Saturday, November 9, 2013

ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും പ്രഹരം

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കെപിസിസി നിര്‍വാഹക സമിതി പട്ടിക മടക്കിയത് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കനത്ത പ്രഹരം. ഇരുനേതാക്കളോടുമുള്ള ഹൈക്കമാന്‍ഡിന്റ അവിശ്വാസവും ഇഷ്ടക്കേടുമാണ് ഇതില്‍ പ്രതിഫലിക്കുന്നത്്. രണ്ടുമാസത്തെ ചര്‍ച്ചകള്‍ക്കും യോഗങ്ങള്‍ക്കും ശേഷം തയ്യാറാക്കിയ ജംബോപട്ടികയാണ് നിരസിച്ചത്. കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പുകളുടെ പ്രതിനിധികളായ തമ്പാനൂര്‍ രവിയും ശൂരനാട് രാജശേഖരനും ഡല്‍ഹിയിലെത്തിയാണ് പട്ടിക നല്‍കിയത്. പട്ടിക തയ്യാറാക്കിയ രീതിയോടുള്ള അസംതൃപ്തി പരസ്യമായി പ്രകടമാക്കിയാണ് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് പട്ടിക നിരസിച്ചത്.

സ്ഥാനങ്ങള്‍ രണ്ടുഗ്രൂപ്പുകള്‍ പങ്കിടുന്നതാണ് ഇപ്പോഴത്തെ രീതി. 190 പേരുടെ പട്ടികയാണ് സമര്‍പ്പിച്ചത്. ഒരു നിയമസഭാ മണ്ഡലത്തില്‍നിന്ന് ഒരു പിസിസി അംഗത്തെയാണ് നിശ്ചയിക്കുന്നത്. അങ്ങനെ നോക്കിയാല്‍ പിസിസി എക്സിക്യൂട്ടീവ് അംഗങ്ങള്‍തന്നെ അതിലധികമുണ്ട്. സെക്രട്ടറിമാരടക്കം 72 പേര്‍ കെപിസിസി ഭാരവാഹികളായുണ്ട്. നേരത്തെ 35 ആയിരുന്നു. ജംബോ സമിതി വിളിച്ചുചേര്‍ക്കാനും ചേര്‍ന്നാല്‍ തന്നെ ഫലപ്രദമായ ചര്‍ച്ച നടത്താനും കഴിയില്ലെന്നും ഹൈക്കമാന്‍ഡ് ചണ്ടിക്കാട്ടുന്നു. 190 പേരുടെ പട്ടികയില്‍ എംഎല്‍എമാര്‍, എംപിമാര്‍, കെപിസിസി സെക്രട്ടറിമാര്‍ എന്നിവരെല്ലാമുണ്ട്. കെപിസിസി അംഗങ്ങളായി തെരഞ്ഞെടുക്കാത്തവരും നിര്‍വാഹക സമിതി പട്ടികയില്‍ വന്നു. പട്ടിക സംബന്ധിച്ച് വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഹൈക്കമാന്‍ഡിനോട്് പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സോണിയ ഗാന്ധി, എ കെ ആന്റണി ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചിച്ചാണ് വാസ്നിക് പട്ടിക തിരസ്കരിച്ചത്.

എംഎല്‍എമാരെല്ലാം പട്ടികയില്‍ വേണ്ടെന്നും നിയമസഭാകക്ഷി ഭാരവാഹികള്‍ മതിയെന്നുമാണ് ആലോചിക്കുന്നത്. കെപിസിസി സെക്രട്ടറിമാരെ ഒഴിവാക്കാമെന്നും കെപിസിസി അംഗങ്ങളല്ലാത്തവരെ ഉള്‍പ്പെടുത്തേണ്ടെന്നും നിര്‍ദേശമുണ്ട്. ഇത് നടപ്പായാല്‍ ഇപ്പോഴത്തെ പട്ടികയില്‍നിന്ന് 70 പേര്‍ ഒഴിവാകും. കെപിസിസി ഭാരവാഹിപ്പട്ടിക ഹൈക്കമാന്‍ഡ് തള്ളിയതോടെ ഡിസിസി ഭാരവാഹിപ്പട്ടികയും അസാധുവായി. നേതാക്കള്‍മാത്രം അടങ്ങുന്ന കോര്‍കമ്മിറ്റി രൂപീകരിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. 13ന് വാസ്നിക്കിന്റെ സാന്നിധ്യത്തില്‍ കെപിസിസി നേതൃയോഗവും ഏകോപന സമിതി യോഗവും ചേരാന്‍ ഉദ്ദേശിച്ചിരുന്നു. പക്ഷേ, ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ് കാരണം ആ യോഗങ്ങള്‍ മുടങ്ങി. കോണ്‍ഗ്രസിലെ സംഘടനാകാര്യങ്ങള്‍ കുഴയുന്നതില്‍ മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്ക് അതൃപ്തിയുണ്ട്.

deshabhimani

No comments:

Post a Comment