Friday, November 8, 2013

നവഉദാരവല്‍ക്കരണം സാമൂഹ്യമൂല്യങ്ങളെ തകര്‍ക്കുന്നു: കാരാട്ട്

എം വാസു സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു

ഫറോക്ക്: സിപിഐ എം ഫറോക്ക് ഏരിയാ കമ്മിറ്റിക്കുവേണ്ടി ചെറുവണ്ണൂരില്‍ നിര്‍മ്മിച്ച എം വാസു സ്മാരക മന്ദിരം പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു. ചെറുവണ്ണൂര്‍ സ്റ്റാന്‍ഡേര്‍ഡ് ഗ്രൗണ്ടില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീം എംഎല്‍എ അധ്യക്ഷനായി. സുവനീര്‍ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എ കെ പത്മനാഭന്‍ ജില്ലാ കമ്മിറ്റി അംഗം കെ മാനുക്കുട്ടന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. സിപിഐ എം ജില്ലസെക്രട്ടറിയറ്റംഗം കെ ചന്ദ്രന്‍, ടി വി ബാലന്‍, മുക്കം മുഹമ്മദ്, കെ പി രാജന്‍, ടി അബ്ദുറഹിമാന്‍, സി പി ഹമീദ്, എയര്‍ലൈന്‍സ് അസീസ് എന്നിവര്‍ സംസാരിച്ചു. കെട്ടിട നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ വി കെ സി മമ്മദ്കോയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി വാളക്കട ബാലകൃഷ്ണന്‍ സ്വാഗതവും പി സി രാജന്‍ നന്ദിയും പറഞ്ഞു.

2011 ആഗസ്ത് 17 ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഫറോക്ക് ഏരിയയിലെ സിപിഐ എം അംഗങ്ങളില്‍ നിന്ന് പണം സ്വരൂപിച്ചാണ് കെട്ടിടം പണിയുന്നതിന് സ്ഥലംവാങ്ങിയത്. ഏരിയയിലെ 10000 വീടുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കെട്ടിട നിര്‍മ്മാണത്തിന് സഹായമഭ്യര്‍ഥിച്ചുള്ള കത്തും, പണം നല്‍കുന്നതിനുള്ള കവറും നല്‍കിയിരുന്നു. പുതിയ കെട്ടിടത്തിന് ഫറോക്കില്‍ തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച എം വാസുവിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. പഴയ കെട്ടിടമായ അച്യുതമേനോക്കി സെന്റര്‍ വിവിധ തൊഴിലാളി സംഘടനകളുടെ കേന്ദ്രമായി പ്രവര്‍ത്തിക്കും.

നവഉദാരവല്‍ക്കരണം സാമൂഹ്യമൂല്യങ്ങളെ തകര്‍ക്കുന്നു: കാരാട്ട്

ഫറോക്ക്: രാജ്യത്ത് നിലനില്‍ക്കുന്ന നവഉദാരവല്‍ക്കരണ നയങ്ങള്‍ സാമൂഹ്യമൂല്യങ്ങളെ തകര്‍ക്കുന്നുവെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ എം ഫറോക്ക് ഏരിയാ കമ്മിറ്റി ഓഫീസിനു വേണ്ടി ചെറുവണ്ണൂരില്‍ നിര്‍മ്മിച്ച എം വാസു സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ക്ക് നേര്‍ക്കുള്ള അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ധിക്കുകയാണ്. യുവജനങ്ങളും കൂടുതലായി പ്രശ്നങ്ങളെ നേരിടുന്നു. സ്ത്രീകളും യുവജനങ്ങളും കര്‍ഷകരും എല്ലാം ചേര്‍ന്ന് മുന്നേറ്റം സംഘടിപ്പിച്ചാലേ ബദല്‍നയം രൂപപ്പെടുത്താനാകൂ. പണക്കാരുടെ എണ്ണത്തിനൊപ്പം പാവപ്പെട്ടവരുടെയും എണ്ണവും വര്‍ധിക്കുന്നു. ഇത്തരം നയങ്ങള്‍ക്കെതിരെ സമരം ശക്തിപ്പെടുത്തണം. എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യം ശക്തിപ്പെടുത്തേണ്ട സാഹചര്യത്തില്‍ വര്‍ഗീയ ശക്തികള്‍ ധ്രുവീകരണം നടത്തുകയാണ്. ആറ് മാസത്തിനകം ലോകസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യമൊട്ടാകെ ആര്‍എസ്എസും ബിജെപിയും വര്‍ഗീയ പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുകയാണ്. അടിസ്ഥാന തത്വങ്ങളില്‍ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമില്ല. ദേശീയ കുത്തകകളുടെ താല്‍പര്യത്തിനാണ് അവര്‍ പ്രധാന്യം നല്‍കുന്നത്. ഈ വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്താനുള്ള ചുമതല ഇടതുപക്ഷത്തിനാണ്. ഒക്ടോബര്‍ 30ന് 14 പാര്‍ടികള്‍ പങ്കെടുത്ത കണ്‍വന്‍ഷനില്‍ വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്തുന്നതിനാണ് ഊന്നല്‍ കൊടുത്തത്.

കേരളത്തിലും കേന്ദ്രസര്‍ക്കാരിന്റെ അതേ ജനവിരുദ്ധ നയങ്ങളാണ് കോണ്‍ഗ്രസ് തുടരുന്നത്. ഇടതുപക്ഷം ഇതിനെതിരെ സമരം നടത്തുകയാണ്. വരും നാളുകളില്‍ അഴിമതിക്കും കുംഭകോണത്തിനും എതിരെയുള്ള സമരങ്ങള്‍ ശക്തിപ്പെടും. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള സമരം ശക്തിപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ സിപിഐ എമ്മിന്റെ സംഘടനാപരമായ കരുത്ത് വര്‍ധിപ്പിക്കുക ഇടതുപക്ഷത്തിന്റെ അനിവാര്യതയാണ്. പാര്‍ടിയെയും ഇടതുപക്ഷത്തെയും മലീമസമാക്കുന്ന പ്രചാരണങ്ങള്‍ കേരളത്തില്‍ കണ്ടതാണ്. കേരളത്തില്‍ ഇടതുപക്ഷ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. എളമരം കരീം എംഎല്‍എ അധ്യക്ഷനായി.

deshabhimani

No comments:

Post a Comment