Friday, November 22, 2013

എസ്എഫ്ഐ നേതാക്കളെ സത്യഗ്രഹപ്പന്തലില്‍ കയറി അറസ്റ്റ് ചെയ്തു

എസ്എഫ്ഐ പ്രവര്‍ത്തകരെ അരുംകൊല ചെയ്യുന്ന ആര്‍എസ്എസ് കാടത്തത്തിനെതിരെയുള്ള സത്യഗ്രഹപ്പന്തലില്‍ കയറി വിദ്യാര്‍ഥി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി പ്രശോഭ്, സെക്രട്ടറി സരിന്‍ ശശി, ജില്ലാ വൈസ് പ്രസിഡന്റ് പി അഖില്‍, കണ്ണൂര്‍ ഏരിയാ സെക്രട്ടറി കെ രാഹുല്‍ എന്നിവരെയാണ് എസ്ഐ സനലുംസംഘവും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത്. കലക്ടറേറ്റിനു മുമ്പിലെ സമരപ്പന്തലില്‍ രാവിലെ പത്തിനാണ് സംഭവം. സത്യഗ്രഹത്തിനുള്ള സജ്ജീകരണം ഒരുക്കുന്നതിനിടെയാണ് ടൗണ്‍ എസ്ഐ സ്ഥലത്തെത്തി പ്രശോഭിനെയും സരിനെയും വലിച്ചിഴച്ച് ജീപ്പില്‍ കയറ്റിയത്. ഇത് ചോദ്യം ചെയ്തതോടെയാണ് അഖിലിനെയും രാഹുലിനെയും അറസ്റ്റ് ചെയ്തത്.

ഏതു കേസിലാണ് അറസ്റ്റ് എന്ന ചോദ്യത്തിനു പോലും ഉത്തരമില്ലാതെയാണ് എസ്ഐയുടെ ധിക്കാരപരമായ നടപടി. തുടര്‍ന്ന് ഇരുവരെയും ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സത്യഗ്രഹം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ കാര്യം അന്വേഷിക്കാന്‍ പൊലീസ്സ്റ്റേഷനിലെത്തിയെങ്കിലും അകത്തുകടത്താന്‍ തയ്യാറായില്ല. ഒപ്പമുണ്ടായിരുന്ന സിപിഐ എം സംസ്ഥാനകമ്മറ്റി അംഗം കെ കെ രാഗേഷ്, എസ്എഫ്ഐ നേതാക്കളായ എം വിജിന്‍, കെ നിഷാദ് എന്നിവര്‍ പൊലീസുമായി സംസാരിച്ചു. തുടര്‍ന്ന് ഇവരെ ഗേറ്റ് തുറന്ന് അകത്തുകടത്തി. സംഭവം റപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും പുറത്തുനിര്‍ത്തി. സിപിഐ എം സംസ്ഥാനകമ്മറ്റി അംഗം എം വി ജയരാജന്‍ എത്തിയതോടെയാണ് മാധ്യമപ്രവര്‍ത്തകരെ അകത്തുകയറ്റിയത്. പി ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ പിന്നീട് എസ്എഫ്ഐ നേതാക്കളെ സന്ദര്‍ശിച്ചു. പൊലീസിന്റെ അസഹിഷ്ണനിലപാടിനെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. സത്യഗ്രഹപ്പന്തലില്‍നിന്നാരംഭിച്ച പ്രകടനത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്നു. തുടര്‍ന്ന് നടന്ന സത്യഗ്രഹം പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
 
ജില്ലാ വൈസ് പ്രസിഡന്റ് പി പി മുഹമ്മദ് സിറാജ് അധ്യക്ഷനായി. എം വി ജയരാജന്‍, കെ കെ രാഗേഷ്, എം ഷാജര്‍, രക്തസാക്ഷി റോഷന്റെ പിതാവ് കെ വി വാസു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം വിജിന്‍ സ്വാഗതം പറഞ്ഞു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയദൗത്യം ഏറ്റെടുത്തവരാണ് കണ്ണൂര്‍ പൊലീസിന്റെ തലപ്പത്തുള്ളതെന്ന് പി ജയരാജന്‍ മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഡിസിസി ഓഫീസില്‍ സംരക്ഷിക്കുമ്പോള്‍ പൊലീസ് നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടുകയാണ്. ജനപ്രതിനിധികളെയും രാഷ്ട്രീയനേതാക്കളെയും പ്രവേശിപ്പിക്കാതെ പൊലീസ്സ്റ്റേഷന്‍ സ്വകാര്യസ്വത്താക്കാനുള്ള ചില ഓഫീസര്‍മാരുടെ നീക്കം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment