Friday, November 15, 2013

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രാബല്യത്തില്‍

പശ്ചിമഘട്ട സംരക്ഷണത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചുള്ള കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് അതേപടി നടപ്പാക്കരുതെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ തള്ളി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അടിയന്തരമായി പ്രാബല്യത്തില്‍ വരുത്തിയുള്ള വിജ്ഞാപനം കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം വ്യാഴാഴ്ച പുറപ്പെടുവിച്ചു. വിജ്ഞാപനപ്രകാരം പശ്ചിമഘട്ട മേഖലയിലെ 37 ശതമാനം പ്രദേശം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും നിയന്ത്രണമുള്ള പരിസ്ഥിതി ദുര്‍ബല മേഖലയായി കണക്കാക്കും. വിജ്ഞാപനത്തിന്റെ പകര്‍പ്പ് കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ചുകൊടുത്തു.

പരിസ്ഥിതിദുര്‍ബല പ്രദേശത്ത് മുഖ്യമായും അഞ്ച് മേഖലയില്‍ പുതിയ പദ്ധതികളോ നിര്‍മാണ പ്രവര്‍ത്തനങ്ങളോ പ്രവൃത്തികളോ പാടില്ല. ഒന്ന്- ഖനനം, ക്വാറി, മണല്‍ ഖനനം. രണ്ട്- താപവൈദ്യുത നിലയം. മൂന്ന്- ഇരുപതിനായിരം ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വരുന്ന കെട്ടിടങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളും. നാല്- അമ്പത് ഹെക്ടറോ ഒന്നരലക്ഷം ചരുരശ്ര മീറ്റര്‍ ബില്‍റ്റ്അപ്പ് ഏരിയയിലോ അധികം വരുന്ന ടൗണ്‍ഷിപ്പുകളും മേഖലാ വികസന പ്രവര്‍ത്തനങ്ങളും. അഞ്ച്- പരിസ്ഥിതി മലിനീകരണത്തിന് സാധ്യതയുള്ള റെഡ് കാറ്റഗറിയില്‍ വരുന്ന വ്യവസായങ്ങള്‍. കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റെഡ് കാറ്റഗറിയില്‍ വരുന്ന വ്യവസായങ്ങള്‍ക്കു പുറമെ സംസ്ഥാന മലിനീകരണ ബോര്‍ഡിന്റെ റെഡ് കാറ്റഗറി വ്യവസായങ്ങള്‍ക്കും നിരോധനം ബാധകമായിരിക്കും. നിലവില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെയും സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെയും പരിഗണനയിലിരിക്കുന്ന പദ്ധതികള്‍ക്കും കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയ 2013 ഏപ്രില്‍ 13 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കപ്പെട്ട പദ്ധതികള്‍ക്കും നിരോധനം ബാധകല്ല.

ജൈവസമ്പന്ന മേഖലകള്‍, സംരക്ഷിത മേഖലകളും ലോക പൈതൃകകേന്ദ്രങ്ങളും ഉള്‍ക്കൊള്ളുന്ന ജനസാന്ദ്രത കുറഞ്ഞ മേഖലകള്‍, കടുവകളുടെയും ആനകളുടെയും സഞ്ചാരപഥങ്ങള്‍ എന്നിവയാണ് പരിസ്ഥിതി ദുര്‍ബല മേഖലയിലുള്ളത്. എന്നാല്‍, കേരളത്തില്‍ പരിസ്ഥിതിദുര്‍ബല മേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രദേശങ്ങളധികവും ഉയര്‍ന്ന ജനസാന്ദ്രതയുള്ളതാണ്. കസ്തൂരിരംഗന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഉന്നതാധികാര സമിതിക്കും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രൂപം നല്‍കും. മന്ത്രാലയം സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് സമിതി. റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് കേന്ദ്ര ഹരിത ട്രിബ്യൂണലിനെയും കേന്ദ്രം അറിയിച്ചിരുന്നു. ട്രിബ്യൂണല്‍ നിലപാടും കേന്ദ്രത്തിന് അനുകൂലമായി വന്നാല്‍ സുപ്രീംകോടതിയെ ആശ്രയിക്കുക മാത്രമായിരിക്കും കേരളത്തിന് മുന്നിലുള്ള പോംവഴി.
(എം പ്രശാന്ത്)

കേരളത്തിന് കനത്ത ആഘാതം; പട്ടികയില്‍ 121 വില്ലേജ്

ന്യൂഡല്‍ഹി: പശ്ചിമഘട്ട മേഖലയിലെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങളാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ളതെങ്കിലും കേരളത്തിലെ മലയോര മേഖലയിലെ ജീവിതത്തിന് ഇത് കനത്ത ആഘാതമാകും. സംസ്ഥാനത്തെ 11 ജില്ലയിലെ 121 വില്ലേജിനെയാണ് നിര്‍ദേശങ്ങള്‍ ബാധിക്കുക. മലയോര മേഖലയിലെ പ്രത്യേകിച്ച് ഇടുക്കി, വയനാട് ജില്ലകളില്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് ഈ നിര്‍ദേശങ്ങള്‍ തിരിച്ചടിയാകും.

റിപ്പോര്‍ടിലെ ശുപാര്‍ശകള്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് മലയോരങ്ങളിലെ ജനങ്ങള്‍ ഒന്നടങ്കം സമരപാതയിലാണ്. ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. ജില്ല തിരിച്ച് വില്ലേജുകളുടെ പട്ടിക തിരുവനന്തപുരം: നെടുമങ്ങാട് താലൂക്കിലെ പെരിങ്ങമ്മല, തെന്നൂര്‍, വിതുര, മന്നൂര്‍ക്കര, നെയ്യാറ്റിന്‍കര താലൂക്കില്‍ വാഴിച്ചല്‍, കള്ളിക്കാട്, അമ്പൂരി, പത്തനംതിട്ട: കോഴഞ്ചേരി താലൂക്കിലെ താന്നിത്തോട്, അരുവാപ്പുലം, റാന്നി താലൂക്കില്‍ ചിറ്റാര്‍, സീതത്തോട്, കൊല്ലമൂല, പെരുനാട്, വടശേരിക്കര. കൊല്ലം: പത്തനാപുരം താലൂക്കില്‍ പുന്നല, പിറവന്തൂര്‍, ഇടമണ്‍,തെന്മല, ആര്യങ്കാവ്, തിങ്കള്‍കരിക്കകം, കുളത്തൂപ്പുഴ, ചണ്ണപ്പേട്ട, കോട്ടയം: കാഞ്ഞിരപ്പള്ളിതാലൂക്കിലെ കൂട്ടിക്കല്‍, മീനച്ചില്‍ താലൂക്കിലെ മേലുകാവ്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര. ഇടുക്കി: ദേവികുളം താലൂക്കിലെ മറയൂര്‍, കീഴാനത്തൂര്‍, കണ്ണന്‍ദേവന്‍ ഹില്‍സ്, കുട്ടമ്പുഴ, കൊട്ടകാമ്പൂര്‍, കാന്തല്ലൂര്‍, വട്ടവട, മാങ്കുളം, മന്നംകണ്ടം, പള്ളിവാസല്‍, ആനവിരട്ടി, കുഞ്ചിത്തണ്ണി, വെള്ളത്തൂവല്‍, പീരുമേട് താലൂക്കിലെ പീരുമേട്, ഉപ്പുതറ, കുമളി, മഞ്ഞുമല, പെരിയാര്‍, കൊക്കയാര്‍, മ്ലാപ്പാറ, പെരുവന്താനം, തൊടുപുഴ താലൂക്കില്‍ കഞ്ഞിക്കുഴി, ഉടുമ്പന്നൂര്‍, ആരക്കുളം, ഉടുമ്പന്‍ചോല താലൂക്കില്‍ ചിന്നക്കനാല്‍, ബൈസന്‍വാലി, രാജകുമാരി, പൂപ്പാറ, രാജാക്കാട്, കൊന്നത്തടി, ശാന്തപാറ, കാന്തിപ്പാറ, വാത്തിക്കുടി, ചതുരംഗപ്പാറ, ഉപ്പുതോട്, പാറത്തോട്, കല്‍കൂന്തല്‍, തങ്കമണി, അയ്യപ്പന്‍കോവില്‍, പാമ്പാടുംപാറ, കട്ടപ്പന, കരുണാപുരം, വണ്ടന്‍മേട്, ആനക്കര, ആനവിലാസം, ചക്കുപള്ളം

തൃശൂര്‍: മുകുന്ദപുരം താലൂക്കിലെ പരിയാരം. പാലക്കാട്: ആലത്തൂര്‍ താലൂക്കില്‍ കിഴക്കഞ്ചേരി, ചിറ്റൂര്‍ താലൂക്കില്‍ മുതലമട, നെല്ലിയാമ്പതി, മണ്ണാര്‍ക്കാട് താലൂക്കില്‍ പുതൂര്‍, പടവയല്‍, അഗളി, കോട്ടത്തറ, കൊല്ലമല, ഷോളയൂര്‍, പാലക്കയം, പുതുപ്പരിയാരം, പാലക്കാട് താലൂക്കില്‍ മലമ്പുഴ, പുതുശേരി മലപ്പുറം: നിലമ്പൂര്‍ താലൂക്കില്‍ ചുങ്കത്തറ, കുറുമ്പലങ്ങോട്, വഴിക്കടവ്, അകംപാടം, കരുളായി, അമരമ്പലം, ചേക്കാട്, കാളികാവ്, കേരള എസ്റ്റേറ്റ്, കരുവാരക്കുണ്ട്. കോഴിക്കോട്: കോഴിക്കോട് താലൂക്കില്‍ കെടവൂര്‍, പുതുപ്പാടി, നെല്ലിപ്പൊയില്‍, കോടഞ്ചേരി, തിരുവമ്പാടി, കൊയിലാണ്ടി താലൂക്കില്‍ ചക്കിട്ടപ്പാറ, വടകര താലൂക്കില്‍ തിനൂര്‍, കാവിലുംപാറ. വയനാട്: മാനന്തവാടി താലൂക്കില്‍ തിരുനെല്ലി, തൃശ്ശിലേരി, പേരിയ, തൊണ്ടര്‍നാട്, സുല്‍ത്താന്‍ബത്തേരി താലൂക്കില്‍ കിടങ്ങനാട്, നൂല്‍പ്പുഴ, വൈത്തിരി താലൂക്കില്‍ തരിയോട്, അച്ചൂരാനം, പൊഴുതന, കോട്ടപ്പടി, ചൂണ്ടല്‍, കുന്നത്തിടവക, വെള്ളരിമല കണ്ണൂര്‍: തലശേരി താലൂക്കില്‍ ആറളം, കൊട്ടിയൂര്‍, ചെറുവാഞ്ചേരി.

deshabhimani

No comments:

Post a Comment