Friday, November 15, 2013

ജനവാസ കേന്ദ്രങ്ങളില്ലാതെ പരിസ്ഥിതി സംരക്ഷിക്കാനാവില്ല: കെ പി മേരി

കസ്തൂരി രംഗനായി കേന്ദ്ര വിജ്ഞാപനം ജില്ല കൂടുതല്‍ കുരുക്കിലേക്ക്

കല്‍പ്പറ്റ: പ്രതിഷേധങ്ങള്‍ അവഗണിച്ച് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതോടെ ജില്ല കൂടുതല്‍ ഭീതിയിലായി. റിപ്പോര്‍ട്ടിലെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുമ്പോള്‍തന്നെയാണ് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. പശ്ചിമഘട്ട സംരക്ഷണത്തിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ ജില്ലയുടെ വികസനം മുരടിക്കുമെന്നാണ് ആശങ്ക. കാര്‍ഷിക പ്രതിസന്ധിയിലും വന്യമൃഗശല്യത്തിലും ഇപ്പോള്‍തന്നെ ജില്ലയിലെ ജനങ്ങള്‍ ദുരിതം പേറുമ്പോഴാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നത്.

കസ്തൂരിരംഗന്‍ ജില്ലയിലെ 13 വില്ലേജുകള്‍ പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാനന്തവാടി താലൂക്കിലെ പേര്യ, തൊണ്ടര്‍നാട്, തിരുനെല്ലി, തൃശിലേരി, വൈത്തിരി താലൂക്കിലെ വെള്ളരിമല, കോട്ടപ്പടി, ചുണ്ടേല്‍, കുന്നത്തിടവക, അച്ചൂരാനം, തരിയോട്, പൊഴുതന, ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ, കിടങ്ങനാട് വില്ലേജുകളാണ് പരിസ്ഥിതി ലോല മേഖലയില്‍ പെട്ടിട്ടുള്ളത്. ഇത് ജില്ലയുടെ നാലിലൊന്ന് ഭഭാഗം വരും. വിജ്ഞാപനം വന്നതോടെ ഈ പ്രദേശങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍ക്കുള്‍പ്പെടെ നിയന്ത്രണം വരും. സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ വികസനങ്ങള്‍വരെ തടസപ്പെടും. വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട വില്ലേജുകളിലെ ഭൂമിയുടെ തരംമാറ്റലും ക്രയവിക്രയവും ബുദ്ധിമുട്ടാകും. ടൂറിസം മേഖലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കൃഷിയിലും നിയന്ത്രണം വരും. 30 ഡിഗ്രിയിലധികം ചരിവുള്ള പ്രദേശങ്ങളില്‍ വാര്‍ഷിക വിളകള്‍ പാടില്ല. കപ്പ, വാഴ, ഇഞ്ചി, ചേന തുടങ്ങിയ ഭക്ഷ്യവിളകളെ ഇത് പ്രതികൂലമായി ബാധിക്കും. അതീവപരിസ്ഥിതി ലോല വില്ലേജുകളില്‍ ജൈവകൃഷി, ജൈവകീടനാശിനി എന്നിവയാണ് പ്രോല്‍സാഹിപ്പിക്കുക. ഈ പ്രദേശങ്ങളില്‍ പുതിയ റോഡുകളോ നിലവിലുള്ളതിന്റെ വ്യാപനമോ പ്രയാസകരമാവും. കുഴല്‍കിണല്‍ നിര്‍മാണം, മരം മുറി എന്നിവയ്ക്ക് കടുത്ത നിയന്ത്രണം വരും. വയനാടിന്റെ റെയില്‍വേ മോഹങ്ങള്‍ക്കും റിപ്പോര്‍ട്ട് തിരിച്ചടിയാണ്.

