Monday, November 18, 2013

റിപ്പോര്‍ട്ട് പഠിക്കാത്തതിനാലാണ് കോണ്‍ഗ്രസുകാര്‍ ഹര്‍ത്താലില്‍ പങ്കെടുത്തത്: കെ എല്‍ പൗലോസ്

കല്‍പ്പറ്റ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ എല്‍ഡിഎഫും വിവിധ സംഘടനകളും വയനാട്ടിലും മലയോരമേഖലകളിലും കഴിഞ്ഞദിവസം ആഹ്വാനംചെയ്ത ഹര്‍ത്താലില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തത് റിപ്പോര്‍ട്ടിലെ വിശാദാംശങ്ങള്‍ അറിയാത്തതിനാലായിരുന്നെന്ന് ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസ്. കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് മറുപടിനല്‍കുകയായിരുന്നു അദ്ദേഹം.

കസ്തൂരിരംഗന്‍ റിപ്പോട്ടിന്റെ മലയാളത്തിലുള്ള കോപ്പി പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് അംഗീകരിക്കുന്നതായും ഇതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കും മറ്റും എന്തെങ്കെിലും ആശങ്കയുണ്ടെങ്കില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ടെന്നും പൗലോസ് പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സിപിഐ എമ്മും എല്‍ഡിഎഫും നുണപ്രചാരണം നടത്തുകയും കര്‍ഷകരെ ഭയചകിതരാക്കുകയുമാണ്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും തമ്മില്‍ വലിയ അന്തരമുണ്ട്. കര്‍ഷകസമൂഹത്തിന് ദോഷകരമായ കുറേനിര്‍ദേശങ്ങള്‍ ഉള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് ഗാഡ്ഗില്‍കമ്മറ്റി റിപ്പോര്‍ട്ടിനെ എതിര്‍ത്തത്. പശ്ചിമഘട്ടസംരക്ഷണത്തിന് സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നെന്നാരോപിച്ച് ഗോവ ഫൗണ്ടേഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയില്‍ ഇടപെട്ട് കോടതി കേന്ദ്രസര്‍ക്കാരിനെ ശാസിക്കുകയും 25,000 രൂപ പിഴയിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചതെന്നും പൗലോസ് പറഞ്ഞു.

deshabhimani

No comments:

Post a Comment