ബൌദ്ധികവും സാംസ്കാരികവുമായ ശക്തമായ തിരയിളക്കങ്ങളുടെ വേദിയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യ. കോളനിവാഴ്ചയും പാശ്ചാത്യസംസ്കാരത്തിന്റെ പ്രസരണവും സ്വന്തം സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ശക്തിദൌര്‍ബല്യങ്ങളെ വിലയിരുത്താനും അവലോകനംചെയ്യാനും ഭാരതീയര്‍ക്ക് പ്രേരണയായി. വിശ്വാസങ്ങളാല്‍ സാധൂകരിക്കപ്പെട്ട ആചാരാനുഷ്ഠാനങ്ങളും മനുഷ്യബന്ധങ്ങളുടെ ചട്ടക്കൂടുകളും സമൂഹത്തെ വരിഞ്ഞുമുറുക്കുന്ന ഇരുമ്പുകവചങ്ങളായി അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. ഈ പുതിയ അനുഭവത്തോടുള്ള പ്രതികരണങ്ങള്‍ വ്യത്യസ്തരീതികളില്‍ ആയിരുന്നു. എങ്കിലും മാറ്റം ഉണ്ടാകണം എന്നത് പൊതുവികാരം ആയിരുന്നു. പുതുതായി ഉയര്‍ന്നുവന്ന മധ്യവര്‍ഗവും പരമ്പരാഗത ബുദ്ധിജീവികളുമായിരുന്നു ഈ പുതിയ പ്രതിഭാസത്തിന്റെ സാമൂഹ്യ അടിത്തറ.
കോളനിവാഴ്ചയുടെ സ്ഥാപനം പടനീക്കങ്ങളുടെ പെരുമ്പറമുഴക്കത്തില്‍കൂടി മാത്രം സാധിച്ച കാര്യമായിരുന്നില്ല. തദ്ദേശീയമായ അറിവിനെ കീഴ്പ്പെടുത്തിയശേഷം അവതരിപ്പിക്കപ്പെട്ട കൊളോണിയല്‍ വിജ്ഞാനത്തില്‍ കൂടിയാണ് ഇത് പ്രധാനമായും സാധിച്ചത്. കോളനിവാഴ്ച നാനാവിധമായ ഘടനാമാറ്റങ്ങള്‍ വരുത്തുകയുണ്ടായി. സ്ഥാപനപരമായ ഘടനകളും, സാമൂഹ്യഘടനകളും വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി. കൊളോണിയല്‍ ഘടനകളുടെ സ്ഥാപനമാകട്ടെ തദ്ദേശ ഘടനകളിന്മേലുള്ള ഇടപെടലുകളിലൂടെയും കടന്നുകയറ്റങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും ആധിപത്യത്തിലൂടെയും മുന്നേറിയ സങ്കീര്‍ണപ്രക്രിയകളിലൂടെയാണ് സാധിച്ചത്. പലപ്പോഴും നിലവിലുള്ള ഘടനകളുടെ പുറംതോടുകളും ചട്ടക്കൂടുകളും അതേപോലെ നിലനിര്‍ത്തുകയും അവയില്‍ പുതിയ സാമ്രാജ്യത്വ അധികാര ചേരുവകള്‍ നിറയ്ക്കുകയുമാണ് ചെയ്തിരുന്നത്. കോളനിവാഴ്ചയുടെ തനതായ പുതിയ ഘടനകള്‍ സൃഷ്ടിക്കുകയുംചെയ്തു. സിവില്‍ നിയമങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിവില്‍സര്‍വീസ്, പൊലീസ്, നീതിന്യായഭരണം, സമ്മതനിര്‍മിതിയുടെ നിരവധി സംവിധാനങ്ങള്‍ എന്നിവ ഉദാഹരണങ്ങള്‍. സ്വന്തം അവസ്ഥകളെക്കുറിച്ചുള്ള ആത്മപരിശോധനയുടെ ചരിത്രസന്ദര്‍ഭം ബ്രിട്ടീഷ് അധീശത്വവും പാശ്ചാത്യസംസ്കാരവ്യാപനവും തന്നെ. രാഷ്ട്രീയവും സാംസ്കാരികവുമായ അപചയകാലഘട്ടത്തിന്റെ അടയാളങ്ങള്‍ നിരവധിയായിരുന്നു. അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, പ്രാദേശികത, ജാതീയത, വംശീയത എന്നീ മുദ്രകളെല്ലാം മതവിശ്വാസവുമായി ബന്ധപ്പെട്ട് കെട്ടുപിണഞ്ഞുകിടക്കുകയായിരുന്നു. മതവിശ്വാസവും സാമൂഹ്യാചാരങ്ങളും തമ്മില്‍ ശക്തമായ പരസ്പരബന്ധം ഉണ്ടായിരുന്നു. അതിനാല്‍ ഏത് സാമൂഹ്യനവീകരണത്തിന്റെയും മുന്നുപാധിയാണ് മതനവീകരണം. സമകാല സാമൂഹ്യരാഷ്ട്രീയ സമസ്യകള്‍ക്ക് പരിഹാരമാകാന്‍ പറ്റാത്തതായിരുന്നു നിലവിലെ മതവിശ്വാസത്തിന്റെയും പ്രയോഗത്തിന്റെയും സ്ഥിതി. സാംസ്കാരിക ജീര്‍ണാവസ്ഥയെയും വിജ്ഞാനവന്ധ്യതയെയും മുറിച്ചുകടക്കാനുള്ള ശ്രമങ്ങള്‍ക്ക് രണ്ട് സമരമുഖങ്ങള്‍ ഉണ്ടായിരുന്നു. ഒരുവശത്ത് പരമ്പരാഗത സംസ്കാരത്തിന്റെ ജീര്‍ണിച്ച പിന്തിരിപ്പന്‍ ഘടകങ്ങള്‍ക്കെതിരെയും മറുവശത്ത് കൊളോണിയല്‍ സാംസ്കാരിക പ്രത്യയശാസ്ത്ര ആധിപത്യത്തിനെതിരെയുമുള്ള സമരങ്ങളായിരുന്നു ഇവ.
