Sunday, November 17, 2013

താമരശേരി അക്രമം: സമഗ്ര അന്വേഷണം നടത്തണം-സിപിഐ എം

താമരശേരി: താമരശേരിയിലും അടിവാരത്തുമുണ്ടായ അക്രമസംഭവങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ പ്രഖ്യാപിക്കാത്ത താമരശേരിയില്‍ നടന്ന അക്രമത്തില്‍ എല്‍ഡിഎഫിന് പങ്കില്ല. കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതിന് പൊലീസ് നിഷ്പക്ഷമായ നിലപാട് സ്വീകരിക്കണം. ഒരു അക്രമസംഭവങ്ങളെയും നീതീകരിക്കാന്‍ കഴിയില്ല. അടിവാരത്ത് പത്രക്കെട്ടുകള്‍ നശിപ്പിച്ച സംഭവത്തില്‍പ്പെട്ടവരെ സി മോയിന്‍കുട്ടി എംഎല്‍എ ഇടപെട്ടാണ് മോചിപ്പിച്ചത്. വി എം ഉമ്മര്‍ എംഎല്‍എയും ഇതിന് കൂട്ടുനിന്നു. അക്രമം നടത്തിയവര്‍ വ്യക്തമായ ലക്ഷ്യത്തോടെയാണ് ഫോറസ്റ്റ് ഓഫീസ് തീയിട്ട് നശിപ്പിച്ചത്. ക്വാര്‍ട്ടേഴ്സുകളും അക്രമിച്ചു. സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. ഏതെങ്കിലും ഒരു പ്രേരണയില്ലാതെ ഇത്രയും വലിയ അക്രമം നടത്താന്‍ കഴിയില്ല. ജനക്കൂട്ടത്തെ അക്രമത്തിലേക്ക് വഴിതിരിച്ചുവിട്ടത് ആരാണെന്ന് അന്വേഷണം നടത്തി പുറത്ത് കൊണ്ടുവരണം. നിയമ സാധുതയോടെ പ്രവര്‍ത്തിക്കുന്ന താമരശേരിയിലെ ബാര്‍ ഹോട്ടല്‍ അടിച്ച് തകര്‍ത്ത് കത്തിച്ചതിന് പിന്നിലുള്ളവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. ഉടമകള്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് അക്രമം തടയാന്‍ സ്ഥലത്തെത്തിയില്ല.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രാബല്യത്തിലായി ഉത്തരവിറങ്ങിയതോടെ മലയോര മേഖലയിലെ ജനങ്ങള്‍ ആശങ്കയിലാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളാണ് പ്രശ്നങ്ങള്‍ വഷളാക്കിയത്. കേരളത്തിലെ കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത പാലിക്കുകയും ജില്ലയിലെ ഒരു കേന്ദ്രമന്ത്രിയടക്കമുള്ള മൂന്ന് എംപിമാര്‍ പ്രശ്നത്തില്‍ ഫലപ്രദമായി ഇടപെടാതിരുന്നതും നേതൃത്വമില്ലാതെ ജനങ്ങളെ തെരുവിലേക്കിറക്കുന്ന നിലയിലെത്തിച്ചു. നിലവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരറുകള്‍ പ്രതിക്കൂട്ടിലാണ്. വിഷയത്തില്‍ ഭരണമുന്നണിക്കകത്ത് തന്നെ വ്യത്യസ്ത നിലപാടുകളാണുള്ളത്. ആശങ്ക വേണ്ടെന്നും അടുത്ത ഉത്തരവ് വരെയേ ഇപ്പോഴത്തേതിന് സാധുതയുള്ളൂ എന്നും പറയുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ഉത്തരവ് സ്റ്റേ ചെയ്യിക്കുന്നില്ല. ജനങ്ങളുടെ ആശങ്കയകറ്റാതെ ഏകപക്ഷീയമായി നടപ്പാക്കുന്ന ഉത്തരവിനെതിരെയും സര്‍ക്കാരിന്റെ നിലപാട് തിരുത്തിക്കുന്നതിനുമാണ് തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താല്‍. ജില്ലയിലെ ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതിന് കക്ഷിരാഷ്ട്രീയ ഭേദമെന്യേ പിന്തുണ നല്‍കണമെന്നും ടി പി രാമകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം കെ പി കുഞ്ഞമ്മദ്കുട്ടി, ജില്ലാ കമ്മിറ്റിയംഗം ജോര്‍ജ് എം തോമസ്, ഏരിയാ സെക്രട്ടറി ആര്‍ പി ഭാസ്കരക്കുറുപ്പ്, ലോക്കല്‍ സെക്രട്ടറിമാരായ ഗിരീഷ് ജോണ്‍, കെ വിജയകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

