Friday, November 8, 2013

വിദ്യാര്‍ത്ഥിനികളുടെ സസ്പെന്‍ഷന് സ്റ്റേ; സര്‍വ്വകലശാലക്ക് രൂക്ഷവിമര്‍ശം

പോണ്ടിച്ചേരി സര്‍വ്വകലാശാല റാഗിംങ്ങിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്ത നടപടി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍വ്വകലാശാലയുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ നടപടിയെ വിമര്‍ശിച്ചു. റാഗിംഗിനെതിരെ പരാതിപ്പെട്ട വിദ്യാര്‍ത്ഥിനിയടക്കം ഏഴ് മലയാളി വിദ്യാര്‍ത്ഥികളെയാണ് സര്‍വ്വകലാശാല സസ്പെന്‍ഡ് ചെയ്തത്. റാഗിംഗ് നടത്തിയവരെയും മറ്റു കാരണങ്ങള്‍ പറഞ്ഞ് സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തിരുന്നു. സര്‍വകലാശാലയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനിരയായ മലയാളി പെണ്‍കുട്ടിയെയും സഹപാഠികളെയുമാണ് പരാതി നല്‍കിയെന്ന പേരില്‍ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തത്.

സെപ്തംബര്‍ 21ന് ക്യാമ്പസില്‍ വെച്ചായിരുന്നു റാഗിംഗ്.ഇതു ചോദ്യം ചെയ്തപ്പോള്‍ ബലാത്സംഗം ചെയ്യുമെന്ന് സീനിയര്‍ വിദ്യാര്‍ത്ഥി ഭീഷണി മുഴക്കിയിരുന്നു. സംഭവത്തില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ വന്‍ പ്രതിഷേധമുയര്‍ത്തിയപ്പോഴും സര്‍വകലാശാലയുടെ പ്രശസ്തിക്ക് കോട്ടം തട്ടുമെന്ന വാദമുയര്‍ത്തി പരാതി ഒതുക്കി തീര്‍ക്കാനാണ് വനിതാ വൈസ് ചാന്‍സലറടക്കമുള്ളവര്‍ ശ്രമിച്ചത്. പെണ്‍കുട്ടികളുടെ പരാതി പരിശോധിച്ച അച്ചടക്ക സമിതിയാണ് അവര്‍ ഏഴുപേരെയും സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്.

സംഭവം മാധ്യമങ്ങളെ അറിയിച്ചതും ക്യാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തിയതും സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് അധികൃതര്‍ വിശദീകരിച്ചത്. എന്നാല്‍ റാഗിഗ്നടത്തിയ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിദ്യാര്‍ത്ഥി ജിത്തുവിനും സുഹൃത്തിനുമെതിരെ നടപടി എടുത്തത് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കി എന്ന കുറ്റത്തിനാണ്. വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് കോളേജിലും പുറത്തുമുണ്ടായത്. കോടതിയെ സമീപിക്കുമെന്ന് സസ്പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ വ്യക്തമായിരുന്നു.പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് സര്‍വ്വകലാശാലയുടെ നടപടി.

deshabhimani

No comments:

Post a Comment