്പെട്ട തെക്കന്‍ജാഥയെ നയിച്ചിരുന്നത് എ എസ് പുരുഷോത്തമന്‍, എം കെ കൃഷ്ണന്‍, സത്യവ്രതന്‍ തുടങ്ങിയവരായിരുന്നു. വൈപ്പിന്‍കരയില്‍വച്ചാണ് എ ജി വേലായുധന്‍ എന്ന അമ്പലപ്പറമ്പില്‍ ഗോവിന്ദന്‍ വേലായുധന്‍ ജാഥയില്‍ ചേര്‍ന്നത്. വടക്കന്‍ജാഥയെ നയിച്ചിരുന്നത് സഖാക്കള്‍എം എസ് കുമാരന്‍, എം എന്‍ നായര്‍ എന്നിവരായിരുന്നു. ജാഥകള്‍ പാലിയംനടയില്‍ എത്തിയതോടെ പൊലീസ് ഭീകരമായ ലാത്തിച്ചാര്‍ജ് ആരംഭിച്ചു. പൊലീസ്നിരയെ ഭേദിച്ച് ക്ഷേത്രനടയിലേക്ക് കുതിച്ചെത്തിയ എ ജി വേലായുധന്‍ പൊലീസ് പിടിയിലായി. ലോക്കപ്പിലും മര്‍ദനം തുടര്‍ന്നു. മറ്റനേകംപേര്‍ക്കും മര്‍ദനമേറ്റു. ഇതിനിടയിലാണ് എറണാകുളത്തുനിന്നും 4 ബസ്സുകളിലായി പാലിയത്തേക്ക് കുതിക്കുകയായിരുന്ന വന്‍ പൊലീസ്സംഘത്തെ പറവൂരില്‍നിന്ന് ചേന്ദമംഗലത്തേക്കു കടക്കുന്ന അയ്യപ്പന്‍പാലത്തിനുമുന്നില്‍വച്ച് കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ജനക്കൂട്ടം തടഞ്ഞത്. ഏതു സാഹസത്തിനും ഒരുങ്ങിയിരുന്ന രോഷാകുലരായ ജനക്കൂട്ടം സ്ഫോടനാത്മകമായ സാഹചര്യമാണ് സൃഷ്ടിച്ചത്. എന്‍ ശിവന്‍പിള്ള, ഐസക്തോമസ്, എന്‍ കെ മാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു ഈ ഉപരോധം. നേതാക്കളുടെയും വകതിരിവുള്ള ചില പൊലീസ്മേധാവികളുടെയും സംയമനം നിറഞ്ഞ അവസരോചിത നടപടികളാണ് വലിയ ദുരന്തങ്ങള്‍ ഒഴിവാക്കിയത്. ഏതായാലും ജനശക്തിയെ അധികകാലം തടഞ്ഞിടാന്‍ അധികാരശക്തിക്ക് സാധ്യമാവില്ലെന്ന പ്രഖ്യാപനങ്ങളായിരുന്നു ഈ സംഭവങ്ങളെല്ലാം.

പലതുകൊണ്ടും സവിശേഷമായ ഒരു സമരമായിരുന്നു പാലിയംസമരം. കമ്യൂണിസ്റ്റ് പാര്‍ടി നേരിട്ട് നയിച്ച അയിത്തവിരുദ്ധ ജാതിവിരുദ്ധ സമരമായിരുന്നു അത്. അയിത്ത ജാതിക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി നടത്തപ്പെട്ട ഈ സമരം അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമഗ്രസമരത്തിന്റെ ഭാഗമായിരുന്നു. നാനാജാതിമതസ്ഥരുടെ പങ്കാളിത്തം ഈ സമരത്തെ ശ്രദ്ധേയമാക്കി. ജാതീയമായ അടിച്ചമര്‍ത്തലില്‍ ഉള്‍ച്ചേര്‍ന്ന വര്‍ഗപരമായ ഉള്ളടക്കം ഈ സമരത്തിന്റെ പശ്ചാത്തലത്തിലും മുന്നേറ്റത്തിലും വ്യക്തമാക്കപ്പെട്ടു. രാജകുടുംബാംഗങ്ങളുടെ പങ്കാളിത്തമായിരുന്നു ഈ സമരത്തിന്റെ മറ്റൊരു പ്രത്യേകത. പാലിയം കുടുംബാംഗങ്ങളില്‍ ചിലരും ഈ സമരത്തെ പിന്തുണച്ചിരുന്നു. തികച്ചും ആധുനികവും പുരോഗമനോന്മുഖവും ആയ ഒരു ലോകവീക്ഷണത്തിന്റെയും സാമൂഹ്യബോധത്തിന്റെയും നേരിട്ടുള്ള സ്വാധീനം ഇവിടെ പ്രകടമാണ്. കൊച്ചി പ്രജാമണ്ഡലം, തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നീ സംഘടനകളുടെ പുരോഗമനാശയങ്ങളോടുള്ള വിമുഖതയും സ്ഥാപിത താല്‍പ്പര്യങ്ങളോടുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ഒത്തുതീര്‍പ്പുകളും ഈ സമരത്തിന്റെ പശ്ചാത്തലത്തില്‍ വെളിവാക്കപ്പെട്ടു. ഇന്ത്യ പോലെയുള്ള ഒരു വലിയ രാജ്യത്ത് വര്‍ഗസമരത്തിന്റെ പ്രയോഗം എത്ര സങ്കീര്‍ണവും പ്രയാസകരവുമാണെന്നും പാലിയം സമരചരിത്രം നമ്മെ ഓര്‍മപ്പെടുത്തുന്നു.

ഡോ. കെ വി കുഞ്ഞികൃഷ്ണന്‍ ദേശാഭിമാനി വാരിക 2009 ജൂലൈ 12 ലക്കം

ഊന്നല്‍ ഉദാരവല്‍ക്കരണം തന്നെ

പുത്തന്‍ സാമ്പത്തികനയത്തിന്റെ വഴിതന്നെയാണ് ആഗോള സാമ്പത്തികപ്രതിസന്ധിയുടെ നാളുകളിലും തങ്ങള്‍ തുടരുന്നതെന്ന ഔദ്യോഗിക പ്രഖ്യാപനമാണ് ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി അവതരിപ്പിച്ച ബജറ്റ്. ഒരു മേഖലയ്ക്കും പ്രത്യേക ഊന്നല്‍ നല്‍കാതെയുള്ള ബജറ്റ് ഇന്നത്തെ കാലത്ത് രാജ്യം നേരിടുന്ന വെല്ലുവിളിയെ നേരിടുന്നതിനു പര്യാപ്തമല്ല. സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത് വര്‍ധിപ്പിച്ച് സമ്പദ്ഘടനയ്ക്ക് ചലനാത്മകത നല്‍കുന്ന രീതിയാണ് മിക്കവാറും രാജ്യങ്ങള്‍ ഇപ്പോള്‍ പിന്തുടരാന്‍ ശ്രമിക്കുന്നത്. സാമ്പത്തികച്ചെലവ് വര്‍ധിച്ചതും പുതിയ ചരിത്രം സൃഷ്ടിച്ചതും ആവേശപൂര്‍വം പ്രഖ്യാപിക്കുന്ന ധനമന്ത്രി ചൈനപോലുള്ള അയല്‍ രാജ്യങ്ങളിലെ സ്ഥിതിഗതി നോക്കുന്നത് നന്നായിരിക്കും. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 15 ശതമാനത്തിലധികം പുതിയ പാക്കേജിനായി ചെലവഴിക്കുന്നവരുമായി താരതമ്യം ചെയ്യാന്‍പോലും കഴിയാത്ത അവസ്ഥയാണ് നമ്മുടേത്. ബജറ്റില്‍ പറയുന്ന പണംതന്നെ എവിടെനിന്ന് വരുന്നെന്ന കൃത്യമായ ചിത്രം ധനമന്ത്രിക്കില്ല. പൊതുമേഖല വിറ്റഴിക്കുന്നതില്‍നിന്നുതന്നെയായിരിക്കണം അധികവരുമാനം പ്രതീക്ഷിക്കുന്നത്. ഓഹരി വില്‍പ്പനയുടെ വേഗം വര്‍ധിപ്പിക്കുമെന്ന് അമിതാവേശത്തോടെ ധനസെക്രട്ടറി പത്രസമ്മേളനത്തില്‍ പറഞ്ഞതില്‍നിന്ന് അത് വ്യക്തമാണ്.