താമരശേരി അക്രമം: 11 പേര്‍ അറസ്റ്റില്‍

താമരശേരി: ഫോറസ്റ്റ് ഓഫീസ് തീവെച്ചതുള്‍പ്പെടെ വെള്ളിയാഴ്ച താമരശേരിയില്‍ നടന്ന അക്രമ സംഭവത്തില്‍ 11 പേരെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂരാംപാറ കുറുവന്‍പറമ്പില്‍ യശോധരന്‍ (58), കോടഞ്ചേരി മീന്‍മുട്ടി കുന്നേല്‍ ബൈജു (27), പുല്ലൂരാംപാറ ചെമ്പനാനിക്കല്‍ തങ്കച്ചന്‍ (48), തോട്ടുമുഴി ബിജു (33), പുല്ലൂരാംപാറ പള്ളിപ്പടി കുറുവന്‍പറമ്പ് സുരേഷ് (38), കൂരോട്ട്പാറ മുണ്ടൂര്‍ പുത്തന്‍പുരക്കല്‍ ചെറിയാന്‍തോമസ് (22), കൂരോട്ടുപാറ മരോട്ടിക്കല്‍ ബിജുജോസഫ് (40), കോടഞ്ചേരി കൂരിപറമ്പില്‍ ഷബിന്‍ജോണ്‍ (22), കൂരോട്ട്പാറ മുണ്ടൂര്‍ മൂലേപറമ്പില്‍ തോമസ് (46), കൂരോട്ട്പാറ മുണ്ടൂര്‍ പുത്തന്‍പുരക്കല്‍ തോമസ് (53), കോടഞ്ചേരി പുലിക്കയം തോണിക്കല്‍ നിധിന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. താമരശേരി കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയിലെടുത്തിരുന്ന കോടഞ്ചേരി സ്വദേശിയായ പതിനാലുകാരനെ പൊലീസ് ജാമ്യത്തില്‍ വിട്ടു.

ഫോറസ്റ്റ് ഓഫീസ്, ചുങ്കം എന്നിവിടങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ 200 പേര്‍ക്കെതിരെയാണ് കേസ്. പൊതുമുതല്‍ നശിപ്പിക്കല്‍, തീയിടല്‍, അന്യായമായി സംഘം ചേരല്‍ എന്നീ വകുപ്പുകളുള്‍പ്പെടുത്തി 20 കേസുകളാണെടുത്തത്. അടിവാരത്തുണ്ടായ സംഭവത്തില്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. താമരശേരി പൊലീസ് അന്വേഷിക്കുന്ന കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ സധ്യതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ മലയോരത്ത് വെള്ളിയാഴ്ച നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ ഹര്‍ത്താലിന് ആഹ്വാനമില്ലാത്ത താമരശേരിയില്‍ സാമൂഹ്യവിരുദ്ധരുടെ അക്രമത്തില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. താമരശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് പൂര്‍ണമായും അടിച്ചു തകര്‍ത്ത് തീയിട്ട അക്രമികള്‍ എട്ട് വാഹനങ്ങള്‍ നശിപ്പിക്കുകയും മിനി സിവില്‍ സ്റ്റേഷന്‍, താമരശേരി ബിഎസ്എന്‍എല്‍ ഓഫീസ്, പോസ്റ്റോഫീസ്, താമരശേരി റൂറല്‍ ഹൗസിങ് സൊസൈറ്റി, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവക്കു നേരെ കല്ലെറിയുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അക്രമമുണ്ടായി.

deshabhimani

No comments:

Post a Comment