വിശ്വാസികളുമായുള്ള യുദ്ധപ്രഖ്യാപനമല്ല സിപിഐ എം സംസ്ഥാന പ്ലീനം. അങ്ങനെയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള പാഴ്വേലയിലാണ് ഒരുകൂട്ടം അച്ചടി-ദൃശ്യമാധ്യമങ്ങള്‍. പാര്‍ടി അംഗങ്ങള്‍ ആരാധനാലയങ്ങളുടെ ഭാരവാഹികളാകുന്നതും സമുദായ-ജാതിസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതും അവസാനിപ്പിക്കാന്‍ പ്ലീനത്തിലെ സംഘടനാരേഖ നിര്‍ദേശിക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച രേഖയുടെ ഉള്ളടക്കം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സന്ദേഹങ്ങള്‍ക്ക് ഇടം നല്‍കാത്തവിധം മാധ്യമങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചിരുന്നു.
എന്നാല്‍, അതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് വിശ്വാസികളില്‍ പാര്‍ടിയെപ്പറ്റി അവിശ്വാസവും സംശയവും വളര്‍ത്താനുള്ള യജ്ഞത്തിലാണ് വലതുപക്ഷ മാധ്യമങ്ങള്‍. "സിപിഐ എം അംഗത്വം- വിശ്വാസികള്‍ക്കു പ്രവേശനമില്ല" "പാര്‍ടി പ്രവര്‍ത്തകര്‍ക്ക് "വിശ്വാസ"നിയന്ത്രണം" എന്നിങ്ങനെയാണ് രണ്ട് പത്രങ്ങള്‍ തലക്കെട്ട് കൊടുത്തത്. മനോരമയുള്‍പ്പെടെ ഒന്നിലധികം ചാനലുകളാകട്ടെ "പാര്‍ടിയും വിശ്വാസികളും" എന്ന വിഷയത്തിന്മേല്‍ രാപ്പകല്‍ ഭേദമന്യേ ചര്‍ച്ചയായിരുന്നു. ഇതിലൂടെ വിശ്വാസികളും കമ്യൂണിസ്റ്റ്കാരും രണ്ടുതട്ടില്‍ കഴിയേണ്ടവരാണെന്ന കല്‍പ്പന മുതലാളിത്തപക്ഷ മാധ്യമങ്ങള്‍ വാര്‍ത്തെടുക്കുകയാണ്. അത് പ്ലീനംരേഖയുടെ കാതലിനെ വിസ്മരിക്കലാണ്. അന്ധവിശ്വാസം, അനാചാരം, പൂജാദികര്‍മങ്ങള്‍, അമ്പലകമ്മിറ്റി ഭാരവാഹിത്വം തുടങ്ങിയവ കമ്യൂണിസ്റ്റുകാര്‍ക്കു വേണ്ട എന്നത് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പെരുമാറ്റസംഹിതയില്‍ ഉള്‍പ്പെടുന്നതാണ്. അത് സംഘടനക്കുള്ളില്‍ കര്‍ശനമായി നടപ്പാക്കണമെന്ന് രേഖ നിര്‍ദേശിക്കുമ്പോള്‍ത്തന്നെ, നാളെ ഒരു പള്ളിവികാരിയോ സന്യാസിയോ പാര്‍ടിഅംഗത്വത്തിന് അപേക്ഷിച്ചാല്‍ വിശ്വാസിയാണെന്ന കാരണത്താല്‍ നിരസിക്കില്ലെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു.
അങ്ങനെ പാര്‍ടി അംഗമാകുമ്പോള്‍ തൊട്ടടുത്തദിവസം പള്ളിയിലോ ആരാധനാലയങ്ങളിലോ പോകുന്നതിനെ വിലക്കുമെന്നല്ല. എന്നാല്‍, വൈരുധ്യാത്മക ഭൗതികവാദം എന്ന ദര്‍ശനം എല്ലാ പാര്‍ടി അംഗങ്ങളെയും പഠിപ്പിക്കാനും അത് പ്രവാര്‍ത്തികമാക്കാനും മുന്‍കൈയെടുക്കും. അതിനുള്ള സംവിധാനം കാര്യക്ഷമമാക്കാനാണ് പ്ലീനംരേഖ നിര്‍ദേശിക്കുന്നത്. മതനിരപേക്ഷതയും ന്യൂനപക്ഷ അവകാശങ്ങളും കാത്തുസൂക്ഷിക്കുന്നതില്‍ തത്വദീക്ഷയോടെയുള്ള ഉറച്ച നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നത്. ഇതിന്റെ ഫലമായി മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പാര്‍ടിക്ക് സ്വാധീനം വര്‍ധിപ്പിക്കാനുള്ള സാഹചര്യമുണ്ട്. എന്നാല്‍, ഇന്ന് പാര്‍ടി അംഗത്വത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം വിഭാഗത്തില്‍ ജനസംഖ്യാനുപാതികമായ പങ്കാളിത്തമില്ല.
