Friday, November 15, 2013

ആശങ്കവേണ്ട; അപാകതകള്‍ പരിഹരിക്കും : മുഖ്യമന്ത്രി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പൊതുജനങ്ങള്‍ക്ക് ആശങ്കവേണ്ടെന്നും അതിലെ അപാകതകള്‍ പരിഹരിച്ചുമാത്രമെ സംസ്ഥാനത്ത് അവ നടപ്പാക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ റിപ്പോര്‍ടിന്റെ പേരില്‍ ആരേയും കുടിയിറക്കില്ലെന്നും കൃഷി മുന്‍പുള്ളതുപോലെ തുടരാമെന്നും അതിനാല്‍ ജനങ്ങള്‍ അക്രമമാര്‍ഗത്തില്‍ നിന്ന് നിന്ന് പിന്തിരിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോട്ടിനെ കുറിച്ച് പശ്ചിമഘട്ട പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആറ് സംസ്ഥാനങ്ങള്‍ ഒരുപോലെ കേന്ദ്രത്തിനോട് നിലപാടെടുത്തു. തുടര്‍ന്ന് രൂപീകരിച്ച കസ്തുരി രംഗന്‍ റിപ്പോര്‍ട് ഏറെ മെച്ചപ്പെട്ടതുമാണ്. എന്നാലും അതിലെ അഞ്ച് നിലപാടുകളില്‍ മാറ്റം ആവശ്യമാണ്. അവയെ കുറിച്ച് കേന്ദ്രത്തിനോട് വിരുദ്ധ നിലപാട് അറിയിച്ചതുമാണ്. തുടര്‍ന്നാണ് സര്‍വ്വകക്ഷിയോഗം വിളിച്ച് പഠനസമിതിയെ നിയോഗിച്ചതും . എന്നാല്‍ പഠന റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കാതെ എകപക്ഷീയമായി വിജ്ഞാപനമിറക്കുകയാണ് കേന്ദ്രം ചെയ്തത്.

ഇതെ കുറിച്ച് സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രത്തെ ബോധ്യപ്പെടുത്തും. പഠന റിപ്പോര്‍ട്ടില്‍ ഈ അഞ്ച് പ്രശ്നങ്ങളും പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഠനറിപ്പോര്‍ട്ട് വരുന്നതുവരെ കസ്തൂരിരംഗന്‍ നടപ്പാക്കരുത്

പൊതുജനാഭിപ്രായം സ്വരൂപിച്ചശേഷം മാത്രമെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പാടുള്ളൂ എന്നും അതിന്് മുമ്പ് തിരക്കിട്ട് നടപ്പാക്കണമെന്നുള്ള കേന്ദ്രത്തിന്റെ തീരുമാനം തെറ്റാണെന്നും മന്ത്രി കെ എം മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കവേണ്ട .പാരിസ്ഥിതിക റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുമ്പ് നടത്തേണ്ട സംസ്ഥാന സമിതിയൂടെ വിദഗ്ധപഠന റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അപാടെ മോശമാണെന്ന് അഭിപ്രായമില്ല അതിലുള്ള കര്‍ഷക ദ്രോഹ വ്യവസ്ഥകളാണ് മാറ്റേണ്ടത്. അത്തരം വ്യവസ്ഥകള്‍ അതില്‍കടന്നുകൂടിയത് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതില്‍ വന്ന വീഴ്ചയാണ്. കൃഷി ഭൂമി കൃഷിക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുത്. തന്നാണ്ട് കൃഷി പാടില്ല. തോട്ടത്തിലൊരു ഭാഗം വനമാക്കിമാറ്റണം, വനത്തിനോട് ചേര്‍ന്ന് തോട്ടമുണ്ടാക്കരുത് എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ഷകരെ ദ്രോഹിക്കുന്നതാണ്.

ഒരു പാര്‍ടിയായാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ തന്റെ പാര്‍ടിയിലും ഉള്ളൂവെന്നും അതിന് മാധ്യമങ്ങളാണ് പ്രാധാനം കൊടുക്കുന്നത്. താന്‍ ഒരു വ്യക്തിയേയും ഭയപ്പെടുന്ന ആളല്ല. സാമ്പത്തീക കാര്യത്തെ പറ്റി പ്രബന്ധമവതരിപ്പിക്കാനാണ് പാലക്കാട് നടക്കുന്ന സിപിഐ എം പാര്‍ടി പ്ലീനത്തില്‍ പങ്കെടുക്കുന്നത്. അവര്‍ ക്ഷണിച്ചിട്ടാണ് പോകുന്നത്. മുമ്പും എകെജി സെന്‍ററില്‍ നടന്നിട്ടുള്ള സെമിനാറില്‍ പങ്കെടുത്തിട്ടുണ്ട്. എന്നെ പറ്റി നല്ല അഭിപ്രായം മറ്റുള്ളവര്‍ പറയുന്നതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ ഭരണമാറ്റത്തിന്റെ ഒരാവശ്യവുമില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി കെ എം മാണി പറഞ്ഞു.

deshabhimani

No comments:

Post a Comment