Sunday, July 5, 2009

നാശത്തിന്റെ വഴി

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെറ്റിദ്ധരിക്കപ്പെട്ടോ അബദ്ധത്തിലോ അതുപോലുള്ള മറ്റേതെങ്കിലും കാരണത്താലോ കൈപ്പത്തി ചിഹ്നത്തില്‍ വോട്ടുചെയ്തുപോയവരെ പശ്ചാത്താപത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നതാണ് യുപിഎ സര്‍ക്കാരിന്റെ നടപടിയോരോന്നും. പെട്രോള്‍-ഡീസല്‍ വിലവര്‍ധനയ്ക്കു തൊട്ടുപിന്നാലെ വന്ന സാമ്പത്തിക സര്‍വേയും അടുത്തദിവസം അവതരിപ്പിക്കപ്പെട്ട റെയില്‍ബജറ്റും രാജ്യത്തെ എത്രമാത്രം അപകടകരമായ വഴിയിലൂടെയാണ് യുപിഎ സര്‍ക്കാര്‍ നയിക്കുന്നത് എന്നതിന് തുടരെത്തുടരെയുള്ള തെളിവുകളാണ്. രാജ്യതാല്‍പ്പര്യവും ജനതാല്‍പ്പര്യവും കളഞ്ഞുകുളിക്കുന്ന പരിഷ്കരണ അജന്‍ഡ മറയില്ലാതെ നടപ്പാക്കുകയാണ്. സബ്സിഡി വെട്ടിക്കുറയ്ക്കല്‍, സാമ്പത്തിക ഉദാരവല്‍ക്കരണം, ഓഹരിവില്‍പ്പന, സ്വകാര്യവല്‍ക്കരണം തുടങ്ങിയ നവഉദാരവല്‍ക്കരണ നടപടികളാണ് സാമ്പത്തിക സര്‍വേയിലൂടെ മുന്നോട്ടുവച്ചതെങ്കില്‍, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ പടിപടിയായി സ്വകാര്യമൂലധനത്തിന്റെ കൈപ്പിടിയിലാക്കുന്ന നിര്‍ദേശങ്ങളാണ് റെയില്‍വേ ബജറ്റിലുള്ളത്.

2008-09 വര്‍ഷത്തെ വളര്‍ച്ചനിരക്ക് 6.7 ശതമാനമായി ഇടിഞ്ഞു; കാര്‍ഷികവളര്‍ച്ചാരംഗത്ത് 3.3 ശതമാനവും ഉല്‍പ്പന്നനിര്‍മാണരംഗത്ത് 5.8 ശതമാനവും ഇടിവുണ്ടായി; ആളോഹരി ഉപഭോഗം 6.9 ശതമാനത്തില്‍നിന്ന് 1.4 ശതമാനമായി എന്നിങ്ങനെയുള്ള വിഷമകരമായ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കുന്ന സാമ്പത്തിക സര്‍വേ ഈ പ്രതിസന്ധി തരണംചെയ്യാന്‍ മുന്നോട്ടുവയ്ക്കുന്നത് നിര്‍ണായകമേഖലകളില്‍ വിദേശനിക്ഷേപം അനുവദിക്കുക, ധനമേഖലയില്‍ നിയന്ത്രണം എടുത്തുകളയുക തുടങ്ങിയ നിര്‍ദേശങ്ങളാണ്. ഇന്‍ഷുറന്‍സ്, ബാങ്കിങ്, പ്രതിരോധം, ചില്ലറവില്‍പ്പന മേഖലകളില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള നീക്കം രാജ്യത്തെ അനേക കോടി സാധാരണക്കാരുടെ കഞ്ഞിയില്‍ മണ്ണുവാരി ഇടുന്നതാണെന്നതില്‍ തര്‍ക്കമില്ല. കോര്‍പറേറ്റുകളോടു തുറന്ന ഔദാര്യവും സാധാരണ ജനങ്ങളോടു പകനിറഞ്ഞ കാര്‍ക്കശ്യവുമാണ് സര്‍വേയിലൂടെ അവതരിപ്പിക്കപ്പെടുന്ന സമീപനം. പൊതുമേഖലാ ഓഹരികള്‍ വിറ്റ് വരുമാനം കണ്ടെത്താന്‍ അനിതരസാധാരണമായ ആവേശമാണ് സര്‍വേയില്‍ പ്രകടമാകുന്നത്.

