Tuesday, May 7, 2013

നാട് വിതുമ്പി; അശോകന് അന്ത്യയാത്രാമൊഴി


ആര്‍എസ്എസ്-ബ്ലേഡ് മാഫിയാസംഘത്തിന്റെ ഗുണ്ടാവിളയാട്ടം ചോദ്യംചെയ്ത്് രക്തസാക്ഷിത്വം വരിച്ച സിപിഐ എം പ്രവര്‍ത്തകന്‍ കാട്ടാക്കട അമ്പലത്തിന്‍കാല മണ്ണടി പുത്തന്‍വീട്ടില്‍ അശോകന് (ശ്രീകുമാര്‍) നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. നൂറുകണക്കിന് പാര്‍ടിപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ മൃതദേഹം അമ്പലത്തിന്‍കാലയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. കോരിച്ചൊരിഞ്ഞ മഴയിലും പ്രിയ സഖാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ നാടൊന്നടങ്കം ഒഴുകിയെത്തി.

കൊല നടന്നിടത്ത് കട്ടപിടിച്ചുകിടന്ന ചോര മഴയത്ത് റോഡിലേക്ക് ഒഴുകിപ്പരന്നു. ഞായറാഴ്ച രാത്രി ഏഴിനാണ് അശോകനെ ആര്‍എസ്എസ്-ബ്ലേഡ് മാഫിയാസംഘം വീടിനു സമീപത്തെ ആലക്കോട് ജങ്ഷനില്‍ വെട്ടികൊലപ്പെടുത്തിയത്. കൊള്ളപ്പലിശ ആവശ്യപ്പെട്ട് സുഹൃത്തിനെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് അശോകന് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് തിങ്കളാഴ്ച പകല്‍ രണ്ടരയോടെ വിലാപയാത്രായായി മൃതദേഹം കാട്ടാക്കടയിലേക്ക് കൊണ്ടുവന്നു. വൈകിട്ട് നാലോടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സ്ത്രീകളും കുട്ടികളുമടക്കം വന്‍ജനാവലി തടിച്ചുകൂടി. ആംബുലന്‍സില്‍നിന്ന് അശോകന്റെ ചേതനയറ്റ ശരീരം വീട്ടിലേക്ക് എത്തിച്ചപ്പോള്‍ ദുഃഖക്കടലിരമ്പി. ഭാര്യ കവിതയും പറക്കമുറ്റാത്ത രണ്ടു പെണ്‍മക്കളുംമൃതദേഹത്തില്‍ കെട്ടിപ്പിടിച്ചും ചുംബനം നല്‍കിയും പൊട്ടിക്കരഞ്ഞ് തളര്‍ന്നുവീണു.

സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍, എ സമ്പത്ത് എംപി, പാര്‍ടി ജില്ലാസെക്രട്ടറിയറ്റ് അംഗം കാട്ടാക്കട ശശി, ജില്ലാകമ്മിറ്റി അംഗം എം എം ബഷീര്‍, ഏരിയ സെക്രട്ടറി ഐ ബി സതീഷ്, ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍, ജനാധിപത്യമഹിളാ അസോസിയേഷന്‍ ജില്ലാകമ്മിറ്റി അംഗം ജയാഡാളി, എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ പള്ളിച്ചല്‍ വിജയന്‍, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് ജി സ്റ്റീഫന്‍ തുടങ്ങി നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. ബി സത്യന്‍ എംഎല്‍എ ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് അഞ്ചോടെ സംസ്കാരം നടന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയുമായ തലയ്ക്കോണം സ്വദേശി ശംഭു, കുച്ചപ്പുറം സ്വദേശികളായ അമ്പിളി എന്ന ചന്ദ്രമോഹന്‍, ഉണ്ണി, കുളവിയോട് സ്വദേശി കൊച്ചു, അണ്ണി സുരേഷ്, വിഷ്ണു, അഖില്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് കൊല നടത്തിയത്. വടിവാളും വെട്ടുകത്തിയും അടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാട്ടുകാരെ അകറ്റിയശേഷമാണ് അശോകനെ ആക്രമിച്ചത്. കഴുത്തിലും കൈകാലുകളിലും തുരുതുരാവെട്ടി. തുടര്‍ന്ന് തല വെട്ടിപ്പിളര്‍ത്തിയശേഷം സംഘം സ്ഥലംവിട്ടു. ആലക്കോട് ജങ്ഷനില്‍ ചോരയില്‍ കുളിച്ചുകിടന്ന അശോകനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകസംഘത്തില്‍ ഏര്‍പ്പെട്ടവരെന്ന് സംശയിക്കുന്ന നാലുപേരെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഗൂഢാലോചന നടന്നത് കാര്യവാഹകിന്റെ പുരയിടത്തില്‍

