Saturday, July 4, 2009

ജനപ്രിയ മുഖംമൂടിയണിഞ്ഞ സ്വകാര്യവല്‍ക്കരണം

സ്വാതന്ത്ര്യത്തിന്റെ ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും വികസനത്തില്‍ ജനങ്ങള്‍ക്ക് പങ്കാളിത്തമില്ലെന്ന് വിലപിച്ചാണ് മമത ബാനര്‍ജി റെയില്‍വേ ബജറ്റ് അവതരിപ്പിച്ചത്. സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ താല്‍പ്പര്യങ്ങള്‍ക്കായിരിക്കും തന്റെ പരിഗണനയെന്നും അവര്‍ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍, അവര്‍ അവതരിപ്പിച്ച ബജറ്റിലെ ഊന്നല്‍ ലാഭക്കണക്കുകളില്‍മാത്രം കണ്ണുംനട്ട് കഴുത്തറപ്പന്‍വഴികളിലൂടെ സഞ്ചരിക്കുന്ന സ്വകാര്യമേഖലയുടെ കൈകളിലേക്ക് റെയില്‍വേയെ പടിപടിയായി കൈമാറുകയെന്നതാണ്. എല്ലാ മേഖലയിലും സ്വകാര്യപങ്കാളിത്തം അനുവദിക്കുകയെന്ന ലക്ഷ്യമാണ് ഇപ്പോഴത്തെ യുപിഎ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. അതിനനുസരിച്ചാണ് മമത തിരക്കഥ രചിച്ചിരിക്കുന്നത്. അധിക വിഭവസമാഹരണത്തിനുള്ള സാധ്യത സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തത്തില്‍നിന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നുപറയുകയും ചെയ്തു. അന്താരാഷ്ട്ര നിലവാരമുള്ള റെയില്‍വേ സ്റ്റേഷനുകള്‍ പഴയ പ്രഖ്യാപനത്തിന്റെ തനിയാവര്‍ത്തനമാണ്. അത് സ്വകാര്യമൂലധനത്തിന്റെ സഹായത്തോടെമാത്രമാണ് നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി വിദേശമൂലധനത്തെയും ആശ്രയിക്കുമെന്ന് അഹമ്മദ് ചാനല്‍ചര്‍ച്ചയില്‍ വ്യക്തമാക്കുകയും ചെയ്തു. അതുപോലെ ചരക്കുകടത്തിന്റെ പുതിയ കോറിഡോറുകള്‍, പുതിയ കാര്‍ഗോ സെന്ററുകള്‍, മെഡിക്കല്‍ കോളേജ്, നേഴ്സിങ് കോളേജ് എന്നിങ്ങനെയുള്ള പുതിയ പദ്ധതികളിലും പ്രതീക്ഷ സ്വകാര്യമൂലധനത്തില്‍തന്നെയാണ്. കണ്ണായ സ്ഥലത്തുള്ള റെയില്‍വേയുടെ ഭൂമിയും ലാഭകരമായി ഉപയോഗിക്കുന്ന പദ്ധതികളും കച്ചവടക്കണ്ണ് ലക്ഷ്യംവച്ച് റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ ബജറ്റുപ്രസംഗത്തില്‍ ലാലുപ്രസാദ് യാദവ് നമ്മുടെ റെയില്‍വേയ്ക്ക് ലോകത്തുള്ള സ്ഥാനം എടുത്തുപറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ച്യൂണ് ‍500 കമ്പനികളുടെ പട്ടികയിലെ മഹാഭൂരിപക്ഷം വ്യവസായങ്ങളേക്കാളും ലാഭത്തിലാണ് ഇന്ത്യന്‍ റെയില്‍വേ എന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞിരുന്നു. 20,000 കോടി രൂപയുടെ പണമിച്ചത്തെക്കുറിച്ചും നിരന്തരമുണ്ടാകുന്ന വര്‍ധനയെക്കുറിച്ചുമുള്ള ആവേശകരമായ വാചകങ്ങള്‍ ലാലുവിന്റെ പ്രസംഗത്തിന്റെ തുടക്കത്തില്‍തന്നെ കാണാം. ലാഭത്തിന്റെ കാര്യത്തിലും ലോകത്തിലെ മികച്ച റാങ്കുള്ള സ്ഥാപനങ്ങളുടെ പട്ടികയിലെ പ്രധാനസ്ഥാനമാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍, അതില്‍ മാറ്റം സംഭവിച്ചതായി മമത ബാനര്‍ജിയുടെ പ്രസംഗം വ്യക്തമാക്കുന്നു. തുടര്‍ച്ചയായി മിച്ചത്തിലും ലാഭത്തിലുമുണ്ടാകുന്ന കുറവ് അത്ഭുതപ്പെടുത്തുന്നതാണ്. ആഗോള സാമ്പത്തികപ്രതിസന്ധിയുടെ പ്രത്യാഘാതം കണക്കുകളില്‍ പ്രതിഫലിക്കുമെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, ഇത്രയും ഭീതിജനകമായ കുറവിന്റെ കാരണങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണായകമായ സ്ഥാനം വഹിക്കുന്ന റെയില്‍വേ ബജറ്റില്‍ ജനം പ്രതീക്ഷിക്കുന്നത് അടിസ്ഥാനസൌകര്യങ്ങളുടെ വളര്‍ച്ചയ്ക്കായുള്ള പദ്ധതികളാണ്. പ്രത്യേകിച്ചും പശ്ചാത്തലസൌകര്യങ്ങളുടെ കുതിച്ചുചാടുന്ന വളര്‍ച്ചയുടെ ആവശ്യത്തെസംബന്ധിച്ച് കേന്ദ്രം തുടര്‍ച്ചയായി ഓര്‍മപ്പെടുത്തുന്ന പശ്ചാത്തലത്തില്‍.