ഇത് പരിഹരിക്കാനുള്ള കര്‍മപരിപാടിക്ക് പ്ലീനം രൂപം നല്‍കുമ്പോഴാണ് "വിശ്വാസം" എന്ന വിഷയത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് മാധ്യമങ്ങള്‍ വിലങ്ങുതടി തീര്‍ക്കാന്‍ നോക്കുന്നത്. ഭരണവര്‍ഗങ്ങളും അവരുടെ പാദസേവകരും അധ്വനിക്കുന്ന വിഭാഗങ്ങളുടെ ഐക്യത്തെ ശിഥിലമാക്കാന്‍ ദൈവവിശ്വാസത്തെയും ജാതി-മത സംഘടനകളെയും ആയുധമാക്കാറുണ്ട്. അതുകൊണ്ടുതന്നെ ജാതി-മതാന്ധതക്ക് എതിരായ ആശയദൃഢതയിലേക്ക് പാര്‍ടിഅംഗങ്ങളെയും ജനങ്ങളെയും എത്തിക്കേണ്ടതുണ്ട്. എന്നാല്‍, വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്മ, പട്ടിണി, സ്ത്രീപീഡനം എന്നിവക്കെതിരായ പോരാട്ടത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് വിശ്വാസികളുമായി കൂട്ടുകൂടുന്നതില്‍ വിശാല മനസ്സാണുള്ളത്. യേശുക്രിസ്തു, ശ്രീകൃഷ്ണന്‍ തുടങ്ങി ഭക്തന്മാര്‍ ആരാധിക്കുന്നവരെപ്പോലും വര്‍ഗീയവാദികള്‍ സ്വകാര്യസ്വത്താക്കുന്നതിനെ കമ്യൂണിസ്റ്റുകാര്‍ അനുകൂലിക്കുന്നില്ല.
അതുകൊണ്ടാണ് വിമോചന നായകനെന്ന സങ്കല്‍പ്പത്തില്‍ യേശുക്രിസ്തുവിന്റെ ചിത്രം പാര്‍ടിയുടെ തിരുവനന്തപുരത്തെ സംസ്ഥാന സമ്മേളന ചരിത്രപ്രദര്‍ശനത്തില്‍ സ്ഥാപിച്ചത്. കാല്‍നൂറ്റാണ്ട് പശ്ചിമബംഗാള്‍ ഭരിച്ച ജ്യോതിബസുവും മദര്‍തെരേസയും തമ്മിലുള്ള നിത്യസുഹൃദ്ബന്ധം പാര്‍ടിക്കെതിരെ "വിശ്വാസവിവാദം" സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ്. പാര്‍ടിയെ നവീകരിക്കാനും പ്രത്യയശാസ്ത്രം കരുത്തുള്ളതാക്കാനുള്ള പാര്‍ടി പ്ലീനം വിശ്വാസികളിലടക്കം പാര്‍ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ളതാണ്.