വികസിത മുതലാളിത്ത രാജ്യങ്ങളെയാകെ ബാധിച്ച വിനാശകരമായ ധനത്തകര്‍ച്ച ബാധിക്കാതെ താരതമ്യേന ഇന്ത്യന്‍ ധനമേഖല നിലകൊണ്ടത് കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഇടതുപക്ഷത്തിന്റെ ഇടപെടല്‍ കൊണ്ടാണ്. അതിനുള്ള പ്രധാന കാരണം നിലനില്‍ക്കുന്ന നിയന്ത്രണങ്ങളും ധനമേഖലയ്ക്കുമേല്‍ പൊതുമേഖലയ്ക്കുള്ള മേധാവിത്വവുമാണ്. ഇന്ത്യന്‍ സ്വകാര്യ ബാങ്കുകളെ ഏറ്റെടുക്കാന്‍ വിദേശബാങ്കുകള്‍ക്ക് അവസരമൊരുക്കുന്ന ബാങ്കിങ് റെഗുലേഷന്‍ (ഭേദഗതി) ബില്‍ പാസാക്കുന്നത് വിലക്കിയത് ഇടതുപക്ഷമാണ്. ഇന്‍ഷുറന്‍സ് മേഖലയിലെ എഫ്ഡിഐ 26 ശതമാനത്തില്‍നിന്ന് 49 ശതമാനമായി വര്‍ധിപ്പിക്കാനുള്ള നിയമം പാസാക്കുന്നത് തടഞ്ഞതും പെന്‍ഷന്‍ ഫണ്ടുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനും ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിനും വേണ്ടിയുള്ള നിയമനിര്‍മാണം തടഞ്ഞതും ഇടതുപക്ഷമാണ്. ഇടതുപക്ഷത്തിന്റെ പിന്തുണ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ആവശ്യമില്ലാത്ത അവസ്ഥ തങ്ങളുടെ നവ ഉദാരവല്‍ക്കരണ നടപടികളെ കെട്ടഴിച്ചുവിടാനുള്ള അവസരമായാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്.

2008ല്‍ വിദേശസ്ഥാപന നിക്ഷേപകര്‍ ഇന്ത്യയില്‍നിന്ന് 1310 കോടി ഡോളറാണ് (67,000 കോടി രൂപ) കടത്തിക്കൊണ്ടുപോയത്. 2009 മാര്‍ച്ച് മധ്യംവരെ മറ്റൊരു 23 കോടി ഡോളര്‍ (11,800 കോടി രൂപ) കൂടി കൊണ്ടുപോയി. ആ കണക്ക് കുത്തനെ ഉയര്‍ത്തുന്നതാണ് സാമ്പത്തിക സര്‍വെയിലൂടെ ആവര്‍ത്തിച്ച് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ധനപ്രതിസന്ധിയുടെ അനുഭവത്തില്‍നിന്ന് യുപിഎ സര്‍ക്കാര്‍ ഒന്നും പഠിച്ചില്ലെന്നാണ് ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്കുശേഷവും ധനഉദാരവല്‍ക്കരണനടപടി തുടരാനുള്ള ഉറച്ച നീക്കത്തില്‍നിന്നു വ്യക്തമാകുന്നത്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കുന്നതിനും നടപടികളെടുത്തില്ലെങ്കില്‍ സമ്പദ്ഘടനയ്ക്ക് കരകയറാനാകില്ല.

ഗ്രാമവികസനം, കൃഷി, സാമൂഹ്യ മേഖലകള്‍, പശ്ചാത്തല വികസനം എന്നിവയിലും പൊതുനിക്ഷേപം വന്‍തോതില്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. ധനമേഖലയ്ക്കുമേല്‍ ശക്തമായ നിയന്ത്രണം; ഊഹാധിഷ്ഠിതമൂലധനത്തിന്റെ വരവിനും പോക്കിനും നിയന്ത്രണം ഏര്‍പ്പെടുത്തുക; വികസനപരമായ ധനത്തിന്റെ പുനരുജ്ജീവനം എന്നിത്യാദി നടപടികളാണ് മുന്‍ഗണന അര്‍ഹിക്കുന്നതെന്നിരിക്കെ, ഓഹരി വില്‍പ്പനയിലും സ്വകാര്യവല്‍ക്കരണത്തിലും അഭയംതേടുന്ന സര്‍ക്കാര്‍ നശീകരണപ്രവര്‍ത്തനമാണ് നടത്തുന്നതെന്നതില്‍ തര്‍ക്കമില്ല. അതിന്റെ പ്രഖ്യാപനമാണ് സാമ്പത്തിക സര്‍വെ അവതരിപ്പിച്ച് ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി നടത്തിയത്.