എന്നാല്‍, അതിനായുള്ള വകയിരുത്തലുകള്‍ ഒറ്റനോട്ടത്തില്‍ കുറവാണ്. എത്ര പുതിയ ട്രെയിനുകള്‍ അനുവദിച്ചാലും അത് വേഗത്തില്‍ നിശ്ചിതസ്ഥലത്ത് ഓടി എത്തുന്നതിന് പര്യാപ്തമായ റെയില്‍പ്പാത വേണം. പാത ഇരട്ടിപ്പിക്കലിന്റെയും വൈദ്യുതിവല്‍ക്കരണത്തിന്റെയും കാര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഒച്ചിഴയുന്ന വേഗമാണ്. രാജ്യത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് ഗൌരവപൂര്‍ണമായ പദ്ധതികള്‍ ഒന്നുംതന്നെ പ്രഖ്യാപിച്ചിട്ടില്ല. അതുപോലെതന്നെ പ്രധാനമാണ് കാര്യക്ഷമതയുള്ള ജീവനക്കാര്‍ ആവശ്യത്തിന് ഉണ്ടാവുകയെന്ന കാര്യവും. ജീവനക്കാരുടെ പങ്കിനെ വാഴ്ത്തുന്ന നിരവധി വാചകം പ്രസംഗത്തിലുണ്ട്. അവര്‍ക്കായി ചില പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇന്നത്തെ ആവശ്യത്തിന് അനുസരിച്ച് ജീവനക്കാരുണ്ടോയെന്നതു പരിഗണിക്കുന്നില്ല. പിന്നോക്കവിഭാഗങ്ങള്‍ക്കും മറ്റും പ്രത്യേക റിക്രൂട്ടുമെന്റ് നടത്തുമെന്ന കാര്യം സ്വാഗതാര്‍ഹമാണെങ്കിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുമെന്ന പ്രഖ്യാപനം നടത്താതെ, സുരക്ഷിതത്വത്തെസംബന്ധിച്ചും മറ്റും നടത്തുന്ന പ്രഖ്യാപനങ്ങള്‍ ജല്‍പ്പനങ്ങളായി അവശേഷിക്കുകയായിരിക്കും ചെയ്യുക.