(ആര്‍ എസ് ബാബു)
ബഹുജനപിന്തുണ വര്‍ധിപ്പിക്കും
സ. ഇ എം എസ് നഗര്‍ (പാലക്കാട് ടൗണ്‍ഹാള്‍): കേരളത്തില്‍ സിപിഐ എമ്മിന്റെ കരുത്തും ബഹുജന പിന്തുണയും വര്‍ധിപ്പിക്കാന്‍ വിപുലമായ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ പാര്‍ടി സംസ്ഥാന പ്ലീനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ ആഹ്വാനം ചെയ്തു. പാര്‍ടിയുടെ മുഴുവന്‍ അംഗങ്ങളും ഉത്തരവാദിത്വം ഏറ്റെടുത്ത്പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരും ബ്രാഞ്ചുകള്‍ സ്വയം മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്ന ഘടകങ്ങളും ആകുന്ന നിലയിലേക്ക് മാറണമെന്നും സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നതായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് 4,01,704 പാര്‍ടി അംഗങ്ങളുണ്ട്. 29,260 ബ്രാഞ്ചുകളും 2013 ലോക്കല്‍ കമ്മിറ്റികളും 205 ഏരിയാ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ എല്ലാവര്‍ക്കും ഒരേ പോലെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയുന്നില്ല. മുഴുവന്‍ അംഗങ്ങളും സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നവരാകണം. പ്ലീനത്തിന് മുന്നോടിയായി ഓരോ ഘടകത്തിലേയും ദൗര്‍ബല്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. ഏരിയ സെക്രട്ടറിമാര്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരാകണം. മറ്റ് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ പാടില്ല. പ്ലീനം കഴിയുന്നതോടെ ഇതിന് ക്രമീകരണമുണ്ടാകണം.
ഒരു മുഴുവന്‍ സമയ പ്രവര്‍ത്തകനെങ്കിലും ലോക്കലിലുണ്ടാകണം. അത് സെക്രട്ടറി തന്നെ ആകണമെന്നില്ല. ഇപ്പോള്‍ 3,192 മുഴുവന്‍ സമയ പ്രവര്‍ത്തകരാണുള്ളത്. ഇവര്‍ക്ക് പരിമിതമായ അലവന്‍സ് ആയതിനാല്‍ ഒരു ഘട്ടം കഴിയുമ്പോള്‍ ചിലരെങ്കിലും ജോലിതേടി പോകുന്നു. ഇത് മാറണം. ഓരോ ഏരിയയിലും മുഴുവന്‍ സമയപ്രവര്‍ത്തകയായി ഒരു വനിത ഉണ്ടാകണം. മല്‍സ്യത്തൊഴിലാളി, എസ്സി-എസ്ടി മേഖലകളില്‍ നിന്നും കൂടുതല്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരെ കണ്ടെത്തണം.
ബ്രാഞ്ചുകള്‍ സ്വയം പ്രവര്‍ത്തിക്കുന്നവയാകണം. അതത് പ്രദേശത്തെ വിഷയങ്ങള്‍ സ്വയം ഏറ്റെടുക്കാനും രാഷ്ട്രീയ സംഭവവികാസങ്ങള്‍ അവലോകനം ചെയ്യാനും പ്രാപതരായിരിക്കണം. ബ്രാഞ്ചുകള്‍ പ്രദേശത്തെ മുഴുവന്‍ കാര്യങ്ങളെ കുറിച്ചും അറിയണം. ഇതിനായി കുടുംബ സര്‍വേ നടത്തണം. പാര്‍ടി ബ്രാഞ്ചുകളില്‍ 15ല്‍ കൂടുതല്‍ അംഗങ്ങള്‍ പാടില്ല. കൂടുമ്പോള്‍ വിഭജിക്കണം. കേരളത്തില്‍ ഉടനീളം പാര്‍ടിക്ക് ഒരേ സ്വാധീനമല്ല. അസമമായ സ്വാധീനവും അസമമായ വളര്‍ച്ചയുമാണ്. ദുര്‍ബലമായ പ്രദേശങ്ങളില്‍ സജീവമാക്കാന്‍ കഴിയണം. 2014 ഓടെ എല്ലാ ബൂത്തിലും പര്‍ടി ഘടകം വേണം.
പാര്‍ടി അംഗങ്ങളെ എങ്ങനെയെങ്കിലും ചേര്‍ത്താല്‍ പോര. കമ്യൂണിസ്റ്റ് പാര്‍ടി മറ്റ്പാര്‍ടികളില്‍നിന്നും വ്യത്യസ്തമാണ്. കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. അന്യവര്‍ഗ ചിന്തകളില്‍ നിന്നും മോചനം നേടണം. മൂല്യ വ്യതിയാനംവച്ചുപൊറുപ്പിക്കില്ല. സമൂഹത്തില്‍ മദ്യപാനം വ്യാപിച്ചു. അത് ചില അംഗങ്ങളില്‍ എത്തി. ഇത് ചെറിയ ന്യൂനപക്ഷംമാത്രമാണ്. അങ്ങിനെ പെട്ടുപോയവരെ മോചിപ്പിക്കണം. അതിന് തയ്യാറാവുന്നില്ലെങ്കില്‍ അംഗത്വത്തില്‍നിന്നും ഒഴിവാക്കണം.
റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളില്‍ നിന്നും അംഗങ്ങള്‍ പൂര്‍ണമായും പിന്‍മാറണം. തര്‍ക്ക സ്ഥലം, ചതുപ്പ്നിലം, നെല്‍വയല്‍ തുടങ്ങിയവ വില്‍ക്കാന്‍ ചിലര്‍ പാര്‍ടിയെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. ഇതിനായി തെറ്റായ വഴികളിലൂടെ പാര്‍ടി പ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നു. അതില്‍പ്പെട്ടുപോകുന്ന പ്രവര്‍ത്തകര്‍ ക്രമേണ നാട്ടില്‍ അനഭിമതരാവുകുന്നു. അത്തരം ഇടപെടല്‍ പാടില്ല. തിരുത്താന്‍ തയ്യാറാകാത്തവരെ ഒഴിവാക്കണം.
ബ്ലേഡ് കമ്പനികളുമായി പാര്‍ടി മെമ്പര്‍മാര്‍ക്ക് ഒരു തരത്തിലുള്ള ബന്ധവും പാടില്ല. പാര്‍ടി പ്രവര്‍ത്തകര്‍ മാതൃകാപരമായി പെരുമാറണം. വിനയാന്വിതരാകണം. തട്ടിക്കയറാന്‍ പാടില്ല. പാര്‍ടിക്ക് വലിയ ബഹുജന സ്വാധീനമുണ്ട്. ജനാധിപത്യ കേന്ദ്രീകരണമുള്ള പാര്‍ടിയുമാണ്. എന്നാല്‍ ഈ ജനാധിപത്യ കേന്ദ്രീകരണം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കരുത്. ഇത്തരം ശൈലിയില്‍ നിന്നും മോചനം നേടണം.
വരവില്‍ക്കവിഞ്ഞ സ്വത്ത് ആര്‍ജിക്കുന്നവരെ കണ്ടെത്തണം. പാര്‍ടി സ്ക്രൂട്ട്നി സമയത്ത് സ്വത്ത് വിവരം നല്‍കണം. ഇതില്‍ അപാകാതകള്‍ കണ്ടാല്‍ വിശദീകരണം നല്‍കണം. വരുമാന സ്രോതസ്സ് വ്യക്തമാക്കണം.
വിപ്ലവ ബഹുജന പ്രസ്ഥാനമെന്ന സിപിഐ എം കാഴ്ചപ്പാട് ശരിവയ്ക്കുന്നതാണ് പാര്‍ടി അംഗങ്ങളുടെ വിവിധ വര്‍ഗങ്ങള്‍ സൂചിപ്പിക്കുന്നത്. 57 ശതമാനവും തൊഴിലാളി വര്‍ഗമാണ്. 21 ശതമാനം കര്‍ഷകത്തൊഴിലാളികള്‍. എട്ട് ശതമാനം ദരിദ്ര കര്‍ഷകര്‍. ഒമ്പത് ശതമാനം ഇടത്തരംവിഭാഗം. 25 വയസ്സിന് താഴെയുള്ളവരാണ് പത്ത് ശതമാനം അംഗങ്ങള്‍. 16 ശതമാനം 25നും 31നും ഇടയില്‍. 32നും 50നും ഇടയില്‍ 46 ശതമാനം. 51നും 70നും ഇടയില്‍ 25 ശതമാനം. 70 വയസിന് മുകളില്‍ 2.65 ശതമാനം മാത്രം. 96 ശതമാനം പേരും 1977ന് ശേഷം വന്നവരാണ്. 60 ശതമാനം പേരും 2000ത്തിന് ശേഷംവന്നവരാണ്. ഇത് കാണിക്കുന്നത് രാഷ്ട്രീയ വിദ്യാഭ്യാസവും തുടര്‍ വിദ്യാഭ്യാസവും നല്‍കണമെന്നാണ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ-ഏരിയകമ്മിറ്റികള്‍ നടത്തണം.