റിപ്പോര്‍ട്ടിന്റെ മറവില്‍ ജനവിരുദ്ധനയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന് എം ഐ ഷാനവാസ് എംപിയുള്‍പ്പെടെയുള്ള ജില്ലയിലെ ജനപ്രതിനിധികള്‍ മറുപടി പറയേണ്ടിവരും. പ്രക്ഷോഭത്തില്‍ ജനങ്ങളോടൊപ്പം നില്‍ക്കാനോ ജനവിരുദ്ധ തീരുമാനങ്ങള്‍ തിരുത്തിക്കാനോ ഇവര്‍ തയ്യാറായില്ല. ജനങ്ങളുടെ ആശങ്കകളും പ്രശ്നങ്ങളും കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തി തീരുമാനമെടുപ്പിക്കുന്നതില്‍ ജനപ്രതിനിധികള്‍ പരാജയപ്പെട്ടു. ജില്ലയില്‍നിന്നും മന്ത്രിയുള്‍പ്പെടെയുള്ളവരുണ്ടായിട്ടും സംസ്ഥാനസര്‍ക്കാരും ഇക്കാര്യത്തില്‍ വേണ്ടവിധത്തില്‍ ഇടപെട്ടില്ല. കര്‍ഷകരുടെ പ്രയാസങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ ഇവര്‍ക്കായില്ല. ജനദ്രോഹ നയങ്ങള്‍ക്ക് അനുകൂലമായ നിലപാടുകളാണ് ജനപ്രതിനിധികള്‍ സ്വീകരിച്ചത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതോടെ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച ഉന്നതാധികാരസമിതി 27ന് ജില്ലയില്‍ നിശ്ചയിച്ച സിറ്റിങ് പ്രഹസനമാകും. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ കഴിഞ്ഞ മാസം 18ന് എല്‍ഡിഎഫ് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

ജനവാസ കേന്ദ്രങ്ങളില്ലാതെ പരിസ്ഥിതി സംരക്ഷിക്കാനാവില്ല: കെ പി മേരി

നെടുങ്കണ്ടം: ജനവാസ കേന്ദ്രങ്ങളില്ലാതെ പരിസ്ഥിതി സംരക്ഷിക്കാനാവില്ലെന്ന് അങ്കണവാടി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് കെ പി മേരി പറഞ്ഞു. കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് നടന്നു വരുന്ന തുടര്‍ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ പി മേരി.

പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ മാധവ് ഗാഡ്ഗിലും ഡോ. കസ്തൂരിരംഗനും തയ്യാറാക്കി പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മേഖലയിലെ ജനപ്രതിനിധികളോടൊ ജനങ്ങളോടൊ അഭിപ്രായം ആരായാതെയാണ്. ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി തേക്കടി വന്യജീവി സങ്കേതവും മതികെട്ടാന്‍ ദേശീയ ഉദ്യാനവും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുളള ഇടനാഴി സൃഷ്ടിക്കാനുള്ള നീക്കം വസ്തുതകള്‍ പഠിക്കാതെയാണ്. ഇടുക്കിയില്‍ കര്‍ഷക സ്നേഹം പ്രസംഗിച്ച് നടക്കുകയും പാര്‍ലമെന്റിലും പുറത്തും കര്‍ഷക ദ്രോഹ നിലപാടുകളുമാണ് പി ടി തോമസ് എം പി സ്വീകരിക്കുന്നത്. മാധവ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കണമെന്ന നിലപാടാണ് പി ടി തോമസിനുള്ളത്. രാജ്യത്ത് രാസവളം കീടനാശിനി എന്നിവയുടെ വിലക്കയറ്റവും ഉല്‍പ്പന്നങ്ങളുടെ വിലയിടിവും മൂലം കര്‍ഷകര്‍ ദുരിതമനുഭവിക്കുന്നതിനിടെയാണ് ഇപ്പോള്‍ മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ഭീതി സൃഷ്ടിച്ചിരിക്കുന്നത്.

ജില്ലയിലെ കര്‍ഷകരെ കുടിയൊഴുപ്പിക്കുകയും പട്ടയ നടപടികള്‍ക്ക് എന്നും തുരങ്കം വയ്ക്കുകയും ചെയ്തിട്ടുള്ളത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്. 1955 ല്‍ കോളനൈസേഷന്‍ പദ്ധതിയിലും ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിയിലും 1957 ലെ ഭൂപരിഷ്ക്കരണ നടപടികളെയും തുടര്‍ന്ന് കുടിയിരത്തപ്പെട്ടവരാണ് ജില്ലയിലെ കൃഷിക്കാര്‍. വിവിധയിടങ്ങളില്‍ കൃഷിക്കാരെ കുടിയൊഴിപ്പിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ എകെജിയുടെ അമരാവതി സത്യഗ്രഹമുള്‍പ്പെടെയുള്ള ചെറുത്ത് നില്‍പ്പിന് നേതൃത്വം നല്‍കിയത് കമ്യുണിസ്റ്റുകാരും കര്‍ഷകസംഘവുമാണ്്. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ വഞ്ചനാപരമായ നിലപാടുകള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞട്ടുണ്ടെന്നും കെ പി മേരി പറഞ്ഞു.

deshabhimani

No comments:

Post a Comment