ദേശസാല്‍ക്കരണത്തിന്റെയും പൊതുനിക്ഷേപ വര്‍ധനയുടെയും പഴയ വഴിയിലൂടെ ആഗോള മുതലാളിത്തം വീണ്ടും സഞ്ചരിക്കാന്‍ നിര്‍ബന്ധിതമാകുമ്പോഴും കോണ്‍ഗ്രസിനു പഥ്യം സ്വകാര്യമൂലധനമാണ്. ധനമേഖല സ്വകാര്യവല്‍ക്കരിക്കില്ലെന്ന് ഉറപ്പു പറയുന്നുണ്ടെങ്കിലും അത് കുറുപ്പിന്റെ ഉറപ്പായി മാറാനാണ് സാധ്യത. അധിക വരുമാനം കണ്ടെത്തണമെന്നും നികുതിഘടന പരിഷ്കരിക്കണമെന്നും സൂചിപ്പിക്കുന്നുണ്ടെങ്കിലും സാധ്യതയുള്ള മേഖലകളില്‍ തൊടാന്‍ ധൈര്യം കാണിക്കുന്നില്ല. പ്രത്യക്ഷനികുതിയില്‍ വര്‍ധനയൊന്നും വരുത്തിയിട്ടില്ല. കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ലാഭത്തില്‍നിന്നുള്ള നികുതി ചെറുതായി വര്‍ധിപ്പിച്ചെങ്കിലും ഉയര്‍ന്ന വരുമാനക്കാരുടെ ആദായനികുതി നിരക്ക് ഉയര്‍ത്താനും പ്രണബ് മുഖര്‍ജി തയ്യാറാകാത്തത് ഈ സര്‍ക്കാരിന്റെ പക്ഷപാതിത്വത്തെയാണ് കാണിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം പൂര്‍ണമായും എടുത്തുകളയണമെന്ന സാമ്പത്തിക സര്‍വേയുടെ നിര്‍ദേശത്തിന്റെ ചുവടുപിടിച്ചുതന്നെയാണ് പുതിയ ടാസ്ക് ഫോഴ്സ് രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. അധികം വൈകാതെ ഈ പ്രക്രിയ പൂര്‍ത്തീകരിക്കും. ഇതുതന്നെയാണ് രാസവളങ്ങളുടെ സബ്സിഡിയുടെ കാര്യത്തിലുമുള്ളത്. കര്‍ഷകന് നേരിട്ട് സബ്സിഡി നല്‍കണമെന്ന കാര്യം വര്‍ഷങ്ങള്‍ക്കുമുമ്പ് ചിദംബരം പറഞ്ഞതാണ്. പടിപടിയായി സബ്സിഡി ഇല്ലാതാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.

വിലക്കയറ്റംമൂലം കഷ്ടപ്പെടുന്ന മഹാഭൂരിപക്ഷം വരുന്ന ജനതയ്ക്ക് ആശ്വാസം നല്‍കുന്ന ക്രിയാത്മക പദ്ധതിയൊന്നുംതന്നെ പ്രഖ്യാപിക്കാത്തത് കഷ്ടമാണ്. സാമൂഹ്യ സേവനമേഖലകള്‍ക്ക് ആവശ്യമായ പണം ഒട്ടുംതന്നെ വകയിരുത്തിയിട്ടില്ല. സാര്‍വത്രിക വിദ്യാഭ്യാസം നിയമപരമായി ഉറപ്പുവരുത്തുന്ന കാലത്ത് അതിനുള്ള വകയിരുത്തലില്‍ ആനുപാതിക വര്‍ധന വരുത്താത്തത് പ്രതിഷേധാര്‍ഹമാണ്. ആരോഗ്യമേഖലയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. അസംഘടിതമേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാപദ്ധതികള്‍ക്ക് നാമമാത്ര വര്‍ധന മാത്രമാണ് വരുത്തിയിട്ടുള്ളത്. പുതിയ നിയമം നടപ്പാക്കുന്നതിന് എത്ര പണം മാറ്റിവയ്ക്കുമെന്ന് കൃത്യമായി പറയാനും തയ്യാറായിട്ടില്ല. തൊഴിലുറപ്പു പദ്ധതിയിലെ മിനിമം കൂലി 100 രൂപയാക്കി ഉയര്‍ത്തിയത് പല സംസ്ഥാനത്തിനും സഹായകരമാണ്. എന്നാല്‍, ഉയര്‍ന്ന കൂലിനിരക്കുള്ള കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ ഇത് വലിയ ഗുണംചെയ്യില്ല. കാര്‍ഷികമേഖലയിലും ഗ്രാമീണ റോഡ് നിര്‍മാണരംഗത്തും പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി വ്യാപിപ്പിക്കുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, അത് എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. കാര്‍ഷികമേഖലയുടെ ഇന്നത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പുതിയ നിര്‍ദേശം ഒന്നുംതന്നെ ബജറ്റില്ലില്ല. നാലു ശതമാനം പലിശ നിരക്കില്‍ കര്‍ഷകന് വായ്പ നല്‍കണമെന്ന ന്യായമായ ആവശ്യത്തോട് പുറംതിരിഞ്ഞുനില്‍ക്കുകയാണ് ധനമന്ത്രി. ഭക്ഷ്യസുരക്ഷാപദ്ധതി നിലവിലുള്ള ആനുകൂല്യം കുറയ്ക്കുകയാണ് ചെയ്യുന്നത്. അന്ത്യോദയപദ്ധതിപ്രകാരം രണ്ടു രൂപയ്ക്ക് 35 കിലോ അരി ലഭിക്കുന്ന അതിദരിദ്രര്‍ക്ക് ഇനി ഒരു കിലോ അരിക്ക് മൂന്നു രൂപ നല്‍കേണ്ടിവരും. ലഭിക്കുന്ന അരിയുടെ അളവ് 25 കിലോയായി കുറയുകയും ചെയ്യും. എപിഎല്ലുകാര്‍ക്ക് ഉള്‍പ്പെടെ റേഷന്‍ സമ്പ്രദായമുള്ള കേരളത്തിന് ഇത് കനത്ത ബാധ്യത സൃഷ്ടിക്കും. പൊതുവെ പാപ്പരീകരണവും തൊഴിലില്ലായ്മയും ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്.

കേരളത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിരാശയാണുള്ളത്. പുതിയ വന്‍ പദ്ധതിയൊന്നുംതന്നെ പ്രഖ്യാപിച്ചില്ല. കൊച്ചി മെട്രോയ്ക്ക് ആസൂത്രണ കമീഷന്റെ അനുമതികൂടി ലഭിച്ചതോടെ ഈ ബജറ്റില്‍ പച്ചക്കൊടിയും വകയിരുത്തലും പ്രതീക്ഷിച്ചിരുന്നു. കനത്ത സമ്മര്‍ദം ചെലുത്തി അത് നേടിയെടുക്കേണ്ടതുണ്ട്. പുതിയ ഐഐടികള്‍ ആരംഭിക്കുന്നതിനുള്ള വകയിരുത്തലുകള്‍ പ്രഖ്യാപിച്ചെങ്കിലും കേരളത്തിന്റെ ചിരകാല സ്വപ്നത്തോട് ഇത്തവണയും നീതി പുലര്‍ത്താന്‍ തയ്യാറായില്ല. അലിഗഢ് സര്‍വകലാശാലയുടെ ക്യാമ്പസ് മലപ്പുറം ജില്ലയില്‍ ആരംഭിക്കുന്നതിന് 25 കോടി വകയിരുത്തിയത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനസര്‍ക്കാരിന്റെ ദീര്‍ഘകാലത്തെ ശ്രമത്തിന്റെ വിജയമാണത്. ബജറ്റില്‍ പണം വകയിരുത്താത്തതാണ് ക്യാമ്പസ് തുടങ്ങാന്‍ കഴിയാത്തതിന്റെ മുഖ്യതടസ്സമെന്ന സംസ്ഥാനസര്‍ക്കാരിന്റെ അഭിപ്രായം ശരിവയ്ക്കപ്പെട്ടതോടെ നുണപ്രചാരവേല നടത്തിയിരുന്നവര്‍ മാപ്പുപറയാന്‍ തയ്യാറാകണം. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മടങ്ങിവരുന്ന പ്രവാസികളെ സംരക്ഷിക്കുന്നതിന് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം ഇത്തവണയും പരിഗണിച്ചില്ല. കേരളംപോലുള്ള സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് അത്. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വായ്പ എടുക്കാന്‍ കഴിയുന്ന രീതിയില്‍ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും ഇന്നത്തെ ആവശ്യത്തിന്റെ വക്കുകടിക്കാന്‍ അതു തികയാതെ വരും. ജനസംഖ്യാനുപാതികമായ കേന്ദ്രനിക്ഷേപം സംസ്ഥാനത്തിനു ലഭിക്കുന്നതിന് കനത്ത സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 2009 ജൂലൈ 07

Monday, July 6, 2009

സിബിഐ ഇപ്പോള്‍ എന്തുചെയ്യുകയാണ്?

കഴിഞ്ഞ ഒരാഴ്ചയായി സിബിഐ എന്തുചെയ്യുകയാണ്? ലാവ്ലിന്‍ കേസിലെ സബിഐ നീക്കങ്ങളെപ്പറ്റി നിറംകലര്‍ത്തിയ വാര്‍ത്തകളുടെ തല്‍സമയ സംപ്രേഷണമായിരുന്നല്ലോ നാം കണ്ടുകൊണ്ടിരുന്നത്. പിണറായി വിജയനെ പ്രതിയാക്കാന്‍ നിശ്ചയിച്ചുവെന്ന്, ഹൈക്കോടതിയില്‍ മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് ഹാജരാക്കുന്നതിനും ആഴ്ചകള്‍മുമ്പേ വീക്ഷണം, ചന്ദ്രിക തുടങ്ങിയ അന്വേഷണാത്മക പത്ര വീരന്മാരും, തുടര്‍ന്ന് 'മ' കാര മാധ്യമങ്ങളും പുലമ്പിവന്ന സിബിഐയുടെ ചടുലത ഇപ്പോള്‍ എവിടെപ്പോയി?

എറണാകുളം സിബിഐ പ്രത്യേക കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലെ പല വരികളിലും കാര്‍ത്തികേയന്റെ പങ്ക് തെളിഞ്ഞുനില്‍ക്കുന്നു. കോടതി രേഖകളിലെ കരാറുകളില്‍ ആദ്യത്തെ രണ്ട് ഒപ്പുകളും കാര്‍ത്തികേയന്റേതാണ്. ആദ്യ രണ്ടു കരാറുകള്‍ കുറ്റകരമല്ലെങ്കില്‍ പിണറായി വിജയന്‍ ഒപ്പുവച്ച അനുബന്ധ കരാറിനെയും കുറ്റംപറയാനാവില്ലല്ലോ. രണ്ടുതവണ ഒപ്പുവച്ച കാര്‍ത്തികേയനെതിരെ തെളിവില്ല എന്ന 'മുന്‍വിധി' സിബിഐ നടത്തിയത് കോടതിയുടെ അധികാര പരിധിക്കുമേലുള്ള കടന്നുകയറ്റംകൂടിയാണ്. ഒരു കേസില്‍ തെളിവുണ്ടോ എന്നു നോക്കലാണ് കോടതിയുടെ പ്രാഥമികമായ ജോലിയെന്നിരിക്കെ കോടതിയെപ്പോലും നോക്കുകുത്തിയാക്കി, കാര്‍ത്തികേയനെ കുറ്റവിമുക്തനാക്കി സിബിഐ നടത്തിയ വിധി പ്രസ്താവന തന്നെയായിരുന്നു ആ കുറ്റപത്രം. കേസിന്റെ വഴി തിരിച്ചുവിട്ടുകൊണ്ട് കോടതി കാര്‍ത്തികേയനെതിരായി അന്വേഷണം നടത്താന്‍ ഉത്തരവിട്ടപ്പോള്‍ തുറന്നുകാട്ടപ്പെട്ടത് ലാവ്ലിന്‍ കേസിലെ രാഷ്ട്രീയംതന്നെയാണ്. കാര്‍ത്തികേയനെ ഒഴിവാക്കിയതിനുപിന്നിലെ രാഷ്ട്രീയം എന്തൊക്കെയാണോ അതുതന്നെയാണ് പിണറായി വിജയനെ പ്രതിയാക്കാനും സിബിഐയെ നിര്‍ബന്ധിച്ചത്.

ഒരു കേന്ദ്രമന്ത്രിതന്നെ, ഒരു കേസില്‍ പ്രതിക്ക് ജാമ്യം കൊടുക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടതായി മദ്രാസ് ഹൈക്കോടതി ജഡ്ജി വെളിപ്പെടുത്തിയിരിക്കുന്നു. ജഡ്ജിമാരെ സ്വാധീനിക്കാന്‍ നടക്കുന്ന കേന്ദ്രമന്ത്രിമാര്‍ സിബിഐയെ സ്വാധീനിക്കുമെന്ന് കാണാന്‍ സാമാന്യ ബുദ്ധി മതി. കാര്‍ത്തികേയനെതിരെ കോടതി നിര്‍ദ്ദേശിച്ച പ്രകാരം അന്വേഷണം നടത്താന്‍ സിബിഐ ശ്രമം തുടങ്ങിയോ? നമ്മുടെ നാട്ടിലെ അന്വേഷണാത്മക മാധ്യമശിങ്കങ്ങള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നത്. കാര്‍ത്തികേയനെതിരെ കോടതിതന്നെ അന്വേഷണം ഏര്‍പ്പെടുത്തിയതില്‍ ക്രൈം നന്ദകുമാറിനും അദ്ദേഹത്തിന്റെ ഗുരു വീരേന്ദ്രകുമാറിനും ആഹ്ളാദം കണ്ടില്ല. സത്യം തെളിഞ്ഞു കാണാനിടയാകുമല്ലോ എന്ന സന്തോഷത്താല്‍ മുഖപ്രസംഗം എഴുതിയവരുമില്ല. ചാനല്‍ ശിശുക്കളായ പ്രതികരണ വിരുതന്മാര്‍ക്കും ഇഛാഭംഗമായി. പ്രതിപക്ഷ ഉപനേതാവിന്റെ പദവി ഒഴിയുമോയെന്ന് ഒരു ചാനല്‍ പ്രവര്‍ത്തകനും കാര്‍ത്തികേയനോട് ചോദിക്കുന്നില്ല. കാര്‍ത്തികേയന്റെ മൂന്നുവരി പ്രസ്താവനകൊണ്ട് വിശപ്പടക്കിപ്പോയ കേരളത്തിലെ മാധ്യമക്കൂട്ടങ്ങള്‍ക്ക് പെട്ടെന്ന് അരങ്ങൊഴിയേണ്ടി വന്നത് മാധ്യമങ്ങളുടെ കള്ള രാഷ്ട്രീയക്കളിയല്ലാതെ മറ്റ് ഏതു കാരണത്താലാണ്.

സിപിഐ (എം)ന്റെ ഒരു പ്രാദേശിക പ്രവര്‍ത്തകനോടുപോലും കാട്ടാന്‍ കഴിയാത്ത ധിക്കാരം നിറഞ്ഞ ഓരിയിടലായിരുന്നു മാധ്യമ പ്രവര്‍ത്തകരെന്ന "ഒളിയിട''ത്തിലിരുന്ന് പിണറായി വിജയനെ വ്യക്തിഹത്യ ചിലര്‍ നടത്തിവന്നത്. സിപിഐ (എം) സെക്രട്ടറിയോട് "പോയപോലെതന്നെ തിരിച്ചു വരുമോ'' യെന്ന ധാര്‍ഷ്ഠ്യം നിറഞ്ഞ ചോദ്യമുന്നയിക്കുന്നവരുടെ അഹന്ത ആര്‍ക്കും അസഹനീയമാണ്. മാധ്യമപ്രവര്‍ത്തനമെന്ന സംരക്ഷിത ബങ്കറിലിരുന്നു നടത്തുന്ന ഈ ജനകീയാക്രമണത്തോട് പ്രതികരിച്ചുപോയാല്‍ 'ക്രൂരനായ' നേതാവായി ചിത്രീകരിച്ചവതരിപ്പിക്കാന്‍ കെണിയൊരുക്കുന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍പോലും കാര്‍ത്തികേയനെയോ, ഗോഡ്ഫാദറായ ആന്റണിയെയോ തേടിപ്പോയില്ല. ഇടയ്ക്കെവിടെവെച്ചോ ആന്റണിയോട് ചോദ്യം ചോദിച്ചപ്പോഴാകട്ടെ ആന്റണി പതിവില്ലാത്ത കടുത്ത സ്വരത്തില്‍ തിരിച്ചുപറഞ്ഞത് അധികമാരും അറിഞ്ഞിട്ടുമില്ല. ആന്റണിയുടെ മാറ്റത്തിന്റെ പിറകില്‍ ലാവ്ലിന്റെ എന്തെല്ലാം ഒളിഞ്ഞിരിക്കുന്നുവെന്ന ചോദ്യമുയര്‍ത്താനോ കുറ്റ്യാടി പദ്ധതിമുതല്‍ ലാവ്ലിനുമായി ഇടപാടുകള്‍ നടത്തിയ ആന്റണി-കാര്‍ത്തികേയന്‍മാരെ അഭിമുഖംനടത്തി, സത്യം തേടാനോ നേരമില്ലാത്ത 'ഞങ്ങളുടെ ഭക്ഷണം വേറെ'യാണെന്ന ഭാവത്തില്‍ വെറും വെജിറ്റേറിയന്‍മാരായി മാറിയവരെക്കുറിച്ച് എന്തുപറയാനാണ്.

