Friday, November 15, 2013

മുപ്പത്തേഴ് നാള്‍; നാലു ജീവന്‍

വികൃതമാക്കപ്പെട്ട മുഖങ്ങള്‍

ടി പി ചന്ദ്രശേഖരന്റെ വധമാണ് സംസ്ഥാനത്ത് ഏറ്റവുമൊടുവില്‍ നടന്ന രാഷ്ട്രീയ കൊലപാതകം- ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ സുരേഷ്കുറുപ്പിന്റെ ചോദ്യത്തിന് 2013 ജൂണ്‍ 24ന് രേഖാമൂലം മറുപടി നല്‍കി.

രാഷ്ട്രീയ കൊലപാതകം എന്തെന്ന സംശയം വീണ്ടും വരുന്നു. ചന്ദ്രശേഖരന്‍ വധം അന്വേഷിക്കുന്ന സംഘാംഗങ്ങളുമായി സംസാരിച്ചശേഷം "ഈ കൊല സ്വകാര്യലാഭത്തിനുവേണ്ടി ഉണ്ടായതാണ്" എന്ന് സംസ്ഥാന പൊലീസ് തലവന്‍ വെളിപ്പെടുത്തി. ആ വിലയിരുത്തല്‍ നിഷേധിച്ച് "രാഷ്ട്രീയ കൊലപാതകം"എന്ന് ആവര്‍ത്തിച്ചുറപ്പിക്കാന്‍ രംഗത്തിറങ്ങിയത് ഇതേ ആഭ്യന്തരമന്ത്രിയാണ്. കേരള പൊലീസിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 2012ല്‍ സംസ്ഥാനത്ത് 374 കൊലപാതകമുണ്ടായി. 2013 ആഗസ്ത് വരെ 211ഉം. ഇതില്‍ മലപ്പുറത്തെ കുനിയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ഇരട്ടക്കൊലയുണ്ട്. കാസര്‍കോട്ട് കോണ്‍ഗ്രസുകാര്‍ കൊന്ന ബാലകൃഷ്ണനുണ്ട്. കാട്ടാക്കടയില്‍ ആര്‍എസ്എസിന്റെ കൊലക്കത്തിക്ക് ഇരയായ ശ്രീകുമാറുണ്ട്. ഉദുമയില്‍ ലീഗുകാര്‍ ചവിട്ടിക്കൊന്ന മനോജുണ്ട്. ജീവന്‍ പോയത് സിപിഐ എം പ്രവര്‍ത്തകര്‍ക്കായാല്‍, കൊലപാതകികള്‍ വലതുപക്ഷത്തുള്ളവരായാല്‍ രാഷ്ട്രീയക്കണക്കില്‍ വരുന്നില്ല മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും. ഏറ്റവുമൊടുവില്‍, മുപ്പത്തേഴു ദിവസത്തിന്റെ ഇടവേളയില്‍ നാലു പ്രവര്‍ത്തകരെ സിപിഐ എമ്മിന് നഷ്ടപ്പെട്ടത് ആര്‍എസ്എസ് എന്ന ഭീകരസംഘത്തിന്റെ ആക്രമണങ്ങളിലാണ്.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം അമ്പലപ്പാറ കണ്ണമംഗലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ദീപുവിനെ സെപ്തംബര്‍ മുപ്പതിനു കുത്തിക്കൊന്നു. ഒക്ടോബര്‍ ഒന്നിനു പാറശാലയില്‍ ധനുവച്ചപുരം ഗവ. ഐടിഐയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായ സജിന്‍ഷാഹുല്‍ (18). നവംബര്‍ നാലിനു ഗുരുവായൂരില്‍ സിപിഐ എം അംഗവും ഡിവൈഎഫ്ഐ തൈക്കാട് മേഖലാ ജോയിന്റ് സെക്രട്ടറിയുമായ ബ്രഹ്മകുളം കുന്നംകോരത്ത് ഫാസില്‍ (21). തൊട്ടുപിറ്റേദിവസം മക്കള്‍ക്കുമുന്നിലിട്ട് ആനാവൂരിലെ നാരായണന്‍നായര്‍. കെഎസ്ഇബി കരാര്‍ത്തൊഴിലാളിയായിരുന്നു ദീപു. ബൈക്കില്‍ എത്തിയ ആര്‍എസ്എസുകാരന്‍ കഴുത്തില്‍ കത്തി കുത്തിയിറക്കിക്കൊന്നു. പട്ടാപ്പകല്‍ തൊഴില്‍സ്ഥലത്തു നടന്ന കൊലപാതകം. മൂന്നുദിവസത്തിനു ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. രാഷ്ട്രീയവൈരാഗ്യം വച്ച് ആസൂത്രിതമായി നടത്തിയ കൊലപാതകത്തെ വ്യക്തിവൈരാഗ്യമാക്കി അവസാനിപ്പിക്കാന്‍ പൊലീസ് തിടുക്കം കാട്ടവെ, ദീപുവിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കടന്നുപോയിടത്തെല്ലാം ആര്‍എസ്എസ് താണ്ഡവമാടുകയായിരുന്നു. 22 വയസ്സായിരുന്നു ദീപുവിന്. അനാഥമായ ആ കുടുംബത്തില്‍ അലമുറയൊടുങ്ങിയിട്ടില്ല. പക്ഷേ, ആര്‍എസ്എസ് ആഹ്ലാദത്തിലാണ്- ദീപു എന്ന ചുറുചുറുക്കുള്ള സാന്നിധ്യം എന്നന്നേക്കുമായി ഒഴിഞ്ഞതില്‍. സിവില്‍ എന്‍ജിനിയറിങ് ഡിപ്ലോമ പൂര്‍ത്തിയാക്കിയ ഫാസില്‍ എസ്എഫ്ഐ മണലൂര്‍ ഏരിയ ജോയിന്റ് സെക്രട്ടറിയായിരുന്നു. കമ്യൂണിസ്റ്റ് കുടുംബം. പിതാവ് കുന്നംകോരത്ത് സലിമും സിപിഐ എം പ്രവര്‍ത്തകന്‍. ബ്രഹ്മകുളം കിയാരെ ജങ്ഷനടുത്ത് വീട്ടിലേക്ക് നടന്നുകയറവെയാണ് ആര്‍എസ്എസ് സംഘം ചാടിവീണ് ഫാസിലിനെ വെട്ടിയത്. ചോരയില്‍ കുളിച്ചുകിടന്ന ഫാസിലിനെയെടുത്ത് നാട്ടുകാര്‍ ആശുപത്രിയിലേക്ക് കുതിച്ചു. ദേഹത്ത് 20 വെട്ടുകള്‍. വഴിയില്‍ അവസാനശ്വാസം. വ്യക്തിവിരോധമില്ല; മതനിരപേക്ഷതയില്‍ അടിയുറച്ചുനിന്ന ഫാസിലിനോട് വര്‍ഗീയവിരോധവുമില്ല- കൊലപാതകത്തിനു കാരണമായത് രാഷ്ട്രീയ പകമാത്രം. ആര്‍എസ്എസുകാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പരക്കെ ആക്രമിച്ച പ്രദേശം. ഭീഷണിക്കും ആക്രമണങ്ങള്‍ക്കും മുന്നില്‍ തളരാതെ ഫാസിലടക്കമുള്ള ചെറുപ്പക്കാര്‍ സിപിഐ എം പ്രവര്‍ത്തനം തുടര്‍ന്നപ്പോള്‍ ഉന്മൂലനത്തിന്റെ വഴി.

