Saturday, December 17, 2011

കലാമണ്ഡലം ഗോപിക്ക് കേന്ദ്ര സംഗീത അക്കാദമി ഫെലോഷിപ്

വിഖ്യാത കഥകളി നടന്‍ കലാമണ്ഡലം ഗോപിക്ക് കേന്ദ്ര സംഗീതനാടക അക്കാദമി ഫെലോഷിപ്. മേളത്തിലും സോപാന സംഗീതത്തിലും അമൂല്യസംഭാവന നല്‍കിയ തൃപ്പേക്കുളം അച്യുതമാരാര്‍ , മോഹിനിയാട്ടത്തിലെ മികച്ച സംഭാവനയ്ക്ക് വി കെ ഹൈമാവതി, കഥകളി വേഷത്തില്‍ പ്രഗത്ഭനായ തോന്നയ്ക്കല്‍ പീതാംബരന്‍ എന്നിവര്‍ക്ക് അക്കാദമി അവാര്‍ഡും ലഭിച്ചു. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും അംഗവസ്ത്രവും അടങ്ങിയതാണ് ഫെലോഷിപ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അംഗവസ്ത്രവും അടങ്ങിയതാണ് അവാര്‍ഡ്. അക്കാദമി ആക്ടിങ് സെക്രട്ടറി ഹെലന്‍ ആചാര്യയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

വിവിധ കലാ-സംഗീത മേഖലകളില്‍ രാജ്യത്തിനകത്തും പുറത്തും പ്രശസ്തിനേടിയ 11 പേരെയാണ് ഫെലോഷിപ്പിന് തെരഞ്ഞെടുത്തത്. നര്‍ത്തകി പത്മാസുബ്രമണ്യം, മൃദംഗചക്രവര്‍ത്തി ഉമയാള്‍പുരം ശിവരാമന്‍ , ബാംസുരി മാന്ത്രികന്‍ ഹരിപ്രസാദ് ചൗരസ്യ, വയലിനില്‍ ഖ്യാതിനേടിയ കെ ചന്ദ്രശേഖര്‍ , ഹിന്ദുസ്ഥാനി മേഖലയില്‍ തിളങ്ങിയ അംജദ്അലിഖാന്‍ , മുകുനിലത്, സികെഎച്ച് കന്‍ഹായിലാല്‍ , സന്തൂര്‍ വാദകന്‍ ശിവകുമാര്‍ശര്‍മ, ആര്‍ കെ സിങ്ജിത്സിങ് എന്നിവരാണ് ഫെലോഷിപ് ലഭിച്ച മറ്റു കലാകാരന്മാര്‍ . 36 പേര്‍ക്കാണ് അവാര്‍ഡുകള്‍ ലഭിച്ചത്. കര്‍ണാടക സംഗീതജ്ഞന്‍ ജെ വെങ്കട്ടരാമന്‍ , ഘടം കലാകാരന്‍ ഇ എം സുബ്രമണ്യം, വീണവാദകന്‍ അയ്യാഗിരി സുബ്രമണ്യം, നാഗസ്വര വിദ്വാന്‍ ശേഷാംപെട്ടി ടി ശിവലിംഗം തുടങ്ങിയവര്‍ അവാര്‍ഡ് ജേതാക്കളിലുള്‍പ്പെടുന്നു.

അംഗീകാരവാര്‍ത്തയറിഞ്ഞ് മഹാനടന്‍ അരങ്ങില്‍

തൃശൂര്‍ : രാജ്യത്തിന്റെ ആദരം വീണ്ടും തേടിയെത്തുമ്പോഴും കഥകളിക്കായി ജീവിതം സമര്‍പ്പിച്ച മഹാനടന്‍ അരങ്ങില്‍ . കേന്ദ്ര സംഗീതനാടക അക്കാദമി ഫെലോഷിപ് ലഭിച്ച വിവരമറിയിക്കാന്‍ കലാമണ്ഡലം ഗോപിയാശാനെ വിളിക്കുമ്പോള്‍ അദ്ദേഹം ഗുരുവായൂരില്‍ "കുചേലവൃത്ത"ത്തില്‍ കൃഷ്ണവേഷമാടാന്‍ ഒരുങ്ങുകയായിരുന്നു. നാരായണീയത്തിന്റെ 425-ാം വാര്‍ഷികത്തോടനുബന്ധിച്ച് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് ഗോപിയാശാന്‍ കഥകളി അവതരിപ്പിക്കുന്നത്. "ഗുരുവായൂരപ്പന്റെയും ഗുരുക്കന്മാരുടെയും കടാക്ഷം"- ഗോപിയാശാന്റെ പ്രതികരണമിതായിരുന്നു. എണ്ണമറ്റ പുരസ്കാരകിരീടത്തിലെ മറ്റൊരു പൊന്‍തൂവലായി അതുല്യപ്രതിഭക്ക് അക്കാദമി ഫെലോഷിപ്. മധ്യപ്രദേശ് സര്‍ക്കാരിന്റെ "കാളിദാസ സമ്മാന്" അര്‍ഹനായത് കഴിഞ്ഞ ജൂലൈയിലാണ്. രണ്ടുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതായിരുന്നു പുരസ്കാരം. രാഷ്ട്രം പത്മശ്രീ നല്‍കി നേരത്തേ ആദരിച്ചിരുന്നു.
കല്ലുവഴിച്ചിട്ടയെ ജനപ്രിയമാക്കിയ ഗോപിയാശാന്‍ കളരിപാഠത്തേക്കാള്‍ കഥാപാത്രങ്ങള്‍ക്ക് മിഴിവേകി. ഗോപിയാശാന്റെ നളനും കോട്ടയ്ക്കല്‍ ശിവരാമന്റെ ദമയന്തിയും ആസ്വാദകമനസ്സില്‍ ചിരപ്രതിഷ്ഠ നേടി. കേന്ദ്ര സംഗീതനാടക അക്കാദമി, കേരള സംഗീത നാടക അക്കാദമി കലാമണ്ഡലം അവാര്‍ഡുകള്‍ , ഫെലോഷിപ്പുകള്‍ , വീരശൃംഖല, സ്വര്‍ണ കൃഷ്ണമുടി, സുവര്‍ണഹാരങ്ങള്‍ , സ്വര്‍ണമുദ്രകള്‍ , കഥകളിക്കുള്ള സംസ്ഥാന അവാര്‍ഡ് എന്നിങ്ങനെ അംഗീകാരങ്ങള്‍ അനവധി. അരങ്ങിലെ സൂപ്പര്‍ സ്റ്റാര്‍ എന്ന് കലാമണ്ഡലം ഹൈദരാലി വിശേഷിപ്പിച്ച ഗോപിയാശാന്‍ , ഷാജി എന്‍ കരുണിന്റെ "വാനപ്രസ്ഥം", ജയരാജിന്റെ "ശാന്തം", "ലൗഡ്സ്പീക്കര്‍" എന്നീ സിനിമകളിലും വേഷം ചെയ്തിട്ടുണ്ട്.

1937ല്‍ പാലക്കാട് ജില്ലയിലെ കൂറ്റനാടിനടുത്ത് കോതച്ചിറയില്‍ വടക്കത്ത് ഗോപാലന്‍നായരുടെയും ഉണ്ണ്യാദി നങ്ങമ്മയുടെയും മകനായി ജനിച്ച വടക്കേ മണാളത്ത് ഗോവിന്ദന്‍ എന്ന ഗോപി നാഗലശേരി ഗൂഡല്ലൂര്‍ മനയ്ക്കലാണ് കഥകളിപഠനം തുടങ്ങുന്നത്. 1951ല്‍ കലാമണ്ഡലത്തില്‍ വിദ്യാര്‍ഥിയായി. കലാമണ്ഡലം രാമന്‍കുട്ടിനായര്‍ , പത്മനാഭന്‍നായര്‍ , വാഴേങ്കട കുഞ്ചുനായര്‍ തുടങ്ങിപ്രഗത്ഭ ഗുരുക്കന്മാരുടെ കീഴില്‍ കലാമണ്ഡലത്തില്‍ പഠിച്ചു. 1957ല്‍ കലാമണ്ഡലത്തില്‍ അധ്യാപകനായി. പിന്നീട് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. 1992ല്‍ കലാമണ്ഡലത്തില്‍നിന്ന് വിരമിച്ചു. ഇപ്പോള്‍ പേരാമംഗലം ഗുരുകൃപയില്‍ താമസം.

നവതിനിറവില്‍ തൃപ്പേക്കുളത്തിന് വീണ്ടും അംഗീകാരം

തൃശൂര്‍ : നവതിനിറവില്‍ വാദ്യകലയുടെ വിസ്മയമായ തൃപ്പേക്കുളം അച്യുതമാരാര്‍ക്ക് കലാലോകത്തിന്റെ പ്രണാമമായി കേന്ദ്ര ഫെലോഷിപ്. വാദ്യകലാപ്രപഞ്ചത്തിന്റെ നിരുപമലയമത്രയും കൈവിരല്‍ത്തുമ്പിലൊതുക്കിയ അമരക്കാരന്റെ നേട്ടത്തില്‍ ആസ്വാദകലോകവും ആഹ്ലാദത്തിലാണ്. കഴിഞ്ഞ സെപ്തംബര്‍ 26ന് ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ നടന്ന നവതിയാഘോഷം നാടിന് ഉത്സവമായിരുന്നു. തിരുവമ്പാടിയുടെ മേളനിരയില്‍ ഒന്നരപ്പതിറ്റാണ്ടിലേറെ നിറസാന്നിധ്യമായിരുന്ന തൃപ്പേക്കുളം തൊണ്ണൂറാംവയസ്സിലും അവശത മറന്ന്, കഴിഞ്ഞ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവത്തിലും പതികാലത്തിന്റെ വിസ്മയം തീര്‍ത്തത് ആസ്വാദകരില്‍ ആവേശത്തിര ഉയര്‍ത്തി. ഉരുളുകോലിന്റെ സ്വരവൈവിധ്യവും നേര്‍കോലിന്റെ ഗാംഭീര്യവും ഇടതുകൈയുടെ സാധകശുദ്ധിയുമാണ് തൃപ്പേക്കുളത്തിന്റെ മൗലികമായ മേളമുദ്ര. തിരുവമ്പാടി ദേവസ്വം അധികൃതരാണ് തൃപ്പേക്കുളത്തെ കേന്ദ്ര സംഗീതനാടക അക്കാദമി ഫെലോഷിപ് വിവരം അറിയിച്ചത്. "സന്തോഷം" എന്നായിരുന്നു പ്രതികരണം. തിരുവമ്പാടിയുടെ പാണ്ടിമേളത്തിന് 14 വര്‍ഷം പ്രമാണംകൊട്ടിയ അദ്ദേഹം മഠത്തില്‍ വരവിന് തിമിലവാദകനുമായിരുന്നു. 1990ല്‍ തിരുവമ്പാടിയുടേ മേളപ്രമാണിയായി.