കേരളത്തിലെ മാറ്റങ്ങള്‍
പ്രധാന സംഭവങ്ങളുടെയും വന്‍ പ്രതിഭാസങ്ങളുടെയും വേരുകള്‍ വ്യക്തികളുടെ തലക്കുള്ളില്‍ അന്വേഷിച്ചാല്‍ മതിയാവില്ലെന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ട്. ഏതാനും വ്യക്തികളുടെ പ്രതിഭയും പ്രതിബദ്ധതയും നേതൃഗുണവും മാത്രംവച്ച് അവയെ വിശദീകരിക്കാനാവില്ല. വലിയ സാമൂഹ്യസാംസ്കാരിക പ്രതിഭാസങ്ങളെ മനസ്സിലാക്കാന്‍ അവയുടെ ഭൌതിക പരിസരങ്ങള്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
കാര്‍ഷികരംഗത്തും, വ്യവസായവാണിജ്യ മേഖലകളിലും ഭൂവിനിയോഗരീതികളിലും വലിയ മാറ്റങ്ങള്‍ സംഭവിച്ച കാലമാണ് 19-ാം നൂറ്റാണ്ട്. കൃഷിയുടെ വ്യാപകമായ വാണിജ്യവല്‍ക്കരണമാണ് അതിലൊന്ന്. മുതലാളിത്ത മാതൃകയില്‍ സംഘടിപ്പിക്കപ്പെട്ട തോട്ടങ്ങളുടെ ആവിര്‍ഭാവവും കയറ്റുമതിയെ ലാക്കാക്കിയുള്ള കാര്‍ഷികവളര്‍ച്ചയും വ്യാപാര-വാണിജ്യരംഗങ്ങളിലും അടിസ്ഥാനസൌകര്യവികസനത്തിലും വമ്പിച്ച മുന്നേറ്റങ്ങള്‍ ഉണ്ടാക്കി. റോഡുകള്‍, റെയില്‍വേ, തോടുകള്‍, തുറമുഖങ്ങള്‍ എന്നിവ ഗതാഗത വാര്‍ത്താവിനിമയരംഗത്തെ സജീവമാക്കി. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരളത്തിലെ തോട്ടം മേഖലയില്‍ രണ്ടുലക്ഷം തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ടായിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പില്‍ മാത്രം പതിനായിരം സ്ഥിരം തൊഴിലാളികള്‍ ജോലിചെയ്തിരുന്നു. കേരളത്തിന്റെ നാനാഭാഗത്തും ഇക്കാലത്ത് ആരംഭിച്ച വിവിധ വ്യവസായങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളും മറ്റനവധി അനുബന്ധ തൊഴില്‍മേഖലകളില്‍ പണിയെടുക്കുന്നവരും പുതിയ തൊഴില്‍പരിസരവും സംസ്കാരവും പരിസരവും സൃഷ്ടിച്ചെടുത്തു. ഇത്തരം പുതിയ കൂട്ടായ്മകള്‍ പുതിയ ജീവിതാനുഭവങ്ങളും ആശയങ്ങളും സ്വായത്തമാക്കിയ വിഭാഗങ്ങളെ സൃഷ്ടിച്ചു. ജനങ്ങളുടെയാകെ ബോധനിലവാരത്തെ അത് സ്വാധീനിച്ചു. പ്രദേശപരമായ സങ്കുചിതത്വത്തിന്റെ മതില്‍ക്കെട്ടുകളും നാടുവാഴിത്തത്തിന്റെ അടയാളങ്ങളായ ജാതീയതയെയും വര്‍ഗീയതയെയും ഉടയോനോടുള്ള കൂറിന്റെയും അതിര്‍ത്തികളും കടന്ന് പുതിയ ലോകബോധത്തിലേക്കും തിരിച്ചറിവിലേക്കും എത്താന്‍ അവര്‍ പ്രാപ്തരായി. ഈ പുതിയ ജീവിതപരിസരങ്ങളാണ് നവോത്ഥാന ആശയങ്ങളും ജനാധിപത്യബോധവും സമത്വബോധവും സ്വാതന്ത്ര്യബോധവും ശക്തിപ്രാപിക്കാനുള്ള കളമൊരുക്കിയത്. ചരിത്രത്തിന്റെ ഈ നിയോഗം തിരിച്ചറിയുകയും പുതിയ സാഹചര്യങ്ങള്‍ക്കനുസൃതമായി സാമൂഹ്യബന്ധങ്ങള്‍ പൊളിച്ചെഴുതാന്‍ നേതൃത്വംനല്‍കുകയും അതിനായി ജനസമൂഹങ്ങളുടെ ബലഹീനതകളെ സംഘശക്തികൊണ്ട് മറികടക്കുകയുമാണ് നവോത്ഥാന നായകന്മാര്‍ ചെയ്തത്.
സാമൂഹ്യശക്തിയുടെ മുഖ്യവീഥികളില്‍നിന്ന് ഒഴിവാക്കപ്പെട്ട മനുഷ്യര്‍ അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞതാണ് ഈ പ്രതിഭാസത്തിന്റെ മുഖ്യമായ ഉള്ളടക്കം. ഇതില്‍ ആദ്യത്തേത് സ്വന്തം ശരീരത്തിന്മേലുള്ള അവകാശം ഉറപ്പിച്ച് പ്രഖ്യാപിക്കുക എന്നതായിരുന്നു. മാറുമറയ്ക്കല്‍ സമരവും, ഇരുമ്പുവള, കല്ലുമാല ബഹിഷ്കരണവും, മൂക്കുത്തിസമരവും സ്വന്തം ശരീരത്തിന്മേലുള്ള അന്യാധീനം അവസാനിപ്പിക്കാനുള്ള സമരങ്ങളായിരുന്നു. ഇടങ്ങള്‍ മോചിപ്പിക്കാനുള്ള സമരങ്ങളായിരുന്നു മറ്റൊന്ന്. ക്ഷേത്രപ്രവേശനത്തിനും വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരങ്ങളും ഈ ഗണത്തില്‍പെടുന്നു. ഇതോടൊപ്പം പുതിയ ഇടങ്ങള്‍ സൃഷ്ടിക്കാനുള്ള സമരങ്ങളും നടന്നു. ശ്രീനാരായണന്റെ കണ്ണാടിപ്രതിഷ്ഠയോളം പ്രസിദ്ധമല്ലെങ്കിലും അതിനുമുമ്പ്തന്നെ ആറാട്ടുപുഴ വേലായുധപണിക്കര്‍ എന്ന ധീരസാഹസികന്‍ ക്ഷേത്രനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നു. 1852ല്‍ ആറാട്ടുപുഴയില്‍ മംഗലം ശിവക്ഷേത്രവും 1853ല്‍ തണ്ണീര്‍മുക്കത്ത് ചെറുവാരണംകര ശിവക്ഷേത്രവും പണികഴിപ്പിച്ചു.