സിബിഐയുടെ കാര്യമാണ് ധര്‍മ്മസങ്കടത്തിലായത്. കാര്‍ത്തികേയന്റെ പങ്ക് കുറ്റപത്രത്തിലുടനീളം നിരത്തിയെഴുതിയ സ്ഥിതിക്ക് കാര്‍ത്തികേയനെ കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ത്തുകൊടുക്കലാണ് ഒരു വഴി. അപ്പോള്‍ കാര്‍ത്തികേയന്‍ മിണ്ടിയെന്നുവരാം. അത് ആന്റണിക്ക് ബുദ്ധിമുട്ടായെന്നു വരാം. തങ്ങളുടെ ഡല്‍ഹിയിലെ തമ്പ്രാക്കളെ ബുദ്ധിമുട്ടിക്കുന്ന യാതൊന്നും ചെയ്യാന്‍ സിബിഐക്ക് യാതൊരു സ്വാതന്ത്യ്രവും കിട്ടിയിട്ടില്ല. അപ്പോള്‍ ആന്റണിയിലേക്കുതന്നെ കാര്യങ്ങള്‍ ചെന്നെത്തിയാലോ? ആന്റണി കാര്‍ത്തികേയന്‍മാരെ വീണ്ടും ഒഴിവാക്കി കോടതിയിലേക്ക് ചെല്ലുന്ന സിബിഐയെ കാത്ത് നിരവധി ചോദ്യങ്ങള്‍ ബാക്കിനില്‍ക്കുകയുമാണ്. വരദാചാരിയുടെ തല പരിശോധിക്കേണ്ടി വരുന്നതിലെ മറിമായങ്ങള്‍കൂടി നോക്കുമ്പോഴേക്ക് സിബിഐ തന്നെ പ്രതിക്കൂട്ടിലേക്ക് കയറി നില്‍ക്കേണ്ടിവരും.

അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരിക 2009 ജൂലൈ 10 ലക്കം

Sunday, July 5, 2009

നാശത്തിന്റെ വഴി

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെറ്റിദ്ധരിക്കപ്പെട്ടോ അബദ്ധത്തിലോ അതുപോലുള്ള മറ്റേതെങ്കിലും കാരണത്താലോ കൈപ്പത്തി ചിഹ്നത്തില്‍ വോട്ടുചെയ്തുപോയവരെ പശ്ചാത്താപത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നതാണ് യുപിഎ സര്‍ക്കാരിന്റെ നടപടിയോരോന്നും. പെട്രോള്‍-ഡീസല്‍ വിലവര്‍ധനയ്ക്കു തൊട്ടുപിന്നാലെ വന്ന സാമ്പത്തിക സര്‍വേയും അടുത്തദിവസം അവതരിപ്പിക്കപ്പെട്ട റെയില്‍ബജറ്റും രാജ്യത്തെ എത്രമാത്രം അപകടകരമായ വഴിയിലൂടെയാണ് യുപിഎ സര്‍ക്കാര്‍ നയിക്കുന്നത് എന്നതിന് തുടരെത്തുടരെയുള്ള തെളിവുകളാണ്. രാജ്യതാല്‍പ്പര്യവും ജനതാല്‍പ്പര്യവും കളഞ്ഞുകുളിക്കുന്ന പരിഷ്കരണ അജന്‍ഡ മറയില്ലാതെ നടപ്പാക്കുകയാണ്. സബ്സിഡി വെട്ടിക്കുറയ്ക്കല്‍, സാമ്പത്തിക ഉദാരവല്‍ക്കരണം, ഓഹരിവില്‍പ്പന, സ്വകാര്യവല്‍ക്കരണം തുടങ്ങിയ നവഉദാരവല്‍ക്കരണ നടപടികളാണ് സാമ്പത്തിക സര്‍വേയിലൂടെ മുന്നോട്ടുവച്ചതെങ്കില്‍, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ പടിപടിയായി സ്വകാര്യമൂലധനത്തിന്റെ കൈപ്പിടിയിലാക്കുന്ന നിര്‍ദേശങ്ങളാണ് റെയില്‍വേ ബജറ്റിലുള്ളത്.

2008-09 വര്‍ഷത്തെ വളര്‍ച്ചനിരക്ക് 6.7 ശതമാനമായി ഇടിഞ്ഞു; കാര്‍ഷികവളര്‍ച്ചാരംഗത്ത് 3.3 ശതമാനവും ഉല്‍പ്പന്നനിര്‍മാണരംഗത്ത് 5.8 ശതമാനവും ഇടിവുണ്ടായി; ആളോഹരി ഉപഭോഗം 6.9 ശതമാനത്തില്‍നിന്ന് 1.4 ശതമാനമായി എന്നിങ്ങനെയുള്ള വിഷമകരമായ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കുന്ന സാമ്പത്തിക സര്‍വേ ഈ പ്രതിസന്ധി തരണംചെയ്യാന്‍ മുന്നോട്ടുവയ്ക്കുന്നത് നിര്‍ണായകമേഖലകളില്‍ വിദേശനിക്ഷേപം അനുവദിക്കുക, ധനമേഖലയില്‍ നിയന്ത്രണം എടുത്തുകളയുക തുടങ്ങിയ നിര്‍ദേശങ്ങളാണ്. ഇന്‍ഷുറന്‍സ്, ബാങ്കിങ്, പ്രതിരോധം, ചില്ലറവില്‍പ്പന മേഖലകളില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള നീക്കം രാജ്യത്തെ അനേക കോടി സാധാരണക്കാരുടെ കഞ്ഞിയില്‍ മണ്ണുവാരി ഇടുന്നതാണെന്നതില്‍ തര്‍ക്കമില്ല. കോര്‍പറേറ്റുകളോടു തുറന്ന ഔദാര്യവും സാധാരണ ജനങ്ങളോടു പകനിറഞ്ഞ കാര്‍ക്കശ്യവുമാണ് സര്‍വേയിലൂടെ അവതരിപ്പിക്കപ്പെടുന്ന സമീപനം. പൊതുമേഖലാ ഓഹരികള്‍ വിറ്റ് വരുമാനം കണ്ടെത്താന്‍ അനിതരസാധാരണമായ ആവേശമാണ് സര്‍വേയില്‍ പ്രകടമാകുന്നത്.

