Saturday, November 9, 2013

ബിജെപി ആരോപണം ഗൂഢാലോചന: ശ്രീകുമാര്‍

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പിനാരായണനെ താന്‍ പീഡിപ്പിച്ചെന്ന ബിജെപിയുടെ ആരോപണം ഗൂഢാലോചനയാണെന്ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ വി ശ്രീകുമാര്‍ പറഞ്ഞു. ഗുജറാത്ത് വംശഹത്യയില്‍ സംഘപരിവാറുകാര്‍ കൊലപ്പെടുത്തിയ ഇഹ്സാന്‍ ജാഫ്രി എംപിയുടെ വിധവ സാക്കിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജി ഡിസംബര്‍ രണ്ടിന് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. നരേന്ദ്രമോഡിക്ക് ഏറെ ഭീഷണിയായ ഈ കേസിനെ സ്വാധീനിക്കുന്നതിന്റെ ഭാഗമായാണ് തനിക്കെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍- ശ്രീകുമാര്‍ പറഞ്ഞു.

ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പിനാരായണനെ ഒരിക്കല്‍പ്പോലും താന്‍ ചോദ്യംചെയ്തിട്ടില്ലെന്നും ശ്രീകുമാര്‍ വ്യക്തമാക്കി. സാക്കിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജിയില്‍ താന്‍ നല്‍കിയ 630 പേജ് വരുന്ന രേഖകള്‍ ഏറെ സുപ്രധാനമാണ്. ഇത് ബിജെപിക്ക് നന്നായറിയാം. അതുകൊണ്ട് കേസ് പരിഗണനയ്ക്ക് വരുന്നതിനുമുമ്പ് തന്റെ വിശ്വാസ്യത ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇതുവഴി ജനങ്ങളില്‍ സംശയങ്ങള്‍ സൃഷ്ടിക്കാം. പരോക്ഷമായി കേസ് കേള്‍ക്കുന്ന ജഡ്ജിയെ സ്വാധീനിക്കാനും കഴിയും. ചാരക്കേസിന്റെ സമയത്ത് താന്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍മാത്രമായിരുന്നു. കേസില്‍ ശശികുമാറിനെയും മറിയം റഷീദയെയും താന്‍ ചോദ്യംചെയ്തിട്ടുണ്ട്. അതല്ലാതെ നമ്പിനാരായണനെ ചോദ്യംചെയ്തിട്ടില്ല. അന്വേഷണവേളയില്‍ ഇടത്തരം ഓഫീസര്‍മാത്രമായിരുന്നു താന്‍. തനിക്കുമുകളില്‍ ഒട്ടനവധി ഉദ്യോഗസ്ഥരുണ്ട്. അന്ന് മാത്യുജോണാണ് ഐജി. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മാത്യുജോണിനെതിരെ ആരോപണം ഉന്നയിക്കുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ഗുജറാത്തിനുപുറത്ത് നുണപരിശോധന ഉള്‍പ്പെടെ ഏത് അന്വേഷണത്തിനും വിധേയനാകാന്‍ തയ്യാറാണ്- ശ്രീകുമാര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment