Friday, November 8, 2013

ക്ഷേത്രോപദേശകസമിതി പിരിച്ച പണം ആര്‍എസ്എസ് ആസ്ഥാന നിര്‍മാണത്തിന്

കൊട്ടാരക്കര: സംഘപരിവാര്‍ നേതൃത്വത്തില്‍ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉപദേശകസമിതി ചട്ടവിരുദ്ധമായി പണപ്പിരിവു നടത്തി ആര്‍എസ്എസ് ആസ്ഥാനമന്ദിരം നിര്‍മിച്ചതായി ആരോപണം. കാലാവധി കഴിഞ്ഞിട്ടും തുടരുന്ന ഭാരവാഹികള്‍ വാര്‍ഷിക കണക്ക് അവതരിപ്പിക്കാത്തത് സാമ്പത്തിക തിരിമറി പുറത്താകുമെന്ന ഭീതിയില്‍.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിബന്ധനകള്‍ക്കു വിരുദ്ധമായാണ് ഉപദേശകസമിതി ഭാരവാഹികളുടെ നേതൃത്വത്തില്‍ തട്ടിപ്പുനടക്കുന്നത്. ക്ഷേത്രത്തിനുള്ളില്‍ ഭക്തരില്‍നിന്നു പണപ്പിരിവു നടത്താന്‍ പാടില്ലെന്നാണ് നിബന്ധന. മാത്രമല്ല, ക്ഷേത്ര വികസനകാര്യങ്ങള്‍ക്കായി ദേവസ്വംബോര്‍ഡിന്റെ അനുവാദത്തോടെ സംഭാവനയ്ക്കായി കൂപ്പണുകള്‍ അച്ചടിക്കുമ്പോള്‍ നിശ്ചിതമാതൃക രേഖപ്പെടുത്തണമെന്നും ദേവസ്വം അസിസ്റ്റന്റ് കമീഷണറുടെ മുദ്ര പതിപ്പിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാല്‍, ക്ഷേത്രത്തിനുള്ളില്‍ മുദ്രയില്ലാത്ത കൂപ്പണുകള്‍ നല്‍കി പണപ്പിരിവു നടത്തുന്നു. എല്ലാ വര്‍ഷവും ഏപ്രില്‍ 30നു കണക്ക് അവതരിപ്പിക്കണമെന്ന ചട്ടവും വര്‍ഷങ്ങളായി ലംഘിക്കുന്നു.

നാളികേരത്തിന്റെയും മറ്റു പൂജാസാധനങ്ങളുടെയും ലേലത്തിലും കൃത്രിമം നടന്നിട്ടുണ്ട്. ദേവസ്വം കമീഷണറുടെ ഉത്തരവ്പ്രകാരം വിനായകചതുര്‍ഥി മഹാഗണപതി ഹോമത്തിന് ഉപയോഗിക്കുന്ന പൂജാസാധനങ്ങള്‍ ലേലംചെയ്യണം. എന്നാല്‍, ലേലം ചെയ്യാതെ സമിതി നേതൃത്വത്തില്‍ ഇവ ക്ഷേത്രത്തില്‍നിന്നു കടത്തി. ഒരുവര്‍ഷത്തേക്കുള്ള നാളികേരത്തിന്റെ ലേലം നടക്കുന്നതിനിടെ സമിതി നിര്‍ദേശം അനുസരിക്കാതെ ലേലം വിളിച്ചയാളെ മര്‍ദിച്ചുവെന്ന ആക്ഷേപവുമുണ്ട്. കൂടാതെ അന്നദാനത്തിന്റെ പേരില്‍ പണം വാങ്ങി രസീതു നല്‍കാറില്ല.

ഇങ്ങനെ ക്ഷേത്രത്തില്‍നിന്നു കടത്തിയ ലക്ഷക്കണക്കിനു രൂപ സമീപത്തെ ആര്‍എസ്എസ് ആസ്ഥാനമന്ദിരമായ "കാര്യാലയം" നിര്‍മിക്കാന്‍ വിനിയോഗിച്ചു എന്നാണ് ആരോപണം. പൊതുജനങ്ങളില്‍നിന്നു പിരിവോ സംഘടനയുടെ സമ്പാദ്യമോ ഇല്ലാതെ ലക്ഷങ്ങള്‍ മുടക്കി കാര്യാലയം നിര്‍മിച്ചതു സംബന്ധിച്ച് ദുരൂഹതയുണ്ട്. സാമ്പത്തിക തിരിമറി നടത്താനാണ് കാലാവധി കഴിഞ്ഞിട്ടും ഭാരവാഹികള്‍ കടിച്ചുതൂങ്ങുന്നതെന്ന ആരോപണവും ശക്തമാണ്. സമിതിയുടെ പ്രവര്‍ത്തനകാലാവധി രണ്ടുവര്‍ഷമാണ്. ഭാരവാഹികള്‍ തുടര്‍ച്ചയായി രണ്ടു കമ്മിറ്റികളില്‍ കൂടുതല്‍ തുടരാന്‍ പാടില്ല. എന്നാല്‍, നിലവിലെ സമിതി ഭാരവാഹികള്‍ പത്തു വര്‍ഷത്തിലേറെയായി തുടരുന്നു. ഉപദേശകസമിതി തെരഞ്ഞെടുപ്പു സമയത്ത് അംഗത്വത്തില്‍ കൃത്രിമം കാണിച്ചും ആര്‍എസ്എസിനു താല്‍പ്പര്യമില്ലാത്തവരെ ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പില്‍നിന്ന് ഒഴിവാക്കിയുമാണ് ഭാരവാഹികള്‍ തല്‍സ്ഥാനത്തു കടിച്ചുതുടങ്ങുന്നത്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ വരുമാനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ ഉപദേശകസമിതിയുടെ സാമ്പത്തികക്രമക്കേടിനും മറ്റു ചില ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപണമുണ്ട്.

deshabhimani

No comments:

Post a Comment