Thursday, September 30, 2010

യുഡിഎഫ്- ബിജെപി എസ്ഡിപിഐ ബാന്ധവം

കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക്ഒക്ടോബര്‍ 23നും 25നും നടക്കുന്ന തെരഞ്ഞെടുപ്പില്‍ വര്‍ഗീയവാദികളുമായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഏര്‍പ്പെട്ടിരിക്കുന്ന സഖ്യം ഇതിനകം വെളിവായിക്കഴിഞ്ഞു. താല്‍ക്കാലിക ലാഭത്തിന് ഇരു വര്‍ഗീയതയുമായും കൈകോര്‍ക്കാന്‍ ഒട്ടും അറപ്പില്ലാത്ത യുഡിഎഫിന്റെ ജീര്‍ണമുഖം വരുംനാളുകളില്‍ കൂടുതല്‍ അപഹാസ്യമാവാന്‍ പോകുകയാണ്. ഇടുക്കിയില്‍ എസ്ഡിപിഐയുമായും കിളിമാനൂരിലും കാസര്‍കോട്ടുമടക്കം സംസ്ഥാനത്ത് പലഭാഗത്തും ആര്‍എസ്എസുമായും ജാള്യലേശമില്ലാതെ കൂട്ടുകൂടുന്ന യുഡിഎഫിന്റെ അധികാരാര്‍ത്തിക്ക് കേരളത്തിന്റെ സമീപകാലചരിത്രത്തിലെങ്ങും സമാനതകളില്ല. കോലീബി(കോണ്‍ഗ്രസ്-ലീഗ്-ബിജെപി) എന്ന പഴയ സംജ്ഞയില്‍ നിന്ന് യുഡിഎഫ് സംവിധാനം ബഹുദൂരം മുന്നോട്ടുപോയി. ബിജെപിക്കൊപ്പം എസ്ഡിപിഐയെയും ജമാ അത്തെ ഇസ്ളാമിയെയും ഉള്‍പ്പെടെ ഉള്‍ക്കൊള്ളാവുന്ന തരത്തിലേക്കാണ് യുഡിഎഫ് അപകടകരമാംവിധം അധഃപതിച്ചിരിക്കുന്നത്.

1991ല്‍ ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും വടകര ലോക്സഭാ മണ്ഡലത്തിലും ബിജെപിയുമായി കൂട്ടുകൂടിയ യുഡിഎഫ് തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലും ഹൈന്ദവഫാസിസ്റ്റുകളെ പ്രതിനിധാനംചെയ്യുന്ന ബിജെപിയെന്ന വര്‍ഗീയകക്ഷിയുമായും ആര്‍എസ്എസുമായും പരസ്യമായ ബാന്ധവത്തിലേര്‍പ്പെട്ടിരുന്നു. കേരള നിയമസഭയില്‍ അക്കൌണ്ട് തുറക്കുമെന്ന ബിജെപിയുടെ പഴയകാല അവകാശവാദം ഇപ്പോള്‍ ആ പാര്‍ടി നേതാക്കളുടെ വന്യസ്വപ്നങ്ങളില്‍പ്പോലും കടന്നുവരുന്നില്ല. തെരഞ്ഞെടുപ്പില്‍ കൂട്ടത്തോടെ കോണ്‍ഗ്രസിനുവേണ്ടി മറിക്കാനുള്ളതാണ് തങ്ങളുടെ വോട്ടെന്ന ബോധ്യം ബിജെപി കേഡര്‍മാരിലും അണികളിലും വേരുറച്ചുപോയിരിക്കുന്നു. കേരള നിയമസഭയിലേക്കുള്ള അക്കൌണ്ടല്ല പകരം ചില നേതാക്കള്‍ക്ക് കോടികളുടെ അക്കൌണ്ടാണ് ഈ വോട്ടുവില്‍പ്പനയിലൂടെ തുറക്കാനായതെന്ന് ഇതിന്റെ പേരില്‍ ബിജെപിക്കുള്ളില്‍ അടുത്ത കാലത്തു നടന്ന കലാപങ്ങള്‍ കേരളജനതയോട് വിളിച്ചു പറയുകയായിരുന്നു.

1991ലെ വോട്ടുവില്‍പ്പനയെക്കുറിച്ച് മുതിര്‍ന്ന നേതാവ് കെ ജി മാരാര്‍ തന്റെ ജീവിതകഥയില്‍ വെളിപ്പെടുത്തിയിരുന്നു. അന്നത്തെ വോട്ടുവില്‍പ്പനയെക്കുറിച്ച് അന്വേഷിച്ച മുന്‍ സംസ്ഥാന പ്രസിഡന്റ് കെ രാമന്‍പിള്ള ഇന്ന് ആ പാര്‍ടിയിലില്ല. അതിനുശേഷം 2001ലെ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ വോട്ട് ശതമാനം ഗണ്യമായി കുറഞ്ഞതും ബിജെപിക്കാര്‍ തെരുവില്‍ ഏറ്റുമുട്ടുന്നതിനുവരെ കാരണമായി. പാര്‍ടിക്ക് ഇത്രയേറെ ക്ഷതമുണ്ടാക്കിയിട്ടും യുഡിഎഫുമായി പരസ്യമായി കൂട്ടുകൂടാന്‍ ബിജെപി നേതൃത്വത്തിന് മടിയേതുമില്ല. മതനിരപേക്ഷതയുടെ മൂല്യങ്ങളെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തുന്ന കോണ്‍ഗ്രസിനും തെല്ലും നാണമില്ല, രാജ്യത്തിന്റെ അഖണ്ഡതയ്ക്കു തന്നെ ഭീഷണിയായ ഫാസിസ്റ്റുകളുമായി സഖ്യംചേരാന്‍.

ഈ തെരഞ്ഞെടുപ്പിലും ഇതേ സഖ്യം ആവര്‍ത്തിക്കാന്‍ പോകുകയാണ്. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ ആര്‍എസ്എസ് താലൂക്ക് സംഘചാലകിന്റെ ഭാര്യയും മുന്‍ സംഘചാലകിന്റെ മകളും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുയാണ്. ഹിന്ദു മുന്നണിയുടെ പ്രമുഖനായ നേതാവിന്റെ സഹോദരനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. ഈ വാര്‍ഡുകളിലൊന്നും ബിജെപിക്ക് പേരിനുപോലും സ്ഥാനാര്‍ഥികളില്ല. തിരുവനന്തപുരം കോര്‍പറേഷനില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്വതന്ത്രനായി മത്സരിച്ച് കോണ്‍ഗ്രസിന്റെ പരോക്ഷ പിന്തുണയോടെ ജയിച്ചയാള്‍ ഇപ്പോള്‍ പരസ്യമായി കോണ്‍ഗ്രസ് ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഇത് കിളിമാനൂരിലെയും തിരുവനന്തപുരം കോര്‍പറേഷനിലെയും മാത്രം കാര്യമല്ല. കേരളത്തിലുടനീളം ബിജെപിയുമായി കോണ്‍ഗ്രസും ലീഗും സഖ്യത്തിലാണെന്നതിന്റെ ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണിത്.