അടുത്തരംഗം തിരുവനന്തപുരം. തലസ്ഥാനജില്ലയില്‍ ആര്‍എസ്എസിന് ഇന്ന് പഴയ സ്വാധീനമില്ല. രണ്ടായിരാമാണ്ടില്‍, ബസ് കണ്ടക്ടര്‍ രാജേഷിനെ കൊന്നും നഗരത്തെ വിറപ്പിച്ചും നടത്തിയ അക്രമപ്പേക്കൂത്തോടെ ആര്‍എസ്എസിനോടുള്ള അനുഭാവം തലസ്ഥാനവാസികള്‍ കൈവിട്ടു. അത് തിരിച്ചുപിടിക്കാന്‍ കൊലപാതകരാഷ്ട്രീയത്തിന്റെ വഴിയിലാണ് സംഘപരിവാര്‍. അമരവിള മഹബൂബ മന്‍സിലില്‍ ഷാഹുല്‍ഹമീദിന്റെയും മെഹബൂബയുടെയും മകന്‍ സജിന്‍ ഷാഹുല്‍ എന്ന പതിനെട്ടുകാരന്‍ ആ രാഷ്ട്രീയപദ്ധതിയുടെ ഇരയാണ്. ആഗസ്ത് 29നു ധനുവച്ചപുരം ഐടിഐയില്‍ എസ്എഫ്ഐ പ്രകടനത്തിനുനേരെ സംഘപരിവാര്‍ ബോംബും മാരകായുധങ്ങളുമായി നടത്തിയ ആക്രമണത്തിലാണ് സജിന് തലയ്ക്ക് പരിക്കേറ്റത്. ഒരുമാസം ആശുപത്രി കിടക്കയില്‍ മരണവുമായി മല്ലടിച്ച് ഒക്ടോബര്‍ ഒന്നിനു സജിന്‍ യാത്രയായി. ആ രക്തസാക്ഷിത്വം ഗാന്ധിജയന്തിത്തലേന്ന് ഗാന്ധിഘാതകര്‍ നാടിനു നല്‍കിയ "സ്മരണോപഹാരം". ധനുവച്ചപുരത്തെ വിദ്യാലയങ്ങളില്‍ എസ്എഫ്ഐ വിദ്യാര്‍ഥികള്‍ക്കു നേരെ സംഘപരിവാര്‍ ആക്രമണം പതിവാക്കിയിരിക്കുന്നു. പരാതികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ സുഖനിദ്ര. ആര്‍എസ്എസ് പീഡനത്തില്‍ മനംനൊന്താണ് ഐഎച്ച്ആര്‍ഡി കോളേജിലെ രണ്ടാംവര്‍ഷ ബികോം കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും എസ്എഫ്ഐ പാറശാല ഏരിയ വൈസ് പ്രസിഡന്റുമായ ധനുവച്ചപുരം മുക്കോല അനുഭവനില്‍ അനു (21) ആഗസ്ത് 28നു ജീവനൊടുക്കിയത്. ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്യേണ്ടിവന്ന അവസ്ഥയിലേക്ക് ഭീകരത വളര്‍ന്നിട്ടും പൊലീസ് അതില്‍ കുറ്റകൃത്യം കണ്ടില്ല. അനുവിന്റെ മരണത്തിന് ഉത്തരവാദികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പിറ്റേന്നുനടത്തിയ വിദ്യാര്‍ഥി മാര്‍ച്ചിനുനേരെയും ആര്‍എസ്എസ് ചാടിവീണു. ആ ആക്രമണമാണ് സജിന്റെ ജീവനെടുത്തത്.

