Saturday, February 9, 2013
ഭക്ഷ്യോല്‍പ്പാദനത്തില്‍ 3.5 ശതമാനം ഇടിവ്
മണ്‍സൂണ്‍ മഴയിലെ കുറവിനെത്തുടര്‍ന്ന് ഭക്ഷ്യധാന്യ ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.5 ശതമാനം ഇടിയുമെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍. 2011-12ല്‍ ഭക്ഷ്യ-ധാന്യ ഉല്‍പ്പാദനം 25.932 കോടി ടണ്‍ എന്ന റെക്കോഡ് നിലയിലായിരുന്നു. എന്നാല്‍, 2012-13ല്‍ ഉല്‍പ്പാദനം 25.014 കോടി ടണ്ണായി കുറയുമെന്ന് കേന്ദ്ര കൃഷിമന്ത്രാലയം തയ്യാറാക്കിയ മുന്‍കൂര്‍ കണക്കെടുപ്പ് പറയുന്നു. എന്നാല്‍,ആഭ്യന്തരതലത്തിലുള്ള ആവശ്യം നിറവേറ്റാന്‍ ഉല്‍പ്പാദന നിരക്ക് പര്യാപ്തമാണെന്ന് കൃഷിമന്ത്രി ശരദ് പവാര്‍ പറഞ്ഞു. നെല്‍ ഉല്‍പ്പാദനം കഴിഞ്ഞവര്‍ഷം 10.53 കോടി ടണ്‍ ആയിരുന്നത് 10.18 കോടി ടണ്ണായി ഇടിയുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞവര്‍ഷം റെക്കോഡ് നിലയിലായിരുന്ന ഗോതമ്പ് ഉല്‍പ്പാദനം 9.488 കോടി ടണ്ണില്‍നിന്ന് 9.23 കോടി ടണ്‍ എന്ന നിലയിലേക്ക് ചുരുങ്ങും. കഴിഞ്ഞവര്‍ഷം മറ്റ് ധാന്യങ്ങളുടെ ഉല്‍പ്പാദനം 4.204 കോടി ടണ്‍ ആയിരുന്നു. ഇപ്രാവശ്യം ഇത് 3.847 കോടി ടണ്ണിലേക്ക് താഴും. പയര്‍വര്‍ഗത്തിന്റെ ഉല്‍പ്പാദനത്തില്‍ നേരിയ വര്‍ധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. 1.709 കോടി ടണ്ണില്‍നിന്ന് 1.758 കോടി ടണ്ണായാണ് വര്‍ധിക്കുക.
മഹാരാഷ്ട്ര, കര്‍ണാടകം, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ 2012ല്‍ മണ്‍സൂണിലുണ്ടായ കുറവാണ് ഭക്ഷ്യ ഉല്‍പ്പാദനം ഇടിയാനുള്ള കാരണം. എന്നാല്‍, ഈ സംസ്ഥാനങ്ങളിലെ വരള്‍ച്ചയ്ക്കിടയിലും ഭക്ഷ്യോല്‍പ്പാദനം 25 കോടി ടണ്‍ മറികടന്നതായി ശരദ് പവാര്‍ പറഞ്ഞു. ഭക്ഷ്യേതര ഉല്‍പ്പാദനത്തിലും ഈ വര്‍ഷം ഇടിവുണ്ടാകുമെന്ന് കൃഷിമന്ത്രാലയം വ്യക്തമാക്കി. 2012-13ല്‍ ഭക്ഷ്യ എണ്ണ ഉല്‍പ്പാദനം 2.979 കോടി ടണ്‍ ആയിരുന്നത് ഇപ്രാവശ്യം 2.946 കോടി ടണ്ണിലേക്ക് കുറയും. പരുത്തി ഉല്‍പ്പാദനം 3.52 കോടി ടണ്ണില്‍നിന്ന് 3.38 കോടി ടണ്ണിലേക്ക് താഴും. പഞ്ചസാര ഉല്‍പ്പാദനം 36.1 കോടി ടണ്ണില്‍നിന്ന് 33.45 കോടി ടണ്ണിലേക്ക് കുറയുമെന്നുമാണ് വിലയിരുത്തല്‍.
deshabhimani 090213
Subscribe to:
Post Comments (Atom)
No comments:
Post a Comment