Monday, November 18, 2013

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ജനവിരുദ്ധ നയം തിരുത്തണം: എല്‍ഡിഎഫ്

കല്‍പ്പറ്റ: കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിലെ ജനവിരുദ്ധനയങ്ങള്‍ പൂര്‍ണമായും തിരുത്തണമെന്ന് എല്‍ഡിഎഫ് ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവല്‍പ്രശ്നം എന്ന നിലയിലുള്ള സമരം ജനങ്ങളാകെ ഒറ്റക്കെട്ടായി ഏറ്റെടുത്തിരിക്കുകയാണ്. എന്നിട്ടും വസ്തുതകള്‍ കാണാതെ പ്രശ്നത്തെ വളച്ചൊടിക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്. ആദ്യം സ്വന്തം ഘടകകക്ഷികളെയും അണികളെയും ബോധ്യപ്പെടുത്താനാണ് ഡിസിസി നേതൃത്വം ശ്രമിക്കേണ്ടതെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിലുള്ള നിയന്ത്രണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രദേശം എന്ന നിലയില്‍ വയനാടിനെ പ്രതിനിധീകരിക്കുന്ന എം ഐ ഷാനവാസ് എം പിയും സംസ്ഥാനത്തെ യുഡിഎഫും ഇതിനായി മുന്‍കൈയെടുക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. വിജ്ഞാപനം വന്നശേഷം താമരശേരി ബിഷപ്പിനെയും കൂട്ടി യു പിഎ അധ്യക്ഷയെ കാണാന്‍ പോയ ഷാനവാസിന്റെത് തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള തന്ത്രം മാത്രമാണ്.

പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന കാര്യത്തില്‍ എല്‍ഡിഎഫിന് തര്‍ക്കമില്ല. എന്നാല്‍ അതിന് ജനങ്ങളെ വിശ്വാസത്തിലെടുക്കണം. ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ച് ഉദ്യോഗസഥരുടെ നിയന്ത്രണത്തില്‍ നിയമങ്ങള്‍ രൂപീകരിച്ച് നടപ്പാക്കാനാവില്ല. കസ്തൂരി രംഗന്‍ സമിതിയുടെയും ഗാഡ്ഗില്‍ കമ്മിറ്റിയുടെയും ജനവിരുദ്ധ നിര്‍ദേശങ്ങളെയാണ് എല്‍ഡിഎഫ് എതിര്‍ക്കുന്നത്. അല്ലാതെ പരിസ്ഥിതി വിരുദ്ധമായ സമീപനം ഇല്ല. ജനവാസ മേഖലകളെയും കര്‍ഷകരെയും പ്രതികൂലമായി ബാധിക്കുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ചെയ്തശേഷം നടപ്പാക്കാന്‍ നാല് മാസം കൂടി ഉണ്ടെന്ന് പറയുന്നത് അര്‍ഥശൂന്യമാണ്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശത്തുനിന്ന് കര്‍ഷകര്‍ കുടിയിറങ്ങേണ്ടി വരുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. കുടിയിറക്കാതെ നോക്കുമെന്ന മുഖ്യമന്ത്രിയുടെയും യുപിഎ അധ്യക്ഷയുടെയും മറുപടികള്‍ ഈ ആശങ്ക ബലപ്പെടുത്തുന്നുണ്ട്. ഈ ആശങ്ക നാട്ടിലെ സാധാരണക്കാര്‍ക്കെല്ലാം ഉണ്ട്. അതിന്റെ തെളിവാണ് ശനിയാഴ്ച എല്‍ഡിഎഫ് ആഹ്വാനംചെയ്ത വയനാട് ഹര്‍ത്താലിന് ചില പ്രദേശങ്ങളിലെ കോണ്‍ഗ്രസ് കമ്മിറ്റികളും യുഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മും പിന്തുണ പ്രഖ്യാപിച്ചത്. ഇടുക്കിയിലും കോഴിക്കോടും യുഡിഎഫ് പ്രക്ഷോഭരംഗത്താണ്. മറ്റ് ജില്ലകളിലെ കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്ക് വയനാട് ഡിസിസിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ബന്ദിപ്പൂര്‍ വന മേഖലയില്‍ വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി നാല് വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ രാത്രിയാത്രാ നിരോധനം നീക്കാനും യുഡിഎഫും എം ഐ ഷാനവാസ് എംപി ആത്മാര്‍ഥമായ സമീപനം സ്വീകരിച്ചില്ല. ഷാനവാസിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടതിനാലാണ് കേരളാ കോണ്‍ഗ്രസ് എം പാര്‍ലിമെന്റ് മാര്‍ച്ച് നടത്തിയത്. ഇപ്പോള്‍ കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെയും കേന്ദ്ര വിജ്ഞാപനത്തെയും വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിക്കുന്നത് എല്ലാ രംഗത്തും തികഞ്ഞ പരാജയമായ എം ഐ ഷാനവാസ് എംപിയെ രക്ഷിക്കാന്‍കൂടി ഉദ്ദേശിച്ചാണ്- സിപിഐ എം ജില്ലാസെക്രട്ടറി സി കെ ശശീന്ദ്രന്‍, സിപിഐ ജില്ലാസെക്രട്ടറി വിജയന്‍ ചെറുകര, കോണ്‍ഗ്രസ്സ് എസ് സംസ്ഥാന സെക്രട്ടറി പി കെ ബാബു എന്നിവര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment