Wednesday, November 20, 2013

ജയിലില്‍ കഴിയുന്നവര്‍ക്ക് മത്സരിക്കാം: സുപ്രീംകോടതി

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ജയിലിലോ പൊലീസ് കസ്റ്റഡിയിലോ കഴിയുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന മുന്‍ നിലപാട് സുപ്രീംകോടതി തിരുത്തി. ജയിലില്‍ കഴിയുന്നവര്‍ മത്സരിക്കുന്നത് വിലക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. ഭേദഗതി അംഗീകരിച്ച സുപ്രീംകോടതി, സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി തീര്‍പ്പാക്കവെയാണ് നിലപാട് തിരുത്തിയത്. ജയിലില്‍ കഴിയുന്നവര്‍ക്ക് നിയമപ്രകാരം വോട്ടുചെയ്യാന്‍ അവകാശമില്ലാത്തതിനാല്‍ മത്സരിക്കാനും അവകാശമില്ലെന്ന പട്ന ഹൈക്കോടതിയുടെ ഉത്തരവ് ജൂലൈയിലാണ് ജ. എ കെ പട്നായിക്കിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ശരിവച്ചത്.

ക്രിമിനല്‍ കേസില്‍ കുറ്റക്കാരെന്ന് വിധിക്കപ്പെടുന്ന ജനപ്രതിനിധികള്‍ അപ്പോള്‍ത്തന്നെ അയോഗ്യരാകുമെന്ന മറ്റൊരു ഉത്തരവും കോടതി പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ പ്രധാന രാഷ്ട്രീയപാര്‍ടികളെല്ലാം ഉത്തരവിനെതിരെ രംഗത്തുവന്നതിനെതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനാഹര്‍ജി സമര്‍പ്പിച്ചത്. ഇതിനിടെ പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്ത്, ജയിലില്‍ കഴിയുന്നവര്‍ മത്സരിക്കാന്‍ പാടില്ലെന്ന ഉത്തരവ് സര്‍ക്കാര്‍ മറികടക്കുകയും ചെയ്തു. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്നവര്‍ അപ്പോള്‍ത്തന്നെ അയോഗ്യരാക്കപ്പെടുമെന്ന ഉത്തരവ് മറികടക്കുന്നതിനുള്ള നിയമഭേദഗതി ബില്ലും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഇത് പാസാക്കാനായില്ല.

തുടര്‍ന്ന് ബില്‍ ഓര്‍ഡിനന്‍സ് രൂപത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്നു. എന്നാല്‍, ഓര്‍ഡിനന്‍സിനെതിരെ വ്യാപകവിമര്‍ശം ഉയര്‍ന്നതിനെതുടര്‍ന്ന് പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായി. ഓര്‍ഡിനന്‍സ് വലിച്ചുകീറി ചവറ്റുകൊട്ടയിലിടണമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെതുടര്‍ന്നായിരുന്നു സര്‍ക്കാര്‍ പെട്ടെന്ന് ഓര്‍ഡിനന്‍സ് പിന്‍വലിച്ചത്. ജനപ്രാതിനിധ്യനിയമത്തിലെ 62(5) വകുപ്പുപ്രകാരമായിരുന്നു ജയിലില്‍ കഴിയുന്നവര്‍ മത്സരിക്കരുതെന്ന ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധി. ഈ വകുപ്പ് ഭേദഗതിചെയ്താണ് സര്‍ക്കാര്‍ ഉത്തരവ് മറികടന്നത്. ചൊവ്വാഴ്ച പുനഃപരിശോധനാഹര്‍ജി പരിഗണനയ്ക്ക് വന്നപ്പോള്‍ സര്‍ക്കാര്‍ ഇതിനോടകം ഭേദഗതി കൊണ്ടുവന്നതിനാല്‍ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് ജ. എ കെ പട്നായിക് നിരീക്ഷിച്ചു. ഇതോടെ വിചാരണത്തടവുകാര്‍ക്കും കസ്റ്റഡിയില്‍ കഴിയുന്നവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങി. കേന്ദ്രത്തിനുവേണ്ടി എല്‍ എന്‍ നാഗേശ്വരറാവുവും വി കെ ബിജുവും ഹാജരായി.

deshabhimani

No comments:

Post a Comment