Friday, November 15, 2013

പാലക്കാട് പ്ലീനം രാഷ്ട്രീയ മാറ്റത്തിന് വേഗമേകും

സംഘടനയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ചേരുന്ന സിപിഐ എം സംസ്ഥാന പ്ലീനം ഇടതുപക്ഷത്തിന്റെ ശക്തിവ്യാപനത്തിനും കേരള രാഷ്ട്രീയത്തില്‍ വേഗത്തിലുള്ള മാറ്റത്തിനും തുടക്കംകുറിക്കും. നവംബര്‍ 27 മുതല്‍ 29 വരെ പാലക്കാട്ടാണ് പ്ലീനം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പതനമുള്‍പ്പെടെ ജനങ്ങളാഗ്രഹിക്കുന്ന രാഷ്ട്രീയമാറ്റങ്ങളാണ് വരാന്‍പോകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം ഈ മാറ്റങ്ങള്‍ പ്രതിഫലിക്കും.

പ്ലീനത്തില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിന് രൂപംനല്‍കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ശനിയാഴ്ചയും ഞായറാഴ്ചയുമായി എ കെ ജി സെന്ററില്‍ ചേരും. തുടര്‍ന്ന് 19നും 20നും സംസ്ഥാന കമ്മിറ്റി യോഗം. പാര്‍ടിയുടെ കരുത്തും തിളക്കവും വര്‍ധിപ്പിക്കുന്നതാകും പ്ലീനമെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിന്റെ പരിഗണനയില്‍ വന്ന സംഘടനാ കാര്യങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാന കമ്മിറ്റിയെ സമ്മേളനം ചുമതലപ്പെടുത്തിയിരുന്നു. ആ പരിശോധന പാര്‍ടിക്കുള്ളില്‍ പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തിലാണ് പ്ലീനം ചേരാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. പാര്‍ടി കോണ്‍ഗ്രസ് നിര്‍ദേശിച്ച തെറ്റുതിരുത്തല്‍ പ്രക്രിയ സംഘടനയ്ക്കുള്ളില്‍ തുടര്‍ച്ചയായി നടത്തുകയാണ്. പാര്‍ടിയുടെ വിപ്ലവസ്വഭാവത്തെ ശക്തിപ്പെടുത്താനുള്ള സംഘടനാപരമായ പ്രക്രിയ പൂര്‍ണതയില്‍ എത്തിക്കുകയാണ് പ്ലീനത്തിന്റെ ലക്ഷ്യം.

ഒരുവശത്ത് സ്വന്തം വര്‍ഗത്തിന്റെ ദൈനംദിന പ്രക്ഷോഭങ്ങളില്‍ സജീവമായി പങ്കെടുക്കുകയും മറുവശത്ത് തൊഴിലാളിവര്‍ഗബോധവും വൈജ്ഞാനിക നിലപാടും ഉള്‍ക്കൊള്ളുന്ന കേഡര്‍മാരുടെ പാര്‍ടിയായും ലക്ഷക്കണക്കിനു ബഹുജനങ്ങള്‍ അണിനിരക്കുന്ന ബഹുജനവിപ്ലവപാര്‍ടിയായും സിപിഐ എം വളരുന്നതിന് പ്ലീനം വഴിയൊരുക്കും. ഇത് കാണാതെ, പാലക്കാട് പ്ലീനം സംസ്ഥാന സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയും സ്ഥാനമാറ്റത്തിനുവേണ്ടിയുള്ളതാണെന്ന് ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണ്. സിബിഐ കെട്ടിച്ചമച്ച ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിയാക്കിയ രാഷ്ട്രീയ ദുഷ്ടതയ്ക്ക് ഏറ്റ പ്രഹരമാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതിവിധി. ലാവ്ലിന്‍ ഇടപാടില്‍ ഒരുവിധത്തിലുള്ള സാമ്പത്തികനേട്ടവും പിണറായി ആര്‍ജിച്ചിരുന്നില്ല എന്ന് സിബിഐതന്നെ കോടതിയെ ബോധിപ്പിച്ചു. അങ്ങനെ പണാപഹരണമില്ലാത്ത കേസാണ് കോടതി തള്ളിയത്. എന്നാല്‍, ബൊഫോഴ്സ് ഇടപാടിലെ കോഴപ്പണം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലടക്കം ഒഴുക്കിയിട്ടുണ്ട് എന്ന സിബിഐ മുന്‍ ഡയറക്ടറുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുകയാണ്.
(ആര്‍ എസ് ബാബു)

deshabhimani

No comments:

Post a Comment