Monday, January 20, 2014

കെജ്രിവാളിന്റെ ധര്‍ണ: 4 മെട്രോസ്റ്റേഷനുകള്‍ അടച്ചു

മലയാളി നഴ്സുമാരെ ആം ആദ്മി നേതാവ് അപമാനിച്ചു

തിരു: മലയാളി നഴ്സുമാരെ അപമാനിച്ച ഡല്‍ഹിയിലെ ആം ആദ്മി നേതാവിനെതിരെ പ്രതിഷേധമുയരുന്നു. കവികൂടിയായ കുമാര്‍ ബിശ്വസാണ് പ്രസംഗത്തിടെ നഴ്സുമാരെ അപമാനിച്ചത്. "" നമ്മള്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ പരിചരിക്കുന്നത് കേരളത്തിലെ നഴ്സുമാരാണ്. അവര്‍ കറുത്ത് ചടച്ചാണിരിക്കുന്നത്. അതുകൊണ്ടുതന്നെ അവരെ കാണുമ്പോള്‍ മറ്റൊരു വികാരവും നമ്മള്‍ക്ക് തോന്നില്ല. അതുകൊണ്ട് നാമവരെ "സിസ്റ്റേഴ്സ്" എന്ന് വിളിക്കുന്നു."" എന്നിങ്ങനെയാണ്  പ്രസംഗത്തിനിടെ അപമാനിച്ചത്.

കുമാര്‍ ബിശ്വസ് മാപ്പു പറയണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ അടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നു. എഴ് ദിവസത്തിനകം മാപ്പു പറഞ്ഞില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ നിയമ നടപടിക്കുള്ള സാധ്യത തേടുമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. അതേ സമയം കുമാര്‍ ബിശ്വാസിന്റെത് ആം ആദ്മി പാര്‍ടിയുടെ നിലപാടല്ലെന്ന് എഎപി കേരള ഘടകം അറിയിച്ചു.

കെജ്രിവാളിന്റെ ധര്‍ണ: 4 മെട്രോസ്റ്റേഷനുകള്‍ അടച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ ആംആദ്മി മന്ത്രിമാര്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ ഓഫീസിനു പുറത്ത് ധര്‍ണ നടത്തി. കൃത്യവിലോപം നടത്തിയ മൂന്ന് പൊലീസുകാര്‍ക്കെതിരേ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ധര്‍ണയെ തുടര്‍ന്ന് നാല് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. പോലീസിന്റെ നിര്‍ദേശപ്രകാരം പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്റ്റ്, ഉദ്യോഗ് ഭവന്‍ , റേസ് കോഴ്സ സ്റ്റേഷനുകളാണ് കാലത്ത് ഒന്‍പത് മണി മുതല്‍ ഒരു മണിവരെ അടച്ചിടുന്നത്.

പൊലീസ് സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ധര്‍ണ നടത്തുന്നത്. ആംആദ്മി സമരം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് വസതിക്ക് സമീപത്തും പരിസരത്തും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതു ലംഘിച്ചാണ് കെജരിവാള്‍ ധര്‍ണ നടത്തുന്നത്. നേരത്തേ നിയമമന്ത്രി സോംനാഥ് ഭാരതി നടത്തിയ റെയ്ഡുമായി പൊലീസ് സഹകരിക്കാതിരുന്നത് വിവാദമായിരുന്നു. വനിതാ ശിശു ക്ഷേമ മന്ത്രി രാഖി ബിര്‍ളയുമായി മറ്റൊരു പൊലീസുകാരനും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

deshabhimani

No comments:

Post a Comment