Wednesday, February 29, 2012

മാറാട്: ലീഗ് നേതാക്കളെ പ്രതിചേര്‍ത്ത എഫ്ഐആര്‍ പുറത്ത്

മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിച്ച ക്രൈംബ്രാഞ്ച് തയ്യാറാക്കിയ എഫ്ഐആറില്‍ മുസ്ലിംലീഗ് നേതാക്കളും പ്രതികളെന്ന് വെളിപ്പെട്ടു. ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജി, ബേപ്പൂര്‍ മേഖലാ സെക്രട്ടറി പി പി മൊയ്തീന്‍കോയ എന്നിവരെ പ്രതിചേര്‍ക്കാമെന്നാണ് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നല്‍കിയ എഫ്ഐആറിലുള്ളത്. കൊലക്കുറ്റമടക്കമുള്ള കുറ്റമാണ് ലീഗ് നേതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 2010 സെപ്തംബര്‍ 25ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ച എഫ്ഐആറിന്റെ പൂര്‍ണരൂപം "ദേശാഭിമാനി"ക്ക് ലഭ്യമായി.
മായിന്‍ഹാജിയെ രണ്ടാംപ്രതിയാക്കാമെന്നാണ് എഫ്ഐആറിലുള്ളത്. പ്രാദേശിക നേതാവ് മൊയ്തീന്‍കോയയുടെ പേരാണ് ഒന്നാംപ്രതിയായുള്ളത്. എന്‍ഡിഎഫ് നേതാക്കള്‍ , മാറാട് ജുമാമസ്ജിദ് മഹല്ല്കമ്മിറ്റിയിലെ ചില അംഗങ്ങള്‍ എന്നിവരെയും പ്രതിപ്പട്ടികയില്‍പ്പെടുത്തി. ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 120-ബി (ക്രിമിനല്‍ ഗൂഢാലോചന), 109 (വര്‍ഗീയ-സാമുദായിക കലാപത്തിന് പ്രേരണ) എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. 507/എച്ച്എച്ച്ഡബ്ല്യു 3 എന്ന ഫയല്‍ നമ്പറിലാണ് വര്‍ഗീയകലാപവുമായി ബന്ധപ്പെട്ട ലീഗുകാരുടെ പേര് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡിവൈഎസ്പി പി രഘുനാഥനാണ് തിരുവനന്തപുരത്തെ ആസ്ഥാനത്ത് റിപ്പോര്‍ട്ട് നല്‍കിയതെന്നും എഫ്ഐആര്‍ വ്യക്തമാക്കുന്നു. മാറാട് ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ ശുപാര്‍ശപ്രകാരമാണ് സര്‍ക്കാര്‍ അന്വേഷണസംഘത്തെ നിയോഗിച്ചതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആറെന്നും ക്രൈംബ്രാഞ്ച് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

2003 മെയ് രണ്ടിനാണ് മാറാട് കൂട്ടക്കൊല നടന്നത്. ഇതേക്കുറിച്ചന്വേഷിച്ച മാറാട് ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ കൂട്ടക്കൊലക്കുപിന്നിലെ പണമൊഴുക്ക്, വിദേശബന്ധം, തീവ്രവാദ ഇടപെടല്‍ , ഗൂഢാലോചന എന്നിവ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് അംഗീകരിച്ച എല്‍ഡിഎഫ് മന്ത്രിസഭ ഇക്കാര്യത്തില്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ലീഗ് കോണ്‍ഗ്രസിലും കേന്ദ്രഭരണത്തിലും സ്വാധീനംചെലുത്തിയതിനാല്‍ സിബിഐ കേസ് ഏറ്റെടുത്തില്ല. തുടര്‍ന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം രൂപീകരിച്ചത്. എസ് പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം ഊര്‍ജിതമായി മുന്നേറി ലീഗ് നേതാക്കളെ ചോദ്യംചെയ്യുന്ന ഘട്ടത്തിലേക്ക് നീങ്ങവെയാണ് അദ്ദേഹത്തെ മാറ്റിയത്. ഈ ഘട്ടത്തില്‍ , തന്നെ പ്രതിചേര്‍ത്ത് കേസെടുത്തത് തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് മായിന്‍ഹാജി വാര്‍ത്താചാനലുകളിലൂടെ പ്രതികരിച്ചിരുന്നു. ലീഗ് നേതാക്കളെ പ്രതികളാക്കി കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(അഞ്ച്)യിലും ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. 2010 ഒക്ടോബറിലായിരുന്നു ഇത്. ഇക്കാര്യവും ദേശാഭിമാനിയടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക്് എഫ്ഐആറിന്റെ കോപ്പിഅയച്ചതായും അന്ന് സൂചിപ്പിച്ചിരുന്നു. ഇത് പൂര്‍ണമായി സ്ഥിരീകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന എഫ്ഐആര്‍ വിവരങ്ങള്‍ .