വികസിത മുതലാളിത്ത രാജ്യങ്ങളെയാകെ ബാധിച്ച വിനാശകരമായ ധനത്തകര്‍ച്ച ബാധിക്കാതെ താരതമ്യേന ഇന്ത്യന്‍ ധനമേഖല നിലകൊണ്ടത് കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഇടതുപക്ഷത്തിന്റെ ഇടപെടല്‍ കൊണ്ടാണ്. അതിനുള്ള പ്രധാന കാരണം നിലനില്‍ക്കുന്ന നിയന്ത്രണങ്ങളും ധനമേഖലയ്ക്കുമേല്‍ പൊതുമേഖലയ്ക്കുള്ള മേധാവിത്വവുമാണ്. ഇന്ത്യന്‍ സ്വകാര്യ ബാങ്കുകളെ ഏറ്റെടുക്കാന്‍ വിദേശബാങ്കുകള്‍ക്ക് അവസരമൊരുക്കുന്ന ബാങ്കിങ് റെഗുലേഷന്‍ (ഭേദഗതി) ബില്‍ പാസാക്കുന്നത് വിലക്കിയത് ഇടതുപക്ഷമാണ്. ഇന്‍ഷുറന്‍സ് മേഖലയിലെ എഫ്ഡിഐ 26 ശതമാനത്തില്‍നിന്ന് 49 ശതമാനമായി വര്‍ധിപ്പിക്കാനുള്ള നിയമം പാസാക്കുന്നത് തടഞ്ഞതും പെന്‍ഷന്‍ ഫണ്ടുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനും ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിനും വേണ്ടിയുള്ള നിയമനിര്‍മാണം തടഞ്ഞതും ഇടതുപക്ഷമാണ്. ഇടതുപക്ഷത്തിന്റെ പിന്തുണ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ആവശ്യമില്ലാത്ത അവസ്ഥ തങ്ങളുടെ നവ ഉദാരവല്‍ക്കരണ നടപടികളെ കെട്ടഴിച്ചുവിടാനുള്ള അവസരമായാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്.

2008ല്‍ വിദേശസ്ഥാപന നിക്ഷേപകര്‍ ഇന്ത്യയില്‍നിന്ന് 1310 കോടി ഡോളറാണ് (67,000 കോടി രൂപ) കടത്തിക്കൊണ്ടുപോയത്. 2009 മാര്‍ച്ച് മധ്യംവരെ മറ്റൊരു 23 കോടി ഡോളര്‍ (11,800 കോടി രൂപ) കൂടി കൊണ്ടുപോയി. ആ കണക്ക് കുത്തനെ ഉയര്‍ത്തുന്നതാണ് സാമ്പത്തിക സര്‍വെയിലൂടെ ആവര്‍ത്തിച്ച് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ധനപ്രതിസന്ധിയുടെ അനുഭവത്തില്‍നിന്ന് യുപിഎ സര്‍ക്കാര്‍ ഒന്നും പഠിച്ചില്ലെന്നാണ് ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്കുശേഷവും ധനഉദാരവല്‍ക്കരണനടപടി തുടരാനുള്ള ഉറച്ച നീക്കത്തില്‍നിന്നു വ്യക്തമാകുന്നത്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കുന്നതിനും നടപടികളെടുത്തില്ലെങ്കില്‍ സമ്പദ്ഘടനയ്ക്ക് കരകയറാനാകില്ല.

ഗ്രാമവികസനം, കൃഷി, സാമൂഹ്യ മേഖലകള്‍, പശ്ചാത്തല വികസനം എന്നിവയിലും പൊതുനിക്ഷേപം വന്‍തോതില്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. ധനമേഖലയ്ക്കുമേല്‍ ശക്തമായ നിയന്ത്രണം; ഊഹാധിഷ്ഠിതമൂലധനത്തിന്റെ വരവിനും പോക്കിനും നിയന്ത്രണം ഏര്‍പ്പെടുത്തുക; വികസനപരമായ ധനത്തിന്റെ പുനരുജ്ജീവനം എന്നിത്യാദി നടപടികളാണ് മുന്‍ഗണന അര്‍ഹിക്കുന്നതെന്നിരിക്കെ, ഓഹരി വില്‍പ്പനയിലും സ്വകാര്യവല്‍ക്കരണത്തിലും അഭയംതേടുന്ന സര്‍ക്കാര്‍ നശീകരണപ്രവര്‍ത്തനമാണ് നടത്തുന്നതെന്നതില്‍ തര്‍ക്കമില്ല. അതിന്റെ പ്രഖ്യാപനമാണ് സാമ്പത്തിക സര്‍വെ അവതരിപ്പിച്ച് ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി നടത്തിയത്.

മമതാ ബാനര്‍ജി വെള്ളിയാഴ്ച അവതരിപ്പിച്ച റെയില്‍വേ ബജറ്റാകട്ടെ, ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനകരമായ സാമ്പത്തിക ഔന്നത്യം തകരുന്നതിന്റെ സാക്ഷ്യപത്രമാണ്. 2008-09 വര്‍ഷത്തെ ബജറ്റില്‍ റെയില്‍വേയുടെ മിച്ചം 20,000 കോടി രൂപയായിരുന്നത് ഇക്കൊല്ലത്തെ ഇടക്കാല ബജറ്റില്‍ അതില്‍ 6500 കോടി കുറഞ്ഞു. ഇപ്പോള്‍ വെറും 8700 കോടിയിലെത്തിയിരിക്കുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ സാമ്പത്തിക ഭദ്രത തകരുകയാണെന്ന് ഈ കണക്ക് സൂചിപ്പിക്കുന്നു. കെട്ടിട സമുച്ചയങ്ങള്‍, ലോകനിലവാര സ്റ്റേഷനുകള്‍, ഭൂമി ബാങ്ക് തുടങ്ങിയ പ്രഖ്യാപനങ്ങള്‍ റെയില്‍വേയുടെ നടത്തിപ്പിലേക്ക് സ്വകാര്യമേഖലയെ കൈപിടിച്ചുകയറ്റാനുള്ളതാണ്. കേരളത്തെ സംബന്ധിച്ചാണെങ്കില്‍, പ്രത്യേക റെയില്‍വേ സോണ്‍ എന്ന മുഖ്യ ആവശ്യംതന്നെ നിരാകരിക്കപ്പെട്ടു. പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, മലയോര റെയില്‍വേ തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തെ പരിഗണിച്ചില്ല. പുതിയ തീവണ്ടികള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അവ ഓടിക്കാനുള്ള പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ പണമില്ല. അടിസ്ഥാന സൌകര്യ വികസനത്തില്‍ കേരളത്തോട് കടുത്ത അവഗണനയാണ് കാണിച്ചത്. ക്രമരഹിതമായ സ്വകാര്യവല്‍ക്കരണത്തിലാണ് മമതാ ബാനര്‍ജിയുടെ ബജറ്റിന്റെ എല്ലാ ഊന്നലും. അതാകട്ടെ, മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് അനുരോധമായതും കടുത്ത ജനവിരുദ്ധനിലപാടില്‍ കെട്ടിപ്പടുത്തതുമാണ്.

യുപിഎ സര്‍ക്കാരിന്റെ തെറിച്ച നയങ്ങള്‍ക്കെതിരായ കരുത്തന്‍ പ്രക്ഷോഭത്തിന് രാജ്യം തയ്യാറെടുക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിടുന്നതാണ് സാമ്പത്തിക സര്‍വേയും റെയില്‍ ബജറ്റും. അത്തരം പ്രക്ഷോഭങ്ങളില്‍ ഇന്നലെവരെ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നവര്‍പോലും സ്വമേധയാ അണിനിരക്കേണ്ട സാഹചര്യമാണ് സംജാതമാകുന്നത്.

