Thursday, July 2, 2009

ലിബര്‍ഹാന്‍: അനന്തരനടപടിക്ക് അമാന്തമരുത്

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവുംവലിയ മനുഷ്യക്കുരുതിക്ക് തീകൊളുത്തിയ സംഭവം ഏതെന്ന ചോദ്യത്തിന് ബാബറി മസ്ജിദിന്റെ തകര്‍ച്ച എന്ന ഉത്തരത്തിലെത്താന്‍ ആര്‍ക്കും അധികസമയംവേണ്ട. രാഷ്ട്രീയ സ്വയംസേവക് സംഘ് എന്ന വര്‍ഗീയ ഭീകരസംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ കര്‍സേവയില്‍ ഇന്ത്യയുടെ മതനിരപേക്ഷതയുടെ അടിത്തറയ്ക്ക് ഇളക്കംതട്ടുക മാത്രമായിരുന്നില്ല, ഇന്നാട്ടിലെ അനേകായിരം മനുഷ്യജീവനുകള്‍ വര്‍ഗീയകലാപത്തിലേക്കും മരണത്തിലേക്കും വലിച്ചിഴയ്ക്കപ്പെടുക കൂടിയായിരുന്നു. മതവികാരവും വിദ്വേഷവും കൂടു തുറന്നുവിട്ട് അധികാരത്തിന്റെ പടവുകള്‍ കയറാനുള്ള നീചമായ രാഷ്ട്രീയ പദ്ധതിയുടെ ഉല്‍പ്പന്നമായിരുന്നു ബാബറി മസ്ജിദ് തകര്‍ക്കല്‍. സംഘടിതവും ആസൂത്രിതവുമായ ആ കുറ്റകൃത്യത്തിനുപിന്നില്‍ ആര്, പ്രേരണയായ ഘടകങ്ങളെന്തൊക്കെ എന്നെല്ലാം ഇന്നാട്ടിലെ ജനങ്ങള്‍ക്കറിയാം. അത്തരക്കാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഇന്നുവരെ കഴിഞ്ഞില്ല എന്നത് ഇന്നാട്ടിലെ നിയമവ്യവസ്ഥയുടെ വലിയൊരു വൈകല്യമോ പോരായ്മയോ ആയി പലരും ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

ബാബറി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് എം എസ് ലിബര്‍ഹാന്‍ കമീഷന്‍ പതിനേഴുവര്‍ഷത്തിനുശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമെന്തെന്ന് വ്യക്തമല്ല. എന്നിരുന്നാലും രാജ്യത്തെ ഏറ്റവും കാലം അന്വേഷണം നടത്തി, നാനൂറു തവണ സിറ്റിങ് നടത്തുകയും നാല്‍പ്പത്തെട്ടുതവണ കാലാവധി നീട്ടുകയുംചെയ്ത ജുഡീഷ്യല്‍ കമീഷന്റെ കണ്ടെത്തലുകള്‍ അതീവപ്രാധാന്യമുള്ളതാണ്. പ്രതിപക്ഷനേതാവ് എല്‍ കെ അദ്വാനിയടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് സംഭവത്തിലുള്ള പങ്ക് ഉള്‍പ്പെടെയാണ് അന്വേഷിച്ചതെന്നിരിക്കെ ജസ്റ്റിസ് ലിബര്‍ഹാന്റെ കണ്ടെത്തലുകള്‍ക്ക് ഇന്ത്യന്‍രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് ഉറപ്പായിട്ടുണ്ട്.

ബാബറി മസ്ജിദ് തകര്‍ത്തതടക്കം 1992 ഡിസംബര്‍ ആറിന് സംഭവിച്ചതും അതിലേക്ക് നയിച്ചതുമായ കാര്യങ്ങളും കാരണങ്ങളുമാണ് കമീഷന്‍ പ്രധാനമായും അന്വേഷിച്ചത്. യുപി മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, മറ്റേതെങ്കിലും വ്യക്തികള്‍, സംഘടനകള്‍, ഏജന്‍സികള്‍ എന്നിങ്ങനെ ആര്‍ക്കെല്ലാം പങ്കുണ്ടോ അത്, സുരക്ഷാ പിഴവും സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളും, തകര്‍ക്കലിലേക്ക് നയിച്ച മറ്റ് സംഭവങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണം-ഇത്രയും കാര്യങ്ങളാണ് കമീഷന്റെ അന്വേഷണവിഷയങ്ങളായത്. ഇവയ്ക്കുള്ള ഉത്തരമായി റിപ്പോര്‍ട്ടിനകത്ത് എന്തുതന്നെയായാലും അത് ഇന്ന് ഭരണത്തിലുള്ള കോണ്‍ഗ്രസിനോ പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കുന്ന ബിജെപിക്കോ സുഖകരമാകാന്‍ ഇടയില്ല.

