Friday, November 15, 2013

ജനസമ്പര്‍ക്കത്തിന് വേദിയൊരുക്കാന്‍ മോഷണ മണല്‍

കോഴിക്കോട്: ശനിയാഴ്ച മലബാര്‍ ക്രിസ്ത്യന്‍കോളേജ് മൈതാനിയില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കത്തിനായി വേദിയൊരുക്കാന്‍ മോഷണ മണല്‍. അനധികൃതമായി മണല്‍മാഫിയ കടത്തവെ പിടികൂടി കലക്ടറ്റേില്‍ സൂക്ഷിച്ച പൂഴിയാണ് വേദി ആകര്‍ഷകമാക്കാന്‍ ഉപയോഗിച്ചത്. അവധി ദിവസമായ വ്യാഴാഴ്ചയാണ് ലക്ഷങ്ങള്‍ വിലവരുന്ന മണല്‍കടത്തി ക്രിസ്ത്യന്‍കോളേജില്‍ വിരിച്ചത്. നിയമപ്രകാരമായിരുന്നെങ്കില്‍ മറ്റു ദിവസങ്ങളില്‍ ഇത് ചെയ്യാമായിരുന്നു. രാവിലെ പത്തോളം റവന്യൂജീവനക്കാര്‍ക്ക് ചുമതല നല്‍കിയാണ് മണല്‍ ടിപ്പര്‍ ഉപയോഗിച്ച് മാറ്റിയത്. ജീവനക്കാര്‍ക്ക് പ്രത്യേക ചുമതല നല്‍കി അവധിദിവസം ഇതിനായി തെരഞ്ഞെടുത്തത് ഈ പ്രവര്‍ത്തനം അനധികൃതമാണെന്ന് അധികൃതര്‍ക്ക് ബോധ്യമുള്ളതിനനാലാണ്. ഇതിന്റെ മറവില്‍ കലക്ടറേറ്റിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ സ്വകാര്യാവശ്യത്തിനും മണല്‍ കടത്തിയതായി ആക്ഷേപമുണ്ട്. അവധിദിനത്തില്‍ രഹസ്യമായി പ്രവൃത്തി ചെയ്തതിന് ബന്ധപ്പെട്ടവര്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ തയ്യാറായിട്ടില്ല. മണല്‍ കിട്ടാത്തതിനാല്‍ ആയിരങ്ങളുടെ വീട് നിര്‍മാണം നിര്‍ത്തിവെച്ചിരിക്കെയാണ് ദ്രോഹകരമായ നടപടി.

കലക്ടറേറ്റില്‍ താലൂക്ക് ഓഫീസിനടുത്താണ് അനധികൃതമായി കടത്തിയ മണല്‍ പിടികൂടി നിക്ഷേപിച്ചിട്ടുള്ളത്. ഏകദേശം അമ്പത് ലോഡോളം മണലുള്ളതായാണ് ജീവനക്കാര്‍ പറയുന്നത്. മാവൂര്‍ ഭാഗത്തുനിന്നും മറ്റും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് രാവും പകലും തെരച്ചില്‍ നടത്തി പിടിച്ചെടുത്തതാണ് ഇത്. പിടിച്ചെടുത്ത മണല്‍ ലേലം ചെയ്യണമെന്നാണ് നിയമം. ഇത് ലംഘിച്ചാണ് മോഷണത്തിനിടെ പിടിച്ച പൂഴി ഉപയോഗിച്ച് മുഖ്യമന്ത്രിക്കായി മോടികൂട്ടല്‍ പ്രവര്‍ത്തനം സംഘടിപ്പിച്ചിരിക്കുന്നത്. ഒരുലോഡ് മണലിന് 20,000 രൂപ മുതല്‍ 30,000 രൂപവരെയാണിപ്പോള്‍ വില. കൊള്ളവില കൊടുത്താലും ആവശ്യക്കാര്‍ക്ക് കിട്ടാനുമില്ല. ഈ സാഹചര്യത്തില്‍ നിര്‍മാണമേഖല സ്തംഭിച്ചിരിക്കവെയാണ് ലോഡുകണക്കിന് പൂഴി പാഴാക്കിയത്. മുഖ്യമന്ത്രിക്ക് പാതയൊരുക്കാന്‍ മണ്ണ് വിരിച്ചാല്‍ മതിയാകും. കലക്ടറേറ്റില്‍ അനധികൃതമായി പിടിച്ച മണ്ണുണ്ട്. എന്നാല്‍ ഇതുപയോഗിക്കാതെയാണ് പൊന്നിന്റെ വിലയുള്ള മണല്‍ ദുരുപയോഗം ചെയ്തിരിക്കുന്നത്. അനധികൃതമായി മണല്‍ കടത്തുന്നത് തടയാന്‍ ശ്രമിച്ച മുന്‍ കലക്ടറെ മണല്‍ മാഫിയ വധിക്കാന്‍ ശ്രമിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. നിയമം ലംഘിച്ച് കടത്തുന്ന മണല്‍ ലേലംചെയ്ത് വില്‍ക്കുന്നതിലൂടെ ലഭിക്കുമായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് സര്‍ക്കാരിന് ലഭിക്കുക. ഇതൊഴിവാക്കിയാണ് ജനസമ്പര്‍ക്കവേദി മോടികൂട്ടാന്‍ വിലപിടിപ്പുള്ള മണല്‍ ഉപയോഗിക്കുന്നത്.

deshabhimani

No comments:

Post a Comment