20-ാം നൂറ്റാണ്ടിലാകട്ടെ ദേശീയതയുടെയും ജനാധിപത്യത്തിന്റെയും വേലിയേറ്റം വന്‍തോതില്‍ സാമൂഹ്യവും മതപരവുമായ രംഗങ്ങളിലേക്ക് കടന്നുകയറാന്‍ തുടങ്ങി. ആധുനിക രാഷ്ട്രീയത്തിന്റെ സംഘാടനതത്വങ്ങളും തന്ത്രങ്ങളും മത, സാമൂഹ്യപരിഷ്കരണരംഗത്തെ പ്രശ്നങ്ങളെ അഭിസംബോധനചെയ്യാനും, സംഘാടനത്തിനും പ്രയോജനപ്പെടുത്താന്‍ തുടങ്ങി. സാമ്രാജ്യമേധാവിത്തത്തിനെതിരായി പ്രയോഗിച്ച സമരരൂപങ്ങളില്‍ പലതും ഇന്ത്യന്‍ സമൂഹത്തിന്റെ ആഭ്യന്തരഘടനയില്‍ ഗുണപരമായ മാറ്റം വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്കുവേണ്ടി പ്രയോജനപ്പെടുത്താന്‍ തുടങ്ങി. മതാചാരങ്ങളേയും സാമൂഹ്യസ്ഥാപനങ്ങളെയും മാറ്റിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ അതിവേഗം നമ്മുടെ സാമ്രാജ്യവിരുദ്ധസമരത്തിന്റെ ഭാഗമായിത്തീര്‍ന്നു. ഈ രംഗത്തെ മാറ്റങ്ങള്‍ സാമ്രാജ്യവിരുദ്ധപ്രസ്ഥാനങ്ങളുടെ സാമൂഹ്യഅടിത്തറ വിപുലപ്പെടുത്തുകയും, കോളനിവാഴ്ചയുടെ സാമൂഹ്യഅടിത്തറ ദുര്‍ബലമാക്കുകയുംചെയ്യും എന്നത് വളരെ വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ സാമൂഹ്യപരിഷ്കരണത്തിനുവേണ്ടിയുള്ള സമരങ്ങള്‍ പലപ്പോഴും കോളനിവാഴ്ചയുമായും അതിന്റെ ഇവിടത്തെ മുഖ്യ സഖ്യശക്തിയായ ജന്മിനാടുവാഴിത്തവുമായും ഏറ്റുമുട്ടുന്നതിലേക്ക് നയിച്ചു. സ്വതന്ത്ര ഇന്ത്യയിലും ഇത്തരം ജന്മിനാടുവാഴി ജാതി-മത ശക്തികള്‍ അവരുടെ നാനാവിധ ചൂഷണോപാധികള്‍ കൈവിടാന്‍ തയാറായിരുന്നില്ല. ജാതി-മത ഫ്യൂഡല്‍ ഘടകങ്ങളെ പ്രീണിപ്പിക്കാനുള്ള സ്വതന്ത്ര ഇന്ത്യയിലെ ഭരണവര്‍ഗത്തിന്റെ സഹജസ്വഭാവം സ്വതന്ത്ര ഇന്ത്യയിലും ഇത്തരം സാമൂഹ്യസംഘര്‍ഷങ്ങള്‍ തുടര്‍ന്നുണ്ടാകാന്‍ കാരണമായി. സങ്കീര്‍ണമായ ഈ സാമൂഹ്യ രാഷ്ട്രീയ സംഘര്‍ഷങ്ങളെയും താല്‍പ്പര്യവൈരുധ്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഐതിഹാസികമായ സമരമാണ് പാലിയം സത്യഗ്രഹം.
പശ്ചാത്തലം
ബ്രിട്ടീഷ് മലബാറിലും തിരുവിതാംകൂറിലും അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം നിയമപരമായി അനുവദിച്ചുകഴിഞ്ഞിട്ടും അതൊന്നും അനുഭവിക്കാന്‍ സാധിക്കാതെ തുടരുകയായിരുന്നു കൊച്ചിരാജ്യത്തെ അവര്‍ണരും ഹരിജനങ്ങളും. ക്ഷേത്രങ്ങള്‍ മാത്രമല്ല ചുറ്റുമുള്ള നടപ്പാതകളും അവര്‍ക്ക് നിരോധിക്കപ്പെട്ടിരുന്നു. അയിത്തം, തീണ്ടല്‍ എന്നീ ജാതിജന്യവിഷങ്ങള്‍ പ്രവഹിക്കാത്ത ജീവിതമേഖലകള്‍ തീരെ കുറവായിരുന്നു. അയിത്തജാതിക്കാരും അവരുമായി ബന്ധപ്പെട്ട പലതും അയിത്തവസ്തുക്കളുടെ പട്ടികയില്‍ പെട്ടിരുന്നു. ഉദാഹരണത്തിന് ഈഴവന്‍ പോറ്റുന്ന ആനയെ ക്ഷേത്രോത്സവങ്ങളില്‍ എഴുന്നള്ളിക്കാന്‍ അനുവദിച്ചിരുന്നില്ല. പുതിയ സാമ്പത്തികപ്രവര്‍ത്തനങ്ങളില്‍കൂടി ധനികരായിത്തീര്‍ന്ന കീഴ്ജാതിക്കാര്‍ക്ക്പോലും ഈ അപമാനം സഹിക്കേണ്ടിവന്നു എന്ന് വരുമ്പോള്‍ നിത്യവൃത്തിക്ക് ഗതിയില്ലാതിരുന്ന പാവപ്പെട്ടവന്റെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളു. ക്ഷേത്രോത്സവഘോഷയാത്രകള്‍ കടന്നുപോകുന്ന വഴികളുടെ വശങ്ങളില്‍ താമസിച്ചിരുന്ന അയിത്തജാതിക്കാര്‍ അവ കടന്നുപോകുമ്പോള്‍ വീട്വിട്ട് മാറിനില്‍ക്കണമെന്നും നിഷ്കര്‍ഷയുണ്ടായിരുന്നു. ക്ഷേത്രപരിസരങ്ങളിലെ പ്രധാന സവര്‍ണപാതകള്‍ മാത്രമല്ല സാധാരണ നാട്ടുവഴികളിലും, ഒറ്റയടിപ്പാതകളിലും കൂടിയുള്ള യാത്രകള്‍പോലും അയിത്തജാതിക്കാര്‍ക്ക് അക്കാലത്ത് പ്രയാസകരമായിരുന്നു. സവര്‍ണന് സമ്പൂര്‍ണ മുന്‍ഗണന ഉറപ്പാക്കണമായിരുന്നു. ഇടുങ്ങിയ വഴിയിലോ പാലത്തിലോ സവര്‍ണന്റെ മുന്നില്‍ നേര്‍ക്കുനേര്‍ എത്തിപ്പെടുന്ന അവര്‍ണന്റെ അവസ്ഥ അപമാനകരമായിരുന്നു. ഇത്തരം ബന്ധങ്ങളെ നിയന്ത്രിക്കാന്‍ ജുഗുപ്സാവഹമായ ചട്ടങ്ങള്‍ നിലവിലുണ്ടായിരുന്നു. 'വഴിയോ' എന്നോ 'ബോവെ' എന്നോ തങ്ങളുടെ ജാതിവ്യത്യാസമനുസരിച്ച് തീണ്ടല്‍കാര്‍ നീട്ടിവിളിക്കണം. 'ഹോയ്' എന്നോ 'ഹോയ് മാറട ദൂരെ' എന്നോ സവര്‍ണനില്‍നിന്ന് മറുപടി ഉണ്ടാകും. ഇത്തരം പ്രയോഗങ്ങള്‍ കേരളം മുഴുവന്‍ ഒരേരൂപത്തില്‍ ആയിരുന്നില്ല. പറമ്പില്‍ പണിയെടുക്കുന്ന പുലയന്‍ അരികിലെ വഴിയുടെ രണ്ടറ്റത്തും പച്ചപ്പുല്ല് പറിച്ച് അടയാളംവച്ച് തന്റെ സാന്നിധ്യത്തെക്കുറിച്ച് മേലാളന് മുന്നറിയിപ്പ് നല്‍കി 'അപകടം' ഒഴിവാക്കണമെന്നായിരുന്നു നാട്ടുനടപ്പ്. അതുവഴി വരുന്ന സവര്‍ണന്‍ പലതരം ശകാരവാക്കുകളും തുപ്പലും ചീറ്റലുമൊക്കെയായി തന്റെ അതൃപ്തി അറിയിച്ചുകൊണ്ട് കടന്നുപോകുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഇതെല്ലാമൊരു അസംബന്ധ നാടകരംഗമായിത്തോന്നിയേക്കാം. പൊതുവെ അയിത്ത ജാതിക്കാര്‍ക്ക് അനുഭവിക്കേണ്ടിവന്ന ജീവിതദുരിതങ്ങളും അവഹേളനങ്ങളും മാനസിക ശാരീരിക പീഡനങ്ങളും ഇന്ന് ഊഹിക്കാവുന്നതിലും എത്രയോ ഭയാനകമായിരുന്നു.
അമര്‍ഷത്തിന്റെ കൂട്ടായ്മകള്‍
പറവൂരില്‍ കുളവേലില്‍ കൃഷ്ണന്‍ വൈദ്യര്‍ നടത്തിയിരുന്ന ശ്രീകൃഷ്ണവിലാസം വൈദ്യശാല സമുദായപരിഷ്കരണരംഗത്തെ ആദ്യകാല ആലോചനകളുടെ വേദിയായിരുന്നു. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും വിവിധ സന്ദര്‍ഭങ്ങളില്‍ വൈദ്യരുടെ ആതിഥ്യം സ്വീകരിച്ചിരുന്നു. പാലിയം കേന്ദ്രമായി പുലര്‍ത്തിപ്പോന്ന മറ്റു പ്രദേശങ്ങളെക്കാള്‍ രൂക്ഷമായ, ജാതിവൈകൃതങ്ങളെക്കുറിച്ചും അയിത്തജാതിക്കാര്‍ അനുഭവിക്കുന്ന ദൈനംദിന ജീവിതദുരിതങ്ങളെക്കുറിച്ചും അവിടെ ചര്‍ച്ചകള്‍ നടന്നു. ജാതിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശികതലത്തില്‍തന്നെ ശക്തമായ നേതൃത്വം ഉയര്‍ന്നുവരേണ്ടതിന്റെ ആവശ്യകത ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നു. 1945 ഡിസംബര്‍ 23-ാം തീയതി എറണാകുളത്ത് നടന്ന അവകാശപ്രഖ്യാപന സമ്മേളനവും പി ഗംഗാധരന്‍ എന്ന കമ്യൂണിസ്റ്റുകാരന്റെ ഊര്‍ജസ്വലമായ പ്രവര്‍ത്തനവും കൊച്ചിരാജ്യത്തെ എസ്എന്‍ഡിപിയെ വളരെവേഗം ശക്തിപ്പെടുത്തി. ഇരിങ്ങാലക്കുടയില്‍ നടന്ന സമസ്ത കൊച്ചി പുലയമഹാസഭയുടെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ദളിത് സ്ത്രീകള്‍ക്ക് നേരെ നടന്ന ഹീനമായ ആക്രമണങ്ങളും തുടര്‍ന്ന് നടന്ന കുട്ടംകുളം പ്രക്ഷോഭവും പാലിയംസമരത്തിന്റെ സജീവ മുന്‍ഗാമികള്‍ ആയിരുന്നു.