നരസിംഹറാവു പ്രധാനമന്ത്രിയും കല്യാസിങ് യുപി മുഖ്യമന്ത്രിയുമായിരിക്കെയാണ് 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തത്. സംഭവം നടന്ന് 10 ദിവസത്തിനുള്ളില്‍ കേന്ദ്രം ലിബര്‍ഹാന്‍ കമീഷനെ നിയോഗിച്ചു. എല്‍ കെ അദ്വാനിയടക്കമുള്ള നേതാക്കളെ കമീഷന്‍ വിസ്തരിച്ചിട്ടുണ്ട്. കമീഷന്‍ അന്വേഷണത്തിന്റെ പരിധിയിലല്ലാത്ത ഗൂഢാലോചന, വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അറിയപ്പെടാത്ത ആളുകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് എന്നിവയടക്കമുള്ള കേസുകള്‍ പ്രത്യേക കോടതിയിലും മറ്റുമായി നടക്കുന്നുണ്ട്. എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവരടക്കമുള്ള സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കപ്പെടുകയും കേസ് പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ട് പഠിക്കുകയാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞിട്ടുള്ളത്. ഇത്തരം ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടുകളോട് നീതികാട്ടുന്ന സ്വഭാവം കോണ്‍ഗ്രസിനില്ല. ചിലരുടെ നിസ്സഹകരണംമൂലമാണ് റിപ്പോര്‍ട്ട് സമര്‍പ്പണം വൈകിയതെന്ന ജസ്റ്റിസ് ലിബര്‍ഹാന്റെ പരാമര്‍ശം ബിജെപിയെ മാത്രമല്ല, കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസിനെക്കൂടി കുറ്റപ്പെടുത്തുന്നതാണ്. ഈ റിപ്പോര്‍ട്ടിന് മുംബൈ കൂട്ടക്കുരുതി അന്വേഷിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ടിന്റെ ഗതി വരണമെന്ന് തല്‍പ്പരകക്ഷികള്‍ക്ക് ആഗ്രഹമുണ്ടാകാം. എന്നാല്‍, അനന്തമായി പഠിക്കാന്‍ നില്‍ക്കാതെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ എത്രയും വേഗം സമര്‍പ്പിക്കാനും അതിനുവേണ്ട നടപടികള്‍ ഇനിയും സമയം പാഴാക്കാതെ പൂര്‍ത്തിയാനും യുപിഎ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. എങ്കില്‍മാത്രമേ, വൈകിയെങ്കിലും നീതി ലഭിക്കുമെന്ന തോന്നലിലേക്ക് വര്‍ഗീയകലാപങ്ങളില്‍ എല്ലാം നഷ്ടപ്പെട്ടവരെ നയിക്കാന്‍ കഴിയുകയുള്ളൂ.

ദുഷിച്ച സ്വാധീനം നീതിന്യായ വ്യവസ്ഥ നീതിപൂര്‍വകമാകുന്നതിന്റെ ഏറ്റവും പ്രധാന ഉപാധി അതിന്റെ സ്വാതന്ത്ര്യം തന്നെയാണ്. ജഡ്ജി നിയമനമടക്കമുള്ള കാര്യങ്ങളില്‍ എക്സിക്യൂട്ടീവിനുള്ള സ്വാധീനം നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനും നിഷ്പക്ഷതയ്ക്കും വിലങ്ങുതടിയാണെന്ന ചര്‍ച്ചകള്‍ നിരന്തരം ഉയര്‍ന്നുവരാറുണ്ട്. ജഡ്ജിയെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ അനുകൂല തീരുമാനം ഉല്‍പ്പാദിപ്പിച്ചെടുക്കാവുന്ന നാട്ടില്‍ നീതിയല്ല; അനീതിയാണ് പുലരുക. ജുഡീഷ്യറിയിലെ കടന്നുകയറ്റങ്ങളെക്കുറിച്ചും അപഭ്രംശങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് ഗൌരവവും പ്രാധാന്യവും കൈവരുന്നത് അത്തരം അവസ്ഥയുടെ പ്രത്യാഘാതം കഠിനമാണ് എന്നുള്ളതുകൊണ്ടുതന്നെയാണ്.

