Friday, November 1, 2013

ബഹുജന പ്രതിഷേധം ഉയര്‍ത്തുക: പിണറായി

ആലപ്പുഴയില്‍ സ. കൃഷ്ണപിള്ള സ്മാരകത്തിനുനേരെ നടന്ന അക്രമത്തിനെതിരെ വന്‍ ബഹുജനപ്രതിഷേധം ഉയരണമെന്നും എന്നാല്‍, ഒരുതരത്തിലുള്ള പ്രകോപനവും പാടില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. എ കെ ജി സെന്ററില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പിണറായി.

കോണ്‍ഗ്രസിന്റെ അത്യന്തം ഹീനമായ പ്രകോപനമാര്‍ഗമാണ് ആലപ്പുഴയില്‍ കണ്ടത്. ഇതില്‍ ഒരു കാരണവശാലും കുടുങ്ങരുത്. പ്രകോപിതരായി അതേനാണയത്തില്‍ മറുപടി കൊടുക്കാന്‍ ഒരു സഖാവും പാര്‍ടിബന്ധുക്കളും തുനിയരുതെന്നും പിണറായി അഭ്യര്‍ഥിച്ചു.

അക്രമം നടത്തിയ ക്രിമിനലുകള്‍ക്ക് കൃഷ്ണപിള്ള ആരാണെന്ന് അറിയില്ലെന്ന് തോന്നുന്നു. കേരളത്തിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് പുതുജീവന്‍ നല്‍കിയ നേതാവാണ് കൃഷ്ണപിള്ള. സാമ്രാജ്യത്വത്തിനെതിരെ കോഴിക്കോട് കടപ്പുറത്ത് നടന്ന സമരത്തില്‍ കൃഷ്ണപിള്ള കാണിച്ച അത്യുജ്വലമായ സമരവീര്യം മറക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും പ്രധാന ഏടാണിത്. പിന്നീട് അദ്ദേഹത്തിന് മറ്റു പലരെയുംപോലെ കോണ്‍ഗ്രസുമായി ഒത്തുപോകാനായില്ല. കോണ്‍ഗ്രസ് സമീപനങ്ങളും നയങ്ങളുമായി യോജിച്ചുപോകാനാകാത്തതിനെതുടര്‍ന്നാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി രൂപീകരിച്ചതും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് എത്തിയതും.

അക്രമം നടത്തിയ ക്രിമിനലുകള്‍ക്ക് കൃഷ്ണപിള്ള ഒരു കമ്യൂണിസ്റ്റ് നേതാവ് എന്ന കാര്യംമാത്രമേ അറിയൂ എന്ന് തോന്നുന്നു. കൃഷ്ണപിള്ള ആരാണെന്ന് അറിയുകയും ചരിത്രബോധം ഉണ്ടാവുകയും ചെയ്തിരുന്നെങ്കില്‍ കൃഷ്ണപിള്ള അവസാനം താമസിച്ച വീട് കത്തിക്കാനും പ്രതിമ തകര്‍ക്കാനും കഴിയുമായിരുന്നില്ല. ക്രിമിനലുകള്‍ ആര് എന്നതിന് പ്രത്യേക അഭ്യൂഹമൊന്നും വേണ്ട. ഡിസിസി പ്രസിഡന്റിന്റെ കുറ്റബോധത്തോടെയുള്ള പ്രസ്താവന അത് പകല്‍പോലെ വ്യക്തമാക്കുന്നു.

സിപിഐ എമ്മിലെ ഗ്രൂപ്പുവഴക്ക് എന്നാണ് അദ്ദേഹം പറഞ്ഞത്. അത്തരം ഒരു നെറികേട് കോണ്‍ഗ്രസ് നേതാവ് വിളിച്ചുപറയുന്നെങ്കില്‍ അതിനര്‍ഥം നടന്ന സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നാണ്. ചാരുംമൂട്, അരൂര്‍, കുട്ടനാട്, ഹരിപ്പാട് മേഖലകളില്‍ അനേകം പാര്‍ടി ഓഫീസുകളാണ് കോണ്‍ഗ്രസ് ക്രിമിനലുകള്‍ തകര്‍ത്തത്. കായംകുളത്ത് സഹകരണസ്ഥാപനമായ കെസിടി നടത്തുന്ന അഞ്ചു ബസും തകര്‍ത്തു. രണ്ടു ദിവസമായി നടക്കുന്ന ക്രിമിനല്‍പ്രവൃത്തികളുടെ ഭാഗമാണിതും. വലിയ പ്രത്യാഘാതമുണ്ടാക്കുന്ന നടപടിയാണിത്. ഈ പ്രശ്നത്തെ കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായി എടുത്താല്‍ നന്ന്. ആഭ്യന്തരവകുപ്പും സര്‍ക്കാരും ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കുകയും ശക്തമായ നടപടി എടുക്കുകയും വേണം.

കേരളത്തിലാകെ നടക്കുന്ന അക്രമങ്ങളിലൊന്നാണിത്. ഒന്നിലും പാര്‍ടിപ്രവര്‍ത്തകര്‍ പ്രകോപിതരായിട്ടില്ല. പ്രകോപിപ്പിച്ചേ അടങ്ങൂ എന്നനിലയിലാണ് ഈ അക്രമം. എന്നാല്‍, ഒരുതരത്തിലുള്ള പ്രകോപനത്തിലും പാര്‍ടിപ്രവര്‍ത്തകര്‍ കുടുങ്ങരുത്. ഈ നിലപാട് സ്വീകരിക്കുന്നത് ഇത്തരം തെമ്മാടിത്തത്തെ നേരിടാന്‍ അറിയാഞ്ഞിട്ടല്ലെന്ന് കോണ്‍ഗ്രസ്- യുഡിഎഫ് നേതൃത്വവും സര്‍ക്കാരും മനസ്സിലാക്കണം. പ്രകോപനപരമായി പ്രതികരിച്ചാല്‍ ചിത്രം മാറിപ്പോകും. അങ്ങനെയൊന്ന് ഉണ്ടാകാന്‍ പാര്‍ടി ആഗ്രഹിക്കുന്നില്ലെന്നും പിണറായി വ്യക്തമാക്കി.

deshabhimani

No comments:

Post a Comment