കാട്ടാക്കട: അമ്പലത്തിന്‍കാല ലെനിന്‍ ജങ്ഷനില്‍ സിപിഐ എം പ്രവര്‍ത്തകന്‍ അശോകന്റെ കൊലപാതകം ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെ. ഗൂഢാലോചന നടന്നത് ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹകിന്റെ പുരയിടത്തില്‍. കൊലപാതകത്തിനു വേണ്ടി തയ്യാറാക്കി നിര്‍ത്തിയത് നാലുസംഘത്തെ. ഗൂഢാലോചന നടന്നതായി തെളിവുകള്‍. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് കിട്ടിയ ലഭിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അമ്പലത്തിന്‍കാല സ്വദേശിയും ബ്ലേഡ് മാഫിയാ സംഘാംഗവുമായ അഭിഷേകിന്റേതാണ് മൊബൈല്‍ എന്ന് വ്യക്തമായി. സന്തോഷ് എന്ന പേരിലാണ് ഇയാള്‍ നാട്ടില്‍ അറിയപ്പെടുന്നത്. ഇയാള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതായി ദൃക്സാക്ഷികള്‍ അറിയിച്ചിരുന്നു. നാഞ്ചല്ലൂരിനു സമീപം കാവിന്‍പുറത്ത് ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് രാജഗോപാലിന്റെ വീട്ടുപറമ്പില്‍ തമ്പടിച്ചാണ് സംഘം കൊലപാതകം ആസൂത്രണം ചെയ്തത്. രാജഗോപാലും സഹോദരന്‍ ശ്രീജിത്തും ഗൂഢാലോചനയില്‍ പങ്കെടുത്തു. ശ്രീജിത് ആക്രണത്തിലും ഉണ്ടായിരുന്നതായി സൂചനയുണ്ട്.

സംഭവം നടന്ന ഞായറാഴ്ച ഉച്ചയ്ക്ക് പതിനഞ്ചോളം പേരടങ്ങുന്ന സംഘം ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. ഇവിടെനിന്നാണ് കൊലപാതകം നടത്താന്‍ സംഘം നാലായി പിരിഞ്ഞത്. ശംഭുവിന്റെ നേതൃത്വത്തില്‍ ഒരുസംഘം ഇവിടെ തന്നെ ബൈക്കുകളുമായി കാത്തുനിന്നപ്പോള്‍ അരുമാളൂര്‍ സ്വദേശിയും നിരവധി അക്രമക്കേസിലും പ്രതിയുമായ വാമന്‍, അമ്പലത്തിന്‍കാല സ്വദേശി വിജീഷ്, പ്രേമന്‍ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചംഗസംഘം അശോകന്റെ വീടിനു സമീപം കാരീഞ്ചല്‍ കോളനിക്ക് പോകുന്നവഴി തുടങ്ങുന്ന ഭാഗത്ത് കാത്തുനിന്നു. ഇതേസമയം, മറ്റൊരു സംഘം അമ്പലത്തിന്‍കാല ജങ്ഷനിലും വേറൊരു സംഘം കൊലപാതകം നടന്ന ആലംകോട് ജങ്ഷനിലുമായി വൈകിട്ട് നാലുമുതല്‍ കാത്തുനിന്നു. തുടര്‍ന്ന് ശംഭുവിന്റെ സുഹൃത്തും കാനക്കോട് ജങ്ഷനില്‍ ശ്രീകൃഷ്ണ ഫര്‍ണിച്ചര്‍ ഉടമ കാവുണ്ണി എന്ന സജീവ് അശോകനെ വിളിച്ച്, രണ്ടുദിവസം മുമ്പ് അശോകനും ശംഭുവും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തി പരിഹരിക്കണമെന്നും അതിനായി കുളവിയോട് സ്വദേശി കൊച്ചു എന്ന സുരേഷുമായി സംസാരിക്കണമെന്നും പറഞ്ഞു. ശംഭുവിന്റെ ബ്ലേഡ് മാഫിയാ സംഘത്തില്‍ ഉള്‍പ്പെട്ട കൊച്ചു ആലംകോട് ജങ്ഷനില്‍ എത്തുമെന്നും അറിയിച്ചു.