പാലിയം സ്ഥിതിചെയ്യുന്ന ചേന്ദമംഗലത്തെ വടക്കുംപുറത്ത് ശ്രീനാരായണശിഷ്യനായ കേളപ്പനാശാന്റെ നേതൃത്വത്തില്‍ നടന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ അയിത്തജാതിക്കാര്‍ക്ക് ആശ്വാസവും ആവേശവും പകര്‍ന്നിരുന്നു. അദ്ദേഹം സ്ഥാപിച്ച ഈഴവോദയസംഘം എല്ലാ ജാതിക്കാര്‍ക്കും ഒത്തുചേരാനുള്ള വേദിയായിരുന്നു. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അയിത്തജാതിക്കാരായവര്‍ക്ക്വേണ്ടി ഈ സംഘത്തിന്റെ നേതൃത്വത്തില്‍ ഒരു മാര്‍ക്കറ്റും നിര്‍മിക്കപ്പെട്ടു. നിരോധിതവഴിയില്‍കൂടി പറവൂര്‍ ചന്തയില്‍ എത്താനുള്ള പ്രയാസത്തിന് വലിയ ആശ്വാസമായിത്തീര്‍ന്നു ഈ നടപടി. അയിത്തവും തീണ്ടലും വഴിനടക്കല്‍നിരോധവും ലംഘിക്കപ്പെടുന്ന സംഭവങ്ങളും കടന്നാക്രമിക്കാനെത്തുന്ന സവര്‍ണജാതി ഗുണ്ടകളെ ശാരീരികമായിത്തന്നെ കൈകാര്യംചെയ്യുന്ന സന്ദര്‍ഭങ്ങളും ഇടക്കിടെ ആവര്‍ത്തിക്കാന്‍ തുടങ്ങി. ആയിടെയാണ് കൊടുങ്ങല്ലൂര്‍ എസ്എന്‍ഡിപി യൂണിയന്‍ കാവില്‍നടയില്‍ സംഘടിപ്പിച്ച അയിത്തവിരുദ്ധസമ്മേളനത്തില്‍ പങ്കെടുക്കാന്‍വേണ്ടി പോകുന്ന ജാഥ നിരോധനമുണ്ടായിരുന്ന പാലിയംനട റോഡിലൂടെ കടന്നുപോയത്. ഇത് ഒരു തുറന്ന വെല്ലുവിളിതന്നെയായിരുന്നു. ഈ ജാഥ നയിച്ചിരുന്നത് കമ്യൂണിസ്റ്റുകാരനായ ടി ഇ ബാലനായിരുന്നു. ജാഥയില്‍ ഒരുവിഭാഗം മടക്കയാത്രയിലും പാലിയംനടയില്‍ നിരോധനം ലംഘിച്ചു. ഇത് പാലിയത്തിന്റെ പിണിയാളുകളുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. ജാഥാംഗമായിരുന്ന തറേപ്പറമ്പില്‍ ചന്ദ്രശേഖരമേനോന്‍ എന്ന ചന്ദ്രന്‍മാസ്റ്റര്‍ക്കായിരുന്നു ഈ സംഘട്ടനത്തില്‍ ഏറ്റവും ഗുരുതരമായി മര്‍ദനമേറ്റത്. പുരോഗമനവാദികളായ മേല്‍ജാതിക്കാര്‍ ആദ്യംമുതലേ ജാതിവിരുദ്ധസമരങ്ങളില്‍ പങ്കാളികളായിരുന്നു. പാലിയംനടയിലെ ആദ്യത്തെ സംഘടിതമായ നിരോധനലംഘനമായിരുന്നു ഈ സംഭവം. വലിയ ആവേശമുയര്‍ത്താന്‍ ഇതിനു കഴിഞ്ഞു. സഞ്ചാരസ്വാതന്ത്ര്യം എന്ന പ്രശ്നം ജനമനസ്സുകളില്‍ ശക്തമായ ഓര്‍മയായി നില്‍ക്കാനും ഇത് സഹായകമായി. സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി ദാഹിച്ച ജനങ്ങളെ പാലിയം നാടുവാഴി മര്‍ദിച്ചൊതുക്കുകയും അവരുടെ പിണിയാളുകള്‍ അയിത്തജാതിക്കാരെ വേട്ടയാടുകയുമായിരുന്നു.
പാലിയത്തിനെതിരെ ഉയര്‍ന്നുവന്ന രൂക്ഷമായ ജനവികാരത്തിന്റെ ആവിഷ്കൃത രൂപമായിരുന്നു പാലിയം റോഡ് സമരസമിതി രൂപീകരണം. സമരസമിതി അംഗവും കമ്യൂണിസ്റ്റ് പ്രവര്‍ത്തകനുമായ രാഘവനെ ഒരു ഗുണ്ട മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം വലിയ ഒച്ചപ്പാടുകളുണ്ടാക്കി. പാലിയംനടയിലും പരിസരത്തും രോഷാകുലരായ ജനങ്ങള്‍ വന്നുനിറഞ്ഞു. സഹോദരന്‍ അയ്യപ്പനും പനമ്പള്ളിയും കമ്യൂണിസ്റ്റ് നേതാവ് ജി ഗോപാലകൃഷ്ണമേനോനും ചേന്ദമംഗലത്ത് കുതിച്ചെത്തി ജനങ്ങളെ സമാധാനിപ്പിച്ച് തിരിച്ചയച്ചു. പാലിയം ഹൈസ്കൂളില്‍ ഒത്തുതീര്‍പ്പ് യോഗം ചേര്‍ന്നു. ഏതു സാഹസത്തിനും തയ്യാറായിരുന്ന ജനങ്ങള്‍ക്ക് ഒത്തുതീര്‍പ്പ് തീര്‍ത്തും നിരാശാജനകമായിരുന്നു.