പരമ്പരയില്‍ ഒടുവിലത്തേതാണ് അമ്പതുകാരനായ നാരായണന്‍നായരുടെ ചുവന്ന പൂക്കള്‍ മൂടിയ കുഴിമാടം. അവിടെയും ലക്ഷ്യം വിദ്യാര്‍ഥി നേതാവായ ശിവപ്രസാദായിരുന്നു. പുരോഗമനാശയമുള്ള യുവാക്കളെ മുളയിലേ നുള്ളിക്കളയാനുള്ള ആര്‍എസ്എസ് തീരുമാനം തുടരെത്തുടരെ ജീവനെടുക്കുമ്പോഴും അതില്‍ രാഷ്ട്രീയം കാണാന്‍ പൊലീസ് തയ്യാറല്ല. കൊലയാളികളെയും ഗൂഢാലോചകരെയും നിയമത്തിനു മുന്നിലെത്തിക്കാന്‍ ഭരണാധികാരികള്‍ അറച്ചുനില്‍ക്കുന്നു. മഞ്ചേശ്വരം മുതല്‍ പാറശാലവരെ ആര്‍എസ്എസ് കൊലക്കത്തിയൊരുക്കി കാത്തിരിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ സംഘപരിവാറിന്റെ രണ്ടു പ്രമുഖനേതാക്കള്‍ക്കെതിരെയാണ് ആര്‍എസ്എസിന്റെ ആയുധങ്ങള്‍ പാഞ്ഞടുത്തത്. ബിജെപി മുന്‍ദേശീയസമിതി അംഗം ഒ കെ വാസുവും (60) ബിജെപി കണ്ണൂര്‍ മുന്‍ ജില്ലാ ജനറല്‍സെക്രട്ടറി എ അശോക നും (54) ആര്‍എസ്എസ് മുന്‍താലൂക്ക് കാര്യവാഹക് പന്ന്യന്നൂര്‍ രാഘവനും (55) ഉള്‍പ്പെടെയുള്ള പ്രമുഖനേതാക്കള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഒക്ടോബര്‍ 29ന് വൈകിട്ട് പാനൂര്‍ വ്യാപാരഭവനില്‍ നൂറിലേറെ ബിജെപി പ്രവര്‍ത്തകര്‍ യോഗം ചേരവെ സ്വയംസേവകര്‍ ഹാളിലേക്ക് ഇരച്ചുകയറി. "ആര്‍എസ്എസുമായി ബന്ധമുള്ളവര്‍ യോഗത്തില്‍നിന്ന് പിരിഞ്ഞുപോകണമെന്ന്" അന്ത്യശാസനം നല്‍കി. അഞ്ചുമിനിറ്റിനുശേഷം തിരിച്ചെത്തി നടത്തിയ ആക്രമണം. ഒ കെ വാസുവടക്കമുള്ളവര്‍ കണ്ണൂര്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. അതില്‍, ആര്‍എസ്എസ് ഇന്നലെവരെ നടത്തിയ ആക്രമണങ്ങള്‍ക്കുപിന്നിലെ ഗൂഢാലോചനകളിലേക്ക് വിരല്‍ചൂണ്ടുന്നു.

സംസ്ഥാനത്തിന്റെ പലഭാഗത്തും ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ പലതിനും പിന്നില്‍ ആര്‍എസ്എസിന്റെ കരങ്ങള്‍ തന്നെയായിരുന്നെന്ന് പിന്നീട് വെളിപ്പെടുത്തലുകളുണ്ടായി. ഭാരതീയ ജനസംഘത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന നേതാക്കളിലൊരാളായ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ 1968 ഫെബ്രുവരി 11നു തീവണ്ടിയില്‍ മരണമടഞ്ഞത് എങ്ങനെയെന്ന ദുരൂഹത ആര്‍എസ്എസിനെ ഇന്നും വിട്ടകന്നിട്ടില്ല. ഹിതകരമല്ലെന്നു തോന്നിയാല്‍ സ്വന്തം നേതാക്കള്‍ക്കുപോലും വധശിക്ഷ വിധിക്കുന്ന പാരമ്പര്യം. വിട്ടുപോകുന്നവരെ പിടിച്ചുനിര്‍ത്താന്‍, വിഭാഗീയത ശമിപ്പിക്കാന്‍, ജനങ്ങളെ ഭയപ്പെടുത്തി എതിര്‍പ്പുകള്‍ക്ക് തടയിടാന്‍, വര്‍ഗീയവികാരം ഉണര്‍ത്താന്‍-ആര്‍എസ്എസ് കൊലപാതകങ്ങളിലേക്ക് തിരിയുന്ന ഇത്തരം അനേകം സന്ദര്‍ഭങ്ങളുണ്ട്. കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസിന്റെ കുപ്രസിദ്ധ ക്രിമിനല്‍ വിഭാഗ് കാര്യവാഹക് കതിരൂര്‍പാറ ശശി ജില്ലയ്ക്കു പുറത്ത് നിരവധി കൊലപാതകങ്ങളില്‍ പങ്കാളിയാണെന്ന വിവരം പൊലീസിന് രേഖാമൂലം ലഭിച്ചു. അങ്ങനെ നിരവധി വിവരം. ഇന്നലെവരെ കണ്ണൂരിലെ സംഘപരിവാറിന്റെ നാവായിരുന്ന ഒ കെ വാസുവിനെ പരസ്യമായി ആക്രമിക്കാന്‍ കാരണമായത്, ദുര്‍നടപ്പുകാരനായ മറ്റൊരു നേതാവിനെ സംരക്ഷിക്കാനുള്ള ആര്‍എസ്എസ് തീരുമാനമാണ്. സ്വന്തം പ്രവര്‍ത്തകരെ കൊല്ലുന്നു; ഇതര രാഷ്ട്രീയപ്രവര്‍ത്തകരെ കൊല്ലുന്നു; സമാന്തരമായ ഭരണം നടത്തുന്നു-എല്ലാം പൊലീസിന്റെ തണലില്‍. ആര്‍എസ്എസിനെതിരെ ഇന്നുവരെ ഒരു വാക്ക് ഉമ്മന്‍ചാണ്ടിയില്‍നിന്നുതിര്‍ന്നിട്ടില്ല; ആഭ്യന്തരമന്ത്രിയുടെ നാവില്‍നിന്നുയര്‍ന്നിട്ടില്ല. തുടരെത്തുടരെ നാലു പ്രിയപ്പെട്ട സഖാക്കളെ ആര്‍എസ്എസ് കൊന്നൊടുക്കിയിട്ടും സംയമനം പാലിക്കുന്ന സിപിഐ എമ്മിലാണ് അവര്‍ "അക്രമരാഷ്ട്രീയം" കാണുന്നത്. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരിലാണ് അവര്‍ "കുറ്റം" കാണുന്നത്. മരിച്ചുവീഴാനുള്ളവരാണ് സിപിഐ എം പ്രവര്‍ത്തകരെന്ന ധാരണ വലതുപക്ഷ മാധ്യമങ്ങള്‍ക്കുമുണ്ട്. വടകരയിലെ കൊലപാതകത്തില്‍ തെളിവില്ലാതെ; യുക്തിയില്ലാതെ "മാര്‍ക്സിസ്റ്റ് ബന്ധം" ആരോപിക്കാന്‍ അവരാരും മടിച്ചില്ല. എന്നാല്‍, പകല്‍വെട്ടത്തിലും പരസ്യമായും സിപിഐ എമ്മുകാര്‍ കൊല്ലപ്പെടുമ്പോള്‍ കൊലയാളിസംഘങ്ങളുടെ ആര്‍എസ്എസ് മുദ്ര മറച്ചുവയ്ക്കാനാണ് അവര്‍ മത്സരിക്കുന്നത്. ക്ഷമ പരീക്ഷിക്കപ്പെടുകയാണ്.