ദേശാഭിമാനി മുഖപ്രസംഗം 04 ജൂലൈ 2009

Saturday, July 4, 2009

ജനപ്രിയ മുഖംമൂടിയണിഞ്ഞ സ്വകാര്യവല്‍ക്കരണം

സ്വാതന്ത്ര്യത്തിന്റെ ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും വികസനത്തില്‍ ജനങ്ങള്‍ക്ക് പങ്കാളിത്തമില്ലെന്ന് വിലപിച്ചാണ് മമത ബാനര്‍ജി റെയില്‍വേ ബജറ്റ് അവതരിപ്പിച്ചത്. സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ താല്‍പ്പര്യങ്ങള്‍ക്കായിരിക്കും തന്റെ പരിഗണനയെന്നും അവര്‍ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍, അവര്‍ അവതരിപ്പിച്ച ബജറ്റിലെ ഊന്നല്‍ ലാഭക്കണക്കുകളില്‍മാത്രം കണ്ണുംനട്ട് കഴുത്തറപ്പന്‍വഴികളിലൂടെ സഞ്ചരിക്കുന്ന സ്വകാര്യമേഖലയുടെ കൈകളിലേക്ക് റെയില്‍വേയെ പടിപടിയായി കൈമാറുകയെന്നതാണ്. എല്ലാ മേഖലയിലും സ്വകാര്യപങ്കാളിത്തം അനുവദിക്കുകയെന്ന ലക്ഷ്യമാണ് ഇപ്പോഴത്തെ യുപിഎ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. അതിനനുസരിച്ചാണ് മമത തിരക്കഥ രചിച്ചിരിക്കുന്നത്. അധിക വിഭവസമാഹരണത്തിനുള്ള സാധ്യത സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തത്തില്‍നിന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നുപറയുകയും ചെയ്തു. അന്താരാഷ്ട്ര നിലവാരമുള്ള റെയില്‍വേ സ്റ്റേഷനുകള്‍ പഴയ പ്രഖ്യാപനത്തിന്റെ തനിയാവര്‍ത്തനമാണ്. അത് സ്വകാര്യമൂലധനത്തിന്റെ സഹായത്തോടെമാത്രമാണ് നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി വിദേശമൂലധനത്തെയും ആശ്രയിക്കുമെന്ന് അഹമ്മദ് ചാനല്‍ചര്‍ച്ചയില്‍ വ്യക്തമാക്കുകയും ചെയ്തു. അതുപോലെ ചരക്കുകടത്തിന്റെ പുതിയ കോറിഡോറുകള്‍, പുതിയ കാര്‍ഗോ സെന്ററുകള്‍, മെഡിക്കല്‍ കോളേജ്, നേഴ്സിങ് കോളേജ് എന്നിങ്ങനെയുള്ള പുതിയ പദ്ധതികളിലും പ്രതീക്ഷ സ്വകാര്യമൂലധനത്തില്‍തന്നെയാണ്. കണ്ണായ സ്ഥലത്തുള്ള റെയില്‍വേയുടെ ഭൂമിയും ലാഭകരമായി ഉപയോഗിക്കുന്ന പദ്ധതികളും കച്ചവടക്കണ്ണ് ലക്ഷ്യംവച്ച് റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ ബജറ്റുപ്രസംഗത്തില്‍ ലാലുപ്രസാദ് യാദവ് നമ്മുടെ റെയില്‍വേയ്ക്ക് ലോകത്തുള്ള സ്ഥാനം എടുത്തുപറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ച്യൂണ് ‍500 കമ്പനികളുടെ പട്ടികയിലെ മഹാഭൂരിപക്ഷം വ്യവസായങ്ങളേക്കാളും ലാഭത്തിലാണ് ഇന്ത്യന്‍ റെയില്‍വേ എന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞിരുന്നു. 20,000 കോടി രൂപയുടെ പണമിച്ചത്തെക്കുറിച്ചും നിരന്തരമുണ്ടാകുന്ന വര്‍ധനയെക്കുറിച്ചുമുള്ള ആവേശകരമായ വാചകങ്ങള്‍ ലാലുവിന്റെ പ്രസംഗത്തിന്റെ തുടക്കത്തില്‍തന്നെ കാണാം. ലാഭത്തിന്റെ കാര്യത്തിലും ലോകത്തിലെ മികച്ച റാങ്കുള്ള സ്ഥാപനങ്ങളുടെ പട്ടികയിലെ പ്രധാനസ്ഥാനമാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍, അതില്‍ മാറ്റം സംഭവിച്ചതായി മമത ബാനര്‍ജിയുടെ പ്രസംഗം വ്യക്തമാക്കുന്നു. തുടര്‍ച്ചയായി മിച്ചത്തിലും ലാഭത്തിലുമുണ്ടാകുന്ന കുറവ് അത്ഭുതപ്പെടുത്തുന്നതാണ്. ആഗോള സാമ്പത്തികപ്രതിസന്ധിയുടെ പ്രത്യാഘാതം കണക്കുകളില്‍ പ്രതിഫലിക്കുമെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, ഇത്രയും ഭീതിജനകമായ കുറവിന്റെ കാരണങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണായകമായ സ്ഥാനം വഹിക്കുന്ന റെയില്‍വേ ബജറ്റില്‍ ജനം പ്രതീക്ഷിക്കുന്നത് അടിസ്ഥാനസൌകര്യങ്ങളുടെ വളര്‍ച്ചയ്ക്കായുള്ള പദ്ധതികളാണ്. പ്രത്യേകിച്ചും പശ്ചാത്തലസൌകര്യങ്ങളുടെ കുതിച്ചുചാടുന്ന വളര്‍ച്ചയുടെ ആവശ്യത്തെസംബന്ധിച്ച് കേന്ദ്രം തുടര്‍ച്ചയായി ഓര്‍മപ്പെടുത്തുന്ന പശ്ചാത്തലത്തില്‍.

എന്നാല്‍, അതിനായുള്ള വകയിരുത്തലുകള്‍ ഒറ്റനോട്ടത്തില്‍ കുറവാണ്. എത്ര പുതിയ ട്രെയിനുകള്‍ അനുവദിച്ചാലും അത് വേഗത്തില്‍ നിശ്ചിതസ്ഥലത്ത് ഓടി എത്തുന്നതിന് പര്യാപ്തമായ റെയില്‍പ്പാത വേണം. പാത ഇരട്ടിപ്പിക്കലിന്റെയും വൈദ്യുതിവല്‍ക്കരണത്തിന്റെയും കാര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഒച്ചിഴയുന്ന വേഗമാണ്. രാജ്യത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് ഗൌരവപൂര്‍ണമായ പദ്ധതികള്‍ ഒന്നുംതന്നെ പ്രഖ്യാപിച്ചിട്ടില്ല. അതുപോലെതന്നെ പ്രധാനമാണ് കാര്യക്ഷമതയുള്ള ജീവനക്കാര്‍ ആവശ്യത്തിന് ഉണ്ടാവുകയെന്ന കാര്യവും. ജീവനക്കാരുടെ പങ്കിനെ വാഴ്ത്തുന്ന നിരവധി വാചകം പ്രസംഗത്തിലുണ്ട്. അവര്‍ക്കായി ചില പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇന്നത്തെ ആവശ്യത്തിന് അനുസരിച്ച് ജീവനക്കാരുണ്ടോയെന്നതു പരിഗണിക്കുന്നില്ല. പിന്നോക്കവിഭാഗങ്ങള്‍ക്കും മറ്റും പ്രത്യേക റിക്രൂട്ടുമെന്റ് നടത്തുമെന്ന കാര്യം സ്വാഗതാര്‍ഹമാണെങ്കിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുമെന്ന പ്രഖ്യാപനം നടത്താതെ, സുരക്ഷിതത്വത്തെസംബന്ധിച്ചും മറ്റും നടത്തുന്ന പ്രഖ്യാപനങ്ങള്‍ ജല്‍പ്പനങ്ങളായി അവശേഷിക്കുകയായിരിക്കും ചെയ്യുക.

അതേസമയം, ഔട്ട്സോഴ്സിങ്ങിനുള്ള പല നിര്‍ദേശവും ബജറ്റിലുണ്ട്. ഒറ്റനോട്ടത്തില്‍ ജനങ്ങള്‍ക്ക് സഹായകരമായിരിക്കുമെന്ന് തോന്നിപ്പിക്കുന്ന പല നിര്‍ദേശത്തിന്റെയും യഥാര്‍ഥമുഖം ഔട്ട്സോഴ്സിങ്ങിന്റേതാണ്. പാലക്കാട് കോച്ച് ഫാക്ടറിയെസംബന്ധിച്ച പരാമര്‍ശം ഇല്ലാത്തത് ആസൂത്രണ കമീഷന്റെ അനുമതി ലഭിക്കാത്തതുകൊണ്ടാണെന്നാണ് മന്ത്രി ഇ അഹമ്മദ് ചാനല്‍ചര്‍ച്ചയില്‍ പറഞ്ഞത്. എന്നാല്‍, കാഞ്ചറപ്പാറ- ഹലിസാഹര്‍ റെയില്‍വേ കോംപ്ളക്സില്‍ പുതിയ ആധുനിക കോച്ച് ഫാക്ടറി അനുവദിക്കുമെന്നു പ്രഖ്യാപിക്കുന്നതിന് ഒരു തടസ്സവും ഉണ്ടായിട്ടില്ല. അതിന് കാരണവും ഈ പ്രഖ്യാപനത്തില്‍ കാണാം. മെട്രോ- മെമ്മു കോച്ചുകള്‍ നിര്‍മിക്കുന്ന ഈ ഫാക്ടറി സ്വകാര്യപങ്കാളിത്തത്തോടെയായിരിക്കും സ്ഥാപിക്കുകയെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്. ആസൂത്രണകമീഷന്റെ അനുമതിക്കായുള്ള ഉപാധി സ്വകാര്യപങ്കാളിത്തമാണെന്ന ധ്വനിയാണെന്നാണ് ഇതിലുള്ളത്.

യാത്രക്കൂലിയും ചരക്കുകൂലിയും വര്‍ധിപ്പിക്കാത്തതും ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് പ്രതിമാസം 25 രൂപ നല്‍കി 100 കിലോമീറ്ററിനുള്ളില്‍ സഞ്ചരിക്കാമെന്ന നിര്‍ദേശവും സ്വാഗതാര്‍ഹമാണ്. സ്ത്രീകളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും സഹായിക്കുന്ന പ്രഖ്യാപനങ്ങളും ജനങ്ങളെ സഹായിക്കുന്നതാണ്. കേരളത്തിന് പുതിയ ട്രെയിനുകള്‍ ലഭിച്ചതില്‍ പൊതുവെ ആഹ്ളാദമാണെങ്കിലും പ്രതീക്ഷിച്ച നേട്ടം ഉണ്ടായിട്ടില്ലെന്ന യാഥാര്‍ഥ്യം കാണാതിരുന്നുകൂടാ. പ്രഖ്യാപിച്ച പല ട്രെയിനും പൂര്‍ണരൂപത്തില്‍ പുതിയ വണ്ടികളല്ലെന്ന വിമര്‍ശവും ഉയര്‍ന്നിട്ടുണ്ട്. 350 സ്റ്റേഷനില്‍ നടപ്പാക്കുമെന്നു പ്രഖ്യാപിച്ച ആദര്‍ശ് പദ്ധതിയില്‍ കേരളത്തില്‍നിന്ന് ഒരു സ്റ്റേഷന്‍പോലുമില്ല. കേരളത്തിന്റെ പ്രാദേശിക യാത്രാസൌകര്യം മെച്ചപ്പെടുത്തുന്നതിന് അടിയന്തരമായി വേണ്ടിയിരുന്ന സബര്‍ബന്‍, മെമു സര്‍വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യത്തോട് ഇത്തവണയും ക്രിയാത്മകമായി പ്രതികരിച്ചിട്ടില്ല. ഏറ്റവും ഗൌരവമായത് പ്രത്യേക സോണ്‍ എന്ന ആവശ്യം നിരാകരിച്ചതാണ്. കേരളത്തിന്റെ റെയില്‍വേവികസനത്തിന് അത്യാവശ്യമായ മുന്നുപാധിയാണ് നിഷേധിച്ചത്. അതുപോലെ അടിസ്ഥാനസൌകര്യങ്ങളുടെ കാര്യത്തിലും അവഗണനയാണുള്ളത്. ലൈന്‍ ഇരട്ടിപ്പിക്കാതെയും വൈദ്യുതിവല്‍ക്കരണം നടത്താതെയും ഒരു പുതിയ ട്രെയിനും ഉദ്ദേശിച്ച രീതിയില്‍ ഓടാന്‍ കഴിയില്ല. കോച്ച് ഫാക്ടറിയുടെ അവസ്ഥതന്നെയാണ് ചേര്‍ത്തല ഓട്ടോകാസ്റ്റുമായി ചേര്‍ന്ന വാഗന്‍ ഫാക്ടറിക്കുമുള്ളത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്റെ അന്താരാഷ്ട്രവല്‍ക്കരണം ഏറെ പഴയ വാഗ്ദാനത്തിന്റെ ആവര്‍ത്തനമാണ്.

ഫലത്തില്‍ റെയില്‍വേ ബജറ്റിന്റെ ലക്ഷ്യം വിദേശമൂലധനത്തിനും വന്‍കിട കുത്തകകള്‍ക്കും ഈ കറവപ്പശുവിനെ ഏല്‍പ്പിച്ചുകൊടുക്കുകയാണ്. റെയില്‍വേപോലുള്ള മേഖലകളില്‍ വിദേശമൂലധനം കടന്നുവരാന്‍ അനുവദിക്കുന്നത് ദൂരവ്യാപകപ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഉറപ്പ്. റെയില്‍വേ സ്വകാര്യവല്‍ക്കരിച്ച രാജ്യങ്ങളുടെ അനുഭവം മമതയും അഹമ്മദും മനസ്സിലാക്കുന്നത് നന്നായിരിക്കും. ലോക മുതലാളിത്തത്തിന്റെ പ്രതീകമായി പരിഗണിച്ചിരുന്ന ജനറല്‍ മോട്ടോഴ്സുവരെ ദേശസാല്‍ക്കരിക്കാന്‍ നിര്‍ബന്ധിതമാകുന്ന ലോകസാഹചര്യത്തിലാണ്, വിത്തെടുത്ത് വില്‍ക്കുന്ന പണിക്ക് യുപിഎ തുനിയുന്നത്.

പി രാജീവ് എം പി

Thursday, July 2, 2009

ലിബര്‍ഹാന്‍: അനന്തരനടപടിക്ക് അമാന്തമരുത്

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവുംവലിയ മനുഷ്യക്കുരുതിക്ക് തീകൊളുത്തിയ സംഭവം ഏതെന്ന ചോദ്യത്തിന് ബാബറി മസ്ജിദിന്റെ തകര്‍ച്ച എന്ന ഉത്തരത്തിലെത്താന്‍ ആര്‍ക്കും അധികസമയംവേണ്ട. രാഷ്ട്രീയ സ്വയംസേവക് സംഘ് എന്ന വര്‍ഗീയ ഭീകരസംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ കര്‍സേവയില്‍ ഇന്ത്യയുടെ മതനിരപേക്ഷതയുടെ അടിത്തറയ്ക്ക് ഇളക്കംതട്ടുക മാത്രമായിരുന്നില്ല, ഇന്നാട്ടിലെ അനേകായിരം മനുഷ്യജീവനുകള്‍ വര്‍ഗീയകലാപത്തിലേക്കും മരണത്തിലേക്കും വലിച്ചിഴയ്ക്കപ്പെടുക കൂടിയായിരുന്നു. മതവികാരവും വിദ്വേഷവും കൂടു തുറന്നുവിട്ട് അധികാരത്തിന്റെ പടവുകള്‍ കയറാനുള്ള നീചമായ രാഷ്ട്രീയ പദ്ധതിയുടെ ഉല്‍പ്പന്നമായിരുന്നു ബാബറി മസ്ജിദ് തകര്‍ക്കല്‍. സംഘടിതവും ആസൂത്രിതവുമായ ആ കുറ്റകൃത്യത്തിനുപിന്നില്‍ ആര്, പ്രേരണയായ ഘടകങ്ങളെന്തൊക്കെ എന്നെല്ലാം ഇന്നാട്ടിലെ ജനങ്ങള്‍ക്കറിയാം. അത്തരക്കാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഇന്നുവരെ കഴിഞ്ഞില്ല എന്നത് ഇന്നാട്ടിലെ നിയമവ്യവസ്ഥയുടെ വലിയൊരു വൈകല്യമോ പോരായ്മയോ ആയി പലരും ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

ബാബറി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് എം എസ് ലിബര്‍ഹാന്‍ കമീഷന്‍ പതിനേഴുവര്‍ഷത്തിനുശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമെന്തെന്ന് വ്യക്തമല്ല. എന്നിരുന്നാലും രാജ്യത്തെ ഏറ്റവും കാലം അന്വേഷണം നടത്തി, നാനൂറു തവണ സിറ്റിങ് നടത്തുകയും നാല്‍പ്പത്തെട്ടുതവണ കാലാവധി നീട്ടുകയുംചെയ്ത ജുഡീഷ്യല്‍ കമീഷന്റെ കണ്ടെത്തലുകള്‍ അതീവപ്രാധാന്യമുള്ളതാണ്. പ്രതിപക്ഷനേതാവ് എല്‍ കെ അദ്വാനിയടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് സംഭവത്തിലുള്ള പങ്ക് ഉള്‍പ്പെടെയാണ് അന്വേഷിച്ചതെന്നിരിക്കെ ജസ്റ്റിസ് ലിബര്‍ഹാന്റെ കണ്ടെത്തലുകള്‍ക്ക് ഇന്ത്യന്‍രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് ഉറപ്പായിട്ടുണ്ട്.