തുടര്‍ന്നാണ് കാട്ടാക്കട സ്വദേശി മാലി രാജേഷ്, അമ്പലത്തിന്‍കാല സ്വദേശി വെള്ളി മധു എന്നിവര്‍ക്കൊപ്പം അശോകന്‍ ആലംകോട്ട് വന്നത്. ഇവര്‍ കൊച്ചുവുമായി സംസാരിക്കുന്നതിനിടയില്‍ ഇവരെ അവിടേക്ക് പറഞ്ഞയച്ച സജീവ് തന്നെ കാവിന്‍പുറത്ത് കാത്തുനിന്നിരുന്ന ശംഭുവും അമ്പിളിയും ശ്രീജിത്തും ഉള്‍പ്പെട്ട സംഘത്തിനു വിവരം നല്‍കി. ഉടന്‍ ഈ സംഘം ഹെല്‍മറ്റുകളും മുഖംമൂടികളും ധരിച്ച് നാല് ബൈക്കിലായി ആലംകോട്ട് എത്തി അശോകനെ വെട്ടിവീഴ്ത്തുകയായിരുന്നു. രക്തത്തില്‍ കുളിച്ച് മൃതപ്രായനായി കിടന്ന അശോകനെ അക്രമികള്‍ പോയശേഷം നാട്ടുകാര്‍ ഓട്ടോറിക്ഷയിലും വഴിക്കുവച്ച് കാറിലും കയറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു.

പുറത്തായത് ആര്‍എസ്എസ് സ്പിരിറ്റ്-ബ്ലേഡ്മാഫിയകള്‍ തമ്മിലുള്ള ബന്ധം

കാട്ടാക്കട: സിപിഐ എം പ്രവര്‍ത്തകന്‍ അശോകന്റെ വധത്തിലൂടെ പുറത്തായത് ആര്‍എസ്എസ് സ്പിരിറ്റ്-ബ്ലേഡ് മാഫിയകള്‍ തമ്മിലുള്ള ബന്ധം. കുച്ചപ്പുറം സ്വദേശി ശംഭു ആര്‍എസ്എസിന്റെ അക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ക്രിമിനലും സ്പിരിറ്റ്-ബ്ലേഡ് മാഫിയാ സംഘത്തലവനുമാണ്. തികച്ചും ദരിദ്രകുടുംബത്തിലെ അംഗമായ ശംഭു സ്പിരിറ്റ് കടത്തിലൂടെയും ബ്ലേഡ്-മീറ്റര്‍ പലിശയ്ക്ക് പണം നല്‍കിയും വളരെ വേഗം ധനികനായി മാറുകയായിരുന്നു.

തമിഴ്നാട്ടില്‍ നിന്ന് വാഹനത്തില്‍ എത്തിക്കുന്ന സ്പിരിറ്റ് മണ്ഡപത്തിന്‍കടവ് ചെക്ക്പോസ്റ്റിന് തൊട്ടുമുമ്പുള്ള കടവില്‍ എത്തിച്ച് അവിടെനിന്ന് വാഹനങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുകയാണ് ഇയാളുടെ പ്രധാന ജോലി. പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി മാസപ്പടി കൊടുക്കുന്നതിനാല്‍ അവരുടെ എല്ലാ സഹായവും ലഭിക്കാറുണ്ട്. ഇങ്ങനെ സ്പിരിറ്റ് കടത്തിലൂടെ ലഭിക്കുന്ന പണം ബ്ലേഡ്-മീറ്റര്‍-വട്ടിപ്പലിശയ്ക്ക് കൊടുക്കും. മുതലും പലിശയും യഥാസമയം ആരെങ്കിലും മടക്കിക്കൊടുക്കാതിരുന്നാല്‍ ആര്‍എസ്എസിലെയും മറ്റു ക്രിമിനലുകളെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ആക്രമിച്ചും പണം മടക്കിവാങ്ങും. ഇതിനിടയില്‍ ഏതെങ്കിലും തരത്തില്‍ കേസുകളോ എതിര്‍പ്പുകളോ ഉണ്ടായാല്‍ സംരക്ഷിക്കാന്‍ ആര്‍എസ്എസ് രംഗത്തെത്തും. കാട്ടാല്‍ ഭദ്രകാളിക്ഷേത്രം, ആനാകോട് തുടങ്ങിയ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ഒളിവില്‍ കഴിയുക. ചില കോണ്‍ഗ്രസ് ജനപ്രതിനിധികളും ഇയാളെ സംരക്ഷിക്കാന്‍ രംഗത്തുണ്ട്.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആറോളം കേസ് ഡിവൈഎഫ്ഐ, സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള കേസുകളില്‍ ഇയാളെ അറസ്റ്റുചെയ്യാതെ സംരക്ഷിക്കുകയാണ് പൊലീസ്. ഇയാളുടെ കൂട്ടാളികളായ അമ്പിളി, ശ്രീജിത്, സന്തോഷ് തുടങ്ങിയവരും ആര്‍എസ്എസ്കാരും സ്പിരിറ്റ്-ബ്ലേഡ്-മാഫിയാ സംഘത്തിലെ പ്രധാനികളുമാണ്. വാമന്‍ നാല് ബോംബേറ് കേസുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസിലും ചാരായക്കടത്ത് കേസുകളിലും പ്രതിയാണ്. മറ്റു കൂട്ടുപ്രതികളും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമാണ്. ശ്രീകുമാറിനെ വധിക്കാന്‍ ശംഭു ആര്‍എസ്എസ് ക്രിമിനലുകള്‍ക്കൊപ്പം ശ്രീകുമാറിനോട് വൈരാഗ്യമുള്ള സ്പിരിറ്റ് ബ്ലേഡ്-മീറ്റര്‍ മാഫിയാ സംഘത്തില്‍പ്പെട്ട ക്രിമിനലുകളെയും ഒപ്പം കൂട്ടുകായിരുന്നെന്നാണ് തെളിയുന്നത്.