മമതാ ബാനര്‍ജി വെള്ളിയാഴ്ച അവതരിപ്പിച്ച റെയില്‍വേ ബജറ്റാകട്ടെ, ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനകരമായ സാമ്പത്തിക ഔന്നത്യം തകരുന്നതിന്റെ സാക്ഷ്യപത്രമാണ്. 2008-09 വര്‍ഷത്തെ ബജറ്റില്‍ റെയില്‍വേയുടെ മിച്ചം 20,000 കോടി രൂപയായിരുന്നത് ഇക്കൊല്ലത്തെ ഇടക്കാല ബജറ്റില്‍ അതില്‍ 6500 കോടി കുറഞ്ഞു. ഇപ്പോള്‍ വെറും 8700 കോടിയിലെത്തിയിരിക്കുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ സാമ്പത്തിക ഭദ്രത തകരുകയാണെന്ന് ഈ കണക്ക് സൂചിപ്പിക്കുന്നു. കെട്ടിട സമുച്ചയങ്ങള്‍, ലോകനിലവാര സ്റ്റേഷനുകള്‍, ഭൂമി ബാങ്ക് തുടങ്ങിയ പ്രഖ്യാപനങ്ങള്‍ റെയില്‍വേയുടെ നടത്തിപ്പിലേക്ക് സ്വകാര്യമേഖലയെ കൈപിടിച്ചുകയറ്റാനുള്ളതാണ്. കേരളത്തെ സംബന്ധിച്ചാണെങ്കില്‍, പ്രത്യേക റെയില്‍വേ സോണ്‍ എന്ന മുഖ്യ ആവശ്യംതന്നെ നിരാകരിക്കപ്പെട്ടു. പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, മലയോര റെയില്‍വേ തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തെ പരിഗണിച്ചില്ല. പുതിയ തീവണ്ടികള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അവ ഓടിക്കാനുള്ള പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ പണമില്ല. അടിസ്ഥാന സൌകര്യ വികസനത്തില്‍ കേരളത്തോട് കടുത്ത അവഗണനയാണ് കാണിച്ചത്. ക്രമരഹിതമായ സ്വകാര്യവല്‍ക്കരണത്തിലാണ് മമതാ ബാനര്‍ജിയുടെ ബജറ്റിന്റെ എല്ലാ ഊന്നലും. അതാകട്ടെ, മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് അനുരോധമായതും കടുത്ത ജനവിരുദ്ധനിലപാടില്‍ കെട്ടിപ്പടുത്തതുമാണ്.

യുപിഎ സര്‍ക്കാരിന്റെ തെറിച്ച നയങ്ങള്‍ക്കെതിരായ കരുത്തന്‍ പ്രക്ഷോഭത്തിന് രാജ്യം തയ്യാറെടുക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിടുന്നതാണ് സാമ്പത്തിക സര്‍വേയും റെയില്‍ ബജറ്റും. അത്തരം പ്രക്ഷോഭങ്ങളില്‍ ഇന്നലെവരെ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നവര്‍പോലും സ്വമേധയാ അണിനിരക്കേണ്ട സാഹചര്യമാണ് സംജാതമാകുന്നത്.

ദേശാഭിമാനി മുഖപ്രസംഗം 04 ജൂലൈ 2009

1 comment:

  1. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെറ്റിദ്ധരിക്കപ്പെട്ടോ അബദ്ധത്തിലോ അതുപോലുള്ള മറ്റേതെങ്കിലും കാരണത്താലോ കൈപ്പത്തി ചിഹ്നത്തില്‍ വോട്ടുചെയ്തുപോയവരെ പശ്ചാത്താപത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നതാണ് യുപിഎ സര്‍ക്കാരിന്റെ നടപടിയോരോന്നും. പെട്രോള്‍-ഡീസല്‍ വിലവര്‍ധനയ്ക്കു തൊട്ടുപിന്നാലെ വന്ന സാമ്പത്തിക സര്‍വേയും അടുത്തദിവസം അവതരിപ്പിക്കപ്പെട്ട റെയില്‍ബജറ്റും രാജ്യത്തെ എത്രമാത്രം അപകടകരമായ വഴിയിലൂടെയാണ് യുപിഎ സര്‍ക്കാര്‍ നയിക്കുന്നത് എന്നതിന് തുടരെത്തുടരെയുള്ള തെളിവുകളാണ്. രാജ്യതാല്‍പ്പര്യവും ജനതാല്‍പ്പര്യവും കളഞ്ഞുകുളിക്കുന്ന പരിഷ്കരണ അജന്‍ഡ മറയില്ലാതെ നടപ്പാക്കുകയാണ്. സബ്സിഡി വെട്ടിക്കുറയ്ക്കല്‍, സാമ്പത്തിക ഉദാരവല്‍ക്കരണം, ഓഹരിവില്‍പ്പന, സ്വകാര്യവല്‍ക്കരണം തുടങ്ങിയ നവഉദാരവല്‍ക്കരണ നടപടികളാണ് സാമ്പത്തിക സര്‍വേയിലൂടെ മുന്നോട്ടുവച്ചതെങ്കില്‍, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ പടിപടിയായി സ്വകാര്യമൂലധനത്തിന്റെ കൈപ്പിടിയിലാക്കുന്ന നിര്‍ദേശങ്ങളാണ് റെയില്‍വേ ബജറ്റിലുള്ളത്.

    ReplyDelete