Thursday, December 29, 2011

കോണ്‍ഗ്രസും ബി ജെ പിയും ഹസാരെ സംഘവും കളിക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി

ലോക്‌സഭ ചൊവ്വാഴ്ച രാത്രി പാസാക്കിയ ലോക്പാല്‍ ബില്ല് രാജ്യത്താകെ ഉയര്‍ന്നു വന്ന ജനവികാരത്തെ നേരിടാന്‍, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍, നടത്തിയ ഒരു രാഷ്ട്രീയ അഭ്യാസപ്രകടനം മാത്രമാണെന്ന് വ്യക്തമായിരിക്കുന്നു. അത്തരത്തില്‍ ജനങ്ങളെ കബളിപ്പിക്കുന്നതില്‍ ഭരണമുന്നണിയായ യു പി എക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും ഘടകകക്ഷികളും ഒറ്റയ്ക്കല്ലെന്നും അവര്‍ക്കൊപ്പം തന്നെയാണ് തങ്ങളുമെന്ന് മുഖ്യപ്രതിപക്ഷമായ ബി ജെ പിയും തെളിയിച്ചിരിക്കുന്നു. അഴിമതിയുടെ മൂലകാരണമായ കോര്‍പ്പറേറ്റുകളെ ലോക്പാല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ഇടതുപക്ഷ പാര്‍ട്ടികളുടെ ഭേദഗതി പരാജയപ്പെടുത്തുക വഴിഅക്കാര്യത്തില്‍ ഒരു കിടക്ക പങ്കിടുന്നവരാണ് തങ്ങളെന്ന് കോണ്‍ഗ്രസും ബി ജെ പിയും തെളിയിച്ചു.

ലോക്പാല്‍ നിയമത്തിന്റെ പരിധിയില്‍ കോര്‍പ്പറേറ്റുകളെ ഉള്‍പ്പെടുത്തണമെന്ന ഇടതുപക്ഷത്തിന്റെ ഭേദഗതി രാജ്യത്തിന്റെ പൊതു രാഷ്ട്രീയ ജീവിതത്തില്‍ നിന്നും അഴിമതി തുടച്ചു നീക്കുന്നതില്‍ മറ്റേതു വ്യവസ്ഥകളെക്കാളും നിര്‍ണായക പ്രാധാന്യം അര്‍ഹിക്കുന്നു. കോര്‍പ്പറേറ്റുകളാണ് രാഷ്ട്രീയ നേതൃത്വത്തിനും ഉദ്യോഗസ്ഥമേധാവികള്‍ക്കും നീതിപീഠത്തിലെ സമുന്നതര്‍ക്കു പോലും കോഴ നല്‍കുന്നതെന്ന് രാജ്യവും ലോകവും പകല്‍വെളിച്ചം പോലെ തിരിച്ചറിയുന്ന വസ്തുതയാണ്. ഇന്ത്യയെ സമീപകാലത്ത് പിടിച്ചുലച്ച അഴിമതികളെല്ലാം തന്നെ വന്‍ കോര്‍പ്പറേറ്റുകളും അതിസമ്പന്നരും ഉള്‍പ്പെട്ടവയാണ്. സ്‌പെക്ട്രം, ആദര്‍ശ് ഫ്‌ളാറ്റ്, കൃഷ്ണ-ഗോദാവരി തടത്തിലെ പ്രകൃതിവാതക കച്ചവടം തുടങ്ങി സമീപകാലത്ത് ഇന്ത്യന്‍ ഭരണനേതൃത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളിലും അന്വേഷണങ്ങളിലുമെല്ലാം ഉള്‍പ്പെട്ടിട്ടുള്ള മുഖ്യഘടകം കോര്‍പ്പറേറ്റുകളും രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥമേധാവികളുമാണ്.

രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കേണ്ട തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും ബി ജെ പിയുമടക്കം പ്രമുഖ പാര്‍ട്ടികള്‍ക്കെല്ലാം പ്രചാരണത്തിനും വോട്ട് വിലയ്ക്കുവാങ്ങാന്‍ കോഴ കൊടുക്കുന്നതിനും പോലും കോടാനുകോടിയുടെ ഫണ്ടുകള്‍ എത്തിച്ചേരുന്നത് മറ്റെവിടെനിന്നുമാണ്? ഈ പാര്‍ട്ടികളുടേയും അവരോടൊപ്പം അവസരവാദ കൂട്ടുകെട്ടുകളിലൂടെ കാലാകാലങ്ങളില്‍ ഭരണം പങ്കുവയ്ക്കുന്ന പ്രാദേശിക പാര്‍ട്ടികളടക്കം പല പാര്‍ട്ടികളുടേയും നേതാക്കള്‍ക്ക് പ്രചരണാവശ്യത്തിനായി വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നതിനും ഹെലികോപ്റ്ററുകള്‍ ലഭ്യമാക്കുന്നതിനും ഫണ്ടുകള്‍ ഒഴുകിയെത്തുന്നതും മറ്റെവിടെ നിന്നുമാണ്? രാജ്യത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനുമായി വിനിയോഗിക്കേണ്ട നികുതിപ്പണത്തില്‍ വെട്ടിപ്പ് നടത്തുന്നതും, നാടിനെ കൊള്ളയടിച്ച കള്ളപ്പണം രാജ്യം കടത്തിക്കൊണ്ടുപോകുന്നതും ഇതേ ശക്തികള്‍ തന്നെയാണ്. അവരുടെ താല്‍പര്യസംരക്ഷണമാണ് ഉദാരവത്കരണ സാമ്പത്തികനയം. ആ നയങ്ങളാണ് അഴിമതിയുടെ ഉറവിടം. അവരെയും അവരുടെ താല്‍പര്യങ്ങളെയും ശക്തമായി പ്രതിരോധിക്കാതെ അഴിമതി തടയാന്‍ ശ്രമിക്കുന്നത് നിരര്‍ഥകമാണ്, കാപട്യമാണ്.

കേന്ദ്രസര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും മുഖ്യപ്രതിപക്ഷമായ ബി ജെ പിയും കോര്‍പ്പറേറ്റുകളെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ വിസമ്മതിക്കുന്നത് അവരുടെ രാഷ്ട്രീയ നയപ്രഖ്യാപനമാണ്. ആ നയം ഉദാരവത്കരണ സാമ്പത്തിക നയമാണ്. അത് കോര്‍പ്പറേറ്റ് അത്യാര്‍ത്തിയെ പ്രോത്സാഹിപ്പിക്കുന്നതാണ്. അത് കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഗ്രാമങ്ങളിലേയും  നഗരങ്ങളിലേയും പട്ടിണിപ്പാവങ്ങള്‍ക്കും ഇടത്തരക്കാര്‍ക്കും എതിരായ ജനദ്രോഹനയമാണ്. അത് കൈവെടിയാതെ, കോര്‍പ്പറേറ്റുകളെ നിലയ്ക്കു നിര്‍ത്താതെ, അഴിമതിരഹിതമായ ഇന്ത്യ അസാധ്യവുമാണ്.

പിന്നെ, എന്തിനായിരുന്നു ലോക്പാല്‍ നിയമം എന്ന ഈ പ്രഹസനം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റില്‍ അരങ്ങേറിയത്? അഴിമതിക്കെതിരെ അന്നാ ഹസാരെയും സംഘവും അവര്‍ പ്രതിനിധാനം ചെയ്യുന്ന 'പൗരസമൂഹവും' ഉയര്‍ത്തിക്കൊണ്ടുവന്ന സമരം രാജ്യം കണ്ട ഏറ്റവും വലിയ മാധ്യമ കെട്ടുകാഴ്ചകളിലൊന്നായി. നഗരങ്ങളിലും പട്ടണങ്ങളിലും നാളിതുവരെ പൊതുജീവിതത്തില്‍ പങ്കെടുത്തിട്ടില്ലാത്ത മധ്യവര്‍ഗത്തിന്റെ ഭാവനയ്ക്ക് അത് തീകൊളുത്തിയിരുന്നു. ആ തീയണച്ചേ മതിയാകൂ. കോണ്‍ഗ്രസും ബി ജെ പിയും ഒരുപോലെ അഭിമുഖീകരിച്ച ധര്‍മ്മസങ്കടങ്ങളിലൊന്നാണത്. അതിനെ മറികടക്കാന്‍ കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ അരങ്ങേറിയ പ്രഹസനം സഹായകമാവുമെന്നവര്‍ കണക്കുകൂട്ടുന്നു.