ചില അംഗങ്ങള്‍ വരുമാനത്തിനനുസരിച്ച് ലെവി കൊടുക്കുന്നില്ല. ഇത് മാറ്റണം. 2014ലെ സ്ക്രൂട്ട്നി സമയത്ത് ഇത് കര്‍ശനമാക്കണം. മതന്യൂനപക്ഷങ്ങളില്‍ പാര്‍ടി അംഗത്വം വേണ്ട വിധത്തില്‍ ഉയര്‍ന്നിട്ടില്ല. പാര്‍ടി അംഗങ്ങളില്‍ മുസ്ലിം വിഭാഗം 9.56 ശതമാനമാണ്. ക്രിസ്ത്യന്‍ വിഭാഗം 10.9 ശതമാനവും. മതന്യൂനപക്ഷങ്ങളില്‍ പാര്‍ടിക്ക് സ്വാധീനമുണ്ടെങ്കിലും അത് അംഗത്വത്തില്‍ പ്രതിഫലിക്കുന്നില്ല. എന്നാല്‍ പട്ടികജാതി വര്‍ഗവിഭാഗങ്ങളില്‍ അംഗങ്ങളുടെ എണ്ണം കൂടുതലാണ്. 62,000 വനിതകള്‍ മാത്രമാണ് അംഗങ്ങളായുള്ളത്. 16 ശതമാനം. ഇത് വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കണം.
അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായ പ്രചാരണം ശക്തിപ്പെടുത്തണം. പാര്‍ടി അംഗങ്ങള്‍ ജാതിമത സംഘടനകളില്‍ പ്രവര്‍ത്തിക്കരുത്. ആരാധാനാലയങ്ങളുടെ ഭാരവാഹിത്വം പാടില്ല. ആരാധാനാലയങ്ങളോട് ശത്രുതാപരമായ നിലപാടില്ല. വിശ്വാസികളെ ബഹുമാനിക്കുന്നു. എന്നാല്‍ വര്‍ഗീയ തീവ്രവാദികളെ ആരാധാനാലയങ്ങളില്‍ നിന്നും മോചിപ്പിക്കണം.
വിഭാഗീയതയ്ക്ക് വലിയ തോതില്‍ മോചനമായി. വിഭാഗീയത അന്യവര്‍ഗചിന്തയാണ്. കമ്യൂണിസ്റ്റ് മൂല്യങ്ങളുടെ ലംഘനമാണ്. ഇതില്‍ നിന്നും പൂര്‍ണമായും മോചനം നേടണം. പാര്‍ടി വിരുദ്ധ നിലപാടുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. പല കാരണങ്ങളാല്‍ പാര്‍ടി വിട്ടുപോയവര്‍ ശത്രുക്കളായി മാറിയെങ്കിലും ചിലര്‍ പാര്‍ടിയുടെ ശത്രുക്കളല്ല. അവരെ പാര്‍ടിയിലേക്ക് തിരിച്ചുകൊണ്ടുവരണം. തെറ്റിദ്ധരിച്ച്മാറി നില്‍ക്കുന്നവരെ കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ കെ ബാലനും പങ്കെടുത്തു.
മതനിരപേക്ഷ ജനാധിപത്യ യോജിപ്പ് അടിയന്തര കടമ
ഇ എം എസ് നഗര്‍ (പാലക്കാട് ടൗണ്‍ഹാള്‍): ജനവിരുദ്ധ കോണ്‍ഗ്രസിനെയും സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള മതാധിഷ്ഠിത രാഷ്ട്രവാദക്കാരെയും ചെറുക്കാന്‍ മതനിരപേക്ഷ ജനാധിപത്യശക്തികളുടെ യോജിപ്പിന് സിപിഐ എം സംസ്ഥാന പ്ലീനം ആഹ്വാനം ചെയ്തു. കേരള രാഷ്ട്രീയ സ്ഥിതിഗതികള്‍ സംബന്ധിച്ച് പ്ലീനം അംഗീകരിച്ച പ്രമേയത്തിലാണ് ജനങ്ങള്‍ക്കുമുന്നിലുള്ള അടിയന്തര കടമ ഓര്‍മിപ്പിക്കുന്നത്.