കമ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ കോണ്‍ഗ്രസിന്റെ സഹായം

കാട്ടാക്കട: കമ്യൂണിസ്റ്റ് വേട്ടയ്ക്ക് സഹായമാകുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയസഹായവും പൊലീസ് നയവുമാണെന്ന് സിപിഐ എം കാട്ടാക്കട ഏരിയകമ്മിറ്റി. കാട്ടാക്കടയിലും പ്ലാവൂര്‍ പ്രദേശത്തും സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് എല്ലാവിധ സഹായവും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്ന് നിരന്തരം ലഭിക്കുന്നുണ്ട്. ഇതിന്റെ ഒടുവിലത്തെ ഫലമാണ് കഴിഞ്ഞദിവസം അമ്പലത്തുംകാലയില്‍ ശ്രീകുമാറിന്റെ വധത്തില്‍ എത്തിച്ചത്. ആര്‍എസ്എസ്-കോണ്‍ഗ്രസ്-സ്പിരിറ്റ്-ബ്ലേഡ് മാഫിയകള്‍ തമ്മിലുള്ള ബന്ധമാണ് ഇതിലൂടെ മറനീക്കി പുറത്തുവരുന്നത്.

കഴിഞ്ഞ ആറുമാസത്തിനിടയില്‍ ആര്‍എസ്എസ് ക്രിമിനലായ ശംഭുവിന്റെ നേതൃത്വത്തില്‍ നിരവധി സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചിട്ടുണ്ട്. ആറ് പരാതി ഇയാള്‍ക്കെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കാട്ടാക്കട പൊലീസില്‍ നല്‍കി. ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധയോഗവും സിഐ ഓഫീസ് മാര്‍ച്ചും ഉള്‍പ്പെടെ നടത്തി. കോണ്‍ഗ്രസിന്റെ രാഷ്ട്രീയസ്വാധീനം കാരണം പൊലീസ് നടപടി സ്വീകരിച്ചില്ല. ശ്രീകുമാറിനുനേരെ വധഭീഷണി മുഴക്കിയതിനെക്കുറിച്ചും വീട്ടില്‍ മാരകായുധങ്ങളുമായി എത്തി ഭീഷണിപ്പെടുത്തിയതിനെക്കുറിച്ചും രേഖാമൂലം പൊലീസിലും റൂറല്‍ എസ്പിക്കും അടക്കം പരാതി നല്‍കിയിരുന്നു. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാതെ കൊലപാതകത്തിന് കളമൊരുക്കുകയാണ് പൊലീസ് ചെയ്തത്.

കാട്ടാക്കടയിലും പരിസരത്തും ബ്ലേഡ്-മീറ്റര്‍, സ്പിരിറ്റ്, റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ പലതരത്തിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇവര്‍ക്ക് കോണ്‍ഗ്രസ് നേതൃത്വവും പൊലീസും ഒത്താശചെയ്യുന്നുണ്ട്. ഈ മാഫിയകള്‍ക്കെതിരെ എല്ലാവിഭാഗം ജനങ്ങളെയും അണിനിരത്തി ശക്തമായ പ്രതിരോധനിര സിപിഐ എം സംഘടിപ്പിക്കും. ശ്രീകുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനും എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റുചെയ്യുന്നതിനും പൊലീസ് തയ്യാറാകണമെന്ന് സിപിഐ എം കാട്ടാക്കട ഏരിയ സെക്രട്ടറി ഐ ബി സതീഷ് ആവശ്യപ്പെട്ടു.

deshabhimani 070513

No comments:

Post a Comment