Saturday, November 9, 2013

നാരായണന്‍നായര്‍ വധത്തിനുമുമ്പ് പൊലീസ് സ്റ്റേഷനില്‍ ആര്‍എസ്എസ് കൊലവിളി

കാട്ടാക്കട: കെഎംസിഎസ്യു സംസ്ഥാനകമ്മിറ്റിയംഗം നാരായണന്‍നായരെ കൊലപ്പെടുത്തിയ ആര്‍എസ്എസ് സംഘം കൃത്യം നടപ്പാക്കിയത് മകനും എസ്എഫ്ഐ ഏരിയ സെക്രട്ടറിയുമായ ശിവപ്രസാദിനെ കൊലപ്പെടുത്തുമെന്ന പ്രഖ്യാപനത്തിനുശേഷം. ശിവപ്രസാദിനെ വധിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാരായണന്‍നായര്‍ വെട്ടേറ്റ് മരിച്ചത്. പൊലീസ് സ്റ്റേഷനില്‍വച്ച് പരസ്യപ്രഖ്യാപനം നടത്തിയിട്ടും സുരക്ഷാ നടപടികളെടുത്തില്ല.

ബുധനാഴ്ച രാത്രി ഒന്‍പതോടെയാണ് കൊലപാതക സംഘത്തിലെ പ്രധാനികളായ കീഴാറൂര്‍ മുക്കലംപാട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൊള്ളി രാജേഷും ചെര്‍ളക്കോട് സ്വദേശി ഗിരിഷും ആര്യങ്കോട് പൊലീസ് സ്റ്റേഷനില്‍ എത്തി കൊലവിളി നടത്തിയത്. ചെമ്പൂരില്‍ എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദിനോട് അനുബന്ധിച്ച് നടത്തിയ പ്രകടനത്തിനിടയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഓടിച്ചുകയറ്റിയ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഡ്രൈവര്‍ വിനയചന്ദ്രനെ മര്‍ദിച്ചെന്നും അതിന് നേതൃത്വം നല്‍കിയ ശിവപ്രസാദിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഇരുവരും എത്തിയത്. എന്നാല്‍, രാവിലെ സംഭവം നടക്കുമ്പോള്‍ പൊലീസ് സ്ഥലത്തുണ്ടായിരുന്നതായും വിനയചന്ദ്രനെ മര്‍ദിച്ചില്ലെന്നും ഇതിലൊന്നും ശിവപ്രസാദ് ഉള്‍പ്പെട്ടിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപ്പോഴാണ് കൊലയാളി സംഘത്തിലെ പ്രധാനികളായ കൊള്ളി രാജേഷും ഗിരീഷും "നിങ്ങള്‍ അവനെ കസ്റ്റഡിയില്‍ എടുത്തില്ലെങ്കില്‍ ഞങ്ങള്‍ ഇന്ന് അവനെ കൊല്ലും" എന്ന് പ്രഖ്യാപിച്ചത്. ആര്യങ്കോട് പൊലീസ് സ്റ്റേഷനില്‍ അപ്പോഴുണ്ടായിരുന്ന എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ കേള്‍ക്കെ ആയിരുന്ന കൊലവിളി. എന്നാല്‍, പൊലീസ് ഇത് ഗൗരവമായി എടുത്തില്ല. ശിവപ്രസാദിന്റെ വീടിന് സംരക്ഷണം നല്‍കാന്‍ നടപടിയും സ്വീകരിച്ചില്ല.