മാര്‍ക്ക് തട്ടിപ്പുകേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ ഒരു കേന്ദ്രമന്ത്രി സ്വാധീനിക്കാന്‍ ശ്രമിച്ചതായി മദ്രാസ് ഹൈക്കോടതി ജഡ്ജി ആര്‍ രഘുപതി കോടതിമുറിയില്‍ വെളിപ്പെടുത്തിയത് എല്ലാവരിലും ഞെട്ടലുളവാക്കിയതും മറ്റൊന്നുംകൊണ്ടല്ല. പുതുച്ചേരിയില്‍ സ്വകാര്യ മെഡിക്കല്‍ കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥി എസ് കിറുബ് ശ്രീധറിന്റെയും പിതാവ് ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയുടെയും ജാമ്യാപേക്ഷ പരിഗണിക്കവെയാണ് 'ഒരു കേന്ദ്രമന്ത്രി എന്നോട് ഇക്കാര്യം സംസാരിച്ചിരുന്നു. നിങ്ങള്‍ക്കുതന്നെ ഇക്കാര്യം അറിയാം. നിരുപാധികമായി മാപ്പപേക്ഷിച്ചില്ലെങ്കില്‍ വിധിപ്രസ്താവനയില്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തേണ്ടിവരും'-എന്ന് പ്രതിഭാഗം അഭിഭാഷകനോട് ജസ്റ്റിസ് രഘുപതി രോഷത്തോടെ തുറന്നടിച്ചത്.

അന്വേഷണ ഏജന്‍സികളെയും ഔദ്യോഗിക സംവിധാനങ്ങളെയാകെയും സ്വന്തം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യാറുള്ള കോണ്‍ഗ്രസിന് ഇത് ലജ്ജാകരമായ അനുഭവമായി തോന്നണമെന്നില്ല. മന്ത്രിസ്ഥാനത്തിരിക്കുന്ന മാന്യന്മാരുടെ അടുക്കളജോലിക്കാരാണ് ന്യായാധിപന്മാരെന്ന അഹന്തയില്‍നിന്നാണ് ഇത്തരം ഇടപെടലുകളുണ്ടാകുന്നത്. ദുഃസ്വാധീനങ്ങള്‍ക്ക് വഴങ്ങാത്ത, നീതിമാത്രം കൈമുതലാക്കിയ ജുഡീഷ്യറിയെക്കുറിച്ച് ആലോചിക്കുന്ന ആര്‍ക്കും ആശങ്കയുണ്ടാക്കുന്ന അനുഭവമാണിത്. ഇത്തരം കുറുക്കുവഴികള്‍ തേടുന്നവരെ തൊലിയുരിച്ച് കാണിക്കാനും ശിക്ഷിക്കാനും മുന്‍കൈയുണ്ടാകേണ്ടതുണ്ട്-ജുഡീഷ്യറിയിലും ജനങ്ങളിലും ഭരണതലത്തിലും. ജഡ്ജിയെ സ്വാധീനിച്ച് കുറ്റവാളികളെ സഹായിക്കാന്‍ ശ്രമിച്ച കേന്ദ്രമന്ത്രി ആരായാലും പരമാവധി ശിക്ഷ നല്‍കണം.

ദേശാഭിമാനി മുഖപ്രസംഗം 02 ജൂലൈ 2009

1 comment:

  1. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവുംവലിയ മനുഷ്യക്കുരുതിക്ക് തീകൊളുത്തിയ സംഭവം ഏതെന്ന ചോദ്യത്തിന് ബാബറി മസ്ജിദിന്റെ തകര്‍ച്ച എന്ന ഉത്തരത്തിലെത്താന്‍ ആര്‍ക്കും അധികസമയംവേണ്ട. രാഷ്ട്രീയ സ്വയംസേവക് സംഘ് എന്ന വര്‍ഗീയ ഭീകരസംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ കര്‍സേവയില്‍ ഇന്ത്യയുടെ മതനിരപേക്ഷതയുടെ അടിത്തറയ്ക്ക് ഇളക്കംതട്ടുക മാത്രമായിരുന്നില്ല, ഇന്നാട്ടിലെ അനേകായിരം മനുഷ്യജീവനുകള്‍ വര്‍ഗീയകലാപത്തിലേക്കും മരണത്തിലേക്കും വലിച്ചിഴയ്ക്കപ്പെടുക കൂടിയായിരുന്നു. മതവികാരവും വിദ്വേഷവും കൂടു തുറന്നുവിട്ട് അധികാരത്തിന്റെ പടവുകള്‍ കയറാനുള്ള നീചമായ രാഷ്ട്രീയ പദ്ധതിയുടെ ഉല്‍പ്പന്നമായിരുന്നു ബാബറി മസ്ജിദ് തകര്‍ക്കല്‍. സംഘടിതവും ആസൂത്രിതവുമായ ആ കുറ്റകൃത്യത്തിനുപിന്നില്‍ ആര്, പ്രേരണയായ ഘടകങ്ങളെന്തൊക്കെ എന്നെല്ലാം ഇന്നാട്ടിലെ ജനങ്ങള്‍ക്കറിയാം. അത്തരക്കാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഇന്നുവരെ കഴിഞ്ഞില്ല എന്നത് ഇന്നാട്ടിലെ നിയമവ്യവസ്ഥയുടെ വലിയൊരു വൈകല്യമോ പോരായ്മയോ ആയി പലരും ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

    ReplyDelete