പാലിയം സമരസമിതി സഖാവ് ടി ഇ ബാലന്റെ നേതൃത്വത്തില്‍ ചേര്‍ന്ന് ഗാന്ധിയന്‍ സത്യഗ്രഹം ആരംഭിക്കാന്‍ തീരുമാനിച്ചു. സമരം ഉദ്ഘാടനംചെയ്യാന്‍ സഹോദരന്‍ അയ്യപ്പനെ ഉദ്ദേശിച്ചിരുന്നുവെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. "ഭരണത്തില്‍നിന്ന് ഇറങ്ങിയശേഷം സമരത്തിലാകാം'' എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. പകരം സാക്ഷാല്‍ സി കേശവനെത്തന്നെ സമരത്തിന്റെ ഉദ്ഘാടകനായി സംഘടിപ്പിക്കാന്‍ കഴിഞ്ഞു. എന്നാല്‍ കമ്യൂണിസ്റ്റ് നേതാക്കളുടെ കീഴില്‍ നടക്കുന്ന പാലിയം സമരം സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവായ സി കേശവന്‍ ഉദ്ഘാടനം ചെയ്യുന്നത് പ്രജാമണ്ഡലം നേതാക്കള്‍ക്കോ, സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കോ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. സി കേശവനെ ഉദ്ഘാടനകര്‍മത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. എന്നാല്‍ 1947 ഡിസംബര്‍ നാലാംതീയതി ചേന്ദമംഗലം നടയിലെ മാറ്റപ്പാടം എന്ന മൈതാനത്തില്‍ തിങ്ങിനിറഞ്ഞ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സമരത്തിന്റെ ഉദ്ഘാടനം ഗംഭീരമായിത്തന്നെ നടന്നു. നാനാജാതി-മതസ്ഥരായ സന്നദ്ധഭടന്മാര്‍ വര്‍ധിച്ച ആവേശത്തോടെയാണ് സമരസമിതി തീരുമാനിച്ചപോലെ അച്ചടക്കത്തോടെ സമാധാനപരമായി വിജയംവരെ സമരംചെയ്യുമെന്ന പ്രതിജ്ഞയോടെ മുന്നോട്ടുവന്നത്. അറസ്റ്റും മര്‍ദനവും ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവന്നു. സമരത്തിന്റെ രണ്ടാംഘട്ടം തുടങ്ങാന്‍ സഖാവ് എകെജി എത്തി. അണ്ടിപ്പിള്ളിക്കാവില്‍ നടന്ന മഹസമ്മേളനത്തില്‍ നാടുവാഴിത്തം അവസാനിപ്പിക്കുമെന്നും ജീവന്‍കൊടുത്തും ക്ഷേത്രവഴികളും ക്ഷേത്രങ്ങളും തുറക്കുമെന്നും എകെജി പ്രഖ്യാപിച്ചു. സമരത്തെ ഒരു അപ്രധാനസംഭവമായി അവഗണിച്ചിരുന്ന മാധ്യമങ്ങള്‍ എകെജിയുടെ വരവോടെയാണ് അതിനുവേണ്ട പ്രാധാന്യംകൊടുത്തുതുടങ്ങിയത്. സമരവാര്‍ത്തകള്‍ അനുദിനം പത്രത്തില്‍ റിപ്പോര്‍ട്ട്ചെയ്യണമെന്നും ജനങ്ങളില്‍ എത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സമരത്തിന്റെ ധീരനേതാക്കളില്‍ ഒരാളായ എ ഐ ജലീലിനെ ഈ ചുമതല പ്രത്യേകം ഏല്പിക്കുകയുംചെയ്തു. അതേസമയം പാലിയം ദിനകരന്‍ അച്ചന്റെ നേതൃത്വത്തില്‍ പത്രക്കാരെ സല്‍ക്കരിച്ച് സ്വാധീനിച്ച് കുറേയേറെ കമ്യൂണിസ്റ്റ്വിരുദ്ധ കള്ളവാര്‍ത്തകള്‍ ഇറക്കുകയുമുണ്ടായി. സത്യഗ്രഹികള്‍ക്കുനേരെ നടക്കുന്ന ഭീകരമര്‍ദനം ഒളിച്ചുവയ്ക്കുകയും 'കമ്യൂണിസ്റ്റ് അക്രമ'ഭീതി പരത്തുകയുമാണ് ഇത്തരം വാര്‍ത്തകള്‍ ചെയ്തത്. അക്രമങ്ങള്‍ക്കിരയായവര്‍ അക്രമികളായി അവതരിപ്പിക്കപ്പെട്ടു.
നമ്പൂതിരിമനകളില്‍നിന്ന് അന്തര്‍ജനങ്ങളും പാരമ്പര്യത്തിന്റെ കോവിലകങ്ങളില്‍നിന്ന് കൊടുങ്ങല്ലൂരിലെ തമ്പുരാട്ടിമാരും സമരരംഗത്തെത്തിയതും ഈ ഘട്ടത്തിലായിരുന്നു. അമ്പതിലധികം വനിതകള്‍ അണിനിരന്ന പാലിയം നടയിലേക്കുള്ള മാര്‍ച്ച് നയിച്ചത് ആര്യാപള്ളം ആയിരുന്നു. വളരെ ചെറുപ്പമായിരുന്ന പ്രിയദത്തയും ഐ സി പ്രിയദത്തയും ഇ എസ് സരസ്വതിയും ആര്യയോടൊപ്പം ഉണ്ടായിരുന്നു. സത്യഗ്രഹികളായ സ്ത്രീകള്‍ക്കും മൃഗീയമര്‍ദനം ഏല്‍ക്കേണ്ടിവന്നു. കൊച്ചി രാജകുടുംബാംഗങ്ങളായ രവിവര്‍മ, കേരളവര്‍മ എന്നീ രണ്ടു ചെറുപ്പക്കാര്‍ സമരവേദിയില്‍ എത്തിയതും ഈ കാലയളവിലാണ്. അവര്‍ക്കും ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടിവന്നു. ഈ സംഭവങ്ങള്‍ വമ്പിച്ച ജനശ്രദ്ധ പിടിച്ചുപറ്റി.