മാറാട്: പ്രതികരിക്കാനാകാതെ ലീഗ്

മാറാട് കൂട്ടക്കൊല സംബന്ധിച്ച എഫ്ഐആറില്‍ സംസ്ഥാനസെക്രട്ടറി എം സി മായിന്‍ഹാജിയുടെ പേരുള്‍പ്പെട്ടെന്ന വാര്‍ത്തയോട് പ്രതികരിക്കാനാകാതെ മുസ്ലിംലീഗ് നേതൃത്വം. പാര്‍ടി സംസ്ഥാന സെക്രട്ടറിക്കെതിരായ വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു നേരത്തെ ലീഗ് വിശദീകരണം. ഇങ്ങനെയൊരു എഫ്ഐആറേ ഇല്ലെന്നും നേതാക്കള്‍ വാദിച്ചിരുന്നു. എന്നാല്‍ എഫ്ഐആറിന്റെ കോപ്പിസഹിതം വാര്‍ത്ത വരുമ്പോള്‍ ലീഗ് നേതൃത്വം നിസ്സഹായാവസ്ഥയിലാവുകയാണ്. പാര്‍ടി സംസ്ഥാന സെക്രട്ടറി പ്രതിപ്പട്ടികയില്‍ വരുന്ന സാഹചര്യത്തില്‍ മാറാട് കൂട്ടക്കൊലയുടെ ഗൂഢാലോചനാ അന്വേഷണം അട്ടിമറിച്ചെന്ന ആരോപണം പൂര്‍ണമായും ശരിവയ്ക്കപ്പെടുകയാണ്.

സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജിയെയും മുന്‍ പഞ്ചായത്ത് അംഗം പി പി മൊയ്തീന്‍കോയയെയും പ്രതിചേര്‍ക്കാമെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. എന്‍ഡിഎഫ് നേതാക്കളടക്കമുള്ളവരെയും ഇവര്‍ക്കൊപ്പം പ്രതിയാക്കാമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെയും കോടതിയില്‍ എഫ്ഐആര്‍ നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എസ്പി സി എം പ്രദീപ്കുമാറിനെ മാറ്റിയത്. പ്രദീപ്കുമാറിനെ കേസ് അന്വേഷണത്തില്‍നിന്നൊഴിവാക്കിയത് ലീഗിന്റെ സമ്മര്‍ദത്തിനടിപ്പെട്ടാണെന്ന വിലയിരുത്തല്‍ ആവര്‍ത്തിച്ച് ശരിവയ്ക്കുന്നതാണ് മായിന്‍ഹാജിയുടെ പേര് ഉള്‍പ്പെട്ട എഫ്ഐആര്‍ . ലീഗിന്റെ ഉന്നത നേതാവ് വര്‍ഗീയ-തീവ്രവാദ ആക്രമണ കേസില്‍ പ്രതിയാണെന്നതിന് നിയമപരമായ സാക്ഷ്യപത്രമാണ് ഇപ്പോള്‍ ലഭ്യമായത്. ഈ വെളിപ്പെടുത്തല്‍ കേവലം രാഷ്ട്രീയാക്ഷേപമെന്നുപറഞ്ഞ് പിടിച്ചുനില്‍ക്കാനാവില്ലെന്ന് നേതൃത്വത്തില്‍ ഒരുവിഭാഗം വിശ്വസിക്കുന്നു. സംസ്ഥാനത്ത് ആദ്യമായി ഒരു പാര്‍ടിയുടെ ഭാരവാഹി സമുദായകലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിക്കൂട്ടിലായിരിക്കുന്നു. ഈ "ബഹുമതി"യാണ് മായിന്‍ഹാജിയിലൂടെ ലീഗിന്റെ പച്ചത്തൊപ്പിയില്‍ ചാര്‍ത്തപ്പെടുന്നത്.