ഹിന്ദു വര്‍ഗീയതയുമായി മാത്രമല്ല, കേരളത്തില്‍ സമീപകാലത്ത് അപകടകരമാംവിധം രൂപമാറ്റം സംഭവിച്ച മുസ്ളിം വര്‍ഗീയവാദികളോടും യുഡിഎഫിന് വ്യാപകമായ ബന്ധമുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിഡിപിയുമായി ബന്ധമുണ്ടെന്ന പേരില്‍ എല്‍ഡിഎഫിനെതിരെ ആക്ഷേപവര്‍ഷം ചൊരിഞ്ഞ യുഡിഎഫും അവരുടെ മെഗാഫോണുകളായ കേരളത്തിലെ മാധ്യമങ്ങളും ഒരു കാര്യത്തില്‍ വിജയം കണ്ടു. പോപ്പുലര്‍ ഫ്രണ്ടുമായി യുഡിഎഫ് ഒളിഞ്ഞുംതെളിഞ്ഞും കൂട്ടുചേര്‍ന്ന കാര്യം വിദഗ്ധമായി മറച്ചുവയ്ക്കുന്നതില്‍. മുസ്ളിം ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തെപ്പോലും സ്വാധീനിച്ച പോപ്പുലര്‍ ഫ്രണ്ട് യുഡിഎഫിനാണ് തങ്ങളുടെ പിന്തുണയെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടും അത് ഒരു ചെറുവാര്‍ത്തയായിപ്പോലും നല്‍കാത്തവരാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍. തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയതിലൂടെ മുസ്ളിം വര്‍ഗീയതയുടെ വളര്‍ച്ച പ്രഖ്യാപിച്ച ഇടുക്കിയില്‍തന്നെ എസ്ഡിപിഐയുമായി സഖ്യത്തിലേര്‍പ്പെടാന്‍ കോണ്‍ഗ്രസ് കാണിച്ച തിടുക്കവും ഉത്സാഹവും മതനിരപേക്ഷസമൂഹം അത്ഭുതത്തോടെയാണ് കാണുന്നത്. ഒപ്പം തെരഞ്ഞെടുപ്പില്‍ ആരുമായി ചേരാനും തങ്ങള്‍ക്ക് മടിയില്ലെന്ന പരസ്യപ്രഖ്യാപനം കൂടിയാണിത്.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയും മുന്നണിക്ക് ഭൂരിപക്ഷമുള്ള തദ്ദേശസ്ഥാപനങ്ങളും നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുക എന്ന ലക്ഷ്യമാണ് ഈ വര്‍ഗീയബാന്ധവത്തിലൂടെ യുഡിഎഫ് സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, വികസനവും സമാധാനാന്തരീക്ഷവും കാംക്ഷിക്കുന്ന കേരള ജനതയ്ക്കു മുന്നില്‍ യുഡിഎഫിന്റെ കുത്സിതനീക്കം വിലപ്പോവില്ല. വര്‍ഗീയവാദികളുമായി പരസ്യസഖ്യത്തിലേര്‍പ്പെട്ടപ്പോഴൊക്കെ യുഡിഎഫിനെ പാഠംപഠിപ്പിച്ച കേരളം ഇത്തവണയും ആ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകതന്നെ ചെയ്യും.

ദേശാഭിമാനി മുഖപ്രസംഗം 30092010

2 comments:

  1. കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക്ഒക്ടോബര്‍ 23നും 25നും നടക്കുന്ന തെരഞ്ഞെടുപ്പില്‍ വര്‍ഗീയവാദികളുമായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഏര്‍പ്പെട്ടിരിക്കുന്ന സഖ്യം ഇതിനകം വെളിവായിക്കഴിഞ്ഞു. താല്‍ക്കാലിക ലാഭത്തിന് ഇരു വര്‍ഗീയതയുമായും കൈകോര്‍ക്കാന്‍ ഒട്ടും അറപ്പില്ലാത്ത യുഡിഎഫിന്റെ ജീര്‍ണമുഖം വരുംനാളുകളില്‍ കൂടുതല്‍ അപഹാസ്യമാവാന്‍ പോകുകയാണ്. ഇടുക്കിയില്‍ എസ്ഡിപിഐയുമായും കിളിമാനൂരിലും കാസര്‍കോട്ടുമടക്കം സംസ്ഥാനത്ത് പലഭാഗത്തും ആര്‍എസ്എസുമായും ജാള്യലേശമില്ലാതെ കൂട്ടുകൂടുന്ന യുഡിഎഫിന്റെ അധികാരാര്‍ത്തിക്ക് കേരളത്തിന്റെ സമീപകാലചരിത്രത്തിലെങ്ങും സമാനതകളില്ല. കോലീബി(കോണ്‍ഗ്രസ്-ലീഗ്-ബിജെപി) എന്ന പഴയ സംജ്ഞയില്‍ നിന്ന് യുഡിഎഫ് സംവിധാനം ബഹുദൂരം മുന്നോട്ടുപോയി. ബിജെപിക്കൊപ്പം എസ്ഡിപിഐയെയും ജമാ അത്തെ ഇസ്ളാമിയെയും ഉള്‍പ്പെടെ ഉള്‍ക്കൊള്ളാവുന്ന തരത്തിലേക്കാണ് യുഡിഎഫ് അപകടകരമാംവിധം അധഃപതിച്ചിരിക്കുന്നത്.

    ReplyDelete
  2. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസിന് 50 ശതമാനം സീറ്റുകള്‍ നല്‍കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം സംസ്ഥാനത്ത് പാലിക്കപ്പെട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് രാജീവ് സത്വ പറഞ്ഞു. സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ വാക്കു പാലിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സത്വയ്ക്ക് ഇത് സംബന്ധിച്ച് പരാതിയും നല്‍കി.

    ReplyDelete