ബലംപ്രയോഗിച്ച് ക്ഷേത്രപ്രവേശനവും പാലിയംറോഡ് സഞ്ചാരവും നടത്തുവാന്‍ സത്യഗ്രഹികള്‍ നിശ്ചയിച്ചത് സമരത്തിന്റെ അടുത്ത ഘട്ടത്തെ സൂചിപ്പിക്കുന്നു. ഈ പരിപാടി മാര്‍ച്ച് 9-ാം തീയതിയാണ് നടപ്പാക്കാന്‍ തീരുമാനിച്ചത്. വടക്കന്‍ കൊച്ചി (തൃശൂര്‍ ജില്ല)യില്‍നിന്നും, തെക്കന്‍കൊച്ചി (എറണാകുളം)യില്‍നിന്നും രണ്ടുജാഥകള്‍ പുറപ്പെട്ട് ചേന്ദമംഗലത്ത് എത്തിച്ചേരണം എന്നായിരുന്നു തീരുമാനം. എറണാകുളത്തുനിന്ന് പുറപ്പെട്ട തെക്കന്‍ജാഥയെ നയിച്ചിരുന്നത് എ എസ് പുരുഷോത്തമന്‍, എം കെ കൃഷ്ണന്‍, സത്യവ്രതന്‍ തുടങ്ങിയവരായിരുന്നു. വൈപ്പിന്‍കരയില്‍വച്ചാണ് എ ജി വേലായുധന്‍ എന്ന അമ്പലപ്പറമ്പില്‍ ഗോവിന്ദന്‍ വേലായുധന്‍ ജാഥയില്‍ ചേര്‍ന്നത്. വടക്കന്‍ജാഥയെ നയിച്ചിരുന്നത് സഖാക്കള്‍എം എസ് കുമാരന്‍, എം എന്‍ നായര്‍ എന്നിവരായിരുന്നു. ജാഥകള്‍ പാലിയംനടയില്‍ എത്തിയതോടെ പൊലീസ് ഭീകരമായ ലാത്തിച്ചാര്‍ജ് ആരംഭിച്ചു. പൊലീസ്നിരയെ ഭേദിച്ച് ക്ഷേത്രനടയിലേക്ക് കുതിച്ചെത്തിയ എ ജി വേലായുധന്‍ പൊലീസ് പിടിയിലായി. ലോക്കപ്പിലും മര്‍ദനം തുടര്‍ന്നു. മറ്റനേകംപേര്‍ക്കും മര്‍ദനമേറ്റു. ഇതിനിടയിലാണ് എറണാകുളത്തുനിന്നും 4 ബസ്സുകളിലായി പാലിയത്തേക്ക് കുതിക്കുകയായിരുന്ന വന്‍ പൊലീസ്സംഘത്തെ പറവൂരില്‍നിന്ന് ചേന്ദമംഗലത്തേക്കു കടക്കുന്ന അയ്യപ്പന്‍പാലത്തിനുമുന്നില്‍വച്ച് കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ജനക്കൂട്ടം തടഞ്ഞത്. ഏതു സാഹസത്തിനും ഒരുങ്ങിയിരുന്ന രോഷാകുലരായ ജനക്കൂട്ടം സ്ഫോടനാത്മകമായ സാഹചര്യമാണ് സൃഷ്ടിച്ചത്. എന്‍ ശിവന്‍പിള്ള, ഐസക്തോമസ്, എന്‍ കെ മാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു ഈ ഉപരോധം. നേതാക്കളുടെയും വകതിരിവുള്ള ചില പൊലീസ്മേധാവികളുടെയും സംയമനം നിറഞ്ഞ അവസരോചിത നടപടികളാണ് വലിയ ദുരന്തങ്ങള്‍ ഒഴിവാക്കിയത്. ഏതായാലും ജനശക്തിയെ അധികകാലം തടഞ്ഞിടാന്‍ അധികാരശക്തിക്ക് സാധ്യമാവില്ലെന്ന പ്രഖ്യാപനങ്ങളായിരുന്നു ഈ സംഭവങ്ങളെല്ലാം.
പലതുകൊണ്ടും സവിശേഷമായ ഒരു സമരമായിരുന്നു പാലിയംസമരം. കമ്യൂണിസ്റ്റ് പാര്‍ടി നേരിട്ട് നയിച്ച അയിത്തവിരുദ്ധ ജാതിവിരുദ്ധ സമരമായിരുന്നു അത്. അയിത്ത ജാതിക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി നടത്തപ്പെട്ട ഈ സമരം അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമഗ്രസമരത്തിന്റെ ഭാഗമായിരുന്നു. നാനാജാതിമതസ്ഥരുടെ പങ്കാളിത്തം ഈ സമരത്തെ ശ്രദ്ധേയമാക്കി. ജാതീയമായ അടിച്ചമര്‍ത്തലില്‍ ഉള്‍ച്ചേര്‍ന്ന വര്‍ഗപരമായ ഉള്ളടക്കം ഈ സമരത്തിന്റെ പശ്ചാത്തലത്തിലും മുന്നേറ്റത്തിലും വ്യക്തമാക്കപ്പെട്ടു. രാജകുടുംബാംഗങ്ങളുടെ പങ്കാളിത്തമായിരുന്നു ഈ സമരത്തിന്റെ മറ്റൊരു പ്രത്യേകത. പാലിയം കുടുംബാംഗങ്ങളില്‍ ചിലരും ഈ സമരത്തെ പിന്തുണച്ചിരുന്നു. തികച്ചും ആധുനികവും പുരോഗമനോന്മുഖവും ആയ ഒരു ലോകവീക്ഷണത്തിന്റെയും സാമൂഹ്യബോധത്തിന്റെയും നേരിട്ടുള്ള സ്വാധീനം ഇവിടെ പ്രകടമാണ്. കൊച്ചി പ്രജാമണ്ഡലം, തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നീ സംഘടനകളുടെ പുരോഗമനാശയങ്ങളോടുള്ള വിമുഖതയും സ്ഥാപിത താല്‍പ്പര്യങ്ങളോടുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ഒത്തുതീര്‍പ്പുകളും ഈ സമരത്തിന്റെ പശ്ചാത്തലത്തില്‍ വെളിവാക്കപ്പെട്ടു. ഇന്ത്യ പോലെയുള്ള ഒരു വലിയ രാജ്യത്ത് വര്‍ഗസമരത്തിന്റെ പ്രയോഗം എത്ര സങ്കീര്‍ണവും പ്രയാസകരവുമാണെന്നും പാലിയം സമരചരിത്രം നമ്മെ ഓര്‍മപ്പെടുത്തുന്നു.