അതേസമയം, ഔട്ട്സോഴ്സിങ്ങിനുള്ള പല നിര്‍ദേശവും ബജറ്റിലുണ്ട്. ഒറ്റനോട്ടത്തില്‍ ജനങ്ങള്‍ക്ക് സഹായകരമായിരിക്കുമെന്ന് തോന്നിപ്പിക്കുന്ന പല നിര്‍ദേശത്തിന്റെയും യഥാര്‍ഥമുഖം ഔട്ട്സോഴ്സിങ്ങിന്റേതാണ്. പാലക്കാട് കോച്ച് ഫാക്ടറിയെസംബന്ധിച്ച പരാമര്‍ശം ഇല്ലാത്തത് ആസൂത്രണ കമീഷന്റെ അനുമതി ലഭിക്കാത്തതുകൊണ്ടാണെന്നാണ് മന്ത്രി ഇ അഹമ്മദ് ചാനല്‍ചര്‍ച്ചയില്‍ പറഞ്ഞത്. എന്നാല്‍, കാഞ്ചറപ്പാറ- ഹലിസാഹര്‍ റെയില്‍വേ കോംപ്ളക്സില്‍ പുതിയ ആധുനിക കോച്ച് ഫാക്ടറി അനുവദിക്കുമെന്നു പ്രഖ്യാപിക്കുന്നതിന് ഒരു തടസ്സവും ഉണ്ടായിട്ടില്ല. അതിന് കാരണവും ഈ പ്രഖ്യാപനത്തില്‍ കാണാം. മെട്രോ- മെമ്മു കോച്ചുകള്‍ നിര്‍മിക്കുന്ന ഈ ഫാക്ടറി സ്വകാര്യപങ്കാളിത്തത്തോടെയായിരിക്കും സ്ഥാപിക്കുകയെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്. ആസൂത്രണകമീഷന്റെ അനുമതിക്കായുള്ള ഉപാധി സ്വകാര്യപങ്കാളിത്തമാണെന്ന ധ്വനിയാണെന്നാണ് ഇതിലുള്ളത്.

യാത്രക്കൂലിയും ചരക്കുകൂലിയും വര്‍ധിപ്പിക്കാത്തതും ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് പ്രതിമാസം 25 രൂപ നല്‍കി 100 കിലോമീറ്ററിനുള്ളില്‍ സഞ്ചരിക്കാമെന്ന നിര്‍ദേശവും സ്വാഗതാര്‍ഹമാണ്. സ്ത്രീകളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും സഹായിക്കുന്ന പ്രഖ്യാപനങ്ങളും ജനങ്ങളെ സഹായിക്കുന്നതാണ്. കേരളത്തിന് പുതിയ ട്രെയിനുകള്‍ ലഭിച്ചതില്‍ പൊതുവെ ആഹ്ളാദമാണെങ്കിലും പ്രതീക്ഷിച്ച നേട്ടം ഉണ്ടായിട്ടില്ലെന്ന യാഥാര്‍ഥ്യം കാണാതിരുന്നുകൂടാ. പ്രഖ്യാപിച്ച പല ട്രെയിനും പൂര്‍ണരൂപത്തില്‍ പുതിയ വണ്ടികളല്ലെന്ന വിമര്‍ശവും ഉയര്‍ന്നിട്ടുണ്ട്. 350 സ്റ്റേഷനില്‍ നടപ്പാക്കുമെന്നു പ്രഖ്യാപിച്ച ആദര്‍ശ് പദ്ധതിയില്‍ കേരളത്തില്‍നിന്ന് ഒരു സ്റ്റേഷന്‍പോലുമില്ല. കേരളത്തിന്റെ പ്രാദേശിക യാത്രാസൌകര്യം മെച്ചപ്പെടുത്തുന്നതിന് അടിയന്തരമായി വേണ്ടിയിരുന്ന സബര്‍ബന്‍, മെമു സര്‍വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യത്തോട് ഇത്തവണയും ക്രിയാത്മകമായി പ്രതികരിച്ചിട്ടില്ല. ഏറ്റവും ഗൌരവമായത് പ്രത്യേക സോണ്‍ എന്ന ആവശ്യം നിരാകരിച്ചതാണ്. കേരളത്തിന്റെ റെയില്‍വേവികസനത്തിന് അത്യാവശ്യമായ മുന്നുപാധിയാണ് നിഷേധിച്ചത്. അതുപോലെ അടിസ്ഥാനസൌകര്യങ്ങളുടെ കാര്യത്തിലും അവഗണനയാണുള്ളത്. ലൈന്‍ ഇരട്ടിപ്പിക്കാതെയും വൈദ്യുതിവല്‍ക്കരണം നടത്താതെയും ഒരു പുതിയ ട്രെയിനും ഉദ്ദേശിച്ച രീതിയില്‍ ഓടാന്‍ കഴിയില്ല. കോച്ച് ഫാക്ടറിയുടെ അവസ്ഥതന്നെയാണ് ചേര്‍ത്തല ഓട്ടോകാസ്റ്റുമായി ചേര്‍ന്ന വാഗന്‍ ഫാക്ടറിക്കുമുള്ളത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്റെ അന്താരാഷ്ട്രവല്‍ക്കരണം ഏറെ പഴയ വാഗ്ദാനത്തിന്റെ ആവര്‍ത്തനമാണ്.