1921ല്‍ കന്നിമാസത്തിലെ പൂരം നക്ഷത്രത്തില്‍ (കൊല്ലവര്‍ഷം 1097 കന്നിമാസം നാല്) ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിനടുത്ത് തൃപ്പേക്കുളത്ത് മാരാത്ത് പാപ്പ മാരസ്യാരുടെയും സീതാരാമന്‍ എമ്പ്രാന്തരിയുടെയും മകനായി ജനിച്ചു. നെല്ലിക്കല്‍ നാരായണപണിക്കരുടെ കീഴില്‍ തകില്‍ അഭ്യസിച്ചു. അമ്മാവന്‍ തൃപ്പേക്കുളം ഗോവിന്ദമാരാര്‍ ചെണ്ടയിലും അന്നമനട പരമേശ്വരമാരാര്‍(സീനിയര്‍) തിമിലയിലും ഇടയ്ക്കയിലും ഗുരുക്കന്മാരായി. പതിനഞ്ചാം വയസ്സില്‍ ഊരകം ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ച അച്യുതമാരാര്‍ തകില്‍ , തിമല, ഇടയ്ക്ക, ചെണ്ട, പാണി, കൊട്ടിപ്പാടി സേവ എന്നിവയിലെല്ലാം മികവു കാട്ടി. കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് കൂടുതല്‍ കാലം പഞ്ചാരിയില്‍ പ്രാമാണിത്വം വഹിച്ചു. ആറരപ്പതിറ്റാണ്ടോളം കൂടല്‍മാണിക്യത്തില്‍ എത്തിയ തൃപ്പേക്കുളം 25 വര്‍ഷക്കാലം അമരക്കാരനായി. തൃപ്പൂണിത്തുറ ഉത്സവത്തിന് 16 വര്‍ഷത്തോളം കൊട്ടി. സ്വര്‍ണപ്പതക്കങ്ങള്‍ നല്‍കി വിവിധ ക്ഷേത്രങ്ങള്‍ ആദരിച്ചു. കേരള സര്‍ക്കാരിന്റെ പല്ലാവൂര്‍ പുരസ്കാരം(2006), കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്(1997), കേരള കലാമണ്ഡലത്തിന്റെ മേളാചാര്യ പുരസ്കാരം(2003), മേളചക്രവര്‍ത്തി പുരസ്കാരം, വാദ്യ കലാരത്നം, കലാചാര്യ പുരസ്കാരം, ശ്രീപൂര്‍ണത്രയ മേളകലാ പുരസ്കാരം, അന്നമനട ത്രയം പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ തേടിയെത്തി. ദീര്‍ഘകാലമായി ഇരിങ്ങാലക്കുടയിലാണ് താമസം.

deshabhimani 171211

1 comment:

  1. വിഖ്യാത കഥകളി നടന്‍ കലാമണ്ഡലം ഗോപിക്ക് കേന്ദ്ര സംഗീതനാടക അക്കാദമി ഫെലോഷിപ്. മേളത്തിലും സോപാന സംഗീതത്തിലും അമൂല്യസംഭാവന നല്‍കിയ തൃപ്പേക്കുളം അച്യുതമാരാര്‍ , മോഹിനിയാട്ടത്തിലെ മികച്ച സംഭാവനയ്ക്ക് വി കെ ഹൈമാവതി, കഥകളി വേഷത്തില്‍ പ്രഗത്ഭനായ തോന്നയ്ക്കല്‍ പീതാംബരന്‍ എന്നിവര്‍ക്ക് അക്കാദമി അവാര്‍ഡും ലഭിച്ചു. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും അംഗവസ്ത്രവും അടങ്ങിയതാണ് ഫെലോഷിപ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അംഗവസ്ത്രവും അടങ്ങിയതാണ് അവാര്‍ഡ്. അക്കാദമി ആക്ടിങ് സെക്രട്ടറി ഹെലന്‍ ആചാര്യയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

    ReplyDelete