മാറാട് വിഷയത്തില്‍ ലീഗ് പലതും ഒളിക്കാനും മറയ്ക്കാനും ശ്രമിക്കുന്നുവെന്ന വിമര്‍ശനം മുമ്പുയര്‍ന്നതാണ്. സിബിഐ അന്വേഷണത്തെ തുടക്കത്തിലേ ലീഗ് എതിര്‍ത്തതിനുപിന്നിലും താല്‍പര്യസംരക്ഷണമായിരുന്നു. മാറാട് കൂട്ടക്കൊല അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍ ശുപാര്‍ശ പ്രകാരം സിബിഐ അന്വേഷണത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ദേശിച്ചു. എന്നാല്‍ ലീഗ് സ്വാധീനത്താല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് തള്ളി. ലീഗിന്റെ പങ്ക് വെളിവാക്കുന്ന എഫ്ഐആര്‍ നല്‍കിയതായി വ്യക്തമായതോടെ ലീഗ് മൂടിവയ്ക്കാന്‍ ആഗ്രഹിച്ച വസ്തതുകളാണ് മറനീക്കുന്നത്. ഇക്കാര്യത്തില്‍ ഒരുവിഭാഗം പാര്‍ടി നേതാക്കള്‍ക്ക് മാത്രമാണോ അറിവും പങ്കാളിത്തവുമെന്ന കാര്യം ലീഗ് സംസ്ഥാനപ്രസിഡന്റും മന്ത്രിമാരുമാണ് ഇനി വ്യക്തമാക്കേണ്ടത്. അതോടൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം യുഡിഎഫ് ഉന്നതരും മറുപടി പറയേണ്ടതുണ്ട്. ലീഗിന് വേണ്ടിയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തലവനായ സി എം പ്രദീപ്കുമാറിനെ മാറ്റിയതെന്ന പ്രതിപക്ഷ വാദത്തിന് കൃത്യമായ ഉത്തരം ഭരണാധികാരികള്‍ നല്‍കണം. ലീഗിന്റെ ആവശ്യങ്ങള്‍ക്കുമുന്നില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിരന്തരം കീഴടങ്ങുകയാണ്. കാസര്‍കോട് അക്രമം അന്വേഷിച്ച ജസ്റ്റിസ് നിസാര്‍ കമീഷനെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചുകൊണ്ടായിരുന്നു തുടക്കം. ലീഗുകാര്‍ പ്രതികളായ വധശ്രമമടക്കം നുറുകണക്കിന് കേസുകള്‍ ഈ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. ലീഗ് ഭീഷണിയെ തുടര്‍ന്ന് എന്‍ഡിഎഫുകാര്‍ക്കെതിരായ കേസും ദുര്‍ബലപ്പെടുത്തുകയാണ്.
(പി വി ജീജോ)

deshabhimani 290212

1 comment:

  1. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിച്ച ക്രൈംബ്രാഞ്ച് തയ്യാറാക്കിയ എഫ്ഐആറില്‍ മുസ്ലിംലീഗ് നേതാക്കളും പ്രതികളെന്ന് വെളിപ്പെട്ടു. ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജി, ബേപ്പൂര്‍ മേഖലാ സെക്രട്ടറി പി പി മൊയ്തീന്‍കോയ എന്നിവരെ പ്രതിചേര്‍ക്കാമെന്നാണ് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നല്‍കിയ എഫ്ഐആറിലുള്ളത്. കൊലക്കുറ്റമടക്കമുള്ള കുറ്റമാണ് ലീഗ് നേതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 2010 സെപ്തംബര്‍ 25ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ച എഫ്ഐആറിന്റെ പൂര്‍ണരൂപം "ദേശാഭിമാനി"ക്ക് ലഭ്യമായി.

    ReplyDelete