ഡോ. കെ വി കുഞ്ഞികൃഷ്ണന്‍ ദേശാഭിമാനി വാരിക 2009 ജൂലൈ 12 ലക്കം
.......ബ്രിട്ടീഷ് മലബാറിലും തിരുവിതാംകൂറിലും അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം നിയമപരമായി അനുവദിച്ചുകഴിഞ്ഞിട്ടും അതൊന്നും അനുഭവിക്കാന്‍ സാധിക്കാതെ തുടരുകയായിരുന്നു കൊച്ചിരാജ്യത്തെ അവര്‍ണരും ഹരിജനങ്ങളും. ക്ഷേത്രങ്ങള്‍ മാത്രമല്ല ചുറ്റുമുള്ള നടപ്പാതകളും അവര്‍ക്ക് നിരോധിക്കപ്പെട്ടിരുന്നു. അയിത്തം, തീണ്ടല്‍ എന്നീ ജാതിജന്യവിഷങ്ങള്‍ പ്രവഹിക്കാത്ത ജീവിതമേഖലകള്‍ തീരെ കുറവായിരുന്നു. അയിത്തജാതിക്കാരും അവരുമായി ബന്ധപ്പെട്ട പലതും അയിത്തവസ്തുക്കളുടെ പട്ടികയില്‍ പെട്ടിരുന്നു. ഉദാഹരണത്തിന് ഈഴവന്‍ പോറ്റുന്ന ആനയെ ക്ഷേത്രോത്സവങ്ങളില്‍ എഴുന്നള്ളിക്കാന്‍ അനുവദിച്ചിരുന്നില്ല. പുതിയ സാമ്പത്തികപ്രവര്‍ത്തനങ്ങളില്‍കൂടി ധനികരായിത്തീര്‍ന്ന കീഴ്ജാതിക്കാര്‍ക്ക്പോലും ഈ അപമാനം സഹിക്കേണ്ടിവന്നു എന്ന് വരുമ്പോള്‍ നിത്യവൃത്തിക്ക് ഗതിയില്ലാതിരുന്ന പാവപ്പെട്ടവന്റെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളു. ക്ഷേത്രോത്സവഘോഷയാത്രകള്‍ കടന്നുപോകുന്ന വഴികളുടെ വശങ്ങളില്‍ താമസിച്ചിരുന്ന അയിത്തജാതിക്കാര്‍ അവ കടന്നുപോകുമ്പോള്‍ വീട്വിട്ട് മാറിനില്‍ക്കണമെന്നും നിഷ്കര്‍ഷയുണ്ടായിരുന്നു. ക്ഷേത്രപരിസരങ്ങളിലെ പ്രധാന സവര്‍ണപാതകള്‍ മാത്രമല്ല സാധാരണ നാട്ടുവഴികളിലും, ഒറ്റയടിപ്പാതകളിലും കൂടിയുള്ള യാത്രകള്‍പോലും അയിത്തജാതിക്കാര്‍ക്ക് അക്കാലത്ത് പ്രയാസകരമായിരുന്നു. സവര്‍ണന് സമ്പൂര്‍ണ മുന്‍ഗണന ഉറപ്പാക്കണമായിരുന്നു. ഇടുങ്ങിയ വഴിയിലോ പാലത്തിലോ സവര്‍ണന്റെ മുന്നില്‍ നേര്‍ക്കുനേര്‍ എത്തിപ്പെടുന്ന അവര്‍ണന്റെ അവസ്ഥ അപമാനകരമായിരുന്നു. ഇത്തരം ബന്ധങ്ങളെ നിയന്ത്രിക്കാന്‍ ജുഗുപ്സാവഹമായ ചട്ടങ്ങള്‍ നിലവിലുണ്ടായിരുന്നു. 'വഴിയോ' എന്നോ 'ബോവെ' എന്നോ തങ്ങളുടെ ജാതിവ്യത്യാസമനുസരിച്ച് തീണ്ടല്‍കാര്‍ നീട്ടിവിളിക്കണം. 'ഹോയ്' എന്നോ 'ഹോയ് മാറട ദൂരെ' എന്നോ സവര്‍ണനില്‍നിന്ന് മറുപടി ഉണ്ടാകും. ഇത്തരം പ്രയോഗങ്ങള്‍ കേരളം മുഴുവന്‍ ഒരേരൂപത്തില്‍ ആയിരുന്നില്ല. പറമ്പില്‍ പണിയെടുക്കുന്ന പുലയന്‍ അരികിലെ വഴിയുടെ രണ്ടറ്റത്തും പച്ചപ്പുല്ല് പറിച്ച് അടയാളംവച്ച് തന്റെ സാന്നിധ്യത്തെക്കുറിച്ച് മേലാളന് മുന്നറിയിപ്പ് നല്‍കി 'അപകടം' ഒഴിവാക്കണമെന്നായിരുന്നു നാട്ടുനടപ്പ്. അതുവഴി വരുന്ന സവര്‍ണന്‍ പലതരം ശകാരവാക്കുകളും തുപ്പലും ചീറ്റലുമൊക്കെയായി തന്റെ അതൃപ്തി അറിയിച്ചുകൊണ്ട് കടന്നുപോകുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഇതെല്ലാമൊരു അസംബന്ധ നാടകരംഗമായിത്തോന്നിയേക്കാം. പൊതുവെ അയിത്ത ജാതിക്കാര്‍ക്ക് അനുഭവിക്കേണ്ടിവന്ന ജീവിതദുരിതങ്ങളും അവഹേളനങ്ങളും മാനസിക ശാരീരിക പീഡനങ്ങളും ഇന്ന് ഊഹിക്കാവുന്നതിലും എത്രയോ ഭയാനകമായിരുന്നു.
ReplyDelete