ജനകീയ പ്രശ്നങ്ങളെയും സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യത്തെയും ആസ്പദമാക്കി എല്‍ഡിഎഫ് നേതൃത്വത്തില്‍ ശക്തമായ ജനകീയ പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരണം. സാമ്രാജ്യത്വ ധനമൂലധനശക്തികള്‍ക്ക് രാജ്യത്തെ അടിയറവയ്ക്കാന്‍ ശ്രമിക്കുന്നതാണ് കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍. അവയെ പിന്താങ്ങുകയും തീവ്ര ഹിന്ദുത്വവാദമുയര്‍ത്തി രാജ്യത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള മതാധിഷ്ഠിത രാഷ്ട്രവാദക്കാര്‍ വിപത്കരമായ നീക്കങ്ങളാണ് നടത്തുന്നത്. ഇവയെ ചെറുക്കാന്‍ താല്‍പ്പര്യമുള്ള മതനിരപേക്ഷ ജനാധിപത്യശക്തികളെ യോജിപ്പിച്ച് അണിനിരത്തുക എന്നതാവണം അടിയന്തര കടമയെന്ന് എളമരം കരീം അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ പുതിയ പ്രതിബന്ധങ്ങള്‍ കൂടി കണക്കിലെടുത്തുള്ള വികസന കാഴ്ചപ്പാടുമായി ബദല്‍ നയങ്ങള്‍ കരുപ്പിടിപ്പിക്കാനും അതിനായി പോരാടാനും പ്ലീനം ആഹ്വാനം ചെയ്തു. സാധാരണ ജനങ്ങളെ കാണാതെയുള്ള, പൂര്‍ണ കച്ചവടവല്‍ക്കരണം ലക്ഷ്യമിടുന്ന യുഡിഎഫിന്റെ നവലിബറല്‍ അജണ്ടയായ "പദ്ധതി പരിപ്രേക്ഷ്യം 2030" തള്ളിക്കളയണമെന്ന് ഡോ. തോമസ് ഐസക് അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്‍മേല്‍ 14 ജില്ലകളില്‍ നിന്നുള്ള 39 പേര്‍ സംസാരിച്ചതായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഘടനയെ ശക്തിപ്പെടുത്തുന്നതിന് ഇത്തരത്തില്‍ പ്ലീനം സംഘടിപ്പിച്ചതിനെ പ്രതിനിധികള്‍ അഭിനന്ദിച്ചതായി കോടിയേരി പറഞ്ഞു. രേഖയെ പൊതുവെ സ്വാഗതം ചെയ്ത അംഗങ്ങള്‍ ചില നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും ഉന്നയിച്ചു. പാര്‍ടി സംസ്ഥാന സെന്ററിന് ഈ കാലയളവില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്ന് പ്രതിനിധികള്‍ വിലയിരുത്തി. വിഭാഗീയതയുടെ ഭാഗമായി കേരളത്തിലെ പാര്‍ടിക്ക് അവസരങ്ങളും സാധ്യതകളും നഷ്ടപ്പെട്ടു. ഈ വീഴ്ചയില്‍ സ്വയം വിമര്‍ശനം നടത്തി,
അനുഭവപാഠം ഉള്‍ക്കൊണ്ട്, തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിതാന്ത ജാഗ്രത വേണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പാര്‍ടിയുടെ പ്രചാരണ പരിപാടികളില്‍ ആധുനിക സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി കാലോചിതമായ മാറ്റം വരുത്തണം. ബഹുജന പ്രശ്നങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന സമരങ്ങള്‍ ബന്ധപ്പെട്ട ജനവിഭാഗങ്ങള്‍ അറിയുന്നില്ല. അതിനനുസരിച്ചുള്ള പ്രചാരണം വേണം. വിദ്യാര്‍ഥി-യുവജന- സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തന പരിപാടികള്‍ വേണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച ചര്‍ച്ച പൂര്‍ത്തിയായി.
ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന പ്രമേയം എം ബി രാജേഷ് അവതരിപ്പിച്ചു. പ്രതിനിധികളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും സംസ്ഥാന സെക്രട്ടറിയറ്റ് ചര്‍ച്ച ചെയ്ത് വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മറുപടി പ്രസംഗം നടത്തും. തുടര്‍ന്ന് രേഖ അംഗീകരിക്കും. വൈകിട്ട് രണ്ട് ലക്ഷം പേരുടെ ബഹുജന സംഗമത്തോടെ പ്ലീനം സമാപിക്കും. സമാപന സമ്മേളനം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.
(എം രഘുനാഥ്)
വിഭാഗീയതയോട് വിട്ടുവീഴ്ച പാടില്ല
ഇ എം എസ് നഗര്‍ (പാലക്കാട് ടൗണ്‍ഹാള്‍): വിഭാഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് പ്ലീനത്തില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടതായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പൊളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും തുടങ്ങിയ തെറ്റുതിരുത്തല്‍ പ്രക്രിയയുടെ ഭാഗമായാണ് പ്ലീനം നടത്തുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറിയറ്റ് ഒരു പരിശോധന നടത്തി. സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് ഓരോ അംഗത്തേയും വിലയിരുത്തി. സ്റ്റേറ്റ് സെന്ററില്‍നിന്നും 3, 4 അംഗങ്ങള്‍ പങ്കെടുത്ത് ജില്ലാ കമ്മിറ്റിപരിശോധന നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത് ഏരിയ തലത്തില്‍ ചര്‍ച്ച നടത്തി. ഈ ചര്‍ച്ചകളില്‍ പലതരം ദൗര്‍ബല്യങ്ങള്‍ കണ്ടെത്തി. അവ പരിഹരിക്കണമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പാര്‍ടി സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ പൂര്‍ണമായും വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. വ്യക്തിപരമായ ആക്ഷേപമുന്നയിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.
ആദിവാസി മേഖലകളിലെ മാവോയിസ്റ്റ് ഭീഷണി ചെറുക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് അഭിപ്രായമുയര്‍ന്നു. വയനാട് ജില്ലയില്‍ നിന്നുള്ള പ്രതിനിധികളാണ് ഈ വിമര്‍ശനമുന്നയിച്ചത്. ആദിവാസി കോളനികളില്‍ കടന്ന് ചെന്ന് കോളനികള്‍ കീഴടക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുമ്പോഴും പൊലീസ് നിഷ്ക്രിയമാണ്. വനമേഖല മാവോയിസ്റ്റുകളെ ഏല്‍പ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയെ വധിക്കുമെന്ന് പോസ്റ്ററുകള്‍ പതിച്ചു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും ആവശ്യമുയര്‍ന്നു.
വിദ്യാര്‍ഥി-യുവജന വിഭാഗങ്ങളില്‍നിന്നും കൂടുതല്‍ കേഡര്‍മാരെ വാര്‍ത്തെടുക്കാന്‍ പദ്ധതി തയ്യാറാക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വനിതാ അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ യോഗങ്ങള്‍ അവര്‍ക്ക്കൂടി പങ്കെടുക്കാന്‍ പറ്റുന്ന സമയങ്ങളില്‍ നടത്തണം. ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്വാധീനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പരിപാടി വേണം. നിലവില്‍ യുവജന, കര്‍ഷക, കര്‍ഷകത്തൊഴിലാളി മേഖലകളിലെ ഇടപെടലിനായി മൂന്ന് രേഖകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതേ മാതൃകയില്‍ രേഖ തയ്യാറാക്കി പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും പ്ലീനത്തില്‍ നിര്‍ദേശമുയര്‍ന്നു.
സിപിഐ എം വിശ്വാസികള്‍ക്ക് എതിരല്ല: പിണറായി
പാലക്കാട്: സിപിഐ എം വിശ്വാസികള്‍ക്കെതിരാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ജീവന്‍കൊടുത്ത് പോരാടുന്ന പ്രസ്ഥാനമാണിത്. ആരോടും തൊട്ടുകൂടായ്മ പുലര്‍ത്തുന്നില്ല. സമൂഹത്തെ ജാതീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിനെതിരെ നല്ല ജാഗ്രതയും കരുതലും വേണം. സിപിഐ എം പ്ലീനത്തോട് അനുബന്ധിച്ച് നടന്ന റാലിയില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു പിണറായി.