കണ്ണൂരില്‍ ആര്‍എസ്എസിനെ "പ്രതിശക്തി"യായി ചിത്രീകരിച്ചും കൊലപാതകങ്ങളുടെ "സ്കോര്‍ ബോര്‍ഡ്" സൃഷ്ടിച്ചും ഗ്രൗണ്ടിലിറങ്ങിക്കളിച്ചവര്‍ക്ക് മൗനമാണിന്നായുധം. നാലു ജീവന്‍ തുടരെ നഷ്ടപ്പെട്ടതിന്റെ വേദനയിലും രോഷത്തിലും തിരിച്ചടികളുണ്ടായാല്‍ പുറത്തെടുക്കാന്‍ മാര്‍ക്സിസ്റ്റക്രമ മുറവിളിയുടെ പാടിപ്പതിഞ്ഞ റെക്കോഡുകള്‍ അവര്‍ തുടച്ചുമിനുക്കുന്നു. ആര്‍എസ്എസ് എന്ന കൊടും കുറ്റവാളിക്കൂട്ടത്തെ സംരക്ഷിക്കുന്നവരും പ്രതികളാണ്. അവിടെയും തെളിയുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ ചിത്രംതന്നെ. ആര്‍എസ്എസ് കൊന്നവരുടെ മതം തിരിച്ച് പ്രചാരണവുമായി മറ്റൊരു സംഘം രംഗത്തിറങ്ങിയിട്ടുണ്ട്. അവരുടെ മൂശയില്‍ തീവ്രവാദത്തിന്റെ ഖഡ്ഗങ്ങള്‍ക്ക് മൂര്‍ച്ചവയ്ക്കുകയാണ്. അതും യുഡിഎഫ് തണലില്‍ത്തന്നെ. (അവസാനിക്കുന്നില്ല)

പി എം മനോജ് deshabhimani

1 comment:

  1. 2013-14 , randu masthinidayil plkd,tcr,tvm thudangi palasthalathayi 5 sagakal rss kolakathiku era ayi.athonum aarum orkunila. dhukakaramaya avastha athu venda vidathil janagalileku ethikan oru sagavino party samvidhanathino kazhinjila/sramichila. We failed in showcasing their real face. Pine palkad alathuril patapakal govt hospitalil kayari rss kar 5 congrs kare vetti,oral kollapettu.ithonum arum kandila.

    ReplyDelete