ഈ സംഭവത്തിനുശേഷം ഏതാണ്ട് ഒന്നരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഇരുപതോളം പേരടങ്ങുന്ന ആര്‍എസ്എസ് അക്രമി സംഘം ബൈക്കുകളില്‍ ശിവപ്രസാദിെന്‍റ വീട്ടില്‍ എത്തിയത്. വാതില്‍ തുറന്ന് ഇറങ്ങിവന്ന ശിവപ്രസാദിന്റെ ജേഷ്ഠന്‍ ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റി അംഗം ഗോപകുമാറിനെ വെട്ടി. അക്രമത്തിനിടയില്‍ രാജേഷിനെയും ഗിരീഷീഷിനെയും ഗോപന്‍ തിരിച്ചറിഞ്ഞിരുന്നു. ഗോപനെ ആക്രമിക്കുന്നതു കണ്ട് തടയാന്‍ ശ്രമിച്ച അച്ഛന്‍ നാരായണന്‍നായരെയും അനുജന്‍ ശിവപ്രസാദിനെയും മഴുകൊണ്ട് വെട്ടിവീഴ്ത്തി. നാരായണന്‍നായര്‍ മരിക്കുകയൂം ചെയ്തു. പൊലീസ് സ്റ്റേഷനില്‍ എത്തി പരസ്യപ്രഖ്യാപനം നടത്തുന്നതിന് മുമ്പുതന്നെ കൊലചെയ്യാനുള്ള എല്ലാപദ്ധതികളും ആര്‍എസ്എസ് സംഘം ആസൂത്രണം ചെയ്തിരുന്നു. മഴുവും വടിവാളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി വിവിധ പ്രദേശങ്ങളില്‍നിന്ന് പ്രത്യേകം റിക്രൂട്ട് ചെയ്ത സംഘം കീഴാറൂര്‍ സരസ്വതിവിദ്യാലയ പരിസരത്ത് തമ്പടിച്ചിരുന്നു. കൊലപാതകത്തിന് നേതൃത്വം നല്‍കിയ കൊള്ളി രാജേഷ്, അനിക്കുട്ടന്‍ എന്ന ഗിരീഷ്, അനി എന്നിവര്‍ ആര്‍എസ്എസ് ഗുണ്ടകളാണ്. കെഎസ്ആര്‍ടിസി സെന്‍ട്രല്‍ ഡിപ്പോയിലെ കണ്ടക്ടര്‍ കൂടിയായ കൊള്ളി രാജേഷ് ബിഎംഎസ് യൂണിയന്‍ നേതാവാണ്. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് പമ്പയിലേക്ക് സര്‍വീസ് പോകുന്ന ബസില്‍ ഡ്യൂട്ടി നോക്കേണ്ട ഇയാള്‍ കൊലപാതകത്തിന് ശേഷം ഒളിവിലാണ്. 2002ല്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകാരായ കുറ്റിയാനിക്കാട് ദിലീപ് അടക്കം മൂന്ന് പേരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാംപ്രതിയാണ് രാജേഷ്. ഏതാനും മാസംമുമ്പ് ശിവപ്രസാദിനെ വീടിനു സമീപംവച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതും ഇതേ സംഘം തന്നെയാണ്. പൊലീസിന്റെ അനാസ്ഥയില്‍ പ്രതിഷേധം ശക്തമാണ്. ചില ഭരണകക്ഷി എംഎല്‍എമാരുടെ പിന്തുണയും സഹായവും ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.

ഉന്നതതല അന്വേഷണം നടത്തണം: ആനാവൂര്‍

കാട്ടാക്കട: നെയ്യാറ്റിന്‍കര താലൂക്കില്‍ നിരന്തരം ആര്‍എസ്എസ് നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ചും ആക്രമണങ്ങളെക്കുറിച്ചും ഉന്നതതല അന്വേഷണം വേണമെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കാട്ടാക്കട അമ്പലത്തുംകാലയില്‍ സിപിഐ എം പ്രവര്‍ത്തകന്‍ അശോകന്‍, അമരവിളയില്‍ എസ്എഫ്ഐ നേതാവ് സജിന്‍ ഷാഹുല്‍, ആനാവൂരില്‍ നാരായണന്‍നായര്‍ എന്നിവര്‍ കൊല്ലപ്പെട്ടത് ഏതാനും മാസങ്ങള്‍ക്കകമാണ്. ധനുവച്ചപുരത്തെ അനുവിന്റെ ആത്മഹത്യക്ക് പിന്നിലും ആര്‍എസ്എസ് ഭീഷണിയായിരുന്നു.

നാരായണന്‍നായരെ ആസൂത്രിതമായാണ് വധിച്ചത്. എസ്എഫ്ഐ നേതാവായ ശിവപ്രസാദിനെ കൊലപ്പെടുത്താന്‍ ആര്‍എസ്എസ് നേതൃത്വത്തിലെ ഉന്നതര്‍ അറിഞ്ഞുകൊണ്ടുതന്നെ നേരത്തെ തീരുമാനിച്ചിരുന്നു. ഒരു പ്രാവശ്യം വധശ്രമവും നടത്തിയിരുന്നു. നെയ്യാറ്റിന്‍കര താലൂക്കിന്റെ ആര്‍എസ്എസ് ചുമതല വഹിക്കുന്ന കണ്ണൂര്‍ സ്വദേശിയായ വ്യക്തിയാണ് അക്രമങ്ങളും കൊലപാതകങ്ങളും ആസൂത്രണം ചെയ്യുന്നത്. കൊലപാതകങ്ങള്‍ക്ക് പുറമെ നിരവധി പേരെ ആക്രമിച്ച് കൊലപ്പെടുത്താനും ശ്രമം ഉണ്ടായി. കീഴാറൂര്‍ പശുവണ്ണറ, നെയ്യാറ്റിന്‍കര കാര്യാലയം, കാട്ടാക്കട ഭദ്രകാളീക്ഷേത്രം, കീഴാറൂര്‍ സരസ്വതി വിദ്യാലയം തുടങ്ങിയ സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ചാണ് ഈ ആക്രമണങ്ങള്‍ മുഴുവന്‍ നടത്തുന്നത്. നാരായണന്‍നായരുടെ കൊലപാതകത്തിന് സൂത്രധാരന്മാരായ കീഴാറൂര്‍ സരസ്വതി വിദ്യാലയ നടത്തിപ്പുകാരന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ തയ്യാറാകണമെന്ന് ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment