Saturday, May 31, 2014

ആധാറും എന്‍പിആറും കൂട്ടിയിണക്കുന്നു

ആധാറും എന്‍പിആറും കൂട്ടിയിണക്കാന്‍ മോഡിസര്‍ക്കാര്‍ ആലോചിക്കുന്നു. ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) വഴി മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നടപ്പാക്കിയ ആധാര്‍പദ്ധതി ഏറെ പഴി കേട്ടിരുന്നു. ആഭ്യന്തരമന്ത്രാലയം നടപ്പാക്കുന്ന, നിയമപരമായ പിന്‍ബലമുള്ള എന്‍പിആര്‍ (നാഷണല്‍ പോപ്പുലേഷന്‍ രജിസ്ട്രി) പദ്ധതിയുമായി സാമ്യമുള്ളതാണ് ആധാര്‍. പതിനായിരക്കണക്കിനു കോടി രൂപ ചെലവുള്ള രണ്ടു പദ്ധതിയുടെ ആവശ്യമെന്താണെന്ന ചോദ്യം ശക്തമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഇവ യോജിപ്പിച്ചേക്കുമെന്ന് ആഭ്യന്തരമന്ത്രാലയവൃത്തങ്ങള്‍ വ്യക്തമായ സൂചന നല്‍കി.

ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് കഴിഞ്ഞദിവസം നടത്തിയ കൂടിയാലോചനകളില്‍ ഇതും ഉള്‍പ്പെട്ടു. ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടവരുത്തിയ ആധാര്‍പദ്ധതി യുപിഎയുടെ പരാജയകാരണങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു. സബ്സിഡികളുടെയും സ്കോളര്‍ഷിപ്പുകളുടെയും വിതരണം ആധാറുമായി ബന്ധിപ്പിച്ചത് ജനങ്ങളെ വലച്ചു. പാചകവാതകസബ്സിഡി വിതരണം ആധാറുമായി ബന്ധിപ്പിച്ചത് തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് മരവിപ്പിച്ചിരുന്നു. എന്നാല്‍, നടപ്പാക്കിയതിലെ പാളിച്ചകളാണ് പ്രശ്നമെന്നും അപാകത പരിഹരിച്ച് മുന്നോട്ടുപോകണമെന്നുമുള്ള ശുപാര്‍ശയാണ് ഉദ്യോഗസ്ഥര്‍ പുതിയ സര്‍ക്കാരിന് നല്‍കിയത്. പി ചിദംബരം ആഭ്യന്തരമന്ത്രിയായിരിക്കെ 2010ല്‍ തുടക്കമിട്ട എന്‍പിആര്‍ നിയമപരമായി സാധുതയുള്ളതും രാജ്യവ്യാപകമായി നടപ്പാക്കുന്നതുമാണ്. 1955ലെ ഇന്ത്യന്‍ പൗരത്വനിയമമനുസരിച്ച് എല്ലാ ഇന്ത്യക്കാരും എന്‍പിആറില്‍ രജിസ്റ്റര്‍ചെയ്യാന്‍ ബാധ്യസ്ഥരാണ്. എന്യൂമറേറ്റര്‍മാര്‍ രാജ്യവ്യാപകമായി വീടുതോറും സഞ്ചരിച്ച് വ്യക്തിഗതവിവരങ്ങള്‍ സമ്പാദിച്ചു. ഇതോടൊപ്പം ക്യാമ്പുകള്‍വഴി ജനിതകവിവരങ്ങളും ശേഖരിച്ച് ഓരോരുത്തര്‍ക്കും 12 അക്ക തിരിച്ചറിയല്‍ നമ്പര്‍ നല്‍കുകയുംചെയ്യും. ആസൂത്രണ കമീഷന്റെ നിയന്ത്രണത്തില്‍ 2009ല്‍ ആരംഭിച്ച യുഐഡിഎഐ നടപ്പാക്കുന്ന ആധാര്‍ നിര്‍ബന്ധമായി എടുക്കേണ്ടതില്ലെന്നാണ് അന്നത്തെ യുപിഎ സര്‍ക്കാര്‍ തുടക്കത്തില്‍ പറഞ്ഞത്. എന്നാല്‍, പടിപടിയായി സര്‍ക്കാര്‍സേവനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ മാനദണ്ഡമാക്കി. ജനിതക വിവരം ആധാര്‍ രജിസ്ട്രേഷന്‍ സമയത്തും ശേഖരിക്കുന്നുണ്ട്. ആധാര്‍ നിയമപരമാക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ദേശീയ ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി ബില്ലിനെ (2000) ധനമന്ത്രാലയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗീകരിച്ചില്ല. ആധാര്‍ എന്ന ആശയംതന്നെ സ്വീകാര്യമല്ലെന്നാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചൂണ്ടിക്കാട്ടിയത്.

ലക്ഷ്യം സംബന്ധിച്ച് വേണ്ടത്ര വ്യക്തതയില്ലാതെയും നിര്‍വഹണരീതിയുടെ കാര്യത്തില്‍ ദിശാബോധമില്ലാതെയുമാണ് നടപ്പാക്കുന്നത്. വിവരശേഖരണം നടത്താന്‍ രാജ്യവ്യാപകമായി ആറ് ഏജന്‍സികളെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവ തമ്മില്‍ ഏകോപനമില്ല. വിവരശേഖരണപ്രവര്‍ത്തനങ്ങള്‍ ഇരട്ടിക്കാനും അനാവശ്യചെലവുകള്‍ക്കും ഇത് കാരണമാകുന്നു. ആധാര്‍ വിവരശേഖരത്തിന് അമേരിക്കന്‍ ചാരസംഘടന സിഐഎക്ക് നിക്ഷേപപങ്കാളിത്തമുള്ള മോംഗോ ഡിബി എന്ന സ്ഥാപനവുമായി കരാറുണ്ടാക്കിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന സുപ്രീംകോടതി നിര്‍ദേശം നിലനില്‍ക്കുന്നു. ഇതിനകം 16 സംസ്ഥാനങ്ങളില്‍നിന്നായി 60 കോടി ആളുകളെ ആധാര്‍പദ്ധതിയില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് യുഐഡിഎഐ വെബ്സൈറ്റില്‍ അവകാശപ്പെടുന്നത്.

സാജന്‍ എവുജിന്‍ deshabhimani

No comments:

Post a Comment