ബാബറി മസ്ജിദ് തകര്‍ത്തതടക്കം 1992 ഡിസംബര്‍ ആറിന് സംഭവിച്ചതും അതിലേക്ക് നയിച്ചതുമായ കാര്യങ്ങളും കാരണങ്ങളുമാണ് കമീഷന്‍ പ്രധാനമായും അന്വേഷിച്ചത്. യുപി മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, മറ്റേതെങ്കിലും വ്യക്തികള്‍, സംഘടനകള്‍, ഏജന്‍സികള്‍ എന്നിങ്ങനെ ആര്‍ക്കെല്ലാം പങ്കുണ്ടോ അത്, സുരക്ഷാ പിഴവും സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളും, തകര്‍ക്കലിലേക്ക് നയിച്ച മറ്റ് സംഭവങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണം-ഇത്രയും കാര്യങ്ങളാണ് കമീഷന്റെ അന്വേഷണവിഷയങ്ങളായത്. ഇവയ്ക്കുള്ള ഉത്തരമായി റിപ്പോര്‍ട്ടിനകത്ത് എന്തുതന്നെയായാലും അത് ഇന്ന് ഭരണത്തിലുള്ള കോണ്‍ഗ്രസിനോ പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കുന്ന ബിജെപിക്കോ സുഖകരമാകാന്‍ ഇടയില്ല.

നരസിംഹറാവു പ്രധാനമന്ത്രിയും കല്യാസിങ് യുപി മുഖ്യമന്ത്രിയുമായിരിക്കെയാണ് 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തത്. സംഭവം നടന്ന് 10 ദിവസത്തിനുള്ളില്‍ കേന്ദ്രം ലിബര്‍ഹാന്‍ കമീഷനെ നിയോഗിച്ചു. എല്‍ കെ അദ്വാനിയടക്കമുള്ള നേതാക്കളെ കമീഷന്‍ വിസ്തരിച്ചിട്ടുണ്ട്. കമീഷന്‍ അന്വേഷണത്തിന്റെ പരിധിയിലല്ലാത്ത ഗൂഢാലോചന, വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അറിയപ്പെടാത്ത ആളുകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് എന്നിവയടക്കമുള്ള കേസുകള്‍ പ്രത്യേക കോടതിയിലും മറ്റുമായി നടക്കുന്നുണ്ട്. എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവരടക്കമുള്ള സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കപ്പെടുകയും കേസ് പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ട് പഠിക്കുകയാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞിട്ടുള്ളത്. ഇത്തരം ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടുകളോട് നീതികാട്ടുന്ന സ്വഭാവം കോണ്‍ഗ്രസിനില്ല. ചിലരുടെ നിസ്സഹകരണംമൂലമാണ് റിപ്പോര്‍ട്ട് സമര്‍പ്പണം വൈകിയതെന്ന ജസ്റ്റിസ് ലിബര്‍ഹാന്റെ പരാമര്‍ശം ബിജെപിയെ മാത്രമല്ല, കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസിനെക്കൂടി കുറ്റപ്പെടുത്തുന്നതാണ്. ഈ റിപ്പോര്‍ട്ടിന് മുംബൈ കൂട്ടക്കുരുതി അന്വേഷിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ടിന്റെ ഗതി വരണമെന്ന് തല്‍പ്പരകക്ഷികള്‍ക്ക് ആഗ്രഹമുണ്ടാകാം. എന്നാല്‍, അനന്തമായി പഠിക്കാന്‍ നില്‍ക്കാതെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ എത്രയും വേഗം സമര്‍പ്പിക്കാനും അതിനുവേണ്ട നടപടികള്‍ ഇനിയും സമയം പാഴാക്കാതെ പൂര്‍ത്തിയാനും യുപിഎ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. എങ്കില്‍മാത്രമേ, വൈകിയെങ്കിലും നീതി ലഭിക്കുമെന്ന തോന്നലിലേക്ക് വര്‍ഗീയകലാപങ്ങളില്‍ എല്ലാം നഷ്ടപ്പെട്ടവരെ നയിക്കാന്‍ കഴിയുകയുള്ളൂ.

ദുഷിച്ച സ്വാധീനം നീതിന്യായ വ്യവസ്ഥ നീതിപൂര്‍വകമാകുന്നതിന്റെ ഏറ്റവും പ്രധാന ഉപാധി അതിന്റെ സ്വാതന്ത്ര്യം തന്നെയാണ്. ജഡ്ജി നിയമനമടക്കമുള്ള കാര്യങ്ങളില്‍ എക്സിക്യൂട്ടീവിനുള്ള സ്വാധീനം നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനും നിഷ്പക്ഷതയ്ക്കും വിലങ്ങുതടിയാണെന്ന ചര്‍ച്ചകള്‍ നിരന്തരം ഉയര്‍ന്നുവരാറുണ്ട്. ജഡ്ജിയെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ അനുകൂല തീരുമാനം ഉല്‍പ്പാദിപ്പിച്ചെടുക്കാവുന്ന നാട്ടില്‍ നീതിയല്ല; അനീതിയാണ് പുലരുക. ജുഡീഷ്യറിയിലെ കടന്നുകയറ്റങ്ങളെക്കുറിച്ചും അപഭ്രംശങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് ഗൌരവവും പ്രാധാന്യവും കൈവരുന്നത് അത്തരം അവസ്ഥയുടെ പ്രത്യാഘാതം കഠിനമാണ് എന്നുള്ളതുകൊണ്ടുതന്നെയാണ്.

മാര്‍ക്ക് തട്ടിപ്പുകേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ ഒരു കേന്ദ്രമന്ത്രി സ്വാധീനിക്കാന്‍ ശ്രമിച്ചതായി മദ്രാസ് ഹൈക്കോടതി ജഡ്ജി ആര്‍ രഘുപതി കോടതിമുറിയില്‍ വെളിപ്പെടുത്തിയത് എല്ലാവരിലും ഞെട്ടലുളവാക്കിയതും മറ്റൊന്നുംകൊണ്ടല്ല. പുതുച്ചേരിയില്‍ സ്വകാര്യ മെഡിക്കല്‍ കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥി എസ് കിറുബ് ശ്രീധറിന്റെയും പിതാവ് ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയുടെയും ജാമ്യാപേക്ഷ പരിഗണിക്കവെയാണ് 'ഒരു കേന്ദ്രമന്ത്രി എന്നോട് ഇക്കാര്യം സംസാരിച്ചിരുന്നു. നിങ്ങള്‍ക്കുതന്നെ ഇക്കാര്യം അറിയാം. നിരുപാധികമായി മാപ്പപേക്ഷിച്ചില്ലെങ്കില്‍ വിധിപ്രസ്താവനയില്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തേണ്ടിവരും'-എന്ന് പ്രതിഭാഗം അഭിഭാഷകനോട് ജസ്റ്റിസ് രഘുപതി രോഷത്തോടെ തുറന്നടിച്ചത്.

അന്വേഷണ ഏജന്‍സികളെയും ഔദ്യോഗിക സംവിധാനങ്ങളെയാകെയും സ്വന്തം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യാറുള്ള കോണ്‍ഗ്രസിന് ഇത് ലജ്ജാകരമായ അനുഭവമായി തോന്നണമെന്നില്ല. മന്ത്രിസ്ഥാനത്തിരിക്കുന്ന മാന്യന്മാരുടെ അടുക്കളജോലിക്കാരാണ് ന്യായാധിപന്മാരെന്ന അഹന്തയില്‍നിന്നാണ് ഇത്തരം ഇടപെടലുകളുണ്ടാകുന്നത്. ദുഃസ്വാധീനങ്ങള്‍ക്ക് വഴങ്ങാത്ത, നീതിമാത്രം കൈമുതലാക്കിയ ജുഡീഷ്യറിയെക്കുറിച്ച് ആലോചിക്കുന്ന ആര്‍ക്കും ആശങ്കയുണ്ടാക്കുന്ന അനുഭവമാണിത്. ഇത്തരം കുറുക്കുവഴികള്‍ തേടുന്നവരെ തൊലിയുരിച്ച് കാണിക്കാനും ശിക്ഷിക്കാനും മുന്‍കൈയുണ്ടാകേണ്ടതുണ്ട്-ജുഡീഷ്യറിയിലും ജനങ്ങളിലും ഭരണതലത്തിലും. ജഡ്ജിയെ സ്വാധീനിച്ച് കുറ്റവാളികളെ സഹായിക്കാന്‍ ശ്രമിച്ച കേന്ദ്രമന്ത്രി ആരായാലും പരമാവധി ശിക്ഷ നല്‍കണം.

ദേശാഭിമാനി മുഖപ്രസംഗം 02 ജൂലൈ 2009