ഇക്കാര്യത്തില്‍ അന്നാ ഹസാരെയും സംഘത്തിനും എന്താണ് പറയാനുണ്ടാവുക? തങ്ങളുടെ ഇതുവരെയുള്ള സമരത്തില്‍ ഒരിക്കല്‍പ്പോലും ഹസാരെക്കും സംഘവും കോര്‍പ്പറേറ്റുകള്‍ക്കും അവര്‍ നേതൃത്വം നല്‍കുന്ന അഴിമതിക്കുമെതിരെ ഒരൊറ്റ വാക്ക് ഉച്ചരിക്കാന്‍ തയ്യാറായിട്ടില്ല. അഴിമതി പെറ്റുപെരുകുന്നത് കോര്‍പ്പറേറ്റ് അത്യാര്‍ത്തിയുടെ ചളിക്കുണ്ടില്‍ നിന്നാണെന്ന് അദ്ദേഹവും സംഘവും തിരിച്ചറിയുന്നില്ലേ? അഴിമതിക്കെതിരെ കുരിശുയുദ്ധം നയിക്കുന്ന, അതിനായി നവമാധ്യമ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്ന, ഹസാരെയും സംഘത്തിനും അക്കാര്യം അറിയില്ലെന്ന് കരുതുക മൗഢ്യമാണ്. അങ്ങിനെയെങ്കില്‍ കോണ്‍ഗ്രസും ബി ജെ പിയും ഹസാരെസംഘവും ഒരേ താല്‍പര്യത്തിനു വേണ്ടി കരുക്കള്‍ നീക്കുന്ന കളിക്കാര്‍ മാത്രമെന്ന് ജനം തിരിച്ചറിഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

janayugom editorial 291211

1 comment:

  1. ലോക്‌സഭ ചൊവ്വാഴ്ച രാത്രി പാസാക്കിയ ലോക്പാല്‍ ബില്ല് രാജ്യത്താകെ ഉയര്‍ന്നു വന്ന ജനവികാരത്തെ നേരിടാന്‍, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍, നടത്തിയ ഒരു രാഷ്ട്രീയ അഭ്യാസപ്രകടനം മാത്രമാണെന്ന് വ്യക്തമായിരിക്കുന്നു. അത്തരത്തില്‍ ജനങ്ങളെ കബളിപ്പിക്കുന്നതില്‍ ഭരണമുന്നണിയായ യു പി എക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും ഘടകകക്ഷികളും ഒറ്റയ്ക്കല്ലെന്നും അവര്‍ക്കൊപ്പം തന്നെയാണ് തങ്ങളുമെന്ന് മുഖ്യപ്രതിപക്ഷമായ ബി ജെ പിയും തെളിയിച്ചിരിക്കുന്നു. അഴിമതിയുടെ മൂലകാരണമായ കോര്‍പ്പറേറ്റുകളെ ലോക്പാല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ഇടതുപക്ഷ പാര്‍ട്ടികളുടെ ഭേദഗതി പരാജയപ്പെടുത്തുക വഴിഅക്കാര്യത്തില്‍ ഒരു കിടക്ക പങ്കിടുന്നവരാണ് തങ്ങളെന്ന് കോണ്‍ഗ്രസും ബി ജെ പിയും തെളിയിച്ചു.

    ReplyDelete