Friday, November 15, 2013

കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്: ജനങ്ങളുടെ ആശങ്ക പരിഹരിക്കണം: സിപിഐ എം

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ജനങ്ങളുടെ സാധാരണ ജീവിതത്തെയും കാര്‍ഷികവൃത്തിയെയും ദോഷകരമായി ബാധിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ധൃതിപിടിച്ച് നടപ്പാക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ട രീതി അംഗീകരിക്കാനാവില്ല. കേരള നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയവും കസ്തൂരി രംഗന്‍ കമ്മിറ്റി മുമ്പാകെ സര്‍ക്കാരും സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ടികളും പ്രകടിപ്പിച്ച അഭിപ്രായങ്ങളും പരിഗണിക്കാതെ, വിദഗ്ദ്ധകമ്മിറ്റി ഒരു തീരുമാനത്തിലേക്ക് പോയത് പ്രതിഷേധാര്‍ഹമാണ്. ഈ റിപ്പോര്‍ട്ട് ഇന്നത്തെ നിലയില്‍ നടപ്പാക്കിയാല്‍ സംസ്ഥാനത്തിന് വലിയ ദോഷം വരും. ജനങ്ങള്‍ പൊതുവിലും മലയോര കര്‍ഷകര്‍ പ്രത്യേകിച്ചും രോഷാകുലരായതും പ്രതിഷേധവുമായി രംഗത്തിറങ്ങിയതും ഈ പശ്ചാത്തലത്തിലാണ്.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ജനങ്ങളില്‍നിന്ന് വലിയ എതിര്‍പ്പ് ഉയര്‍ന്നുവന്നു. അത് പരിഗണിച്ചാണ് കസ്തൂരി രംഗന്റെ നേതൃത്വത്തില്‍ പുതിയ വിദഗ്ദ്ധസമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍നിന്ന് വ്യത്യസ്തമായതും പല കാര്യങ്ങളിലും വിരുദ്ധമായതുമായ ഒരു റിപ്പോര്‍ട്ടാണ് കസ്തൂരി രംഗന്‍ കമ്മിറ്റി സമര്‍പ്പിച്ചത്. ഇതിലേതാണ് ശരി എന്ന് ഉദ്യോഗസ്ഥതലത്തില്‍ മാത്രം തീരുമാനിക്കേണ്ടതല്ല. എല്ലാ മേഖലയില്‍നിന്നുമുള്ള വിദഗ്ദ്ധരുമായും ജനപ്രതിനിധികളുമായും പ്രാദേശിക-സംസ്ഥാന സര്‍ക്കാരുകളുമായും ചര്‍ച്ച ചെയ്തശേഷം മാത്രമേ ഇത്തരം റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കാന്‍ പാടുള്ളൂ. ജയറാം രമേശ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയായിരുന്ന കാലത്താണ് പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠനം നടത്താന്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയോഗിച്ചത്. പശ്ചിമഘട്ട പ്രദേശത്തെ സംസ്ഥാന സര്‍ക്കാരുകള്‍, ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരോടൊന്നും ചര്‍ച്ച നടത്താതെയാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു പ്രശ്നം, ഏതാനും വിദഗ്ദ്ധരും ഉദ്യോഗസ്ഥന്‍മാരും മാത്രം കൈകാര്യം ചെയ്യേണ്ടതല്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വന്ന ഉടനെ, കേരളത്തെ അതെങ്ങനെ ബാധിക്കുമെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചു. അവരുടെ പഠനം പൂര്‍ത്തിയായിട്ടില്ല. സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ പര്യാപ്തമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെയെങ്കിലും സാവകാശമെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ കേരളത്തില്‍ നിന്നുള്ള 16 യു.ഡി.എഫ് എം.പിമാര്‍ക്കോ 8 കേന്ദ്ര മന്ത്രിമാര്‍ക്കോ സംസ്ഥാന സര്‍ക്കാരിനോ സാധിച്ചില്ല. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വിജ്ഞാപനം ഇറക്കിയശേഷം ജനങ്ങളുടെ ആശങ്ക ദൂരീകരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന വഞ്ചനയാണ്.

സംസ്ഥാനത്തെ 11 ജില്ലകളിലെ 121 വില്ലേജുകളെയാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ നിയന്ത്രണങ്ങള്‍ ബാധിക്കുക. ഇടുക്കി, വയനാട് ജില്ലകളിലെ ഭൂരിപക്ഷം പ്രദേശങ്ങളേയും ബാധിക്കുമെന്നതിനാല്‍, ഈ രണ്ട് ജില്ലകളിലെയും പതിനായിരക്കണക്കിന് കര്‍ഷകരെ ഇത് നേരിട്ട് ബാധിക്കും. ജനരോഷം ആളിപ്പടരാന്‍ ഇടയാക്കിയത് ഈ സാഹചര്യമാണ്. ജനകീയ പ്രക്ഷോഭത്തിന് മുഴുവന്‍ ഉത്തരവാദി കേന്ദ്രസര്‍ക്കാരും യു.ഡി.എഫ് സര്‍ക്കാരിന്റെ നിഷ്ക്രിയത്വവുമാണ്. സംസ്ഥാന താല്‍പ്പര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടുവെന്നും പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അടിച്ചേല്‍പ്പിക്കരുത്: എല്‍ഡിഎഫ്

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്  ഏകപക്ഷീയമായി  അടിച്ചേല്‍പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ  തീരുമാനം ജനങ്ങളോടുള്ള  വെല്ലുവിളിയാണെന്ന്  എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ 11 ജില്ലകളിലെ 123 വില്ലേജുകളിലെ ജനജീവിതത്തെ നേരിട്ട് തന്നെ ഏറെ ബാധിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. ജനവാസമുള്ള പ്രദേശങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്ന പൊതുവായ നയം കേരളത്തിനെ സംബന്ധിച്ചിടത്തോളം നടപ്പിലാക്കപ്പെട്ടിട്ടില്ല. ആശുപത്രി പോലുള്ള സ്ഥാപനങ്ങള്‍ പോലും ആരംഭിക്കാന്‍ പറ്റാത്ത നിലയും ഇത് നടപ്പിലാക്കപ്പെടുന്നതോടെ സൃഷ്ടിക്കപ്പെടുക. അതോടെ ഈ മേഖലയിലെ ജനജീവിതം ഏറെ ദുരിതമാകും.

പശ്ചിമഘട്ടം സംരക്ഷിക്കണം എന്നത് പ്രധാനമാണ്. എന്നാല്‍ അത്തരം സംരക്ഷണത്തിന് ഉള്ള നടപടികള്‍ കേവലമായ ചില സാങ്കേതിക വിദഗ്ദ്ധരുടെ മാത്രം കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കപ്പെടേണ്ടതല്ല. ഒരു എക്സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ഇടപെടല്‍ ജനവിരുദ്ധമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ കാണിച്ച നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ജനങ്ങള്‍ക്കുള്ള പ്രശ്നങ്ങള്‍ കാണുകയും അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുമാണ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവേണ്ടത്.

എന്നാല്‍ അത്തരമൊരു നീക്കം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.പശ്ചിമഘട്ട സംരക്ഷണം ജനകീയ പ്രസ്ഥാനം രൂപപ്പെടുത്താന്‍ സഹായിക്കുന്ന വിധത്തില്‍ മാറ്റി എടുക്കുന്നതിന് പകരം ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തി ധൃതി പിടിച്ച് റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള തീരുമാനം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നടന്നുവരുന്ന പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് വൈക്കം വിശ്വന്‍ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment