Friday, November 15, 2013

പഴശ്ശി മണല്‍: സര്‍ക്കാരിന് നഷ്ടം 2 കോടി

ഇരിട്ടി: പഴശ്ശി പദ്ധതി മണല്‍ലേലത്തിലും മണല്‍വാരലിലും ഒത്തുകളിച്ച് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് രണ്ട് കോടിയുടെ നഷ്ടം വരുത്തിയെന്ന് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം കൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ അന്വേഷകസംഘത്തിന്റെ റിപ്പോര്‍ട്ട് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി.

2012 ഡിസംബറില്‍ നടന്ന മണല്‍ലേലത്തിലെ ഒത്തുകളിയില്‍ ഒരു കോടിയോളം രൂപ സര്‍ക്കാരിന് നഷ്ടമായത് അന്വേഷിക്കാനാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. 3.26 കോടി രൂപയ്ക്കാണ് ആദ്യം സ്വകാര്യ കരാറുകാര്‍ മണല്‍ വാരല്‍ ലേലംകൊണ്ടത്. ഉറപ്പിച്ചശേഷം മുന്‍നിര കരാറുകാര്‍ ലേലമൊഴിഞ്ഞു. പുനര്‍ലേലം നടത്തുന്നതിനുപകരം, രണ്ടാമത്തെ ഉയര്‍ന്ന തുക നിര്‍ദേശിച്ചവര്‍ക്ക് മണല്‍ ശേഖരണാവകാശം നല്‍കാനാണ് പഴശ്ശി പദ്ധതി അധികൃതര്‍ വഴിവിട്ട് തീരുമാനിച്ചത്. ഇതനുസരിച്ച് 2.36 കോടി രൂപയ്ക്ക് 13 കടവുകളില്‍ മണലെടുക്കാന്‍ അനുമതി നല്‍കി. അങ്ങനെ ഒരു കോടിയോളം രൂപ സര്‍ക്കാരിന് നഷ്ടമായി. ഒരു മണ്‍സൂണ്‍ സീസണിലെ മണലെടുക്കാനുള്ള കരാറാണ് നിയമപ്രകാരം സര്‍ക്കാര്‍ ലേലംചെയ്തത്. 2013 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയുള്ള മൂന്ന് മാസത്തേക്ക് മണല്‍വാരാന്‍ നല്‍കിയ ടെന്‍ഡര്‍ 2013 നവംബര്‍വരെ അനധികൃതമായി നീട്ടിനല്‍കിയതും തട്ടിപ്പിന്റെ ഭാഗമാണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞു. മണല്‍ വാരലിന് എട്ടു മാസംകൂടി നീട്ടി നല്‍കിയതുവഴിയും ഒരു കോടി രൂപയുടെ നഷ്ടം സംഭവിച്ചു. കുറഞ്ഞ തുകയ്ക്ക് മണല്‍ വാരാന്‍ സ്വകാര്യ കരാറുകാര്‍ക്ക് അവസരം നല്‍കിയതിനുപിന്നില്‍ പഴശ്ശി പദ്ധതി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അടക്കമുള്ള 12 ഉദ്യോഗസ്ഥര്‍ വഴിവിട്ട നീക്കം നടത്തിയെന്നും വിജിലന്‍സ് കണ്ടെത്തി.

അതിനിടെ, കലക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച മോണിറ്ററിങ് കമ്മിറ്റി നല്‍കിയ മണല്‍ പാസിലും വന്‍ വെട്ടിപ്പുണ്ടായി. അഞ്ഞൂറ് പാസ് കാണാനില്ലെന്ന് ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടു. കളവുപോയ പാസുകള്‍ക്കു പകരം നല്‍കിയവ ദുരുപയോഗിച്ചു. ഒരേ പാസില്‍ നിരവധി തവണ മണല്‍ കടത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. അനധികൃത മണലെടുപ്പ് വിവാദമായപ്പോള്‍ ഒക്ടോബര്‍ അവസാനം കലക്ടര്‍ മണല്‍വാരല്‍ നിരോധിച്ചു. വിവിധ കടവുകളില്‍ വാരിക്കൂട്ടിയ 1200ല്‍പരം ലോഡ് മണല്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയെന്ന പ്രഖ്യാപനവും വന്നു. പൊലീസ് കാവല്‍ ഏര്‍പ്പെടുത്തയതായും അറിയിച്ചു. എന്നാല്‍, കടവുകളില്‍ പൊലീസ് കാവലുണ്ടായില്ല. രണ്ടാഴ്ചക്കകം മുഴുവന്‍ മണലും കടത്തിക്കൊണ്ടുപോയി. അടിമുടി അഴിമതിയും കൊള്ളയുമാണ് അധികൃതരുടെ ഒത്താശയോടെ പഴശ്ശി കടവുകളില്‍ അരങ്ങേറിയതെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.
(മനോഹരന്‍ കൈതപ്രം)

deshabhimani

No comments:

Post a Comment