ഫലത്തില്‍ റെയില്‍വേ ബജറ്റിന്റെ ലക്ഷ്യം വിദേശമൂലധനത്തിനും വന്‍കിട കുത്തകകള്‍ക്കും ഈ കറവപ്പശുവിനെ ഏല്‍പ്പിച്ചുകൊടുക്കുകയാണ്. റെയില്‍വേപോലുള്ള മേഖലകളില്‍ വിദേശമൂലധനം കടന്നുവരാന്‍ അനുവദിക്കുന്നത് ദൂരവ്യാപകപ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഉറപ്പ്. റെയില്‍വേ സ്വകാര്യവല്‍ക്കരിച്ച രാജ്യങ്ങളുടെ അനുഭവം മമതയും അഹമ്മദും മനസ്സിലാക്കുന്നത് നന്നായിരിക്കും. ലോക മുതലാളിത്തത്തിന്റെ പ്രതീകമായി പരിഗണിച്ചിരുന്ന ജനറല്‍ മോട്ടോഴ്സുവരെ ദേശസാല്‍ക്കരിക്കാന്‍ നിര്‍ബന്ധിതമാകുന്ന ലോകസാഹചര്യത്തിലാണ്, വിത്തെടുത്ത് വില്‍ക്കുന്ന പണിക്ക് യുപിഎ തുനിയുന്നത്.

പി രാജീവ് എം പി

2 comments:

  1. സ്വാതന്ത്ര്യത്തിന്റെ ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും വികസനത്തില്‍ ജനങ്ങള്‍ക്ക് പങ്കാളിത്തമില്ലെന്ന് വിലപിച്ചാണ് മമത ബാനര്‍ജി റെയില്‍വേ ബജറ്റ് അവതരിപ്പിച്ചത്. സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ താല്‍പ്പര്യങ്ങള്‍ക്കായിരിക്കും തന്റെ പരിഗണനയെന്നും അവര്‍ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍, അവര്‍ അവതരിപ്പിച്ച ബജറ്റിലെ ഊന്നല്‍ ലാഭക്കണക്കുകളില്‍മാത്രം കണ്ണുംനട്ട് കഴുത്തറപ്പന്‍വഴികളിലൂടെ സഞ്ചരിക്കുന്ന സ്വകാര്യമേഖലയുടെ കൈകളിലേക്ക് റെയില്‍വേയെ പടിപടിയായി കൈമാറുകയെന്നതാണ്. എല്ലാ മേഖലയിലും സ്വകാര്യപങ്കാളിത്തം അനുവദിക്കുകയെന്ന ലക്ഷ്യമാണ് ഇപ്പോഴത്തെ യുപിഎ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. അതിനനുസരിച്ചാണ് മമത തിരക്കഥ രചിച്ചിരിക്കുന്നത്. അധിക വിഭവസമാഹരണത്തിനുള്ള സാധ്യത സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തത്തില്‍നിന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നുപറയുകയും ചെയ്തു. അന്താരാഷ്ട്ര നിലവാരമുള്ള റെയില്‍വേ സ്റ്റേഷനുകള്‍ പഴയ പ്രഖ്യാപനത്തിന്റെ തനിയാവര്‍ത്തനമാണ്. അത് സ്വകാര്യമൂലധനത്തിന്റെ സഹായത്തോടെമാത്രമാണ് നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി വിദേശമൂലധനത്തെയും ആശ്രയിക്കുമെന്ന് അഹമ്മദ് ചാനല്‍ചര്‍ച്ചയില്‍ വ്യക്തമാക്കുകയും ചെയ്തു. അതുപോലെ ചരക്കുകടത്തിന്റെ പുതിയ കോറിഡോറുകള്‍, പുതിയ കാര്‍ഗോ സെന്ററുകള്‍, മെഡിക്കല്‍ കോളേജ്, നേഴ്സിങ് കോളേജ് എന്നിങ്ങനെയുള്ള പുതിയ പദ്ധതികളിലും പ്രതീക്ഷ സ്വകാര്യമൂലധനത്തില്‍തന്നെയാണ്. കണ്ണായ സ്ഥലത്തുള്ള റെയില്‍വേയുടെ ഭൂമിയും ലാഭകരമായി ഉപയോഗിക്കുന്ന പദ്ധതികളും കച്ചവടക്കണ്ണ് ലക്ഷ്യംവച്ച് റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് പ്രഖ്യാപിക്കുന്നത്.

    ReplyDelete
  2. ഒന്നുരുണ്ടുകാണട്ടെ ഉന്തണോ തള്ളണോന്നു നോക്കാം...
    അഞ്ചാറു പേരില്ലേ, എന്തങ്കിലും നടക്കാതിരിയ്ക്കില്ല...

    ReplyDelete