അരാഷ്ട്രീയത വേണമെന്ന പ്രചാരണം നടക്കുന്നുണ്ട്. അതിന് സ്വത്വരാഷ്ട്രീയവും ഉത്തരാധുനികതയുമെല്ലാം ഉയര്‍ത്തുന്നു. ചിലര്‍ അനാവശ്യ ജാതിവിഷയം കൊണ്ടുവരുന്നുണ്ട്. പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് നാടിന് ഉയര്‍ച്ചയുണ്ടായത്. തൊഴിലാളികളും കര്‍ഷകരും എല്ലാം വര്‍ഗാടിസ്ഥാനത്തിലാണ് പ്രക്ഷോഭം നടത്തിയത്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമെല്ലാം ചേര്‍ന്ന് വര്‍ഗാടിസ്ഥാനത്തിലുള്ള സമരം തന്നെയാണ് നടത്തിയത്. ഇന്നത്തെ കേരളം സൃഷ്ടിച്ചതില്‍ കമ്യുണിസ്റ്റുകാര്‍ വഹിച്ച പങ്ക് വലുതാണ്. നാടിന് ദുരിതം മാത്രം വിതച്ച സര്‍ക്കാരിനെതിരായ ശക്തമായ പ്രക്ഷോഭ വേലിയേറ്റത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ യുഡിഎഫ് സര്‍ക്കാര്‍ ഒലിച്ചുപോവും. കള്ളക്കേസുകളും അക്രമങ്ങളുമുണ്ടാക്കി നേതാക്കളെയും പ്രവര്‍ത്തകരെയും ജയിലിലടച്ച് സിപിഐ എമ്മിനെ തകര്‍ക്കാമെന്ന ഏറ്റവും ഹീനമായ പ്രവര്‍ത്തികളാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുകൊണ്ട് സിപിഐ എം നിശ്ചലമാവുമെന്നാണ് ഭരണക്കാര്‍ കരുതിയത്. എന്നാല്‍ പാര്‍ടിയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ ജനങ്ങള്‍ ഉറച്ച് നിന്നപ്പോള്‍ സര്‍ക്കാരിന് പത്തിമടക്കേണ്ടിവന്നു. യുഡിഎഫിനെ അധികാരത്തിലേറ്റിയ ജനങ്ങളാകെ നിരാശരാണ്. ഇതിന്റെ പ്രതിഫലനങ്ങള്‍ യുഡിഎഫിനകത്ത് കാണാന്‍ കഴിയും.
ഓരോ പാര്‍ടിയിലും പാര്‍ടികള്‍ തമ്മിലും പ്രശ്നമാണ്. പണമൊഴുക്കി ഇതിനെ നേരിടാമെന്നാണ് കോണ്‍ഗ്രസും യുഡിഎഫും കരുതുന്നത്. മതനിരപേക്ഷത പറയുമെങ്കിലും വര്‍ഗീയ തീവ്രവാദശക്തികളുമായി എല്ലാ കാലത്തും സമരസപ്പെട്ടുപോവുകയാണ് കോണ്‍ഗ്രസ് ചെയ്തിട്ടുള്ളത്. നാല് വോട്ടിന്വേണ്ടി ഇത്തരംകക്ഷികളെ എല്ലാ കാലത്തും കൂട്ടുപിടിച്ചിട്ടുണ്ട്. കേരളത്തില്‍ മതനിരപേക്ഷത സംരക്ഷിക്കാന്‍ എല്‍ഡിഎഫിനെ കഴിയൂ. അതില്‍ പ്രധാനം സിപിഐ എമ്മിന്റെ കരുത്താണ്. വര്‍ഗീയതയെയും തീവ്രവാദത്തെയും എതിര്‍ക്കുന്ന എല്ലാ ജനവിഭാഗങ്ങളും സിപിഐഎമ്മിനെയും എല്‍ഡിഎഫിനെയും അനുകൂലിക്കും. ആര്‍എസ്എസും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് എല്‍ഡിഎഫിന് കൂടുതല്‍ കരുത്തുണ്ടാകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. പ്ലീനത്തോടെ സിപിഐ എം കൂടുതല്‍ കരുത്തുറ്റ സംഘടനയായി മാറുമെന്നും പിണറായി പറഞ്ഞു.
deshabhimani