Sunday, November 17, 2013

ആഭ്യന്തരവകുപ്പ് അപമാനം - ഐ ഗ്രൂപ്പ്; "ഐ" മണ്ണുമാഫിയയെന്ന് എ ഗ്രൂപ്പ്

തൃശൂര്‍: ആഭ്യന്തരവകുപ്പിനെച്ചൊല്ലി ഡിസിസി നേതൃയോഗത്തില്‍ എþഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടി. ആഭ്യന്തരവകുപ്പ് കോണ്‍ഗ്രസിന് അപമാനമാണെന്ന് പ്രഖ്യാപിച്ച് ആഞ്ഞടിച്ച ഐ ഗ്രൂപ്പ് നേതാക്കള്‍ പി സി ചാക്കോഎംപിയെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ചു. ആഭ്യന്തരവകുപ്പിനെതിരെ സമരരംഗത്തിറങ്ങുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതേസമയം മണ്ണ് മാഫിയയെ സഹായിക്കുന്ന നിലപാടാണ് ഐഗ്രൂപ്പിന്റേതെന്നും മണ്ണ് മാഫിയക്ക് എതിരെയുള്ള പൊലീസ് നടപടികളാണ് ഐഗ്രൂപ്പിന്റെ വിമര്‍ശത്തിന് പിന്നിലെന്നും എ ഗ്രൂപ്പ് വാദിച്ചു. തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തെച്ചൊല്ലിയും എþഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തമ്മിലടി രൂക്ഷമായി തുടരുകയാണ്.

ഡിസിസി ഓഫീസില്‍ ശനിയാഴ്ച ചേര്‍ന്ന ജില്ലാ ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും യോഗത്തിലാണ് എ-ഐ ഗ്രൂപ്പുള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കെപിസിസി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. ഒല്ലൂര്‍, മുളങ്കുന്നത്തുകാവ്, കോലഴി, വില്‍വട്ടം പ്രദേശങ്ങളില്‍ പൊലീസ് ഓഫീസര്‍മാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അപമാനിച്ചുവെന്നായിരുന്നു ഐ ഗ്രൂപ്പിന്റെ പരാതി. അതിക്രമം കാട്ടിയ പൊലീസ് ഓഫീസറെ പി സി ചാക്കോ സംരക്ഷിക്കുകയാണെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ മണ്ണുമാഫിയക്ക് എതിരെ നടപടി സ്വീകരിച്ചതാണ് ഐഗ്രൂപ്പിനെ പ്രകോപിതരാക്കിയതെന്നാണ് എഗ്രൂപ്പിന്റെ നിലപാട്. മണ്ണുമാഫിയയെ ഐഗ്രൂപ്പ് നേതാക്കള്‍ സംരക്ഷിക്കുകയാണെന്നും എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. ഇതിനിടെ തൃശൂര്‍ കോര്‍പറേഷനില്‍ മേയര്‍ മാറ്റം കോണ്‍ഗ്രസില്‍ വന്‍പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും മേയര്‍ ഐ പി പോള്‍ മാറാന്‍ തയ്യാറാകാത്തത് എ ഗ്രൂപ്പ് നേതൃത്വം നല്‍കുന്ന ഡിസിസി നേതൃത്വത്തിന് തിരിച്ചടിയായി. ഇതിനിടെ ഐ ഗ്രൂപ്പിലെ കൗണ്‍സിലര്‍മാര്‍ മേയറോട് സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടു. ഐ ഗ്രൂപ്പില്‍ 26 കൗണ്‍സിലര്‍മാരുണ്ടെന്നാണ് കണക്ക്.

deshabhimani

No comments:

Post a Comment